കൊറോണവൈറസ് മഹാമാരിയുടെ ആഗോള പ്രഭവകേന്ദ്രമായി ഇന്ത്യ മാറിയിരിക്കുന്നു. പ്രതിദിന രോഗികളുടെ എണ്ണം മൂന്ന് ലക്ഷം കടന്നിരിക്കുന്നു. യഥാർത്ഥ മരണസംഖ്യ ഔദ്യോഗികമായി രേഖപ്പെടുത്തിയതിലും എത്രയോ മുകളിൽ ആണ്. കുറഞ്ഞത് മൂന്ന് ലക്ഷം ഇന്ത്യക്കാർ മരിച്ചിട്ടുണ്ടാവും. ആശുപത്രികൾ രോഗികളെക്കൊണ്ട് നിറഞ്ഞിരിക്കുന്നു. ഓക്സിജൻ ക്ഷാമം പ്രതിസന്ധിയെ കൂടുതൽ മൂർച്ഛിപ്പിച്ചിക്കുന്നു. രോഗബാധ കൂടുതൽ ഉള്ള സ്ഥലത്തെ വിവിധ പ്രദേശങ്ങളിലേക്കുള്ള ഓക്സിജൻ സിലിണ്ടർ നിറച്ച ലോറികൾ പിടിച്ചെടുത്ത് വഴിതിരിച്ച് വിടുന്നവരെ വധശിക്ഷയ്ക്ക് വിധിക്കുമെന്ന് വരെ ഇന്ത്യൻ നീതിപീഠത്തിന് ഭീഷണിപ്പെടുത്തേണ്ടി വന്നു. ഓക്സിജൻ കിട്ടാത്തത് കൊണ്ട് മാത്രം എത്രയോ ആളുകൾ ഇതിനകം മരിച്ചു.
കുറച്ച് മാസങ്ങൾക്ക് മുമ്പാണ് വൈറസിനെ പരാജയപ്പെടുത്തിയെന്നു പ്രധാനമന്ത്രി നരേന്ദ്രമോഡി വീമ്പടിച്ചത്. ശാസ്ത്രവിദഗ്ധരുടെ അഭിപ്രായം തള്ളിക്കളഞ്ഞു കൊണ്ട് കോവിഡ് 19 ബാധയും അനുബന്ധമായുള്ള മരണങ്ങളും കുറഞ്ഞതായും പറഞ്ഞു. ഭാരത് ബയോടെക് ഇന്ത്യയിൽ വികസിപ്പിച്ച വാക്സിനും ഒക്സ്‌ഫോഡ് – അസ്ട്രസനക ഇന്ത്യയിൽ വികസിപ്പിച്ചെടുത്ത വാക്സിനും ഇന്ത്യയിൽ ലഭ്യമായി. മാസ്ക് ധരിക്കൽ സാർവത്രികമായതോടെ അത് വിജയിച്ച ഇന്ത്യയുടെ തന്ത്രമായി വാൾസ്ട്രീറ്റ് വരെ വാഴ്ത്തി. എങ്കിൽ പിന്നീട് എന്താണ് സംഭവിച്ചത്?
Bravado to Fear to Abandonment: Mental Health and the COVID-19 Lockdown എന്ന നോവലിൻ്റെ രചയിതാവ് കൂടിയായ ബാംഗളൂരിലെ പത്രപ്രവർത്തകൻ അമൻദീപ് സന്ധുവിന് ഇതിന് ഒറ്റവാക്കിൽ ഉത്തരം ഉണ്ട്. “അമിത ആത്മവിശ്വാസം’ എന്നാണ് സന്ധു അതിനു നൽകിയ ഉത്തരം.
മോഡിയെ രൂക്ഷമായി വിമർശിച്ച് കൊണ്ട് അദ്ദേഹം ഒരു അഭിമുഖത്തിൽ പറഞ്ഞു: “ധാർഷ്ട്യത്തിൻ്റെയും നയപരമായ മരവിപ്പിൻ്റെയും, കഴിഞ്ഞ ഒരു വർഷത്തെ അനുഭവത്തിൽ നിന്ന് പാഠം പഠിക്കാത്തതിൻ്റെയും ഫലമാണ് ഈ അനുഭവിക്കുന്നത്. മതമൗലിക പ്രത്യയശാസ്ത്രം പിന്തുടരുന്ന ഒരു സർക്കാർ, ന്യൂനപക്ഷ ഗ്രൂപ്പുകളെ ലക്‌ഷ്യം വച്ച് പ്രവർത്തിക്കുകയും ഒരു ഫാസിസ്റ്റു ഹിന്ദു മേധാവിത്വത്തിനു വേണ്ടി പ്രവർത്തിക്കുകയും ചെയ്യുമ്പോൾ ദയനീയമായി പരാജയപ്പെടുന്നത് രാജ്യത്തെ ജനങ്ങളാണ്.”
ഇന്ത്യൻ രാഷ്ട്രീയത്തിൽ ദശകങ്ങളായി സമ്പൂർണ ആധിപത്യം തുടരുന്ന മോദിയുടെ ഭാരതീയ ജനത പാർട്ടി ഇക്കഴിഞ്ഞ മാസങ്ങളിൽ വിവിധ നിയമസഭ തെരഞ്ഞെടുപ്പുകളുടെ വലിയ പൊതുയോഗങ്ങളാണ് സംഘടിപ്പിച്ചത്. മോദിയുടെ ട്വിറ്റർ അകൗണ്ടിൽ ഏപ്രിൽ മാസത്തെ അദ്ദേഹത്തിന്റെ റാലികളുടെ വീഡിയോകളുടെ ബഹളമാണ്. റാലിക്കെത്തിയ ആഹ്ലാദഭരിതരായ ആൾക്കൂട്ടത്തെ കണ്ടു പ്രധാനമന്ത്രി പല പൊങ്ങച്ചങ്ങളും പറയുന്നുണ്ട്. പ്രസംഗം കേട്ട് ഉന്മാദിക്കുന്ന ജനങ്ങളിൽ ഒരാൾക്ക് പോലും മാസ്ക് ഇല്ല എന്നും സന്ധു ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ വർഷം ഡൊണൾഡ് ട്രംപ് നടത്തിയ തെരഞ്ഞെടുപ്പ് റാലികൾക്കു തുല്യമായിരുന്നു മോദിയുടെ റാലികളും. രണ്ടു റാലികൾക്ക് പിന്നാലെയുള്ള ആഴ്ചകളിൽ കോവിഡ് രോഗബാധതരുടെ എണ്ണം ഗണ്യമായി വർധിച്ചു.
പന്ത്രണ്ട് വർഷത്തിൽ ഒരിക്കൽ നടക്കുന്ന കുംഭമേളയിൽ പങ്കെടുക്കാൻ എത്തിയ ദശലക്ഷക്കണക്കിനു ഹിന്ദുക്കളെ മോഡി പ്രോത്സാഹിപ്പിക്കുകയും ചെയ്തു. ഏറ്റവും വലിയ തീർത്ഥാടന മഹോത്സവമായ കുംഭമേളയിൽ വിശ്വാസികൾ ഗംഗയിൽ മുങ്ങുന്ന ചടങ്ങുണ്ട്. ഇത്തരം ആഘോഷങ്ങൾ ഗുരുതമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകിയിട്ടു പോലും മൂന്നര ദശലക്ഷം പേരാണ് ഇത്തവണ കുംഭമേളയിൽ പങ്കെടുത്തത്.
തബ്‌ലീഗി ജമാഅത് എന്ന മുസ്ലിം സംഘടന കഴിഞ്ഞ വർഷം ഡൽഹിയിൽ സംഘടിപ്പിച്ച, കുറച്ചു പേര് മാത്രം പങ്കെടുത്ത യോഗത്തെ അപലപിച്ച കേന്ദ്രമന്ത്രിമാർ വൈറസ് വ്യാപനത്തെ ഈ യോഗവുമായി ബന്ധപ്പെടുത്തിയിരുന്നു. കർണാടകയിൽ നിന്നുള്ള ഒരു ബിജെപി എംഎൽഎ പറഞ്ഞത് മുസ്ലിങ്ങളെ തല്ലിക്കൊല്ലണം എന്നാണ്. “കോവിഡ് 19 വ്യാപിപ്പിക്കുന്നത് തീവ്രവാദപ്രവർത്തനം പോലെയാണ്. ഇങ്ങനെ രോഗം പരത്തുന്നവർ രാജ്യദ്രോഹികൾ തന്നെയാണ്” എന്നാണ് ആ എംഎൽഎ പറഞ്ഞത്. എന്നാൽ ഈ വർഷം അതിനേക്കാൾ പലമടങ്ങ് ആളുകൾ പങ്കെടുത്ത ഹിന്ദുക്കളുടെ കൂടിച്ചേരലുകൾക്കെതിരെ ഇങ്ങനെ ഒരു വിധിയെഴുത്തും ഉണ്ടായില്ല എന്നതും ശ്രദ്ധേയമാണ്.
സ്വകാര്യവൽക്കരണത്തിൽ ഊന്നിയ കാർഷിക നിയമങ്ങൾ നടപ്പാക്കിയതിനെതിരെ കഴിഞ്ഞ വർഷം മുതൽ കർഷകർ ഡൽഹിയുടെ അതിർത്തി പ്രദേശങ്ങളിൽ തമ്പടിച്ചു സമരത്തിലാണ്. ഈ വസന്ത കാലത്തെ വാർഷിക കൊയ്ത്തുത്സവത്തിനായി പലരും മടങ്ങിയെന്നാലും 15,000 പേർ ഇപ്പോഴും അവിടെയുണ്ട്. പോയവർ ആവശ്യമെങ്കിൽ ഏതു സമയത്തും തിരിച്ചു വരാൻ തയ്യാറാണെന്നാണ് സന്ധു പറയുന്നത്.
ഈ സന്ദർഭത്തിൽ കർഷകർ എന്താണ് തിരഞ്ഞെടുക്കുക? സന്ധു ചോദിക്കുന്നു. “കുറച്ചു വർഷങ്ങൾ കൊണ്ട് കാർഷിക നിയമങ്ങൾ അവരെ നശിപ്പിക്കും. ദൈവം സഹായിച്ചു വൈറസ് ബാധയേറ്റാൽ ദ്രുതമരണം സംഭവിക്കുമല്ലോ. എന്തായാലും മരണം ഉറപ്പ്. അങ്ങനെയെങ്കിൽ അവർ എന്ത് ചെയ്യും?” അതുകൊണ്ടു തന്നെ കർഷകർ സമരം തുടരും എന്നാണ് സന്ധുവിന്റെ അഭിപ്രായം. നിലവിൽ സമരം കൊണ്ട് കോവിഡ് 19 പടർന്നിട്ടില്ല. എന്നാൽ, കർഷകരെ സമര ഭൂമിയിൽ നിന്ന് കുടിയിറക്കാൻ ഈ മഹാമാരിയെ ഉപയോഗിക്കും എന്നുറപ്പാണ്.”
ട്രംപിനെ പോലെ തന്നെ വൈറസിനെ ചെറുക്കുന്നതിന്റെ ക്രെഡിറ്റ് ഉറപ്പാക്കാൻ മോദിയും ശ്രമിച്ചിട്ടുണ്ട്. അതിന്റെ ഭാഗമായി കഴിഞ്ഞ വർഷം ആരംഭിച്ച പി എം കെയെർസ് എന്ന ഫണ്ടിലേക്ക് ശതകോടികൾ ആണ് ശേഖരിച്ചത്. ട്രംപ് ചെയ്തത് പോലെ തന്നെ ഈ ഫണ്ട് ഒട്ടും സുതാര്യമല്ലാതാക്കാനും അതിന്റെ വിതരണം ദുരൂഹമാക്കാനും മോഡി ശ്രമിച്ചു. ഇതിനെ പച്ചയായ അഴിമതി എന്നാണ് ഒരു ആക്ടിവിസ്റ്റ് നിരീക്ഷിച്ചത്.
കോവിഡ് 19 നല്ല വാക്സിന്റെ ഏറ്റവും വലിയ ഉത്പാദകർ ആണെങ്കിലും ആഭ്യന്തരമായി വിതരണം ചെയ്തതിനേക്കാൾ കൂടുതൽ വാക്സിൻ കയറ്റുമതി ചെയ്തു. വാക്സിൻ നയതന്ത്രത്തിൽ അഭിരമിക്കുകയാണെന്നു പഴികേട്ട മോഡി അന്താരാഷ്ട്ര തലത്തിൽ പിന്തുണ ഉറപ്പാക്കാൻ വേണ്ടിയാണ് കൂടുതൽ ഡോസ് വാക്സിനുകൾ മറ്റു രാജ്യങ്ങൾക്കു നൽകുന്നത്.
ഈ മഹാമാരി ഒരു ആഗോള ദുരന്തമാണെന്നരിക്കെ വാക്സിൻ കയറ്റുമതി നിർബാധം തുടരാൻ അനുവദിച്ച നരേന്ദ്രമോദി രാജ്യത്തെ പാവപ്പെട്ട മനുഷ്യർക്ക് വാക്സിൻ പ്രാപ്യത ഇല്ലാതാക്കിക്കൊണ്ട് ആരോഗ്യ സംവിധാനത്തെ പൂർണമായും സ്വകാര്യവൽക്കരിക്കാനുള്ള തന്ത്രങ്ങളാണ് ആവിഷ്കരിച്ചത്. വാക്സിൻ തുറന്ന വിപണിയിലേക്ക് മാറ്റിയതോടെ ജനങ്ങൾക്ക് കുത്തിവയ്പ്പിനുള്ള സാധ്യത പരിമിതപ്പെടുത്തുകയാണ് സർക്കാർ ചെയ്യുന്നതെന്ന് സന്ധു പറയുന്നു. മറ്റൊരർത്ഥത്തിൽ, സമ്പന്നരെ പോലെ സ്വകാര്യ ആശുപത്രികളിൽ പോയി വാക്സിൻ എടുക്കാൻ സാധിക്കാത്തതിനാൽ ദരിദ്രരായ ഇന്ത്യക്കാർക്ക് വാക്സിനേഷന് വേണ്ടി കൂടുതൽ കാലം കാത്തിരിക്കേണ്ടി വരും. “ഇന്ത്യയിലെ ദരിദ്ര വിഭാഗങ്ങൾക്ക് വാക്സിൻ വില എങ്ങനെ താങ്ങാനാകും? അവർക്കത് സാധിച്ചില്ലെങ്കിൽ ഒരു സമൂഹം അല്ലെങ്കിൽ ലോകമാകെത്തന്നെയും രോഗത്തിന് മുന്നിൽ ദുർബലമായിപ്പോകും” സന്ധു പറഞ്ഞു.
ഓരോ ദിവസവും രോഗികൾ വൻതോതിൽ വർധിക്കുമ്പോൾ ഉയരുന്ന സാർവദേശീയ വിമർശനങ്ങൾക്കു മുന്നിൽ ഇന്ത്യ പതറുകയാണ്. ട്രംപിനെപ്പോലെ ട്വിറ്ററിൽ സജീവമായിരുന്ന മോഡി ഇപ്പോൾ ആ പ്ലാറ്റഫോമിൽ നിന്ന് പിൻവാങ്ങിയിരിക്കയാണ്. രാജ്യതാല്പര്യത്തിലുപരി സ്വന്തം പ്രതിച്ഛായയിൽ ആണ് മോദിക്ക് ഉത്കണ്ഠ. ഈ പ്രതിസന്ധിക്കിടയിലും ട്വിറ്ററിൽ വരുന്ന, മഹാമാരിയെ കൈകാര്യം ചെയ്യുന്ന വിഷയത്തിലെ വിമർശനാത്മകമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനാണ് കേന്ദ്രസർക്കാരിന് തിടുക്കം. ആ നീക്കത്തിന് സാമൂഹ്യ മാധ്യമ ഉടമകൾ കൂട്ടുനിൽക്കുകയും ചെയ്യുന്നു.
മോദിയുടെ നിലപാടുകൾക്ക് സാധുത നൽകുന്നത് ട്വിറ്റർ മാത്രമല്ല. അമേരിക്കയിലെ ഇന്ത്യൻ വംശജരും മോഡി ആരാധകരുമായി വലതുപക്ഷക്കാർ മോഡി സർക്കാരിന്റെ ഫാസിസ്റ്റു വിദ്യാഭ്യാസ പരിപാടികളെയും തീവ്രദേശീയവാദികളുടെ ഗ്രൂപ്പുകളെയും സഹായിക്കാൻ പതിവായി ദശലക്ഷക്കണക്കിനു ഡോളറുകളാണ് സംഭാവന നൽകുന്നത്. ബിജെപിയുടെ മാതൃസംഘടനയായ ആർഎസ്എസിന്റെ അമേരിക്കൻ പതിപ്പും ഹൂസ്റ്റൺ ആസ്ഥാനമായ സംഘടനായ സേവാ ഇന്ത്യയിലെ കൊറോണ പ്രതിസന്ധി മൂലമുണ്ടായ അന്താരാഷ്ട്ര ഉത്കണ്ഠകളെ മുതലെടുക്കാനാണ് ശ്രമിക്കുന്നത്. ഓക്സിജൻ കോൺസണ്ട്രേറ്റുകളും മറ്റു മെഡിക്കൽ ഉപകരണങ്ങളും സംഭരിക്കാനായി പത്തു ദശലക്ഷം ഡോളറാണ് ശേഖരിച്ചത്. ഇതേ സംഘടന തന്നെ ഇന്ത്യയിലെ ഭൂകമ്പ ദുരിതാശ്വസത്തിനായി ബ്രിട്ടീഷ് പൗരന്മാരിൽ നിന്ന് ശേഖരിച്ച തുക ഹിന്ദുത്വ പ്രചരിപ്പിക്കാനുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കായി വഴിതിരിച്ചു വിട്ട സംഭവം 2004 ൽ വലിയ അഴിമതിയായി കണക്കാക്കപ്പെട്ടിരുന്നു. സമീപ കാലത്തു കേരളത്തിലെ പ്രളയ ദുരിതാശ്വാസത്തിനായി ശേഖരിച്ച തുക ഹിന്ദുക്കൾക്ക് മാത്രമായി നൽകിയതിന്റെ പേരിലും ഈ സംഘടന പിടിക്കപ്പെട്ടിരുന്നു.
ട്രംപ് ഭരണകൂടത്തിന്റെ തുടർച്ചയെന്നോണം ജോ ബൈഡന്റെ ഭരണകൂടവും ബിജെപിയെയും അതിന്റെ ഏകാധിപത്യ പ്രവണതയെയും ആശ്ലേഷിച്ചതിന്റെ പേരിൽ രൂക്ഷമായ വിമർശനം നേരിട്ടിരുന്നു. അമേരിക്കൻ പോലീസിന്റെ ഒരു സുപ്രധാന സ്ഥാനത്ത് ആർഎസ്എസ് ബന്ധമുള്ള പ്രെസ്തോൻ കുൽക്കർണിയെ ബൈഡൻ നിയോഗിച്ചിരുന്നു. ടെക്‌സാസിൽ നിന്നും അമേരിക്കൻ കോൺഗ്രസ്സ് അംഗമാകാൻ കുക്കർണി ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു. സേവാ ഇന്റർനാഷനലിന്റ ഡയറക്ടർ ആയ രമേശ് ഭുട്ടാഡ ആയിരുന്നു കുൽക്കർണിക്ക് പ്രധാനമായും ഫണ്ട് നൽകിയത്.
ലക്ഷക്കണക്കിന് മനുഷ്യ ജീവനുകൾ പന്താടിക്കൊണ്ടു ഔഷധ കോർപറേറ്റുകൾ ലാഭം കൊയ്യുമ്പോൾ
കോവിഡ് 19 വാക്സിന്റെ ബൗദ്ധിക സ്വത്തവകാശം എടുത്തു കളയണമെന്ന സമ്മർദം ബൈഡൻ ഭരണകൂടത്തിന് മേൽ ശക്തമാകുകയാണ്. ഒഴിവാക്കപ്പെട്ട പേറ്റന്റുകൾ പുനഃസ്ഥാപിച്ചു കഴിഞ്ഞാൽ ഇനിയും ആയിരങ്ങളുടെ മരണത്തിനു അത് കാരണമാകും.
ഈ സമയത്തും ഇന്ത്യക്കാർ മരിച്ചു വീഴുകയാണ്. ഡൽഹിയിലെ രാത്രികൾ മൃതദേഹങ്ങൾ കുന്നുകൂട്ടിയിട്ട കത്തിക്കുന്ന ചിതകളുടെ വെളിച്ചത്തിൽ തിളങ്ങുകയാണ്. #ResignModi എന്ന ഹാഷ്ടാഗ് ട്രെൻഡിങ്ങിൽ ഒന്നാം സ്ഥാനത്തെത്തുമ്പോൾ, ഈ മോഡി സർക്കാർ എല്ലാ അർത്ഥത്തിലും പരാജയപ്പെട്ടെന്നു ഒരിക്കൽ കൂടി തെളിയുകയാണ്.