ആ വാളിന്റെ കഥയോർക്കുമ്പോൾ ഇപ്പോഴും ബാല്യകാലത്തിന്റെ കിളിക്കൂടിലേക്കൊന്ന് എത്തിനോക്കാൻ തോന്നും. ചെറുപ്പത്തിൽ ഏതെങ്കിലും ഒരു കിളിക്കൂട്ടിയിലേക്ക് ഒരിക്കലെങ്കിലും എത്തി നോക്കാത്തവരുണ്ടാവില്ല. മരക്കൊമ്പിലൊരു കിളിക്കൂട് കണ്ടാൽ എല്ലാവരും അതിൽ എങ്ങനെയെങ്കിലും പൊത്തിപിടിച്ചു കയറി കൂട്ടിൽ മുട്ടയുണ്ടോ എന്ന് നോക്കുന്നത് ഞങ്ങൾ കുട്ടികൾ ചെയ്തിരുന്ന സാഹസകൃത്യങ്ങളിലൊന്നാണ്. മുട്ടയുണ്ടെങ്കിൽ പിന്നെ പാത്തും പതുങ്ങിയും തള്ളക്കിളി യില്ലാത്ത നേരം നോക്കി മുട്ട വിരിഞ്ഞോ എന്ന് നോക്കും. ഇങ്ങനെയുള്ള ബാല്യകാല ജിജ്ഞാസകളിൽ എനിക്ക് കൂട്ടായി നിന്ന ഒരുത്തനുണ്ടായിരുന്നു. അവനാണ് ആ വാളിനെ കുറിച്ചുള്ള മഹാരഹസ്യം എന്നോട് പറഞ്ഞത്. ഖിലാഫത്തു കാലത്തെ ഒരു വാൾ അവന്റെ വീട്ടിലെ പത്തായത്തിൽ ഒളിപ്പിച്ചുവച്ചിട്ടുണ്ട് എന്നും അതിലിപ്പോഴും ചോരക്കറ പറ്റിപിടിച്ചു കിടക്കുന്നുണ്ടെന്നും കേട്ടാൽ ഏത് കുട്ടിയും അത് കാണാൻ കൊതിക്കും. നീ കണ്ടിട്ടുണ്ടോ എന്ന് ഒന്നുറപ്പ് വരുത്താൻ വേണ്ടി ചോദിച്ചപ്പോൾ ഒരു വട്ടം കണ്ടിട്ടുണ്ടെന്നും പത്തായത്തിൽ നെല്ലിൽ പൂഴ്‌ത്തിവച്ചിരിക്കുകയാണെന്നും ഒരാൾക്ക് എടുത്താൽ പൊന്തില്ലെന്നും അവൻ പറഞ്ഞു.
പിന്നെയും എന്തൊക്കെയോ പറഞ്ഞെങ്കിലും അതൊന്നും ഞാൻ കേട്ടതേയില്ല. ഖിലാഫത്തു കാലത്തെ ആ വാള് അപ്പോഴേക്കും എന്റെ മനസ്സിനുള്ളിൽ കയറിപ്പറ്റിയിരുന്നു. ജീവിതത്തിൽ ഒരിക്കലും ഒരു വാൾ കാണാത്ത എനിക്ക് അവനോട് അസൂയ മാത്രമല്ല, അതിയായ ദേഷ്യവും തോന്നി. അവരുടെ വീട്ടിലെ വാളിനെക്കുറിച്ച് എന്നോട് വലിപ്പത്തരം പറഞ്ഞതിനായിരുന്നു ദേഷ്യം തോന്നിയത്. അതുഞാൻ പുറത്തുകാണിച്ചില്ല. ആ വാൾ എങ്ങനെയെങ്കിലും ഒന്ന് കണ്ടാൽ മതി എന്ന മോഹം കാരണം അവന്റെ പിന്നാലെതന്നെ കൂടി. പലവട്ടം അവനെ തെരഞ്ഞു വീട്ടിൽ പോയെങ്കിലും വാൾ മാത്രം കാണാൻ കിട്ടിയില്ല. പത്തായ താക്കോൽ വല്ലിമ്മാന്റെ കോന്തലക്കൽ ആണ്, വല്ലിമ്മ ഉറങ്ങിയാൽ അത് കട്ടെടുത്തു നമുക്ക് പത്തായം തുറക്കാം, കണ്ടാൽ പിന്നെ വേറെ ആരോടും പറയരുത് എന്നൊക്കെ പറഞ്ഞു എന്നെ പൂതിപ്പെടുത്തി എന്നല്ലാതെ വേറെയൊന്നും നടന്നില്ല. അവരുടെ വീട്ടിൽ വലിയൊരു പുളിമരമുണ്ട്. അതിൽ കയറി എത്താവുന്നിടത്തൊക്കെ ചെന്ന് കൊമ്പ് കുലുക്കി കുറെ വാളൻ പുളി ചാടിച്ചു തരും. പല്ല് പുളിക്കുംവരെ രണ്ടാളും തിന്നും. വാളിന്റെ കഥ തൽക്കാലം മറക്കും. കുറെ കഴിഞ്ഞപ്പോൾ ഞാൻ ആ പരിപാടിതന്നെ ഉപേക്ഷിച്ചു. എങ്കിലും ഖിലാഫത്തിലെ ആ വാള് എന്റെ മനസ്സിൽ കിടന്നു തിരിഞ്ഞും മറിഞ്ഞും ഇടയ്ക്കിടെ പിന്നെയും നോവിച്ചു കൊണ്ടിരുന്നു.
അവസാനം അതിനൊരു പരിഹാരം ഉണ്ടാക്കി തന്നത് കരുവാൻ വേലുവാണ്. ഞങ്ങളുടെ വള്ളുവനാടൻ മലയാളത്തിൽ കരുവാൻ എന്ന് പറഞ്ഞാൽ ഇരുമ്പിന്റെ പണിഎടുക്കുന്നവൻ എന്നാണ് അർത്ഥം. കരു എന്നത് ഇരുമ്പയിരിനെ കുറിച്ചാണെന്നും മലപ്പുറം ജില്ലയിലെ കരുവാരകുണ്ടിൽ നിന്നുണ്ടാക്കുന്ന പടവാളുകൾ പണ്ട് ലോകപ്രസിദ്ധമായിരുന്നു എന്നൊക്കെയുള്ള വിവരങ്ങളൊന്നും അന്നാരും പറയുന്നത് കേട്ടിട്ടില്ല. കത്തി, മടവാള്, കൈക്കോട്ട്, അരിവാൾ തുടങ്ങി കൃഷി പണിക്കാവശ്യമായ പണിയായുധങ്ങൾ ഉണ്ടാക്കലായിരുന്നു കരുവാൻ വേലുവിന്റെ തൊഴിൽ. എന്റെ തൊട്ടയൽക്കാരനായിരുന്നു. അവർക്കും ഞങ്ങൾക്കുമിടയിലെ മുള്ളുവേലിയുടെ ഒരു ചെറിയ ഭാഗം എപ്പോഴും അടക്കാതെ വെക്കും. അതിലൂടെയായിരുന്നു മിക്കവാറും എന്റെ പോക്കും വരവും. വേലുവും ഞാനുമായുള്ള അടുപ്പം ഒരു പരസ്പരസഹായം പോലെയായിരുന്നു. തൊടിയുടെ ഒരു മൂലക്കലാണ് വേലുവിന്റെ ആല. കരുവാൻമാരുടെ പണിസ്ഥലത്തിനു ആല എന്നാണ് പറയാറ്. അതിൽ ഒരു ഉല സ്ഥാപിച്ചിട്ടുണ്ടാവും. ഒരു പഴയ സൈക്കിൾ ചക്രത്തിന് കയറിട്ടു അത് ഉലയുമായി ഘടിപ്പിച്ചിട്ടുണ്ടാവും. ഈ സൈക്കിൾ ചക്രം തിരിക്കുമ്പോൾ കൽക്കരിയിട്ടു കത്തിക്കുന്ന ആ ചെറിയ തീച്ചൂളയിൽ ഇരുമ്പ് കിടന്നു പഴുക്കും. ഇരുമ്പ് ചുട്ടു പഴുത്തു അതിന്റെ അറ്റം നല്ല പരുവത്തിൽ ആവുമ്പോൾ കൊടിലുകൊണ്ട് അത് പൊക്കിയെടുത്തു കനമുള്ള ചുറ്റിക കൊണ്ട് അടിച്ചു പരത്തും. ഈ ഉല ഊതിക്കൊടുക്കാൻ എപ്പോഴും ആരെങ്കിലും വേണം. എനിക്ക് വേലുവിന്റെ ഈ ടെക്‌നോളജി കണ്ട് കൊണ്ടിരിക്കാൻ വലിയ ഇഷ്ടവുമായിരുന്നു. വേലുവിനാണെങ്കിൽ ഉല ഊതാൻ ഒരാളെ കിട്ടുന്ന തിന്റെ സന്തോഷവും. ഇതിനിടയിൽ എന്ത് ചോദിച്ചാലും വേലു അതിനു മറുപടി പറഞ്ഞു കൊണ്ടിരിക്കും. നാട്ടിലുള്ള ഓരോരുത്തരുടെയും ഹിസ്റ്ററിയും പ്രൊഫൈലും ഒക്കെ വേലുവിനറിയാം. വേലുവുമായുള്ള ചങ്ങാത്തം ഞാൻ ഇഷ്ടപ്പെടാൻ വേറൊരു കാരണം കൂടി യുണ്ട്. ആ ചെറിയ പ്രായത്തിൽ തന്നെ മാപ്പിള എന്ന അഭിമാനബോധം ഉണ്ടാക്കിത്തന്നത് കരുവാൻ വേലുവാണ്. വേലുവിന് ഇടക്കൊക്കെ ദേവി കയറുന്ന ഒരു പതിവുണ്ട്. ദേവി കയറുമ്പോൾ വേലു പള്ളിവാൾ എടുത്തു വെളിച്ചപ്പെടാൻ തുടങ്ങും. വെളിച്ചപ്പെടാൻ തുടങ്ങുംമുൻപ് ഹുയ്യോ എന്ന ഒരലർച്ച കേൾക്കാം. അത് കേട്ടപാടെ ഞാൻ വേലിക്കിടയിലൂടെ ഓടി അവരുടെ മുറ്റത്തെത്തും. മിക്കവാറും രാത്രി ഒരു എട്ടു മണിയോടെയായിരിക്കും വേലുവിന്റെ വെളിച്ചപ്പെടൽ. മുറ്റത്തു കൂടി കൈയിൽ വാളും വിറപ്പിച്ചു വേലു അങ്ങോട്ടുമിങ്ങോട്ടും നടക്കുന്നുണ്ടാവും. കുടുംബത്തിലുള്ളവരും മുറ്റത്തു ഇറങ്ങി നിൽക്കും. അതിനിടയിൽ എന്നെ കാണുമ്പോൾ വേലുവിന്റെ ഒരു അരുളപ്പാടുണ്ട്. അതിപ്പോഴും എന്റെ കാതുകളിൽ തങ്ങിനിൽക്കുന്നുണ്ട്. ‘‘മാപ്ലക്കുട്ടി വന്നുക്കണ്, കസേരട്ട് കൊടുക്ക്…’’ ഇതാണാ ഡയലോഗ്. ഇത് കേട്ടപാടെ ആരെങ്കിലും ഒരു കസേര കൊണ്ട് വന്ന് എന്നോടതിൽ ഇരിക്കാൻ പറയും. പത്തു വയസ്സായ ഒരു കുട്ടിയോട് വേലുവിന്റെ ദേവി കാണിക്കുന്ന ബഹുമാനം വേറെ ആരു കാണിക്കും. ഇതൊക്കെ അന്ന് വല്യേ കാര്യമായിരുന്നു. അടുത്ത ദിവസം ആലയിൽവച്ച് കാണുമ്പോൾ വേലു തലേ ദിവസത്തെ സംഭവങ്ങൾ ഒന്നും അറിഞ്ഞ ഭാവം നടിക്കാതെയാണ് സംസാരംതുടങ്ങുക. അങ്ങനെ ഒരു നാൾ സംസാരിച്ചു കൊണ്ടിരിക്കൂമ്പോഴാണ് വേലു ഖിലാഫത്ത് കാലത്തെ ഓർമ്മകൾ പറയാൻ തുടങ്ങിയത്. വേലുവിനു അന്ന് പതിനഞ്ചോ പതിനാറോ വയസ്സുണ്ടാവുമെന്നായിരുന്നു ഊഹം. എന്റെ വല്ലിപ്പ യെയും ജ്യേഷ്‌ഠനെയും വെള്ളപ്പട്ടാളം പിടിച്ചുകൊണ്ട് പോയതും ജ്യേഷ്‌ഠനെ വെല്ലൂർ ജയിലിൽ തൂക്കിക്കൊന്നതും വല്ലിപ്പയെ അന്തമാനിലേക്ക് നാടുകടത്തിയതും അവരുടെ ഉമ്മ തീവണ്ടിക്ക് തല വച്ചതുമെല്ലാം വേലു പറഞ്ഞു കേട്ടാണ് ഞാൻ ആദ്യമറിയുന്നത്. ഒരു കണക്കിന് നോക്കിയാൽ കരുവാൻ വേലുവാണ് എന്റെ ആദ്യത്തെ ചരിത്രാധ്യാപകൻ. അതുകൊണ്ട് വേലുവിനോട് ചോദിച്ചാൽ ആ വാളിന്റെ കാര്യം നേരാണോ നുണയാണോ എന്നുറപ്പിക്കാൻ പറ്റുമെന്ന് വിചാരിച്ചു ഒരു ദിവസം പത്തായത്തിലെ വാളിന്റെ കാര്യം ഞാൻ വേലുവിനോട് പറഞ്ഞു. അപ്പോഴാണ് മലബാർ ചരിത്രത്തിന്റെ പുതിയ ഒരധ്യായം വേലു എന്റെ മുമ്പിൽ തുറന്നു വയ്‌ക്കുന്നത്. വാൾ ചിലപ്പോൾ ഉള്ളത് തന്നെയായിരിക്കും എന്ന് പറഞ്ഞുകൊണ്ടാണ് വേലു തുടങ്ങിയത്. ഖിലാഫത്തിന്റെ കാലത്ത് കുഞ്ഞുമൊഹമ്മദ്‌ഹാജിയുടെ ആൾക്കാർ മഞ്ചേരിക്കാരനായ ഒരു മാപ്ലയെ നമ്മടെ വട്ടപ്പാറയിൽ കൊണ്ടുവന്നു കൊന്നിട്ടുണ്ട് എന്നാണ് വേലുവിന്റെ ഓർമ്മയിൽ തങ്ങി നിൽക്കുന്ന ഒരു വിവരം. വട്ടപ്പാറ എന്ന ഒരു പാറ എന്റെ ചങ്ങാതിയുടെ വീട്ടിനടുത്തുണ്ട് എന്നത് സത്യം തന്നെയാണ്. പക്ഷെ മാപ്ലാര് തന്നെ മാപ്ലാരെ കൊന്നിരുന്നതെന്തിനാണ്? സ്വന്തം ബാല്യകാല അനുഭവങ്ങളെ ഓർത്തെടുക്കാൻ വേണ്ടി വേലു കുറച്ചു നേരം പണി നിർത്തി മിണ്ടാതിരുന്നു. പിന്നെ പറഞ്ഞു തുടങ്ങി. ഒപ്പം പണിയും തുടർന്നു. ഞാൻ ഉലയൂതിക്കൊണ്ട് വേലുവിന്റെ വായ്‌മൊഴി ചരിത്രം കേട്ട് കൊണ്ടിരുന്നു. വേലു പറഞ്ഞതിതാണ്. വാരിയംകുന്നനും വെള്ളക്കാരും തമ്മിലുള്ള പോര് മുറുകിയപ്പോൾ മാപ്പിളമാരെ ഒറ്റികൊടുക്കുന്നവരെയും അവർ ആക്രമിച്ചു. എന്നാൽ ചില കൂട്ടർ ഈ തക്കം നോക്കി നിരപരാധി കളായ ഹിന്ദുക്കളെ യും ഉപദ്രവിക്കുന്നുണ്ടെന്ന വിവരം കിട്ടി യതോടെ അവരെ പിടികൂടി തന്റെ മുന്നിൽ ഹാജരാക്കാൻ വാരിയംകുന്നൻ കൂടെയുള്ള മാപ്പിള മാർക്ക് നിർദേശം നൽകി. അങ്ങനെ പിടികൂടുന്നവർക്ക് കടുത്ത ശിക്ഷ നൽകി. അതിൽപ്പെട്ട ഒരുത്തനെയാണ് ഇവിടെ വച്ചു കൊലപ്പെടുത്തി യത്. അതോടൊപ്പം ഹിന്ദുക്കളെ ഇത്തരക്കാരിൽ നിന്ന് രക്ഷിക്കാൻ ഒപ്പമുള്ള മാപ്പിളമാർക്ക് നിർദേശങ്ങൾ നൽകി. അതനുസരിച്ചു വേലുവും കുടുംബവും തൊട്ടടുത്തുള്ള കാരാട്ട്തൊടി അബ്ദുള്ളയുടെ വീട്ടിൽ കുറെ ദിവസം ഒളിച്ചിരുന്നകഥയും വേലു ഓർത്തെടുത്തു. ഞങ്ങളുടെ വീടിനടുത്തുള്ള കൊളപ്രം മനക്ക് കാവൽ നിന്നത് മാപ്പിള മായിരുന്നു. എന്നാൽ പട്ടാളം വന്നു അവരെയും പിടിച്ചു കൊണ്ടുപോയ കാര്യ വും വേലുവിന്റെ ഓർമ്മയിൽ ഉണ്ടായിരുന്നു. പക്ഷെ, മലബാർ സമരത്തെ വർഗീയ കലാപമായി വരച്ചു കാട്ടിയവർ വേലുവിനെപ്പോലെ ഇതൊന്നും കാണുകയോ കേൾക്കുകയോ അനുഭവിച്ചറിയുകയോ ചെയ്‌തിട്ടുണ്ടാവില്ല. വെള്ളപ്പട്ടാളത്തിന് വിരുന്നൊരുക്കിയ ജന്മിമാരുടെ അട്ടത്തിരുന്നുകൊണ്ട് മലബാർ സമരത്തിനെ മാപ്പിള ലഹള യാക്കി മാറ്റിയ ചാലപ്പുറം കോൺഗ്രസ്സിലെ “ദേശീയ വാദി’കളെയും തലയിലേറ്റി സംഘ്പരിവാറുകാർ ഇപ്പോൾ മലബാർ സമരത്തിനും വാരിയംകുന്നനും എതിരെ ഉറഞ്ഞു തുള്ളുന്നത് കൊണ്ടാണ്. ചരിത്രമെഴുത്തിലുമുണ്ട് വർഗ്ഗവും ജാതിയും മതവിദ്വേഷവും. കെപി കേശവമേനോനെ എംപി നാരായണ മേനോൻ നിശിതമായി വിമർശിക്കാൻ കാരണം അതാണ്. എംപി നാരായണ മേനോനും കോൺഗ്രസ്സുകാരനായിരുന്നു. പക്ഷേ മാപ്പിള കുടിയാൻമാരുടെ മതവിശ്വാസത്തെയും ഗാന്ധിയുടെ മത വിശ്വാസത്തെയും വെവ്വേറെ കള്ളികളിൽ നിർത്താൻ കൂട്ടാക്കിയില്ല. ജന്മിമാരുടെപക്ഷം ചേർന്ന് മാപ്പിളമാർ മതഭ്രാന്തരാണ് എന്ന് കൂവി വിളിച്ചതുമില്ല.ചരിത്രം വായിക്കുമ്പോൾ ഉള്ളതും ഇല്ലാത്തതുമായ വാളുകളും പരിചകളും എല്ലാം അതിൽ ചിലപ്പോൾ കണ്ടുമുട്ടിയെന്നിരിക്കാം. ചരിത്രമെഴുതുമ്പോൾ ചരിത്രകാരന്റ ആത്മനിഷ്ഠമായ നിഗമനങ്ങളും വിഭാവനകളും അതിൽകടന്ന് കൂടാറുണ്ട്. എന്നാൽ ചരിത്രത്തിൽ മുഖാമുഖം നിന്ന വിരുദ്ധപക്ഷങ്ങളെ ചരി ത്രകാരന്റെ വിഭവനകൾക്കൊത്തു മൂടിവെക്കാനോ മറച്ചുപിടിക്കാനോ സാധിക്കും എന്ന് തോന്നുന്നില്ല. മലബാർ സമരം നൂറു വർഷങ്ങൾ ക്ക് ശേഷവും അതിന്റെ മുഖ്യ ശത്രുവിനുനേരെ വിരൽചൂണ്ടുന്ന തിന്റെ കാരണം അതായിരിക്കും.
പോസ്റ്റിന്റെ പൂർണരൂപം ചുവടെ:
https://m.facebook.com/story.php?story_fbid=10213055140851786&id=1790961326