വ്ലാഡിമിർ ഇലിച്ച് ലെനിൻ എന്ന സമാനതകളില്ലാത്ത വിപ്ലവനായകന്റെ 151 ആമത് ജന്മ വാർഷികമാണ് ഇന്ന്. ലോക മുതലാളിത്തത്തിൽ നിന്ന് കമ്മ്യുണിസത്തിലേക്കുള്ള മാനവരാശിയുടെ ഓരോ ചെറിയ വളർച്ചയിലും ലെനിന്റെ വിപ്ലവ വേരുകളുണ്ട്. അറുത്തു മാറ്റാൻ കഴിയാത്തത്ര ആഴത്തിൽ സോഷ്യലിസ്റ്റ്, മതനിരപേക്ഷ, ജനാധിപത്യ വ്യവസ്ഥയെ താങ്ങിനിർത്തുന്ന തായ് വേരാണത്. മാർക്സും എംഗൽസും അവിഷ്കരിച്ച ഡയലക്ടിക്കൽ മെറ്റീരിയലിസത്തിന് സാമ്രാജ്യത്വത്തിന്റെ കാലഘട്ടത്തിൽ പുതിയ രൂപം നൽകുക വഴി ലോകരാജ്യങ്ങൾക്ക് സോഷ്യലിസത്തിന്റെ നിർവചനങ്ങൾ ലഘൂകരിച്ച ലെനിൻ, മുതലാളിത്തത്തിന്റെ വൈരുദ്ധ്യങ്ങൾ നിറഞ്ഞ ഈ കാലഘട്ടത്തിൽ ആവർത്തിച്ചു വായിക്കപ്പെടേണ്ടതുണ്ട്.
മാർക്സും എംഗൽസും അവരുടെ സൈദ്ധാന്തിക പ്രവർത്തനങ്ങൾ ആരംഭിക്കുന്നത് ഫ്യുഡലിസത്തിൽ നിന്നും മുതലാളിത്തത്തിലേക്ക് ഉള്ള പരിവർത്തനത്തിൽ, തൊഴിലാളിവർഗ്ഗവിപ്ലവങ്ങൾ പ്രായോഗികമായി അത്യാവശ്യമല്ലാതെയായിരുന്ന ഒരു സാഹചര്യത്തിലാണ്. എന്നാൽ ലെനിനാകട്ടെ, അദ്ദേഹത്തിന്റെ പ്രത്യയശാസ്ത്ര സമരങ്ങൾ നടത്തിയത് സാമ്രാജ്യത്വത്തിന്റെ ഏറ്റവും ഉച്ചസ്ഥായിയിൽ, തൊഴിലാളി വർഗ്ഗവിപ്ലവം വ്യാപിച്ചുകൊണ്ടിരുന്ന കാലഘട്ടത്തിലാണ്. വർഗ്ഗസമരങ്ങളെ വളർത്തുകയും അതുവഴി ബൂർഷ്വാ ജനാധിപത്യത്തെ തോൽപ്പിക്കുകയും ചെയ്ത സോവിയറ്റ് യുഗത്തിലാണ്. “സാമ്രാജ്യത്വത്തിന്റെയും തൊഴിലാളിവർഗവിപ്ലവത്തിന്റെയും കാലഘട്ടത്തിലെ മാർക്സിസം” എന്നാണ് സ്റ്റാലിൻ ലെനിനിസത്തെ നിർവചിക്കുന്നത്. ഇ.എം.എസ് അതിനെ സ്മരിക്കുന്നത് മാർക്സിസത്തിന്റെ തന്നെ കൂടുതൽ വികസനം പ്രാപിച്ച രൂപമായിട്ടാണ്. പ്രായോഗിക-സൈദ്ധാന്തിക തലങ്ങളിൽ ലെനിൻ വായിക്കപ്പെടുന്നത്, മുതലാളിത്തം സൃഷ്ടിച്ചതും, സൃഷ്ടിക്കാനും, പിന്നീട് ശക്തിപ്രാപിക്കാനുമിടയുള്ളതുമായ വിരുദ്ധശക്തികളെ ഒരുമിപ്പിച്ചു വിപ്ലവം സാധ്യമാക്കുന്നതിനും, സാമ്രാജ്യത്വവും മുതലാളിത്തവും തമ്മിലുള്ള യുദ്ധങ്ങൾക്കൊടുവിൽ വരാനിരിക്കുന്ന സോഷ്യലിസത്തിന്റെ പ്രജ്ഞയെ വിഭാവനം ചെയ്തതുമായാണ്. അതായത് മാർക്സിൽ നിന്ന് ലെനിനിലേക്ക് എത്തുമ്പോൾ, ഫ്യുഡലിസത്തിനെതിരെയുള്ള സമരങ്ങൾ മർദ്ദിത വിഭാഗങ്ങൾ, കർഷകർ, എന്നിവർ ഏറ്റെടുക്കുകയും വിജയിപ്പിക്കുകയും ചെയ്തിരുന്നു.
റഷ്യയിലെ തൊഴിലാളി വിപ്ലവം ലോകത്തെ മുതലാളിത്ത വ്യവസ്ഥ വലിയൊരു ക്യാൻസറായി മൂർച്ഛിച്ച് നിക്കുമ്പോഴാണ് നടക്കുന്നത്. അപ്പോഴും റഷ്യയിൽ മാത്രം ഉണ്ടാവേണ്ട വിപ്ലവത്തെ കുറിച്ചല്ല, ആഗോളമായി സോഷ്യലിസ്റ്റ് വ്യവസ്ഥ/ തൊഴിലാളി വർഗം അധികാരത്തിലേക്കെത്തണമെന്നാണ് ലെനിൻ പറഞ്ഞത്. ഒരുപക്ഷേ റഷ്യൻ വിപ്ലവം അതിനു വേണ്ടി ലെനിൻ പാകിയ വിത്തു കൂടിയാണ്. തൊഴിലാളി വർഗം അധികാരത്തിൽ എത്തുന്നതിലൂടെ അവിടങ്ങളിൽ ക്രമേണ സോഷ്യലിസ്റ്റ് സമൂഹങ്ങൾ നിർമ്മിക്കപ്പെടുകയും, അത് മറ്റു രാജ്യങ്ങളിലേക്ക് കൂടി വ്യാപിക്കപ്പെടുകയുമെന്നായിരുന്നു ലെനിന്റെ കാഴ്ചപ്പാട്. മാർക്സും എംഗൽസും പറഞ്ഞു വച്ചതൊക്കെ മുതൽക്കൂട്ടിയാവണം ലെനിൻ റഷ്യയിൽ ഇത്തരത്തിൽ സോഷ്യലിസ്റ്റ് സമൂഹ നിർമ്മാണം തുടങ്ങിയത്. സോഷ്യലിസ്റ്റ് ഭരണകൂടത്തിന്റെ കർശന നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന സാമ്പത്തിക, സമൂഹിക, രാഷ്ട്രീയ, സാംസ്കാരിക മെഷിനറികൾ അതുവഴി റഷ്യയ്ക്ക് അകത്തും പുറത്തുമുള്ള മുതലാളിത്ത ശക്തികളോട് കലഹിച്ചു തുടങ്ങി. ഈ യുദ്ധത്തിലും അതിന് ശേഷവുമായി നടപ്പിലാക്കാനുള്ള നയങ്ങൾ ‘യുദ്ധകാല കമ്മ്യുണിസം’ എന്നറിയപ്പെട്ടു. ലെനിൻ ആവിഷ്കരിച്ച ‘ന്യൂ ഇക്കണോമിക് പോളിസി’ (NEP) ആണ് ഇതിൽ പ്രധാനപ്പെട്ടത്. കൃഷിക്കാർക്ക് തങ്ങളുടെ ഉത്പാദനത്തിന്റെ ഒരു ചെറിയ വിഹിതം മാത്രം സ്റ്റേറ്റ്ന് കൊടുത്താൽ ബാക്കി മുഴുവൻ ചരക്കും വിപണിയിൽ വിൽക്കാവുന്നതിലൂടെ, ഒരു സോഷ്യലിസ്റ്റ് ഭരണകൂടത്തിന്റെ നിലനിൽപ്പ് തന്നെ തൊഴിലാളികളുടെയും കർഷകരുടെയും ഐക്യത്തിലാണെന്ന് ലെനിൻ വിശ്വസിച്ചു. അതായത്, മുതലാളിത്തത്തിന്റെ മുള പൊട്ടാനിടയുള്ള ഇത്തരമൊരു സാധ്യതയിലും, കർഷകരും തൊഴിലാളികളും മാത്രമാണ് ചാലകശക്തികൾ എന്നും, ഉത്പാദനം വർദ്ധിപ്പിക്കാതെ സോഷ്യലിസത്തിന് മുതലാളിത്തത്തെ തോൽപ്പിക്കാവില്ലയെന്നും ലെനിൻ മുൻപിൽ കണ്ടിരുന്നു. റഷ്യയ്ക്ക് വേണ്ടി തയ്യാറാക്കിയ ഈ നയം പിന്നീട് ചൈനയും വിയറ്റനാമും ഉൾപ്പെടെയുള്ള രാജ്യങ്ങൾ ഏറ്റെടുക്കുകയും ചെയ്തു. എന്നാൽ കാലങ്ങൾക്ക് ശേഷം, ലെനിന്റെ സോഷ്യലിസ്റ്റ് സമൂഹനിർമ്മാണം എന്ന ആശയത്തെതന്നെ ഇല്ലായ്മ ചെയ്തത് സോവിയറ്റ് യൂണിയന്റെ മുതലാളിത്തതിലേക്ക് ഉള്ള കൂപ്പുകുത്തലിനും കാരണമായി.
ലെനിന് ശേഷം ലെനിനിസം എന്താണെന്ന് പഠിപ്പിക്കാൻ സ്റ്റാലിൻ തുടങ്ങി വച്ച പ്രസംഗപരമ്പരയായ ‘ഫൗണ്ടേഷൻസ് ഓഫ് ലെനിനിസം’ ഇങ്ങനെ തുടങ്ങുന്നു: “മുതലാളിത്തത്തിൽ നിന്ന് സോഷ്യലിസത്തിലേക്ക് പരിവർത്തനം നടക്കുന്ന അവസരത്തിലെ വിപ്ലവകരമായ യുദ്ധങ്ങൾ, മുതലാളിത്തകോയ്മകൾ തമ്മിലുള്ള യുദ്ധങ്ങൾ, മുതലാളിത്തവും തൊഴിലാളിവർഗവും തമ്മിലുള്ള യുദ്ധങ്ങൾ, സാമ്രാജ്യത്വകോയ്മകളും ദേശീയ വിമോചന പ്രസ്ഥാനങ്ങളും തമ്മിലുള്ള യുദ്ധങ്ങൾ ഇവയെല്ലാം നടക്കുന്ന ഘട്ടത്തിലെ മാർക്സിസമാണ് ലെനിനിസം”. അതായത് എല്ലാ കാലത്തും നിലനിന്നിരുന്ന, ഇന്നും നിലനിൽക്കുന്ന, ഇത്തരം വൈരുദ്ധ്യങ്ങൾ തമ്മിലുള്ള തർക്കങ്ങളിൽ പ്രയോഗികമാവുന്ന മാർക്സിസമാണ് ലെനിനിസം. അത് മാർക്സിസത്തിന്റെ ഒരു വിധത്തിലുമുള്ള നിഷേധമല്ല. സോവിയറ്റ് കമ്യുണിസ്റ്റ് പാർട്ടിയിലെ ആഭ്യന്തര ഭിന്നിപ്പുകൾ (സ്റ്റാലിനും ട്രോട്സ്കിയുമായുള്ള) പോലും ആ പാർട്ടിയുടെ നിലനിൽപ്പിനെ ബാധിക്കരുതെന്നു ലെനിൻ ആഗ്രഹിച്ചിരുന്നുവെന്നു ലെനിന്റെ ഒസ്യത്തിൽ വ്യക്തവുമാണ്. ലെനിന് ശേഷം ലെനിൻ വായിക്കപ്പെടെണ്ടത് മാർക്സിസത്തിൽ നിന്ന് വിദൂരമായല്ല. വീണ്ടും ഇ .എം.എസ് നെ ഉദ്ധരിച്ചാൽ, “മാർക്സിസമില്ലാതെ ലെനിനിസമില്ല; ലെനിനിസമില്ലാതെ മാർക്സിസവുമില്ല”.
ലോകമെമ്പാടും സോഷ്യലിസ്റ്റുകൾക്കും കമ്മ്യൂണിസ്റ്റുകാര്ക്കും ജനാധിപത്യവാദികള്ക്കും ലെനിന് ഇന്നും ആവേശമാണ്. ചരിത്രത്തിലെ ഏറ്റവും ആവേശകരമായ വിപ്ലവമുഹൂർത്തങ്ങൾ ലെനിന്റെ ഈ 151 വർഷങ്ങൾക്കുള്ളിലാണ് പിറന്നുവീണിട്ടുള്ളത്. ഇനിയങ്ങോട്ടും ലെനിൻറെ ആശയങ്ങളും പ്രവർത്തികളും വർഗ്ഗവിപ്ലവത്തിന്റെ നിത്യയൗവ്വനമായി തുടരും.