ഇറ്റാലിയൻ ഫാസിസ്റ്റ് ഭരണാധികാരി ബെനിറ്റോ മുസോളിനി കൊല്ലപ്പെട്ടിട്ട് 76 വർഷങ്ങൾ കഴിഞ്ഞു.
മുസോളിനിയെ കൊലപ്പെടുത്തിയതിന് ഇന്നും നിരവധി അവകാശവാദങ്ങൾ നിലനിൽക്കുന്നുണ്ട്. ബ്രിട്ടീഷ് സേനയാണ് മുസോളിനിയെ കൊലപ്പെടുത്തിയതെന്നും അതല്ല, സോഷ്യലിസ്റ്റ് നേതാവും പിൽക്കാലത്ത് ഇറ്റലിയുടെ പ്രസിഡൻ്റുമായ സാൻട്രോയാണെന്നുമെല്ലാം അഭ്യൂഹങ്ങളുണ്ടെങ്കിലും ഔദ്യോഗിക വിശദീകരണപ്രകാരം ഇറ്റാലിയൻ കമ്യൂണിസ്റ്റ് പാർടി അംഗം വാൾട്ടർ ഒഡീസിയോയാണ് മുസോളിനിയുടെ ഘാതകൻ.
കൊല്ലപ്പെട്ട മുസോളിനിയേയും കൂട്ടാളികളേയും ഇറ്റാലിയൻ കമ്യൂണിസ്റ്റ് പാർടി പ്രവർത്തകരും സോഷ്യലിസ്റ്റുകളും ചേർന്ന് പൊതുജന മധ്യത്തിൽ തലകീഴായി കെട്ടിത്തൂക്കി പ്രദർശിപ്പിക്കുകയും ചെയ്തു.
1945ൽ ഫാസിസ്റ്റ് ഭരണകൂടത്തിനെതിരെ പണിമുടക്കുകളുയർത്തിക്കൊണ്ടുവരാനും തൊഴിലാളി സമരങ്ങൾ നടത്താനും കമ്യൂണിസ്റ്റുകാർക്ക് സാധിച്ചതിലൂടെ മുസോളിനിയുടെ കയ്യിൽ നിന്ന് ട്യൂറിനും മിലാനുമുൾപ്പെടെയുള്ള നഗരങ്ങൾ പ്രക്ഷോഭകാരികൾ കയ്യടക്കിയിരുന്നു.ഇത് മുസോളിനിയുടെ പതനത്തിലേക്കുള്ള അവസാനത്തെ ആണിയായിരുന്നു. പരാജയമുറപ്പിച്ച ഘട്ടത്തിൽ മുസോളിനിയും കൂട്ടരും സ്വിറ്റ്സർലാൻ്റിലേക്ക് നാടുവിടുന്നതിനിടെയാണ് ഇവരെ തിരിച്ചറിഞ്ഞ വാൾട്ടർ ഒഡീസിയോ ഇവരെ വെടിവച്ച് കൊലപ്പെടുത്തിയത്.
വധശിക്ഷയ്ക്ക് ശേഷം മുസോളിനിയുടെയും കൂട്ടാളികളുടെയും മൃതദേഹങ്ങൾ മാലിന്യങ്ങൾ കണക്കെ ഒരു ട്രക്കിൽ മിലാനിലെ പിയാസാ ലേ ലൊറേറ്റോയിൽ കൊണ്ടിടുകയും ഏപ്രിൽ 29ന് രാവിലെ അവിടെ തലകീഴായി ആളുകൾ കാൺകെ കെട്ടിത്തൂക്കുകയും ചെയ്തു. മുസ്സോളിനിയെ കെട്ടിത്തൂക്കാൻ കണ്ടെത്തിയ ഈ സ്ഥലത്തിനും പ്രധാനമായ ചരിത്രപശ്ചാത്തലമാണുള്ളത്. 1944ൽ ഹിറ്റ്ലറുടെ ഫാസിസ്റ്റ് സേന 15 വിപ്ലവപോരാളികളെ കൊന്ന് കെട്ടിത്തൂക്കിയ സ്ഥലമാണ് പിയാസാ ലേ ലൊറേറ്റോ.
ചരിത്രം ഒരിക്കലും പകരം ചോദിക്കാതെ കടന്നുപോയിട്ടില്ല എന്ന ഓർമ്മപ്പെടുത്തലാണ് പിയാസ ലേ ലൊറേറ്റോ.