ഏതു ഭാഷയുടേയും സാഹിത്യത്തിന് ആദ്യരൂപം പദ്യം ആണ്. മലയാളത്തിലെ സ്ഥിതിയും വ്യത്യസ്തമല്ല. സംസ്കൃതവും മണിപ്രവാളവും ഒക്കെയായി സാധാരണക്കാരന്റെ ആസ്വാദന നിലവാരത്തിന് പുറത്തായിരുന്നു പലപ്പോഴും മലയാള കവിത. 1930കളിൽ ലളിതസുന്ദരമായ പദങ്ങൾ കൊണ്ട് കവിതയെ ഈ സ്വാധീനത്തിൽ നിന്നും വിടുവിച്ചു സാധാരണക്കാരുടെ മനസ്സിൽ വിരിയിച്ച കവികളാണ് ചങ്ങമ്പുഴ കൃഷ്ണപിള്ളയും ഇടപ്പള്ളി രാഘവൻ പിള്ളയും.
ദുഃഖവും കഷ്ടതകളും നിറഞ്ഞ ബാല്യവും കൗമാരവും തന്റെ കവിതകളിൽ സ്വാംശീകരിച്ച ഇടപ്പള്ളി, ഒടുവിൽ ഒരു നഷ്ട പ്രണയത്തിൻറെ ഓർമ്മയിൽ മരണത്തെ വരിക്കുകയായിരുന്നു. 1936 ജൂലൈ 4. വെള്ളവസ്ത്രവും മുല്ലമാലയും ധരിച്ച് ഭാഷയെ ഉപേക്ഷിച്ച്
മരണത്തെ വരിക്കാൻ പുറപ്പെട്ട കവി എന്തൊക്കെ മനോഹാരിതകളാകും മലയാളത്തിനു നൽകാതെ ഒപ്പം കൊണ്ടുപോയത്? ഇരുപത്തിയേഴാം വയസ്സിൽ മലയാളത്തിനു നഷ്ടപ്പെട്ട ആ കാവ്യസൗരഭം ഭാഷയ്ക്ക് വന്ന വലിയ നഷ്ടങ്ങളിൽ ഒന്നാണ്.
നമുക്കൊരു ഓർമപുതുക്കലാകാം … അക്കാലത്തിൽ വേർപിരിഞ്ഞ കവി ഇടപ്പള്ളി രാഘവൻ പിള്ളയുടെ ഓർമ പുതുക്കി അപ്ഫ്രണ്ട് സ്റ്റോറീസിനു വേണ്ടി ഒരു കവിത ചൊല്ലുകയാണ്, സമകാലിക മലയാളത്തിൻറെ പ്രിയകവി ശ്രീ. ബാലചന്ദ്രൻ ചുള്ളിക്കാട്.