ലോകത്ത് ഏറ്റവും പ്രചാരമുള്ള ബോർഡ് ഗേമുകളിൽ ഒന്നാണ് മൊണോപൊളി. ‘കുത്തക’ എന്നർത്ഥംവരുന്ന പേരുള്ള ഈ കളിയുടെ ലക്ഷ്യം കളിക്കളത്തിൽ സമ്പത്ത് കുന്നുകൂട്ടുക എന്നാണ്. കളി തുടങ്ങുമ്പോൾ തന്നെ ഒരു നിശ്ചിത തുക ഓരോ കളിക്കാരനും മൂലധനമായി ലഭിക്കുന്നു. പകിടയെറിഞ്ഞുകിട്ടുന്ന അക്കങ്ങൾക്കനുസരിച്ച് മുന്നോട്ടുനീങ്ങുന്ന കളിക്കാർക്ക് ബോർഡിൽ രേഖപ്പെടുത്തിയിരിക്കുന്ന സ്ഥലങ്ങൾ വിലകൊടുത്ത് വാങ്ങാം, വിൽക്കാം, വാടകപിരിയ്ക്കാം. കളിയിലെ ചില ഘട്ടങ്ങളിൽ ചാൻസ് കാർഡുകൾ എന്ന പേരിൽ കളിയുടെ ഗതി തിരിച്ചു വിടുന്ന കാർഡുകൾ ലഭിക്കുമ്പോൾ ചിലപ്പോൾ നികുതി അടയ്ക്കേണ്ടി വരും. ചിലപ്പോൾ ലോട്ടറി അടിക്കുകയോ ജയിലിൽ പോകുകയോ വേണ്ടിവന്നേക്കാം. അല്ലെങ്കിൽ മരണാസന്നനായ ഏതെങ്കിലും അമ്മാവൻ നിങ്ങളുടെ പേരിൽ സ്വത്ത് ഇഷ്ടദാനമായി എഴുതിവച്ചിട്ടുണ്ടാകാം. സാമ്പത്തികമായ കൊടുക്കൽ വാങ്ങലുകളുടെ ഒരു ലഘുരൂപമെന്നു പറയാം.
1903ൽ ലിസ്സി മാഗി എന്ന അമേരിക്കക്കാരി ഈ കളിയുടെ പ്രാഥമികരൂപം നിർമിച്ചപ്പോൾ സ്വപ്നത്തിൽപ്പോലും വിചാരിച്ചിട്ടുണ്ടാകില്ല, നൂറ്റിരുപതുവർഷങ്ങൾക്കിപ്പുറം താൻ കണ്ടുപിടിച്ച “ദി ലാൻഡ്ലോർഡ്സ് ഗെയിം” – ഭൂവുടമയുടെ കളി – 30 കോടിയിലേറെ എണ്ണം 120 രാജ്യങ്ങളിൽ 47 ഭാഷകളിൽ വിറ്റു വാൻ ലാഭം കൊയ്യും എന്ന്. കാരണം ലളിതമാണ് – ലിസിയുടെ ഉദ്ദേശം ലാഭമുണ്ടാക്കുക എന്നതായിരുന്നില്ല. ലിസി മാഗി ഒരു ഫെമിനിസ്റ്റ് ആയിരുന്നു. ഇടതുപക്ഷ ചിന്തകൾ വെച്ചുപുലർത്തിയിരുന്ന അവർക്ക് കുത്തകകളുടെയും അനിയന്ത്രിതമായ ലാഭക്കൊതിയുടെയും ദൂഷ്യവശങ്ങൾ കുഞ്ഞുങ്ങളെയും കുടുംബങ്ങളെയും ലളിതമായി പഠിപ്പിക്കുക എന്ന രാഷ്ട്രീയപ്രവർത്തനമായിരുന്നു ആ കണ്ടുപിടിത്തം. ഈ കളിയ്ക്കുള്ള ബോർഡ് പോലും വീടുകളിൽ സ്വയം നിർമ്മിക്കാവുന്ന രീതിയിലായിരുന്നു അവരതിന് രൂപം കൊടുത്തത്. പരക്കെ പ്രചാരം നേടിയ ലിസിയുടെ വിനോദമാണ് രണ്ടു പതിറ്റാണ്ടിനപ്പുറം 1930ഓടെ അതിന്റെ അന്തസ്സത്ത മുഴുവൻ ചോർത്തിക്കളഞ്ഞും, അതിന്റെ പിന്നിലെ ഉദ്ദേശത്തെ കീഴ്മേൽ മറിച്ചും കളിപ്പാട്ട നിർമാതാക്കളായ പാർക്കർ ബ്രദേഴ്സ് മൊണോപൊളി എന്ന പേരിൽ പുറത്തിറക്കിയത്.
ഹസ്ബ്രോ എന്ന അന്താരാഷ്ട്ര കളിപ്പാട്ടകമ്പനിയാണ് ഇപ്പോൾ മൊണോപൊളി ലോകമെമ്പാടും നിർമിക്കുന്നത്. കളിയുടെ പല വകഭേദങ്ങൾ അവർ പുറത്തിറക്കിയെങ്കിലും, ഇപ്പോൾ മൊണോപൊളി ചർച്ചയാകുന്നത് അതിന്റെ പുതിയ അവതാരത്തിന്റെ പേരിലാണ് – മൊണോപൊളി സോഷ്യലിസം. മൊണോപൊളി സോഷ്യലിസം എന്ന കളിയുടെ സന്ദേശമിതാണ് – “മുതലാളി തന്നെയാണ് വിജയിക്കുന്നത്”. കളി പുരോഗമിക്കുംതോറും കളിക്കാർ ചില തെരഞ്ഞെടുപ്പുകൾ നടത്തേണ്ടി വരും – സമൂഹനന്മയ്ക്കുവേണ്ടി പ്രവർത്തിയ്ക്കുക, അല്ലെങ്കിൽ സ്വാർത്ഥലാഭത്തിനായി പൊതുപ്രൊജെക്ടുകൾ തുരങ്കം വയ്ക്കുക. സമൂഹത്തിനുവേണ്ടി ഒന്നിച്ചു പ്രവർത്തിക്കാൻ തയാറാകുന്നവർ തോൽക്കുകയും സ്വാർത്ഥലാഭത്തിനു ശ്രമിക്കുന്നവർ തോൽക്കുകയും ചെയ്യുന്ന കളി പരിഹസിക്കുന്നത് സോഷ്യലിസ്റ്റ് സംവിധാനങ്ങളെ മാത്രമല്ല – പരസ്പരസഹകരണം, സഹാനുഭൂതി, നിസ്വാർത്ഥത മുതലായ ഗുണങ്ങളെക്കൂടെയാണ്. ഉപഭോഗസംസ്കാരത്തെ മഹത്വവൽക്കരിക്കുകയും പ്രകൃതിയെ ചൂഷണം ചെയ്യാതെ ജീവിക്കുന്നതിനെ പുച്ഛിക്കുകയും ചെയ്യുന്നു. ചാൻസ് കാർഡുകൾ മിക്കതും പറയുന്നത് ഒരേ കഥയുടെ പല ഭാഷ്യങ്ങളാണ് – ജോലിക്കനുസരിച്ച് കൂലി ചോദിക്കുന്ന അഹങ്കാരിയായ തൊഴിലാളി, ഉഴപ്പനായ തൊഴിലാളി, വിവരമില്ലാത്ത തൊഴിലാളി. കളിയിലെ കരുക്കൾ പോലും കാലഹരണപ്പെട്ട കുറെ വസ്തുക്കളുടെ രൂപത്തിലാണ് നിർമിച്ചിരിക്കുന്നത്.
കളിയിൽ ജയിക്കണമെങ്കിൽ സത്യം, ധർമം, നീതി എന്നിവയൊന്നും പാടില്ല. സഹാനുഭൂതി തീരെ പാടില്ല. വിദഗ്ധരുടെ അഭിപ്രായത്തിൽ സോഷ്യലിസത്തെയും സോഷ്യലിസ്റ്റ് പ്രസ്ഥാനങ്ങളുടെ ചരിത്രത്തെയും വളച്ചൊടിക്കുകയും നുണപറയുകയും ചെയ്യുന്ന ഈ വിനോദം ഉന്നം വെയ്ക്കുന്നത് നഗ്നമായ ലാഭക്കൊതിയാണ് ജീവിതവിജയത്തിന്റെ അടിസ്ഥാനം എന്നാണ്. സാർവത്രികമായ വിദ്യാഭ്യാസം, ആരോഗ്യസംവിധാനങ്ങൾ മുതലായവയെല്ലാം ഫലിതങ്ങളായി അവതരിപ്പിക്കപ്പെടുന്നു. മാത്രമല്ല, സോഷ്യലിസം കാലഹരണപ്പെട്ടു എന്ന സ്ഥിരം മുടന്തൻ ചിന്താഗതി സാധൂകരിക്കാൻ സകല വഴിയും തിരിഞ്ഞിരിക്കുകയാണ് ഈ കളിയിൽ.
മനസ്സിലുള്ള നന്മ മൊട്ടിലെ കെടുത്തിക്കളഞ്ഞുകൊണ്ട് അടുത്തതലമുറയെയും തങ്ങളുടെ മൂല്യങ്ങൾക്ക് – അല്ലെങ്കിൽ മൂല്യമില്ലായ്മയ്ക്ക് – വിധേയരാക്കി വളർത്തുക എന്ന മുതലാളിത്തനയത്തിന്റെ ഒരു പ്രതിഫലനമാണ് ഈ കളി. ഇങ്ങനെയുള്ള വിഷംപുരട്ടിയ മിഠായികൾ കുഞ്ഞുങ്ങൾക്ക് വെച്ചുനീട്ടുന്ന വിപണിതന്ത്രങ്ങൾക്കു നേരെ സമൂഹം കണ്ണുതുറക്കുകയും പ്രതികരിക്കുകയും വേണം. പ്രളയവും രോഗവുമടക്കം ഒരു സമൂഹത്തെ മുഴുവൻ പിടിച്ചുകുലുക്കുന്ന സംഭവങ്ങൾ ഉണ്ടായപ്പോഴൊക്കെ നമുക്ക് തുണയായത് വെന്റിലേറ്ററുകൾ കച്ചവടം ചെയ്യുന്ന ലാഭക്കൊതിയല്ല; സോഷ്യലിസ്റ്റ് ആശയങ്ങളുടെ മാനവികതയാണ്. ആ വെളിച്ചം കെടാതെ പകരേണ്ടത് നമ്മുടെ കടമയും.