ഒരു പ്രത്യേക പ്രതിഭാസത്തിനാണ് അമേരിക്കൻ സാമ്പത്തികരംഗം ഇപ്പോൾ സാക്ഷിയാകുന്നത്. സാധാരണക്കാരന്റെ നടുവൊടിച്ച ഈ മഹാമാരിക്ക് നടുവിലും അധികാരമുള്ളവർ വലിയ ലാഭമുണ്ടാക്കുന്നു. വലിയൊരു വിഭാഗം ഭക്ഷണത്തിനും ചികിത്സയ്ക്കും വലയുമ്പോൾ ഒറ്റ ദിവസം കൊണ്ടാണ് ആമസോൺ ഉടമ ജെഫ് ബെസോസ് തന്റെ സമ്പത്തിൽ 13 ശതകോടി ഡോളറിന്റെ വർധനയുണ്ടാക്കിയത്.
അമേരിക്ക എന്ന രാജ്യത്തെ പ്രധാനമായും നയിക്കുന്നത് കോർപറേറ്റുകളാണ്. പറയുന്നത് മറ്റാരുമല്ല, നോം ചോംസ്കിയാണ്. മാധ്യമപ്രവർത്തക ആമി ഗുഡ്മാന് നൽകിയ അഭിമുഖത്തിൽ നിന്നും:
“ഇന്ന് അമേരിക്ക നയിക്കുന്ന കോർപറേറ്റുകളുടെ പ്രതീകം ലോകത്തിലെ ഏറ്റവും ധനികനായ, ഒരൊറ്റ ദിവസംകൊണ്ട് 13 ബില്യൺ ഡോളർ സമ്പാദിച്ച ജെഫ് ബെസോസ് ആണ്. ട്രംപും ഭരണകൂടവും പാൻഡെമിക്കിന്റെ
മറവിൽ അതിസമ്പന്നരെ പരിപോഷിപ്പിക്കുന്നതിനു സമർപ്പിതമായി പണിയെടുക്കുകയാണ്. കോർപറേറ്റുകൾ ഇത് ആവോളം ആസ്വദിക്കുകയും.
കഴിഞ്ഞ നാല്പത് വർഷത്തെ നവലിബറൽ നയങ്ങളിലൂടെ നേടിയെടുത്തവ നിലനിർത്താനാണ് ഇവരുടെ വ്യഗ്രത: ധാരാളം സമ്പത്തിന്റെ കേന്ദ്രീകരണം, രാഷ്ട്രീയ അധികാരത്തിന്റെ കേന്ദ്രീകരണം. എന്നാലിതിൻ്റെ മറുവശത്തുള്ളത് പൊതുജനങ്ങൾ നേരിടുന്ന സ്തംഭനാവസ്ഥ, ഇതോടൊപ്പം കഴിഞ്ഞ കുറച്ചു വർഷങ്ങളായി ചെറുപ്പക്കാരായ, ജോലി ചെയ്യുന്ന പ്രായമുള്ള ജനങ്ങൾക്കിടെ ഉയരുന്ന മരണനിരക്ക്. യഥാർത്ഥത്തിൽ വികസനം പ്രാപിച്ച സമൂഹങ്ങളിൽ ഇങ്ങനെയൊന്നും നടക്കുകയില്ല.
പ്രായോഗികമായി പറഞ്ഞാൽ, അമേരിക്ക വർഷങ്ങളായി ഒരു ഏകകക്ഷി രാഷ്ട്രമാണ്. ഒരേ ബിസിനസ്സ് പാർട്ടിയുടെ രണ്ടു ഘടകങ്ങൾ. അത്രതന്നെ. ഇതോടൊപ്പം മഹാമാരിയുടെ മറവിൽ അതിസമ്പന്നരുടെയും കോർപ്പറേറ്റ് മേഖലയുടെയും വൻ സമ്പുഷ്ടീകരണം. ഒന്നും രണ്ടും ദിവസം കൂടുമ്പോൾ ട്രംപ് പല സ്ഥാപനങ്ങളുടെയും തലപ്പത്ത് അവരോധിച്ച കോർപറേറ്റ് പാവകൾ പൊതുജനത്തിന് മുഖത്തടിക്കുന്നതു പോലെയുള്ള നിയമങ്ങൾ പാസ്സാക്കും. ഉദാഹരണത്തിന് മലിനീകരണനിയമങ്ങൾ ഉദാരമാക്കുക. കൽക്കരി മേഖലയ്ക്ക് അത് സഹായമാകുമല്ലോ. അവർ ഒരു നൂൽ ഉപയോഗിച്ച് തൂങ്ങിക്കിടക്കുകയാണ്, എന്നാൽ അങ്ങനെ തുടരാൻ അനുവദിക്കുന്നതിലൂടെ മനുഷ്യ സമൂഹത്തിന് പരമാവധി നാശമുണ്ടാക്കാൻ അവരെ അനുവദിക്കാൻ നമുക്ക് കഴിയും. ഈ മഹാമാരിയുടെ മധ്യത്തിലെ വർദ്ധിച്ച മലിനീകരണം, തീർച്ചയായും മരണത്തെ വർദ്ധിപ്പിക്കുന്നു.
ഇത് യാദൃശ്ചികമല്ല. അത് ചില മനുഷ്യരെ സാധാരണയിലധികം ബാധിക്കും. മലിനീകരണമുണ്ടാക്കുന്ന ഫാക്ടറികൾക്ക് സമീപം താമസിക്കുന്നവരെ. അവർ ആരാണ്? മറ്റെവിടെയെങ്കിലും താമസിക്കാൻ കഴിയാത്ത ആളുകൾ. ഗോൾഡ്മാൻ സാക്സ് എക്സിക്യൂട്ടീവുകൾ അവിടെ താമസിക്കുന്നത് നിങ്ങൾ കാണുകയില്ല. നിങ്ങൾ കാണുന്നത് പാവപ്പെട്ടവർ, കറുത്തവർഗക്കാർ, ഹിസ്പാനിക്കുകൾ, പ്യൂർട്ടോറിക്കൻസ് എന്നിവരെയാകും. അവരാണ് അതിന്റെ ആഘാതം ഏറ്റെടുക്കുക. ഇപ്പോൾത്തന്നെ ഈ മഹാമാരി മൂലം അവരുടെ അവസ്ഥ മോശമാണ്. ഇത് കൂടുതൽ വഷളാകും.
ഇതൊക്കെ തന്നെയാണ് ബ്രസീലിലും നടക്കുന്നത്. അവിടെ ബോൾസോനാരോ വളരെ സന്തോഷത്തോടെ കാണുന്നു – ആമസോണിയൻ പ്രദേശത്തെ തദ്ദേശവാസികൾ അക്ഷരാർത്ഥത്തിൽ വംശഹത്യക്കിരയാകുന്നു, ആദ്യം വനനാശം കൊണ്ട്, ഇപ്പോൾ മഹാമാരി കൊണ്ട്. അവരിൽ പലരുടെയും ആരോഗ്യ കേന്ദ്രങ്ങൾ നൂറുകണക്കിന് മൈലുകൾ അകലെയാണ്. വനംകൊള്ളക്കാരിൽനിന്നും പകർച്ചവ്യാധി പടരുന്നു; അവർ മരിക്കുന്നു. ബോൾസോനാരോയ്ക്ക് എന്തെങ്കിലും മനസ്താപമുണ്ട് എന്ന് നിങ്ങൾ കരുതുന്നുണ്ടോ? ആമസോണിലെ മനുഷ്യർ ഇല്ലാതാക്കപ്പെടണമെന്ന് അദ്ദേഹം കരുതുന്നു. അദ്ദേഹം പറഞ്ഞത് തന്നെ, ‘ഞങ്ങൾക്ക് ആ ആളുകളെ ആവശ്യമില്ല, അതിനാൽ അവരെ മൊത്തത്തിൽ ഒഴിവാക്കാം,’ എന്നാണ്. അതുപോലെ, വ്യവസായശാലകളുടെ സമീപം താമസിക്കുന്ന ആളുകളെ ഒഴിവാക്കാം. ആർക്കാണ് അവരെ വേണ്ടത്? അവർ തെറ്റായ രീതിയിൽ വോട്ടുചെയ്യുന്നവരാണ്, മോശം നിറമുള്ളവരാണ്…
അമേരിക്കയുടെ നേതൃത്വത്തിൽ ഇപ്പോൾ ലോകത്ത് നടക്കുന്നത് ആധുനിക ചരിത്രത്തിൽ അക്ഷരാർത്ഥത്തിൽ സമാനതകളില്ലാത്ത ആക്രമണങ്ങളാണ്. യഥാർത്ഥ ഫാസിസ്റ്റ് രാഷ്ട്രങ്ങളൊഴികെ മറ്റെങ്ങും ഇത് നടക്കില്ല. ഇത് വിവരിക്കാൻ മറ്റ് വാക്കുകളൊന്നുമില്ല.”
അതെ. ഇതൊന്നും വിവരിക്കാൻ ഫാസിസം എന്നല്ലാതെ മറ്റു വാക്കുകളില്ല.