കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി പ്രധാനമന്ത്രി 21 ദിവസത്തെ രാജ്യവ്യാപക അടച്ചിടൽ പ്രഖ്യാപിച്ച് മിനിറ്റുകൾക്കകം ഓഫീസിലെ കോളിങ്ബെൽ ശബ്ദിച്ചു. തുറന്നപ്പോൾ വർഷങ്ങളായി അടുത്തറിയുന്ന ഡൽഹിക്കാരനായ യുവാവ്. ചെറിയ ജോലിയുണ്ട്. ശമ്പളക്കാരനാണ്. ദേശാഭിമാനി ഓഫീസിലും ചില്ലറ സഹായങ്ങൾ ചെയ്യും. സർ, ഒരു ചെറിയ സഹായം വ്യ ആവശ്യമുണ്ടെന്ന് മുഖവുര. അവന് ആയിരം രൂപ വേണം. പ്രധാനമന്ത്രി അടച്ചിടൽ പ്രഖ്യാപിച്ചിരിക്കയാണ്. വീട്ടിൽ സാധനങ്ങളില്ല. കൈയ്യിൽ പണവും. ഇപ്പോൾ കട തുറന്നിട്ടുണ്ട്. എന്തെങ്കിലും വാങ്ങണം. നാളെ എന്താകുമെന്ന് അറിയില്ല. രണ്ടാം തീയതി മടക്കിത്തരാമെന്നും അവൻ ഉറപ്പുപറഞ്ഞു.
അവൻ ആവശ്യപ്പെട്ട തുക പേഴ്സിൽ ഉണ്ടായിരുന്നതിനാൽ കൊടുത്തു. നന്ദി പറഞ്ഞ് അവൻ മടങ്ങി. വീടിന് പുറത്ത് ഒരുകാരണവശാലും ഇറങ്ങരുതെന്നും ലക്ഷ്മണരേഖ വരയ്ക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞുതീർന്നതേയുള്ളൂ. എനിക്കറിയുന്ന ഒരാൾ നിർവാഹമില്ലാതെ പുറത്തിറങ്ങി. അങ്ങനെ രാജ്യത്ത് എത്രപേർ. പ്രധാനമന്ത്രിയുടെ പ്രഖ്യാപനം വന്നതിന് ശേഷമുള്ള ഡൽഹിയിലെയും മുംബൈയിലെയും മറ്റും ദൃശ്യങ്ങൾ എല്ലാവരും ടിവിയിൽ കണ്ടിട്ടുണ്ടാകും. അവശ്യസാധനങ്ങൾ വാങ്ങാനുള്ള തിക്കുംതിരക്കും. നോട്ടുനിരോധനത്തിന് പിന്നാലെ എടിഎമ്മുകളിലേക്ക് ആളുകൾ ഓടിയതിന് ഏറെക്കുറെ സമാനമായിരുന്നു കാര്യങ്ങൾ.
കോവിഡിനെ തടയാൻ അടച്ചിടൽ ആവശ്യം തന്നെയാണ്. അൽപ്പം കൂടി നേരത്തെയാകാമായിരുന്നു എന്നാണ് വ്യക്തിപരമായ അഭിപ്രായം. പ്രധാനമന്ത്രി അടച്ചിടൽ പ്രഖ്യാപിക്കുന്നതിനൊപ്പം അവശ്യവസ്തുക്കളുടെ ലഭ്യത ഉറപ്പുവരുത്തുമെന്ന് സാധാരണക്കാർക്ക് ബോധ്യം വരുംവിധം പറയേണ്ടിയിരുന്നു. അതുണ്ടായില്ല. അവശ്യവസ്തുക്കളുടെ കാര്യം ഒഴുക്കൻ മട്ടിൽ അവതരിപ്പിച്ചു. ഉത്തരേന്ത്യയിലെ പാവങ്ങൾ മോഡിയെ നെഞ്ചിലേറ്റിയവരാണ്. സാധനങ്ങൾ തടസ്സമില്ലാതെ കിട്ടും എന്നദ്ദേഹം തറപ്പിച്ച് പറഞ്ഞാൽ അവർ കേൾക്കും. അതുണ്ടായില്ല. അതാണ് പരക്കംപാച്ചിലിന് വഴിവെച്ചത്. പരക്കം പാഞ്ഞവർ മാസാവസാനവും കൈയ്യിൽ അത്യാവശ്യം പണമുള്ളവരാണ്. സഹായം തേടി എന്നെ സമീപിച്ച യുവാവിനെ പോലെ കൈയ്യിൽ പൈസ ഇല്ലാത്ത എത്ര കോടി പേരുണ്ടാകും ഇന്ത്യയിൽ. ഡൽഹി പോലുള്ള വൻനഗരങ്ങളിൽ. ദിവസക്കൂലിക്കാർ. തുച്ഛ ശമ്പളത്തിന് ജോലിയെടുക്കുന്നവർ. അവർക്കൊന്നും അടുത്തെങ്ങും വരുമാനം ഉറപ്പില്ല. 21 ദിവസം അവർ എങ്ങനെ തള്ളിനീക്കും. ജീവനുണ്ടെങ്കിലേ ജീവിതമുണ്ടാകൂ എന്നാണ് പ്രധാനമന്ത്രി പറഞ്ഞത്. ജീവൻ നിലനിർത്താൻ ഭക്ഷണം അനിവാര്യമല്ലേ. കൈയ്യിൽ പണമില്ലാത്ത ജനകോടികളുടെ ജീവന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാനുള്ള ബാധ്യത മോഡി സർക്കാരിനുണ്ട്. അതിനാവശ്യമായ സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കണം. ഇന്ധന തീരുവയൊക്കെ നല്ല രീതിയിൽ കൂട്ടിയ സാഹചര്യത്തിൽ രാജ്യത്തെ പാവങ്ങൾക്ക് ഭക്ഷണവും അവശ്യവസ്തുക്കളും ഉറപ്പുവരുത്തി 21 ദിവസം സംരക്ഷിക്കുകയെന്നത് കേന്ദ്രസർക്കാരിന് താങ്ങാനാകാത്ത ബാധ്യതയൊന്നുമല്ല. എന്നാൽ ഇന്ത്യ പോലൊരു രാജ്യത്ത് വളരെ പെട്ടെന്ന് താഴെത്തട്ടു വരെ സഹായം എത്തുന്നുവെന്ന് ഉറപ്പുവരുത്തുക എളുപ്പമല്ല. സംസ്ഥാനങ്ങളുമായി സഹകരിച്ച് എത്രയും വേഗം അടിയന്തര സഹായനടപടികളിലേക്ക് നീങ്ങണം. കോവിഡിനെ ഇല്ലായ്മ ചെയ്യൽ എന്ന അനിവാര്യതയ്ക്കൊപ്പം രാജ്യത്തെ പാവങ്ങളുടെ ജീവനും നിലനിർത്തണം. അതുകൂടി കഴിഞ്ഞ ശേഷമാകാം കൈയ്യടിയും താലിയിൽ കൊട്ടലുമൊക്കെ.