കഴിഞ്ഞ നവംബർ 27ന് പാസാക്കിയ ഉത്തർപ്രദേശിലെ നിയമവിരുദ്ധ മതപരിവർത്തന നിരോധന ഓർഡിനൻസ് 2020 ഇപ്പോൾ നടപ്പാക്കിവരുകയാണ്. ബിജെപി ഭരിക്കുന്ന മധ്യപ്രദേശ്, ഹരിയാന എന്നീ സംസ്ഥാനങ്ങളും സമാനമായ നിയമങ്ങൾ കൊണ്ടുവരാനായി ഭരണസംവിധാനങ്ങളെ സജ്ജമാക്കിയിരിക്കുന്നു. അതേ സമയം, മിശ്രവിവാഹിതരായ നിരവധി ദമ്പതികൾ കൊടിയ പീഡനങ്ങൾക്കു വിധേയരായിക്കൊണ്ടിരിക്കുന്നു. ചില മുസ്ലിം ചെറുപ്പക്കാർ ഇതിനകം തുറുങ്കിലടയ്ക്കപ്പെട്ടു. 1960കൾ മുതൽ തന്നെ മതപരിവർത്തന നിരോധന നിയമങ്ങളുള്ള സ്ഥിതിക്ക് പുതിയ ഈ നിയമങ്ങൾ തീർച്ചയായും വർഗീയ താൽപര്യം മുൻനിർത്തിയുള്ളതാണ്. ഈ നിയമങ്ങൾ ദുരുപയോഗം ചെയ്തു സമൂഹത്തിൽ അസ്വാരസ്യങ്ങൾ സൃഷ്ടിക്കുന്നതിനുള്ള ഗൂഢപദ്ധതിയാണ് അണിയറയിൽ ഒരുങ്ങുന്നത്.
ഓർഡിനൻസിൽ ‘ലവ് ജിഹാദ്’ എന്ന വാക്കുപയോഗിക്കുന്നില്ലെങ്കിലും ഹിന്ദുദേശീയതയുടെ വക്താക്കളായ അക്രമികൾ മുസ്ലിംയുവാവും ഹിന്ദു യുവതിയും ആയ ദമ്പതികളെ പിടികൂടി അവരെ ക്രൂരപീഡനത്തിന് ഇരയാക്കുന്നതിനാണ് ഒരുങ്ങിയിറങ്ങിയിരിക്കുന്നത്. വടക്കൻ സംസ്ഥാനങ്ങളിൽ ഇത്തരം പീഡനങ്ങൾക്കും അതിക്രമങ്ങൾക്കും ഇരയാകുന്നത് ഇങ്ങനെയുള്ള ദമ്പതികൾ, പ്രത്യേകിച്ച് മുസ്ലിം ചെറുപ്പക്കാരാണ്.
നിയമം കൈയ്യിലെടുക്കുന്നവർ ഒരു ശിക്ഷാനടപടിക്കും വിധേയരാകാത്ത സാഹചര്യം അവരെ കൂടുതൽ അക്രമാസക്തരാക്കുന്നു. മുസ്ലിം ന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ടവരെ കൂടുതൽ കൂടുതൽ ഒറ്റപ്പെടുത്താൻ ആവശ്യമായ വിഭാഗീയ അന്തരീക്ഷം വളർത്താൻ ഇത് കാരണമാകും. അതേസമയം ഹിന്ദുക്കളായ പെൺകുട്ടികൾക്ക് പുറത്തിറങ്ങാനും സഞ്ചരിക്കാനുമുള്ള സ്വാതന്ത്ര്യത്തിനും വിലങ്ങു വീഴുകയാണ്.
ഈ സമയത്ത് രണ്ടു വിഷയങ്ങളാണ് ഓർമ വരുന്നത്. ഹിന്ദുക്കളിൽ മതപരിവർത്തനത്തെക്കുറിച്ചുള്ള ഭയം, മുസ്ലിംയുവാക്കളുമായുള്ള ബന്ധവുമായി കൂട്ടിക്കെട്ടിയിരിക്കുന്നു. വ്യത്യസ്ത മതങ്ങളിൽ പെട്ടതും വ്യത്യസ്ത ജാതികളിൽ പെട്ടതുമായ ആണും പെണ്ണും തമ്മിലുള്ള ബന്ധങ്ങൾ ഒരു തുറന്ന സമൂഹത്തിൽ സ്വാഭാവികമായി സംഭവിക്കുന്നതാണെങ്കിലും വ്യത്യസ്ത ജാതികളിലും മതങ്ങളിലും പെട്ടവർ സംവദിക്കുന്നത് വ്യത്യസ്തതലങ്ങളിൽ നിന്നു കൊണ്ടാണ്. മതപരിവർത്തനം ലക്ഷ്യംവച്ചുകൊണ്ടുള്ള മിശ്രവിവാഹങ്ങൾ അസ്വീകാര്യമാണെന്ന അലഹബാദ് ഹൈക്കോടതിയുടെ ഉത്തരവ് പരാമർശിച്ചുകൊണ്ടാണ് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് മിശ്രവിവാഹങ്ങളോടുള്ള തന്റെ എതിർപ്പ് പരസ്യമായി പ്രകടിപ്പിച്ചത്. ഇങ്ങനെ ‘ലവ് ജിഹാദ്’ നടത്തുന്നവർ അവരുടെ അന്ത്യയാത്രയ്ക്ക് ഒരുങ്ങിക്കൊള്ളൂ എന്നാണ് യോഗി ഭീഷണിപ്പെടുത്തിയത്. സ്വന്തം പെൺകുട്ടികളുടെ മേൽ ഒരു കണ്ണുവേണമെന്ന് മാതാപിതാക്കൾക്കു നിർദേശം നൽകുകയും ചെയ്തിട്ടുണ്ട് മുഖ്യമന്ത്രി.
ഓരോരുത്തരുടെയും വിശ്വാസം തെരഞ്ഞെടുക്കാനും ആചരിക്കാനും പ്രചരിപ്പിക്കാനും ഭരണഘടനയുടെ വകുപ്പുകൾ ഇന്ത്യൻ പൗരനെ അനുവദിക്കുന്നുണ്ട്. സ്വന്തം ജീവിതപങ്കാളിയെ തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യവും ഭരണഘടന ഇന്ത്യൻ പൗരന് നൽകുന്നുണ്ട് എന്നിരിക്കെ, യുപി സർക്കാർ ഈ വിഷയത്തിൽ കൊണ്ടുവന്ന നിയമം പൗരാവകാശങ്ങളെ ലംഘിക്കുമെന്നതിനാൽ അവ കോടതിയിൽ ചോദ്യം ചെയ്യപ്പെടേണ്ടതുണ്ട്. ഹിന്ദുസംസ്കാരം ഭീഷണിയിലാണെന്നും ഹിന്ദു പെൺകുട്ടികൾ അപായപ്പെട്ടിരിക്കയാണെന്നും ഹിന്ദു പുരുഷന്മാർ അവരുടെ സംരക്ഷകരായി പ്രവർത്തിക്കണമെന്നുമുള്ള പ്രചാരണങ്ങളെ സാധൂകരിക്കുന്ന തരത്തിലുള്ളതാണ് ഇപ്പോൾ യുപിയിൽ പാസാക്കിയതും മറ്റു സംസ്ഥാനങ്ങളിൽ പാസാക്കാനിരിക്കുന്നതുമായ നിയമം. ഓർഡിനൻസിൽ ‘ലവ് ജിഹാദ്’ എന്ന വാക്ക് ഉപയോഗിക്കുന്നില്ലെങ്കിലു ഹിന്ദുത്വവാദികളായ നേതാക്കൾ പ്രസ്താവനകൾ സൂചിപ്പിക്കുന്നത് മിശ്രവിവാഹങ്ങൾക്കെതിരായ (പ്രത്യേകിച്ചും വരന്മാർ മുസ്ലിങ്ങളായവ) ആക്രമണം ലക്ഷ്യംവച്ചുള്ളതാണ് ഈ നിയമമെന്നാണ്. മിശ്ര വിവാഹംചെയ്യുന്ന ഹിന്ദു പെൺകുട്ടികൾക്ക് ഭർതൃഗൃഹത്തിൽ സ്വന്തം മതത്തിൽ വിശ്വസിക്കാനാവില്ലെന്നും അവരെ നിർബന്ധപൂർവം മതം മാറ്റുമെന്നുമാണ് പ്രചരിപ്പിക്കുന്നത്.
നമ്മുടേത് പോലുള്ള വിശാലമായ ഒരു രാജ്യത്ത് മിശ്രവിവാഹങ്ങൾ വളരെ കുറച്ചു മാത്രമാണ് നടക്കുന്നത്. കൂടുതൽ ജനാധിപത്യവൽക്കരിക്കപ്പെട്ട രാജ്യങ്ങളിൽ മിശ്രവിവാഹങ്ങൾ വർധിച്ചു വരുകയാണ്. അവിടെ അത് ഒരു സാമൂഹ്യക്രമമായി മാറിക്കഴിഞ്ഞിരിക്കുന്നു. മുസ്ലിം വരനും ഹിന്ദു വധുവും എന്ന നില ഇവിടെ വളരെ കുറവാണ് താനും. ഹിന്ദു വരനായ അങ്കിത് സക്സേനയ്ക്ക് തന്റെ പ്രണയിയുടെ മാതാപിതാക്കളുടെ ക്രൂരതയ്ക്ക് ഇരയാകേണ്ടിവന്നു. ഒരു ഹിന്ദു യുവാവിനെ കല്യാണം കഴിച്ച തൃണമൂൽ എംപി നുസ്രത് ജഹാന് സാമൂഹ്യമാധ്യമങ്ങളിൽ ക്രൂരമായ പരിഹാസത്തിന് പാത്രമാകേണ്ടിവന്നു. എന്നാൽ മൊത്തത്തിലുള്ള ബഹളം മുസ്ലിം ചെറുപ്പക്കാരെ ലക്ഷ്യം വച്ചുള്ളതാണ്.
മഹാരാഷ്ട്രയിൽ മിശ്രവിവാഹിതരായ ദമ്പതികളെ വേർപെടുത്തിക്കൊണ്ട് ഹിന്ദു മതത്തെ ‘രക്ഷിക്കാൻ’ വേണ്ടി പ്രവർത്തിക്കുന്ന ‘ഹിന്ദു രക്ഷക് സമിതി’ എന്ന ഒരു ഗ്രൂപ്പ് തന്നെയുണ്ട്. വധു ഹിന്ദുവാണെങ്കിലാണ് ഇവർ ഇടപെടുക. ഒരു മുസ്ലിം യുവാവിന്റെ മോട്ടോർ സൈക്കിളിന് പുറകിൽ യാത്ര ചെയ്യുന്ന ഹിന്ദു യുവതിയുടെ ചിത്രം വച്ചുള്ളതാണ് ഇവർ മറാഠിയിൽ പ്രസിദ്ധീകരിച്ച ലഘുലേഖ. മുസ്ലിം പെൺകുട്ടി ഹിന്ദുവിനെ വിവാഹം ചെയ്യുകയാണെങ്കിലും തുടർന്ന് മതപരിവർത്തനം നടത്തുകയുമാണെങ്കിൽ അത് ഘർ വാപ്സി എന്ന നിലയിൽ വ്യാഖ്യാനിക്കപ്പെടും. അത്തരം ദമ്പതികളെ ‘ധർമസംരക്ഷകർ’ ആക്രമിക്കുകയില്ല. ഈ പ്രതിഭാസം ലവ് ജിഹാദ് അല്ലെന്നാണ് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തുന്നത്.
എന്താണ് മിശ്രവിവാഹത്തിനു നേരെ ഇങ്ങെനെ വാളോങ്ങാനുള്ള കാര്യം? ഹിന്ദു യുവതികളെ വശത്താക്കി വിവാഹം ചെയ്ത് മതംമാറ്റാനുള്ള ഒരു പദ്ധതിയാണോ അത്? മുസ്ലിം യുവാക്കൾ ബോധപൂർവം സൃഷ്ടിച്ച ഒരു പദ്ധതിയുടെ അടിസ്ഥാനത്തിലാണ് പ്രവർത്തിക്കുന്നതെന്ന പ്രതീതി സൃഷ്ടിച്ചുകൊണ്ട് ഇങ്ങനെ ജനങ്ങളെ വിശ്വസിപ്പിക്കാനുള്ള ഒരു പ്രചാരണ പദ്ധതിയാണ് നടപ്പിലാകുന്നത്. പരുഷവും സംഹാരാത്മകവുമായ ഈ പ്രചാരണത്തിലും വിശാലമായ പദ്ധതിയിൽ നഷ്ടമാകുന്ന ഒന്നുണ്ട്. ഹിന്ദു പെൺകുട്ടികളുടെയും യുവതികളുടെയും കർതൃത്വമാണ് ഇവിടെ ഇല്ലാതാകുന്നത്. അവർ എന്തിനെയും ഏതിനെയും കണ്ണടച്ചു വിശ്വസിക്കുന്നവരാണെന്നും സ്വന്തമായി തീരുമാനമെടുക്കാൻ കഴിവില്ലാത്തവരാണെന്നുമുള്ള പ്രതീതിയാണ് ഇവിടെ സൃഷ്ടിക്കപ്പെടുന്നത്. അവരുടെ ഓരോ ചലനങ്ങളും അവരുടെ സൗഹൃദങ്ങളും നിരീക്ഷിക്കണമെന്ന് രക്ഷിതാക്കളോട് ഉപദേശിക്കുമ്പോൾ അവരുടെ ജീവിതത്തിനു മേലാണ് ചങ്ങലകൾ വീഴുന്നത്.
എല്ലാ വർഗീയ൦ദേശീയവാദ പ്രത്യയശാസ്ത്രങ്ങളും തികച്ചും പുരുഷാധിപത്യപ്രധാനങ്ങളായതിനാൽ, സ്ത്രീകൾ പുരുഷന്മാരുടെ “ഉടമസ്ഥതയിലും” നിയന്ത്രണത്തിലും കഴിയണമെന്നാണ് അവ നിഷ്കർഷിക്കുന്നത്. പുരുഷാധിപത്യ മൂല്യങ്ങളും തീവ്രദേശീയതയും ഒരുപോലെയാണ് മതത്തിന്റെ മേലങ്കി അണിയുക പതിവ്. സ്വാതന്ത്ര്യലബ്ധിയും ഇന്ത്യൻ ഭരണഘടനയുടെ സ്ഥാപനവും ഇതിൽ വലിയ വ്യത്യാസം വരുത്തിയിട്ടുണ്ട്; രാജ്യത്തിന്റെ സാമൂഹിക-രാഷ്ട്രീയ-വിദ്യാഭ്യാസ മണ്ഡലങ്ങളിലെല്ലാംതന്നെ സ്ത്രീകൾ മുന്നോട്ടു വരുന്നത് നമുക്ക് കാണാൻ സാധിച്ചിട്ടുണ്ട്. എന്നാൽ ‘തുല്യത’ എന്നത് വാക്കുകളിൽ മാത്രം ഒതുക്കി, സ്ത്രീകളെ രണ്ടാംതരക്കാരായി മാത്രം കണക്കാക്കുന്ന മതഗ്രന്ഥങ്ങളെ മനസ്സിൽക്കൊണ്ടുനടക്കുന്നവർക്ക് ഈ മുന്നേറ്റം അസ്വസ്ഥതയാണ് ഉളവാക്കുന്നത്. ഇക്കാര്യത്തിൽ, ഇത്തരം അടിച്ചമർത്തലുകൾ നടപ്പിൽ വരുത്താൻ ശ്രമിക്കുന്ന സംസ്ഥാനങ്ങളെ നിലയ്ക്ക് നിർത്താൻ നമ്മുടെ നിയമവ്യവസ്ഥയ്ക്കു സാധിക്കുമെന്ന പ്രതീക്ഷയാണ് ഇനി മുന്നിലുള്ളത്.