ഒരു കലാസൃഷ്ടിയുടെ അർത്ഥതലങ്ങൾ മനസ്സിലാക്കണമെങ്കിൽ, അത് സൃഷ്ടിക്കപ്പെട്ട പശ്ചാത്തലം കൂടെ അറിയണം. ഒരു പ്രത്യേക കാലഘട്ടത്തിലൂടെയാണ് ലോകം ഇന്ന് കടന്നു പോയിക്കൊണ്ടിരിക്കുന്നത്. തീർച്ചയായും ഇക്കാലത്തു പിറവികൊള്ളുന്ന കലാസൃഷ്ടികളിൽ ഈ മഹാമാരികാലത്തിന്റെ നിറങ്ങൾ ഉണ്ടാവുക തന്നെ ചെയ്യും. രണ്ടാം നൂറ്റാണ്ടിൽ നിരവധി ജീവനുകളെടുത്ത വസൂരിയെ “ഹരിറ്റി” എന്ന ദേവതയായി സങ്കൽപ്പിച്ച മധ്യേഷ്യക്കാർ, നിരവധി ഹരിറ്റി പ്രതിമകൾ നിർമിച്ചിരുന്നു എന്ന് പുരാവസ്തുഗവേഷകർ സാക്ഷ്യപ്പെടുത്തുന്നു. വടക്കേയിന്ത്യയിലെ ശീതളാദേവിയും ഇതേ സങ്കൽപ്പത്തിലുള്ളതാണ്. ശീതളാദേവിയുടെയും ചിത്രങ്ങളും വിഗ്രഹങ്ങളും പ്രചാരത്തിലുണ്ട്.
ചിത്രകലയിൽ വലിയ മുന്നേറ്റങ്ങളാണ് പതിനഞ്ചാം നൂറ്റാണ്ടിനപ്പുറം യൂറോപ്പിൽ ഉദയംചെയ്ത നവോത്ഥാനകാലത്ത് നടന്നത്. കലയെയും ശാസ്ത്രത്തെയും സാമൂഹികജീവിതത്തെയും നന്നായി സ്വാധീനിച്ച ഈ ഉണർവിന് കാരണമായത് അവിടത്തെ ഫ്യൂഡൽ വ്യവസ്ഥയുടെ തകർച്ചയാണ്. അതിനു കാരണമായത്, 1347 മുതൽ യൂറോപ്പിനെ ചൂഴ്ന്ന “ബ്ലാക്ക് ഡെത്ത്” എന്നറിയപ്പെട്ട പ്ളേഗ് രോഗമായിരുന്നു. നിരവധി ചിത്രങ്ങളിൽ പ്ളേഗ് വിഷയമായിട്ടുണ്ട്. ‘ഡാൻസ് മക്കബെർ’ എന്നറിയപ്പെടുന്ന ഒരു വിഭാഗം ചിത്രങ്ങൾ ഇക്കാലത്തു പ്രത്യക്ഷപ്പെട്ടു. രാജാക്കന്മാർക്കും പുരോഹിതന്മാർക്കും സാധാരണക്കാർക്കുമൊക്കെയൊപ്പം മൃത്യുവിന്റെ ചിഹ്നമായ അസ്ഥികൂടങ്ങളെയും ചേർത്ത് വരച്ചിരുന്ന ഇവ, മരണത്തിനു മുന്നിൽ ഏവരും സമന്മാരാണെന്ന ഓർമപ്പെടുത്തലായിരുന്നു. പ്ളേഗിന് തന്നെ അടിപ്പെട്ട ഹോൾബെയ്ൻ എന്ന ജർമൻകാരനായിരുന്നു ഇവയിൽ ഏറ്റവും പ്രശസ്തമായവ വരച്ചത്. ടിന്റോറേറ്റോ, ടിറ്റിയാൻ, വാൻഡിയ്ക്ക് മുതലായവരൊക്കെ ആ കാലഘട്ടത്തിൽ ജീവിച്ചിരുന്നവരാണ്.
ഒന്നാം ലോകമഹായുദ്ധത്തിന്റെ നിഴലിലാണ് സ്പാനിഷ് ഫ്ലൂ ലോകത്തെ നടുക്കിയത്. ഇന്നത്തെ കോവിഡിനോട് സമാനമായ സാഹചര്യം. അക്കാലത്തു എഡ്വാർഡ് മഞ്ച് എന്ന ചിത്രകാരൻ വരച്ച Self Portrait with the Spanish Flu, Self Portrait after the Spanish Flu എന്നീ പ്രശസ്തമായ ചിത്രങ്ങൾ ഒരുപാട് പുനർവായനകൾക്ക് വിധേയമാകുന്നുണ്ട്. 1918 കാലത്തെ സ്പാനിഷ് ഫ്ലൂവിനെ കുറിച്ചുള്ള വ്യക്തിപരമായ ഓർമകളാണ് അന്നത്തെ കലയിൽ പ്രത്യേകിച്ചും നിറഞ്ഞുനിൽക്കുന്നത്. ജർമൻ ചിത്രകാരനായ ഈഗോൺ ഷീൽ, തന്റെ സുഹൃത്തും വഴികാട്ടിയുമായിരുന്ന ഗുസ്താവ് ക്ലിംട്ന്റെ അന്ത്യനിമിഷങ്ങൾ വരകളിൽ പകർത്തിയത് അതീവദുഃഖത്തോടുകൂടിയായിരുന്നു. മാസങ്ങൾക്കിപ്പുറം ഷീലും അദ്ദേഹത്തിന്റെ ഗർഭിണിയായിരുന്ന ഭാര്യയും രോഗം വന്നു മരണപ്പെട്ടു. അന്ന് പാതി വരച്ച് നിറുത്തേണ്ടി വന്ന കാൻവാസിൽ ഷീലും ഭാര്യയും പിറക്കാതെ പോയ ആ കുഞ്ഞുമാണ് ഉണ്ടായിരുന്നത്. മഹാമാരിയും യുദ്ധവും എല്ലാം ചേർന്ന് സൃഷ്ടിച്ച അനിശ്ചിതത്വത്തിൽ നിന്നും ജർമനിയിലെ മിനിമലിസവും അമേരിക്കയിലെ ദാദായിസവും തുടങ്ങി പല പുതിയ ശൈലികളും ഉയർന്നുവന്നു.
കോവിഡ് മഹാമാരിയും ലോകമെമ്പാടും ഏർപ്പെടുത്തിയ ലോക്ഡൗണും മനുഷ്യരെയും കുടുംബങ്ങളെയും ഒരുപരിധിവരെ ഒറ്റപ്പെട്ട തുരുത്തുകളാക്കി. പാരസ്പര്യം, സാമൂഹ്യജീവിതം മുതലായവ വീണ്ടെടുക്കാൻ കല ഒരു ഉപാധിയാകുന്ന കാഴ്ചയാണ് ഇക്കാലത്ത് നാം കാണുന്നത്. ഫോട്ടോഗ്രാഫിയും ഗ്രാഫിറ്റിയും ഡിജിറ്റൽ സങ്കേതങ്ങളുമൊക്കെ ഇതിനു ഉപയുക്തമാക്കിയിട്ടുണ്ട്. ലോകത്തിന്റെ പലഭാഗത്തും ജനാലച്ചില്ലുകൾക്കപ്പുറം നിന്നെടുത്ത ഫോട്ടോകളും, പല നഗരങ്ങളിലായി പാടുന്ന പക്ഷികളുടെ ശബ്ദത്തിന്റെ റെക്കോർഡിങ്ങുകളും, മഹാമാരിയുടെ രാഷ്ട്രീയം അനാവരണം ചെയ്യുന്ന – ഇതിനു കാരണമായ ഭരണസംവിധാനങ്ങളെ വിമർശിക്കുന്ന – ചിത്രങ്ങളും ശില്പങ്ങളും ഒക്കെ പ്രചാരത്തിലായിട്ടുണ്ട്. പ്രതീക്ഷയും നന്ദിയും കരുണയും എതിർപ്പുമെല്ലാം ഇതിവൃത്തമാകുന്നവ. ഡാമിയൻ ഹിർസ്റ്. ഡേവിഡ് ഹോക്നി, പല്ലവി പോൾ, ധ്രുവ ആചാര്യ, ബാങ്ക്സി, തുടങ്ങിയവരെല്ലാം കോറോണക്കാലത്തോടുള്ള പ്രതികരണം കലയിലൂടെ നിർമിച്ചവരാണ്. രോഗകാലത്തോട് പെട്ടെന്നുള്ള പ്രതികരണങ്ങളായിരുന്നു ഇവ. ഇവയിൽ ഉപരിയായി ദീർഘകാലത്തിൽ ഈ മഹാമാരി കലയിൽ ഉണ്ടാക്കുന്ന അനുരണനങ്ങൾ എന്തൊക്കെയാകും എന്ന ആകാംക്ഷയിലാണ് നിരീക്ഷകർ.