കഴിഞ്ഞ അഞ്ചു വർഷത്തിനിടെ രാജ്യത്ത് ദേശീയപാത വികസനത്തിന് ഏറ്റവും കൂടുതൽ തുക ചെലവഴിച്ചത് കേരളമാണെന്ന് കേന്ദ്രസർക്കാരിന്റെ കണക്കുകൾ പറയുന്നു. ഭൂമിയേറ്റെടുക്കലിനായി കേരളം നൽകിയത് 5580 കോടി രൂപയാണെന്ന് രാജ്യസഭയിൽ എളമരം കരീം എംപിയുടെ ചോദ്യത്തിന് നൽകിയ മറുപടിയിൽ കേന്ദ്ര ഉപരിതല ഗതാഗതമന്ത്രി നിതിൻ ഗഡ്കരി വ്യക്തമാക്കി. ഹരിയാന 3114 കോടി, ഉത്തർപ്രദേശ് 2301 കോടി, ബിഹാർ 733, ഡൽഹി 654, കർണാടകം 276, തമിഴ്നാട് 235 കോടി എന്നിങ്ങനെ നൽകി. ഗുജറാത്തും മധ്യപ്രദേശും ഉൾപ്പെടെയുള്ള വലിയ സംസ്ഥാനങ്ങളൊന്നും തുക ചെലവഴിച്ചിട്ടില്ല. ഇവിടങ്ങളിലെല്ലാം ഭൂമിയേറ്റെടുക്കൽ ഉൾപ്പെടെ ദേശീയപാത നിർമാണത്തിന്റെ ചെലവ് മുഴുവൻ വഹിക്കുന്നത് കേന്ദ്രമാണ്.
അതെ സമയം കഴിഞ്ഞ അഞ്ചു വർഷത്തിൽ രാജ്യത്തെ ദേശീയപാതകളിൽനിന്ന് കേന്ദ്രം ടോൾ ഇനത്തിൽ പിരിച്ചത് 1,73,875.17 കോടി രൂപയാണെന്ന് കേന്ദ്ര ഗതാഗതവകുപ്പിന്റെ കണക്കുകൾ കാണിക്കുന്നു. ടോൾവിഹിതം ഈടാക്കിയാണ് ദേശീയപാത അതോറിറ്റി നിർമാണങ്ങൾക്ക് വായ്പയെടുക്കുന്നത്. ഈ പണത്തിൽനിന്ന് ഒരു വിഹിതവും സംസ്ഥാനങ്ങൾക്ക് ലഭിക്കില്ല.