ഓരോ നാട്ടിലും ഓരോ ചരിത്രഘട്ടത്തിലും പ്രതിഷേധ ഗാനങ്ങളും പടപ്പാട്ടുകളും ഉണ്ടായിട്ടുണ്ട്. അനീതിക്കും ഉച്ചനീചത്വങ്ങൾക്കും എതിരെ കലഹിക്കുന്നവരുടെ പാട്ടുകൾ. പോരാട്ടവീറും സംഘബോധവും പ്രസരിപ്പിക്കുന്നു അവ. രാജ്യത്തുടനീളം മനുഷ്യ സമൂഹങ്ങളിൽ അങ്ങനെ രൂപപ്പെട്ട പാട്ടുകൾക്ക് പിന്നാലെ പോയ ഒരാളുണ്ട് നമുക്കിടയിൽ. ഡോ. സുമംഗല ദാമോദരൻ. ഡൽഹിയിലെ അംബേദ്‌കർ സർവകലാശാലയിലെ എക്കണോമിക്സ് അധ്യാപികയായ സുമംഗല ഗവേഷണം നടത്തിയത് ഇന്ത്യയിലെ പ്രതിഷേധ ഗാനങ്ങളിലാണ്. ഗോത്ര സമൂഹങ്ങളിൽ, കർഷകർക്കിടയിൽ, തൊഴിലാളികൾക്കിടയിൽ ഓരോ കാലത്തും രൂപപ്പെട്ട പാട്ടുകളുമായി അവർ കഴിഞ്ഞ ദിവസം കൊണ്ടോട്ടിയിൽ എത്തി. ഇഖ്‌റ കൊണ്ടോട്ടി സൂഫി ഫെസ്റ്റിവലിൽ അവർ അവതരിപ്പിച്ച പാട്ടുകൾ കാണികൾ ആവേശത്തോടെയാണ് നെഞ്ചേറ്റിയത്. പ്രതിഷേധ സ്വരമുള്ളവയും മാർച്ചിങ് സോങ്ങിന്റെ തലത്തിലുള്ളവും മാത്രമല്ല പ്രതിഷേധ ഗാനങ്ങളെന്നു പറയുന്നു ഡോ. സുമംഗല.മനുഷ്യജീവിതവുമായി ബന്ധമുള്ള എല്ലാ പാട്ടുകളും പ്രതിഷേധഗാനങ്ങളാണെന്നു ഈ ഗായിക വിശ്വസിക്കുന്നു. കേരളത്തിന്റെ പ്രഥമ മുഖ്യമന്ത്രി ഇ എം എസ്സിന്റെപേരമകൾക്ക് പ്രതിഷേധ ഗാനങ്ങളെക്കുറിച്ചു എന്താണ് പറയാനുള്ളത് എന്നു നോക്കാം