മറ്റെല്ലാനാടുകളിലും എന്നതുപോലെ കേരളത്തിലും ഇടതുപക്ഷപ്രസ്ഥാനം വളർന്നുവന്നത് നിരവധി മനുഷ്യരുടെ ത്യാഗത്തിൽനിന്നും ഊർജ്ജമുൾക്കൊണ്ടാണ്. സാധാരണക്കാർക്ക് ചിന്തിക്കാൻ പോലും സാധിക്കാത്ത വ്യക്തിപരമായ നഷ്ടങ്ങളാണ് ഇവരിൽ പലരും സഹിച്ചിട്ടുള്ളത്. സ്വാതന്ത്ര്യാനന്തരവും അടിമത്തവ്യവസ്ഥിതി നിലനിന്നിരുന്ന പ്രദേശമായിരുന്നു കൊല്ലം ജില്ലയിലെ ശൂരനാട്. ഐതിഹാസികമായ ശൂരനാട് കലാപം കേരളത്തിലെ വിപ്ലവപ്രസ്ഥാനത്തിലെ പ്രധാനപ്പെട്ട ഒരേടാണ്. ശൂരനാട് വിപ്ലവപ്രസ്ഥാനം വളർത്തുന്നതിൽ നിർണായകമായ പങ്കു വഹിച്ച സി കെ കുഞ്ഞിരാമനെ അഡ്വ. അനസ് അലി തന്റെ ഫേസ്ബുക് പേജിൽ അനുസ്മരിച്ചിരിക്കുന്നു:

ആയിരത്തിതൊള്ളായിരത്തിനാല്‍പ്പതുകളില്‍ ഒരിക്കല്‍, തൊഴിലാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന വള്ളികുന്നമെന്ന ഗ്രാമത്തില്‍ കുഞ്ഞിരാമന്‍ എന്നൊരു തൊഴിലാളി രണ്ടു മൂരിക്കുട്ടന്മാരെ വാങ്ങിച്ചു. അടിയാന്‍ സ്വന്തമായി മൂരിക്കുട്ടന്മാരെ വാങ്ങുന്ന ധിക്കാരം ജന്മിക്ക് സഹിച്ചില്ല. ജന്മി ദിവസവും രാവിലെ വന്നു അവയെ അഴിച്ചുകൊണ്ട് തന്‍റെ പറമ്പില്‍ ജോലി ചെയ്യിക്കും. വെള്ളവും തീറ്റിയും കൊടുക്കുന്നത് കുഞ്ഞിരാമന്‍..

താന്‍ വാങ്ങിയ കാളകളെ, ദിനവും വന്നു തമ്പുരാനഴിച്ചോണ്ട് പോകുന്നത് കുഞ്ഞിരാമന്‍ നിസ്സഹായനായി നോക്കിനില്‍ക്കും.

ഒരുനാള്‍ തമ്പ്രാന്‍റെ വഴിമുടക്കി ഒരാള്‍ നിന്നു. വേറൊരു കുഞ്ഞുരാമന്‍. ചേലക്കോട്ടേത്ത്‌ കുഞ്ഞുരാമന്‍. അഴിച്ച കാളയെ ജന്മിയേക്കൊണ്ട് തിരിച്ചു കെട്ടിച്ചു. ധീരത ജന്മഗുണമായിരുന്നു കുഞ്ഞുരാമന്. കുഞ്ഞുരാമന്‍ കമ്യൂണിസ്റ്റായിരുന്നില്ല അന്ന്. അന്നത്തെ കാലത്ത് അങ്ങനെ ഒരു മനുഷ്യന്‍ കമ്യൂണിസ്റ്റാവാതിരിക്കുന്നതെങ്ങനെ?

കുഞ്ഞുരാമന്‍റെ മകള്‍ ഭാര്‍ഗവി കൊളുത്തിവച്ച മണ്ണെണ്ണവിളക്കിന്‍റെ വെളിച്ചത്തില്‍, ചെലക്കാട്ടെത്ത് വെച്ച് ശങ്കരനാരായണന്‍ തമ്പിയും, പുതുപ്പള്ളി രാഘവനും, തോപ്പില്‍ ഭാസിയും, കുഞ്ഞുരാമനും, ചാലിത്തറകുഞ്ഞച്ചനും, ടി കെ തേവനും, സഖാക്കളും ചേര്‍ന്ന് വള്ളികുന്നത്തെ ആദ്യത്തെ കമ്യൂണിസ്റ്റു പാര്‍ട്ടി യോഗം കൂടി. അവരുടെ നേതൃത്വത്തിൽ ജന്മിത്തചൂഷണങ്ങൾക്കെതിരെ കർഷകത്തൊഴിലാളികളുടെ ചെറുത്തുനിൽപ്പുകൾ ഉയർന്നു വന്നു. കുഞ്ഞിരാമനും സഖാക്കളും ജന്മിത്തത്തിന്റെ കണ്ണില്‍ വീണ കരടായിരുന്നു.

1949 ഡിസംബര്‍ 31നു ശൂരനാട്ട് തൊഴിലാളികളെ ആക്രമിച്ച നാല് പോലീസുകാര്‍, തൊഴിലാളികളുടെ ചെറുത്തു നില്‍പ്പില്‍ മരണപ്പെട്ടു. ശങ്കരനാരായണന്‍ തമ്പിയും, തോപ്പില്‍ ഭാസിയും, സി കെ കുഞ്ഞി രാമനും ഉള്‍പ്പടെ ഇരുപത്തിയെട്ടു പേരെ പ്രതികളാക്കി പോലീസ് കേസെടുത്തു. “ശൂരനാട് എന്നൊരു നാടിനി വേണ്ട” എന്നാണു മുഖ്യമന്ത്രി പറവൂര്‍ ടി കെ നാരായണപിള്ള കല്‍പ്പിച്ചത്.

ഒരു വര്‍ഷം ശൂരനാട് പോലീസിന്റെ ക്രൂരമായ തേർവാഴ്ചക്കിരയായി. പോലീസുകാര്‍ അമ്മമാരെ ബലാല്‍സംഗം ചെയ്തു. പത്തു സഖാക്കളെ തല്ലിക്കൊന്നു. ഭാര്യയേയും അഞ്ചു മക്കളെയും കൂട്ടി കുഞ്ഞിരാമന്‍ നാട് വിട്ടു.

പകല്‍ എവിടെങ്കിലും ഒളിച്ചിരുന്ന്, നേരം ഇരുളുമ്പോ എങ്ങോട്ടെന്നില്ലാതെ നടക്കും. രണ്ടു കുഞ്ഞുങ്ങള്‍ അച്ഛന്റെ തോളില്‍, ഒരാള്‍ അമ്മയുടെ കയ്യില്‍, മറ്റു രണ്ടു പേര്‍ ഒപ്പം നടക്കും. എരൂര്‍ എവിടെയെങ്കിലും തങ്ങാം എന്ന് പ്രതീക്ഷിച്ചാണ് നടപ്പ്. കുഞ്ഞിരാമനെ തിരിച്ചറിയാനുള്ള പോലീസിന്‍റെ പ്രധാന അടയാളം ആ കുടുംബം തന്നെ ആണ്. ഒടുവില്‍, ഇങ്ങനെ പോയാല്‍ പിടിക്കപ്പെടും എന്ന് കുഞ്ഞിരാമന് ഉറപ്പായി. ഒരു രാത്രി ഏവൂര്‍ ഒരു വീടിന്‍റെ എരുത്തിലിന്‍റെ ഇറയത്ത്‌ മക്കളെ ഉറക്കിക്കിടത്തിയിട്ട്, വിശാലമായ ലോകത്തിന്‍റെ ദയാദാക്ഷിണ്യത്തിന് മറ്റു മക്കളെ വിട്ടു കൊടുത്തിട്ട്, ഏറ്റവും ഇളയ കുഞ്ഞിനേയും എടുത്ത്‌ ആ അച്ഛനുമമ്മയും നടന്നു.

മക്കള്‍ അച്ഛനെയും അമ്മയെയും തിരക്കി നാടുനീളെ അലഞ്ഞു നടന്നു.

ആയിരം തെങ്ങ് കടപ്പുറത്ത് മൂത്തമകള്‍ ഭാര്‍ഗവി സന്നിപാതജ്വരം പിടിച്ചു കിടക്കുന്നതറിഞ്ഞ് കുളത്തൂപ്പുഴ മലയില്‍ ഒളിവിളിരുന്ന കുഞ്ഞിരാമന്‍ നടന്ന് ആയിരംതെങ്ങിലെത്തി. മക്കളെ തിരക്കി നടന്ന കുഞ്ഞുരാമന്‍ കണ്ടത് ഹൃദയം തകര്‍ക്കുന്ന കാഴ്ച. ഭാര്‍ഗവിയുടെ മുഖത്തുനിന്നും ഈച്ചയെ ആട്ടി അകറ്റുകയാണ് അനിയന്‍. അപ്പോഴും ഭാര്‍ഗവിക്കു ജീവനുണ്ടായിരുന്നു. അബോധാവസ്ഥയിലും അവള്‍ അമ്മയെ വിളിക്കുന്നു.

കുഞ്ഞുരാമന്‍ മകളെയും തോളിലെടുത്തു തിരിച്ചു നടന്നു. പടിഞ്ഞാറ് അറബിക്കടല്‍ തീരത്തുനിന്ന് നടന്നു മൂന്ന് രാവും മൂന്ന് പകലും കൊണ്ട് സഹ്യപർവ്വതം എത്തി. മകളെ അമ്മയെ കാണിക്കാനുള്ള ആര്‍ത്തിയോടെ താഴെ ഇറക്കുമ്പോഴാണ് അവള്‍ മരിച്ചു പോയെന്നു കുഞ്ഞിരാമന്‍ അറിയുന്നത്. വള്ളികുന്നത്തെ ആദ്യ കമ്യൂണിസ്റ്റുമീറ്റിങ്ങിനു വിളക്ക് തെളിയിച്ച ഭാര്‍ഗവി, അച്ഛന്റെ തോളില്‍ കിടന്നു മരിച്ചു. കുളത്തൂപ്പുഴ മലയുടെ അടിവാരത്ത് കുഞ്ഞിരാമൻ ഒരു കുഴിവെട്ടി. ഭാര്‍ഗവിയെ അവിടെ അടക്കി.

എരൂരില്‍ വെച്ച് സി കെ കുഞ്ഞുരാമന്‍ പോലീസിന്‍റെ പിടിയിലായി. ലോക്കപ്പില്‍ ക്രൂരമായ മർദ്ദനമാണ് അദ്ദേഹം‍ ഏറ്റുവാങ്ങിയത്.

അടിയിലെ രാജാവാണ് “കവിട്ട അടി”. അര അടി പൊക്കമുള്ള തടികഷ്ണം ഭിത്തിയോടു ചേര്‍ത്തിടും. ചോദ്യം ചെയ്യാന്‍ കൊണ്ടുവരുന്നവനെ നൂല്‍ ബന്ധം ഇല്ലാതെ അതില്‍ ഇരുത്തും. കൈകള്‍ ഇരുവശത്തേക്കും അകത്തി ഭിത്തിയോടു ചേര്‍ത്തു രണ്ടു പേര്‍ പിടിക്കും. എന്നിട്ട് രണ്ടു കാലും വലിച്ചകത്തി ഭിത്തിയോടു ചേര്‍ത്ത് വെക്കും. എന്നിട്ട് രണ്ടു കാലിലും ഭാരം വെച്ച് താഴ്ത്തും. അല്ലെങ്കില്‍ പോലീസുകാര്‍ തന്നെ കാലില്‍ കയറി നില്‍ക്കും. കാലു രണ്ടും തറയില്‍ തൊടും. ഞരമ്പ് കോച്ചി വലിക്കും, കണ്ണ് തളും. മിണ്ടാനോ, കരയാനോ പറ്റില്ല. പതിനഞ്ചു മിനിട്ട് നേരം ഉള്ള ഈ മർദ്ദനമുറ കഴിയുമ്പോള്‍ എഴുന്നേറ്റുനില്‍ക്കാന്‍ പറ്റില്ല. രണ്ടുപേര്‍ ചേര്‍ന്ന് കുറെ നേരം പിടിച്ചുനടത്തിയിട്ട് ലോക്കപ്പില്‍ കൊണ്ട് കിടത്തും.

ഇതിനിടയില്‍ സത്യം തുറന്നു പറഞ്ഞില്ലെങ്കില്‍ പിന്നീട് അവനില്‍ നിന്ന് ഒന്നും കിട്ടില്ലെന്നാണ് പോലീസ് കരുതുന്നത്. കുഞ്ഞുരാമനെ രണ്ടു തവണയാണ് ഇത് ചെയ്തത്. എന്നിട്ടും പോലീസിനു വേണ്ടതൊന്നും കുഞ്ഞുരാമനില്‍ നിന്ന് കിട്ടിയില്ല.

ഒളിവു ജീവിതത്തിലെ ഒരു ദിവസം. ഒരുച്ച സമയത്ത് ചെറിയഴീക്കല്‍ എന്നൊരു സ്ഥലത്ത് ഒരു കുളക്കരയില്‍ ഇരുന്ന് ഒരു സ്ത്രീ തുണി കഴുകുന്നു. സ്ത്രീ എന്ന് പറഞ്ഞാല്‍, ചടച്ചു മെലിഞ്ഞ ഒരു മനുഷ്യക്കോലം. അവരുടെ മുന്‍പിലൂടെ അഴുക്ക് പുരണ്ട വസ്ത്രങ്ങളും, പാറിപ്പറന്ന മുടിയും, നീണ്ട താടിയും ഉള്ള ഒരു മനുഷ്യന്‍ നടന്നു വരുന്നു. രണ്ടു പേരും പരസ്പ്പരം ശ്രദ്ധിച്ചു. ഒരു സംശയം. എവിടെയോ കണ്ട പ്രതീതി…

അവര്‍ പരസ്പ്പരം തിരിച്ചറിഞ്ഞു.

തന്‍റെ ഭാര്യ!

തന്‍റെ കുഞ്ഞുങ്ങളുടെ അച്ഛന്‍!

അവര്‍ക്ക് പരസ്പ്പരം മിണ്ടാന്‍ കഴിഞ്ഞില്ല. കണ്ണുനീര് വന്നു കാഴ്ച മങ്ങിപ്പോയി. ഗദ്ഗദം കൊണ്ട് വാക്ക് മുറിഞ്ഞു പോയി.

“മക്കള്‍ എവിടെ?” ഭര്‍ത്താവ് ചോദിച്ചു. “അറിയില്ല,” ഇടനെഞ്ചു പൊട്ടി ഭാര്യ പറഞ്ഞു.

“പാര്‍ട്ടിയുമായി ബന്ധമൊന്നുമില്ലേ?” “ഇല്ല.” “വൈകിട്ട് കാണാം. കടപ്പുറത്ത്.”

ഇടറുന്ന കാലുകളോടെ ആ മനുഷ്യന്‍ നടന്നുപോയി…. വീണു പോകാതിരിക്കാന്‍ അവരാ കല്‍ക്കെട്ടില്‍ ഇരുന്നു.

വൈകിട്ടവര്‍ വീണ്ടും കണ്ടു. അയാള്‍ വീണ്ടും ചോദിച്ചു. “മക്കള്‍ എവിടെ?” “എനിക്കറിഞ്ഞു കൂടാ. പോലീസ് ഇട്ടോടിച്ചു. അതിനുശേഷം പരിചയമുള്ള ആരെയും കണ്ടില്ല. നിങ്ങളെയും മക്കളെയും എന്നെങ്കിലും കാണാം എന്ന പ്രതീക്ഷയില്‍ ഞാനിങ്ങനെ ജീവിക്കുന്നു.”

അയാള്‍ക്കവളെ ആശ്വസിപ്പിക്കാനായില്ല. അവര്‍ ഒരുമിച്ച് ഇരുട്ടില്‍ മറഞ്ഞു. നാളുകൾക്ക് ശേഷമാണ് എരൂരില്‍ വെച്ച് സീ കെ കുഞ്ഞുരാമന്‍ അറസ്റ്റിലാകുന്നത്.

നാളുകള്‍ ഏറെ കഴിഞ്ഞു. ശൂരനാട്‌ കേസില്‍ നിരപരാധി ആണെന്ന് കണ്ടു കോടതി കുഞ്ഞുരാമനെ വെറുതെ വിട്ടു. ജയിലില്‍ നിന്നിറങ്ങിയ കുഞ്ഞുരാമന്‍, നേരേ പോയത് വീട്ടിലേക്കല്ല. വളരെ ക്ലേശിച്ച് ഒളിവിലിരുന്ന പാര്‍ട്ടി നേതാക്കളെ കണ്ടു.

തോപ്പില്‍ ഭാസി എഴുതി,

‘കുഞ്ഞുരാമനെ നേരിടാന്‍ ഞങ്ങള്‍ക്ക് പ്രയാസമുണ്ടായിരുന്നു. പക്ഷെ ആ സഖാവ് അല്‍ഭുതപൂര്‍വ്വം നില കൊണ്ടു. അദ്ദേഹം ചോദിച്ചു, “നിങ്ങള്‍ എന്നെ ഓര്‍ത്തോ…?”

ഞാന്‍ പറഞ്ഞു, “ഓര്‍ത്തു…”

“ഞാനിനി എന്ത് വേണം?….”

“വീട്ടിലേക്കു പോകണം…”

കുറച്ചു നിമിഷം എന്‍റെ മുഖത്തേക്ക് നോക്കിനിന്നിട്ട് ആ സഖാവ് നെഞ്ചുപൊട്ടി പറഞ്ഞു, “എനിക്കെന്റെ പാര്‍ട്ടിയേക്കാള്‍ വലുതായി വേറൊന്നുമില്ല.”

പ്രസ്ഥാനത്തില്‍ കവിഞ്ഞ് ആ സഖാവിന് ഈ ലോകത്തില്‍ മറ്റൊന്നും ഇല്ലായിരുന്നു….’

ഇന്ന് സഖാവ് സി കെ കുഞ്ഞുരാമന്റെ എട്ടാം അനുസ്മരണം ആയിരുന്നു.

https://www.facebook.com/158937324666955/posts/846614302565917/