ഇന്നേക്ക് ഇരുന്നൂറ്റിരണ്ടു വർഷങ്ങൾക്കുമുൻപ് തെക്കൻ ജർമനിയിലെ മൊസെൽ നദിയുടെ തീരത്തുള്ള ട്രിയർ എന്ന ചെറുപട്ടണത്തിൽ, ഒരു ജൂതകുടുംബത്തിൽ ജനിച്ച കാൾ ഹെയ്‌ൻറിച് മാർക്സ് തന്റെ ചിന്തകൾ കൂർപ്പിച്ചും അടുക്കിയും പലവുരു ഉടച്ചുവാർത്തും ചെയ്തത് ഇതുതന്നെയാണ് – കുഴഞ്ഞുമറിഞ്ഞ ലോകത്തെ തെളിച്ചത്തോടെ കാണാൻ ഒരു ലെൻസ് നൽകി. ഒപ്പം, മുന്നോട്ടുള്ള പോക്കിന് ഒരു മാർഗ്ഗരേഖയും.

ചരിത്രം പരിശോധിക്കുമ്പോഴറിയാം, മൂർത്തമായ പ്രതിസന്ധികളിൽ ഉത്തരമായി എന്നും ഉയർന്നു വരുന്നത്, വന്നിട്ടുള്ളത്, മാർക്‌സാണ്. സാമ്പത്തികപ്രതിസന്ധിയും പട്ടിണിയും ക്ഷാമവും ചൂഷണവും നടമാടുന്ന കാലങ്ങളിൽ, യൂറോപ്പിനെ പിടികൂടിയിരുന്ന ആ പഴയ ഭൂതം വീണ്ടും പ്രത്യക്ഷനാകുന്നു. വെന്റിലേറ്ററുകൾക്ക് പകരം ആയുധം കുന്നുകൂടുന്ന രാജ്യങ്ങൾ മരുന്നിനും കരുണയ്ക്കും മാർക്സിനെ പിൻപറ്റുന്ന സോഷ്യലിസ്റ്റ് സമൂഹങ്ങളെ ഉറ്റുനോക്കുന്നു. “സ്റ്റേ ഹോം ആൻഡ് റീഡ് മാർക്സ്” എന്ന ചുവരെഴുത്തുകൾ പ്രത്യക്ഷമാകുന്നു. ചിലപ്പോഴൊക്കെ മഹാനായ മാർക്സ്, “മാർക്സ് ബ്രോ”യും പ്രിയപ്പെട്ട താടിക്കാരനും ആകുമ്പോൾ അനിവാര്യമായ മാറ്റത്തെക്കുറിച്ച് അദ്ദേഹമെഴുതിയത് തന്നെ ഓർത്തുപോകുന്നു. കാലത്തിനൊത്ത കോലത്തിൽ ഹൈഗേറ്റ് സെമിത്തേരിയിൽ ഉറങ്ങുന്ന ആ മനുഷ്യന്റെ ചിന്തകൾ ഇന്റർനെറ്റും ഇന്നത്തെ യുവതയും ഏറ്റെടുക്കുന്നു. രണ്ടു നൂറ്റാണ്ടുകൾക്ക് ശേഷം മുൻപെന്നത്തെക്കാളും പ്രസക്തിയോടെയും ദീപ്‌തിയോടെയും മാർക്സ് നമുക്ക് മുന്നിൽ നിൽക്കുന്നു. ഡിയർ മാർക്സ് ബ്രോ, ലാൽസലാം.

By Gopan