അറുപത് വയസാകുമ്പോള്‍ പ്രസിഡന്റ് പദം ഉപേക്ഷിക്കാനാണ് ആഗ്രഹമെന്നും പിന്നീട് ചെറിയൊരു റസ്റ്റോറന്റ് തുടങ്ങണമെന്നും ഇവോ മൊറാലിസ് ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. ഇപ്പോൾ അറുപതാം വയസിൽ സാമ്രാജ്യത്വം അദ്ദേഹത്തെ അധികാരത്തിൽനിന്ന് പുറത്താക്കിയിരിക്കുന്നു. അല്ല, ജനവിധിയെ അട്ടിമറിക്കാനുള്ള കലാപം രാജ്യത്തെയും ജനങ്ങളെയും അപകടത്തിലാക്കുമെന്നുകണ്ട് മൊറാലിസ് സ്വയം അധികാരമൊഴിഞ്ഞിരിക്കുന്നു. ഷാവേസിന്റെ വേർപാടിനുശേഷം ലാറ്റിനമേരിക്കയിൽനിന്നുള്ള ഏറ്റവും ദുഃഖകരമായ വാർത്തയാണ് ബൊളീവിയയിലെ സാമ്രാജ്യത്വ അട്ടിമറി. എങ്കിലും മൊറാലിസിനെ അറിയുന്നവർ രാജ്യത്തെ ഒറ്റുകാരോട് വിളിച്ചുപറയുന്നുണ്ട്–- ‘കളിച്ചുജയിക്കുന്നവനാണയാൾ. അയാളോട് കളിക്കരുത്’.
സംശയിക്കേണ്ട. കളിതന്നെയാണ് മൊറാലിസിന്റെ നേതൃപാടവത്തെ വളര്‍ത്തിയത്. കുട്ടിക്കാലത്ത് ആടുകളെ മേയ്ക്കാന്‍ പോകുമ്പോള്‍ മൊറാലിസിന്റെ കൈയില്‍ ഒരു പന്തുമുണ്ടായിരുന്നു. കാലികള്‍ മേയുമ്പോള്‍ കുന്നിന്ചെരിവുകളില് ആ ബാലന് പന്തുതട്ടിക്കളിച്ചു. പതിമൂന്നാംവയസ്സില്‍ കൂട്ടുകാരെക്കൂട്ടി സോക്കര്‍ ടീം രൂപീകരിച്ച അതിന്റെ ക്യാപ്റ്റനായി. രണ്ടുവര്‍ഷത്തിനുള്ളില്‍ മേഖലയിലെയാകെ ടീമുകളുടെ പരിശീലകനായി. രാജ്യത്തിന്റെ ഭരണസാരഥ്യം ഏറ്റെടുത്തശേഷവും മൊറാലിസ് ഫുട്ബോളിനെ ഉപേക്ഷിച്ചില്ല. കളി നല്ലൊരു പ്രതിഷേധമാര്ഗമാണെന്നും അദ്ദേഹം തെളിയിച്ചു.
2008 മാര്‍ച്ച് 18:
ബൊളീവിയയുടെ തലസ്ഥാനമായ ലാപാസിലെ ഹെര്‍ണാന്‍ഡോ സിലസ് സ്റ്റേഡിയത്തില്‍ രണ്ടു ടീമുകള്‍ പന്തുതട്ടുന്നു. അര്‍ജന്റീനയുടെ പഴയ പടക്കുതിരകളെ നയിക്കുന്നത് സാക്ഷാല്‍ ദ്യോഗോ മറഡോണ. മറുവശത്ത് ബൊളീവിയന്‍ ടീമിന്റെ സെന്റര്‍ ഫോര്‍വേഡ് പൊസിഷനില്‍ പത്താം നമ്പര്‍ ജേഴ്സിയണിഞ്ഞ് പ്രസിഡന്റ് ഇവോ മൊറാലിസ്. മറഡോണയുടെ ഹാട്രിക്കിന്റെ മികവില്‍ 7––4ന് അര്‍ജന്റീന ആ മത്സരം ജയിച്ചു. പക്ഷേ, യഥാര്‍ഥ ജയം ബൊളീവിയക്കായിരുന്നു. “ഈ നാല്‍പ്പത്തേഴാം വയസ്സില്‍ എനിക്കിവിടെ കളിക്കാനായെങ്കില്‍ മറ്റ് ഏത് കളിക്കാരനും ഇത് സാധ്യമാണ്. നിങ്ങള്‍ ജനിച്ചുവളര്‍ന്ന സ്ഥലത്ത് കളിക്കാന്‍ നിങ്ങള്‍ക്ക് അവകാശമുണ്ട്. അത് നിഷേധിക്കാന്‍ ദൈവത്തിനുമാകില്ല’- “ദൈവത്തിന്റെ കര’മുയര്‍ത്തി മറഡോണ പ്രഖ്യാപിച്ചു. എതിരാളിയെ ജയിപ്പിക്കാനാണ് മറഡോണയുടെ ടീം ഓരോ ഗോളും നേടിയത്. സമുദ്രനിരപ്പില്‍നിന്ന് 2500 മീറ്ററിനു മുകളില്‍ അന്താരാഷ്ട്ര മത്സരം വിലക്കിയ ഫിഫയുടെ തീരുമാനത്തോടുള്ള ബൊളീവിയയുടെ പ്രതിഷേധമായിരുന്നു ആ കളി. ഉയര്‍ന്ന മൈതാനങ്ങളില്‍ കളിക്കുന്നത് സന്ദര്‍ശക കളിക്കാര്‍ക്ക് ശാരീരിക ബുദ്ധിമുട്ടുണ്ടാക്കുമെന്ന് ഫിഫ വാദിച്ചതോടെ ബൊളീവിയ, ഇക്വഡോര്‍, കൊളംബിയ എന്നീ രാജ്യങ്ങള്‍ക്ക് സ്വന്തംമണ്ണില്‍ ലോകകപ്പ് യോഗ്യതാമത്സരങ്ങള്‍ കളിക്കാന്‍ കഴിയാതായി. ബൊളീവിയയുടെ പ്രതിഷേധം ഫലം കണ്ടു. ഫിഫ വിലക്ക് പിന്‍വലിച്ചു. സ്വന്തം രാജ്യത്തെ കളിക്കളം വിലക്കിയതിനെതിരെ “കളിച്ച് ജയിച്ച’ മൊറാലിസ് ലോകത്തെ ഏറ്റവും പ്രായമുള്ള പ്രൊഫഷണല്‍ ഫുട്ബോളർ കൂടിയാണ്.
പട്ടിണിയോടും ചൂഷണത്തോടും പടവെട്ടി വളർന്ന് സ്വന്തം രാജ്യത്തെ സമൃദ്ധിയിലേക്കും സമത്വത്തിലേക്കും നയിച്ച പോരാട്ടമാണ് മൊറാലിസിന്റെ ജീവിതം. 1959 ഒക്ടോബര്‍ 26ന് പടിഞ്ഞാറന്‍ ബൊളീവിയയിലെ ഇസല്ലാവി എന്ന ഗ്രാമത്തില്‍ കര്‍ഷകദമ്പതികളുടെ മകനായി യുവാന്‍ ഇവോ മൊറാലിസ് അയ്മ പിറന്നുവീണത് കൊടിയ ദാരിദ്ര്യത്തിലേക്കാണ്. ദിയോനിസ്യോ മൊറാലിസ് ചോക്കിന്റെയും മരിയ അയ്മയുടെയും ഏഴ് മക്കളില്‍ ഇവോയും എസ്തറും ഹ്യൂഗോയും മാത്രമാണ് ശൈശവം പിന്നിട്ടത്. ബാക്കി കുഞ്ഞുങ്ങളെല്ലാം രണ്ടു വയസ്സാകുംമുമ്പ് പോഷകാഹാരക്കുറവ് കാരണം മരിച്ചു. മൊറാലിസിനെ പ്രസവിച്ചശേഷമുള്ള രക്തസ്രാവത്തെ അതിജീവിക്കാന്‍ അമ്മയ്ക്കുമായില്ല. കൃഷിയിടത്തില്‍ കുടുംബത്തെ സഹായിച്ചും ചെമ്മരിയാടുകളെ മേയ്ച്ചുമായിരുന്നു മൊറാലിസ് വളര്‍ന്നത്. കുടുംബം പോറ്റാന്‍ ഇഷ്ടികക്കളത്തിലും ബേക്കറിയിലും ബാന്ഡ്വാദ്യസംഘത്തിലും ജോലിചെയ്തു.
കൊക്ക കര്ഷകയൂണിയന്റെ കായികവിഭാഗം ലോക്കല്‍ സെക്രട്ടറിയായാണ് മൊറാലിസിന്റെ രാഷ്ട്രീയപ്രവേശം. വിദേശികള്‍ ലഹരിപദാര്‍ഥമായ “കൊക്കെയ്ന്‍’ നിര്‍മിക്കാന്‍ ഉപയോഗിക്കുന്നുവെന്ന കാരണം ചൂണ്ടിക്കാട്ടി ബൊളീവിയയിലെ കൊക്ക കര്‍ഷകരെ അടിച്ചമര്‍ത്താന്‍ അമേരിക്കയുടെ നിര്‍ദേശപ്രകാരം സൈനികഭരണകൂടം ഇറങ്ങിപ്പുറപ്പെട്ടു. തോട്ടങ്ങള്‍ നശിപ്പിക്കുന്നവര്‍ക്ക് അമേരിക്ക ധനസഹായം വാഗ്ദാനംചെയ്തു. സൈനികര്‍ വ്യാപകമായി തോട്ടങ്ങള്‍ക്ക് തീയിട്ടു. കര്‍ഷകരെ ചുട്ടുകൊന്നു. ഇതിനെതിരെ ഉയര്‍ന്ന ജനകീയപ്രതിഷേധത്തിലൂടെയാണ് മൊറാലിസ് പൂര്‍ണസമയ യൂണിയന് പ്രവര്‍ത്തകനായത്. ബൊളീവിയന്‍ തദ്ദേശീയ ജനത ചായക്ക് ഉപയോഗിക്കുന്ന കൊക്ക സംസ്കാരത്തിന്റെ ഭാഗമാണെന്നും ആരെതിര്‍ത്താലും തങ്ങള്‍ അത് ഉല്‍പ്പാദിപ്പിക്കുകയും വില്ക്കുകയുംചെയ്യുമെന്ന് മൊറലിസ് വ്യക്തമാക്കി. പ്രസിഡന്റായശേഷം ഐക്യരാഷ്ട്രസഭയിലടക്കം ലോകവേദികളിലെല്ലാം അമേരിക്കയുടെ ധിക്കാരത്തിനെതിരെ അദ്ദേഹം ശബ്ദമുയര്‍ത്തി. കൊക്കകൊണ്ടുപോയി ആരെങ്കിലും ലഹരിപദാര്ഥമാക്കിയാല് തടയേണ്ടത് അതത് രാജ്യങ്ങളുടെ ഉത്തരവാദിത്തമാണെന്നും തങ്ങള്‍ക്ക് ആ ബാധ്യതയില്ലെന്നും അമേരിക്കന്‍ പ്രസിഡന്റിന്റെ മുഖത്തുനോക്കി മൊറാലിസ് തുറന്നടിച്ചു. ഈ വാദം യുഎന്നില്‍ അടക്കം സ്വീകാര്യമായി. കൊക്കയ്ക്കെതിരെ നിലപാടെടുത്ത അമേരിക്കയുടെ ഡ്രഗ് എന്‍ഫോഴ്സ്മെന്റ് പ്രതിനിധികളെയും അട്ടിമറിക്ക് കരുനീക്കിയ യുഎസ് സ്ഥാനപതി ഫിലിപ് ഗോള്ഡ്ബര്ഗിനെയും അദ്ദേഹം പുറത്താക്കി.
2002ലെ പൊതുതെരഞ്ഞെടുപ്പു സമയത്ത് ബൊളീവിയയിലെ അമേരിക്കന്‍സ്ഥാനപതി മാനുവല്‍ റോച ഒരു പ്രസ്താവനയിറക്കി. മൊറാലിസ് അധികാരത്തിലെത്തിയാല്‍ അമേരിക്ക ബൊളീവിയക്കുള്ള ധനസഹായം നിര്‍ത്തുമെന്നായിരുന്നു അത്. ആ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മൊറാലിസ് പരാജയപ്പെട്ടെങ്കിലും 20.94 ശതമാനം വോട്ടുനേടി അദ്ദേഹത്തിന്റെ പാര്‍ടി “മൂവ്മെന്റ് ടുവേഡ്സ് സോഷ്യലിസം’ പാര്‍ലമെന്റിലെ രണ്ടാമത്തെ വലിയ കക്ഷിയായി. മൊറാലിസ് പ്രതിപക്ഷനേതാവും. 2005 ഡിസംബറിലെ തെരഞ്ഞെടുപ്പില്‍ 53.7 ശതമാനം വോട്ട് നേടിയാണ് ഇവോ മൊറാലിസ് ആദ്യമായി ബൊളീവിയയുടെ പ്രസിഡന്റായത്. നാലുപതിറ്റാണ്ടിനിടെ ഇത്രയും വ്യക്തമായ ഭൂരിപക്ഷത്തോടെയുള്ള വിജയം നടാടെയായിരുന്നു.
2006 ജനുവരി 22നാണ് അധികാരമേറ്റ മൊറാലിസ് ആദ്യംചെയ്തത് വന്‍കിട കോര്‍പറേറ്റുകള്‍ ലാഭംകൊയ്തിരുന്ന പ്രകൃതിവിഭവങ്ങള്‍ രാജ്യത്തിന്റെ പൊതുസ്വത്താക്കുകയാണ്. എണ്ണ, പ്രകൃതിവാതകം, ഖനം, ടെലികമ്യൂണിക്കേഷന്‍, വൈദ്യുതി, റെയില്‍വേ, ജലവിഭവങ്ങള്‍ തുടങ്ങി എല്ലാ മേഖലകളും ദേശസാല്‍ക്കരിച്ചു. ഹൈഡ്രോകാര്‍ബണ്‍ കമ്പനികള്‍ ലാഭത്തിന്റെ 18 ശതമാനമാണ് രാജ്യത്തിന് നല്‍കിയിരുന്നത്. മൊറാലിസ് ഇത് നേരെ തിരിച്ചിട്ടു. 18 ശതമാനം ലാഭം കമ്പനികള്ക്കെടുക്കാമെന്നും 82 ശതമാനവും സര്‍ക്കാര്‍ ഖജനാവിന് നല്‍കണമെന്നും അദ്ദേഹം ഉത്തരവിറക്കി. ഇതോടെ ഈ മേഖലയില്‍നിന്നുള്ള വരുമാനം 17.3 കോടി ഡോളറില്‍നിന്ന് 130 കോടി ഡോളറായി കുതിച്ചുയര്‍ന്നു. ഉല്‍പ്പാദനം വര്‍ധിപ്പിക്കാനും ഉല്‍പ്പന്നങ്ങള്‍ക്ക് കര്‍ഷകര്‍ക്ക് മികച്ച വില ഉറപ്പാക്കാനും ദീര്‍ഘവീക്ഷണത്തോടെയുള്ള പദ്ധതികള്‍ അവതരിപ്പിച്ചു. ഇതോടെ കയറ്റുമതിയില്‍നിന്നുള്ള വരുമാനം ഒമ്പതിരട്ടിയായി. ബൊളീവിയയുടെ സാമ്പത്തികവളര്‍ച്ച മേഖലയിലെ ഉയര്‍ന്ന നിരക്കിലായി.
ദാരിദ്ര്യവും നിരക്ഷരതയും ഇല്ലാതാക്കാനാണ് മൊറാലിസ് പ്രഥമപരിഗണന നല്‍കിയത്. തന്റെയും മന്ത്രിമാരുടെയും ശമ്പളം 57 ശതമാനത്തോളം അദ്ദേഹം വെട്ടിക്കുറച്ചു. എന്നാല്‍, ക്ഷേമപദ്ധതികള്‍ക്കായി നിര്‍ലോഭം പണം ചെലവഴിച്ചു. മിനിമം വേതനം 50 ശതമാനം വര്‍ധിപ്പിച്ചു. ഭൂപരിഷ്കരണം നടപ്പാക്കി. അഞ്ച് ലക്ഷം പേരെയാണ് മൊറാലിസിന്റെ ഭരണം ദാരിദ്ര്യത്തില്‍നിന്ന് കൈപിടിച്ചുയര്‍ത്തിയത്. 16 ശതമാനംമാത്രം സാക്ഷരരായിരുന്ന രാജ്യത്തുനിന്ന് നിരക്ഷരത തുടച്ചുനീക്കിയതായി 2009ല്‍ യുനെസ്കോ പ്രഖ്യാപിച്ചു.
ഇന്ന് ബൊളീവിയയില്‍ വിദ്യാഭ്യാസ സബ്സിഡിയുണ്ട്. ആരോഗ്യപരിരക്ഷയുണ്ട്. വൃദ്ധര്‍ക്കും കുട്ടികള്‍ക്കും ഗര്‍ഭിണികള്‍ക്കുമെല്ലാം സര്‍ക്കാരിന്റെ സാമ്പത്തികസഹായമുണ്ട്. ലോകത്തെ ഏറ്റവും ഉയരത്തിലുള്ള കേബിള്‍ കാര്‍ ശൃംഖല ലാപാസിലെ വിസ്മയം. രാജ്യം ഉപഗ്രഹവും വിക്ഷേപിച്ചു. ജനങ്ങളുടെ ആവശ്യങ്ങള്‍ക്ക് ഒരു പിശുക്കുമില്ലാതെ പണം ചെലവിട്ടിട്ടും ബൊളീവിയയുടെ സാമ്പത്തിക അടിത്തറ ഭദ്രമായി നിലകൊള്ളുന്നതാണ് ആരെയും അതിശയിപ്പിക്കുന്നത്. ഇടതുപക്ഷ നയങ്ങള്‍ സാമ്പത്തികവളര്‍ച്ചയെ തകര്‍ക്കുമെന്നും തൊഴിലാളിവര്‍ഗത്തിന് വിജയകരമായി സമ്പദ്വ്യവസ്ഥയെ നയിക്കാനാകില്ലെന്നുമുള്ള വാദത്തെ മൊറാലിസ് നിരര്ഥകമാക്കിയെന്നാണ് ഗാര്ഡിയന് ദിനപത്രം അഭിപ്രായപ്പെട്ടത്.
തന്നെ പുറത്താക്കണമെന്നതടക്കമുള്ള പ്രതിപക്ഷത്തിന്റെ എല്ലാ ആവശ്യങ്ങളെയും ജനഹിതപരിശോധനയിലൂടെ മൊറാലിസ് നേരിട്ടു. ജനം എല്ലായ്പ്പോഴും അദ്ദേഹത്തോടൊപ്പംനിന്നു. 2009ല്‍ 64.2 ശതമാനം വോട്ടിന്റെ വര്ധിതഭൂരിപക്ഷത്തോടെ ജനം അദ്ദേഹത്തെ വീണ്ടും പ്രസിഡന്റായി തെരഞ്ഞെടുത്തു. 2014 ഒക്ടോബര്‍ പന്ത്രണ്ടിന് നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍6 0 ശതമാനത്തിലേറെ വോട്ടുനേടി മൂന്നാം വിജയം. മൊറാലിസ് ആ വിജയം സമര്‍പ്പിച്ചത് ഷവേസിനും ഫിദലിനും മാത്രമല്ല; സാമ്രാജ്യത്വത്തിനെതിരെ വാക്കും പ്രവൃത്തിയുമുയര്ത്തുന്ന എല്ലാ പോരാളികള്‍ക്കുമാണ്. ഷാവേസിന്റെ അഭാവത്തില്‍ ലാറ്റിനമേരിക്കയുടെ ഐക്യം ശക്തിപ്പെടുത്താനും പ്രാദേശികകൂട്ടായ്മകള്‍ ശക്തമാക്കാനും മൊറാലിസ് ജാഗരൂകനായി. ലാറ്റിനമേരിക്കയില്‍ നിലവിലുള്ള പ്രസിഡന്റുമാരില്‍ ഏറ്റവും കൂടുതല്‍കാലം ഭരണത്തിലിരിക്കുന്നയാളെന്ന ഖ്യാതി സ്വന്തമാക്കിയ മൊറാലിസിനെ ബൊളീവിയൻ ജനത തുടർച്ചയായി നാലാംവട്ടവും അധികാരത്തിലേറ്റി. എന്നാൽ, സാമ്രാജ്യത്വം ജനാധിപത്യത്തെ ഒരിക്കൽക്കൂടി അട്ടിമറിച്ചിരിക്കുന്നു. പുതിയ കാലത്തെ പുതിയ ലോകത്തെ ഇടതുപക്ഷ സോഷ്യലിസ്റ്റ് മുന്നേറ്റങ്ങളുടെ കരുത്തും പ്രതീക്ഷയുമായി വളർന്ന ലാറ്റിനമേരിക്കയിലെ തദ്ദേശീയനായ ആദ്യ പ്രസിഡന്റ് ജനവിധിയിലൂടെ അധികരത്തിലെത്തിയിട്ടും രാജ്യത്ത് സംഘർഷമൊഴിവാക്കാൻ സ്വയം സഥാനമൊഴിയുന്നു.
ഇവോ.. നിങ്ങൾ പടിയിറങ്ങുകയല്ല, ഇനിയുമേറെ ഹൃദയങ്ങളിലേക്ക് കുടിയേറുകയാണ്. ലോകം നിങ്ങളെ കാത്തിരിക്കുകയാണ്. ‘എന്റെ ജനങ്ങളെ വേദനിപ്പികരുത്, നുണകളാൽ ചതിക്കരുത്. ഈ അട്ടിമറി പോരാട്ടത്തിന്റെ അവസാനമല്ലെന്ന് ഓർക്കുക’–- മൊറാലിസിന്റെ വാക്കുകൾ സാമ്രാജ്യത്വത്തിന് താക്കീതാകുമ്പോൾ ബൊളീവിയൻ ജനത കാലത്തിന്റെ ചുവരിൽ ഇങ്ങനെ കോറിയിടുന്നു–- ‘ഇവോ മടങ്ങില്ല, ഞങ്ങളുടെ പോരാട്ടം നയിക്കും’.
(അവിവാഹിതനാണ് മൊറാലിസ്. രണ്ടു വളര്ത്തുമക്കളുണ്ട്- അല്‍വാരോയും ഇവാ ലിസും. ആഡംബരങ്ങളില്‍ തെല്ലും താല്‍പ്പര്യമില്ലാത്ത മൊറാലിസ് പ്രസിഡന്റാകുന്നതുവരെ പാര്‍ടി പ്രവര്‍ത്തകര്‍ക്കൊപ്പം ഒരു ചെറിയ ഫ്ളാറ്റിലായിരുന്നു താമസം. “ഞാന്‍ ബൊളീവിയയെയാണ് വിവാഹംചെയ്തിരിക്കുന്നത്’ എന്നാണ് അദ്ദേഹം പറയാറ്).