ബാലഭാസ്കർ എന്ന അതുല്യ പ്രതിഭ നമ്മെ വിട്ടുപിരിഞ്ഞിട്ട് ഇന്നേക്ക് ഒരു വർഷം തികയുന്നു. അദ്ദേഹത്തിന്റെ ഗാനങ്ങൾ ഒരിക്കലും മായാത്ത വിധം മലയാളികളുടെ മനസ്സിൽ പതിഞ്ഞു കഴിഞ്ഞിരിക്കുന്നു. മകൾക്കായി, ഓമനത്തിങ്കൾ കിടാവോ എന്ന ഗാനം ബാലഭാസ്കർ വായിച്ചത് ഇപ്പോൾ കേൾക്കുമ്പോൾ ആരുടെയും കണ്ണ് നനയും. ആ താരാട്ട് വയലിൻ തന്ത്രികളിൽ മീട്ടാൻ ബാലുവില്ല, അതു കേട്ടുറങ്ങാൻ തേജസ്വിനിയും. ബാലഭാസ്കർ ഇന്നും നമ്മുടെ മനസ്സിലെ ശോകാർദ്രമായ ഒരീണമാണ്. ബാലഭാസ്കറിന്റെ കോംപോസിഷനുകളും ഊഷ്മളമായ സൗഹൃദങ്ങളുമില്ലാതെ ഒരു വർഷം കടന്നുപോയിരിക്കുന്നു. ബാലുവിന്റെയും മകൾ തേജസ്വിനിയുടെയും വേർപാട് ഉൾക്കൊള്ളാനാവാത്ത അവസ്ഥയിലാണ് അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളും സുഹൃത്തുക്കളും.
വയലിൻ ഒരു പാശ്ചാത്യ സംഗീതോപകരണമാണ്. സംഗീതോപകരണങ്ങളിലെ രാജ്ഞി എന്ന വിശേഷണം എന്തുകൊണ്ടും യോജിക്കും ഈ തന്ത്രിവാദ്യത്തിന്. പരിശീലിക്കാൻ ഏറ്റവും ബുദ്ധിമുട്ടേറിയതാണ്.പാശ്ചാത്യ സംഗീതജ്ഞർ കഴിഞ്ഞാൽ പിന്നെ ഈ ഉപകരണത്തിന്റെ സാധ്യത ഏറ്റവും പ്രയോജനപ്പെടുത്തിയത് കർണാട്ടിക് സംഗീത പ്രതിഭകളാണ്. ടി ചൗഡയ്യയും ലാൽഗുഡി ജയരാമനും എൽ സുബ്രഹ്മണ്യവും ഉൾപ്പെട്ട കർണാട്ടിക് സംഗീതപ്രതിഭകളുടെ ശ്രേണിയിലെ ഇങ്ങേ അറ്റത്തുള്ള വയലിനിസ്റ്റായിരുന്നു ബാലഭാസ്കർ. പതിനായിരങ്ങൾ ആസ്വദിക്കാനെത്തുന്ന തട്ടുപൊളിപ്പൻ ഫ്യൂഷനുകളിലും പിരിമിതമായ ആസ്വാദകർ എത്തുന്ന കർണാട്ടിക് കച്ചേരികളിലും ഒരുപോലെ ബാലഭാസ്കർ മികവ് തെളിയിച്ചു.
സംഗീതത്തിലെന്നപോലെ ബാലഭാസ്കറിന്റെ ജീവിതവും സൗഹൃദങ്ങളും ശ്രുതിബദ്ധമായിരുന്നു. കൂട്ടുകാരിയായ സഹപാഠിയെ തന്നെയാണ് ജീവിത പങ്കാളിയാക്കിയത്. യൂണിവേഴ്സിറ്റി കോളേജിലെ പഠനകാലത്തിനിടയിൽ ഉണ്ടായ പ്രണയം. ഒടുവില് വീട്ടുകാരുടെ എതിര്പ്പിനെ മറികടന്ന് ബാലഭാസ്കറും ലക്ഷ്മിയും വിവാഹിതരായി. അദ്ദേഹം ജീവിച്ചിരുന്നെങ്കിൽ ഈ വർഷം പത്തൊമ്പതാം വിവാഹ വാർഷികം ആഘോഷിക്കുമായിരുന്നു. സുഹൃത്തുക്കൾക്ക് ഇന്നും ബാലഭാസ്കർ അവരുടെ സ്വന്തം ബാലുവാണ്. സുഹൃത്തുക്കളോടും കുടുംബത്തിനോടും ഉള്ള അദ്ദേഹത്തിന്റെ സ്നേഹം അതിരുകളില്ലാത്തതായിരുന്നു. അവർക്കാർക്കും വിശ്വസിക്കാനാവാത്ത തരത്തിലുള്ള ഒട്ടനവധി വിവാദങ്ങൾ ബാലുവിന്റെ മരണശേഷം ഉണ്ടായി.
നിനക്കായ്, ആദ്യമായ് എന്നി ആൽബങ്ങൾ ഇന്നും പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റുന്നവയാണ്. പന്ത്രണ്ട് വയസിൽ തന്നെ സ്റ്റേജ് ഷോകൾ ചെയ്തു തുടങ്ങി. മംഗല്യപ്പല്ലക്ക് എന്ന ചിത്രത്തിന് സംഗീതം നൽകിയപ്പോൾ മലയാള ചലച്ചിത്ര മേഖലയിലെ ഏറ്റവും പ്രായം കുറഞ്ഞ സംഗീത സംവിധായകനായി. ഉസ്താദ് സാക്കിർ ഹുസൈൻ, ഹരിഹരൻ, ശിവമണി, വിക്കു വിനായക് റാം, രഞ്ജിത് ബാരോട്ട് തുടങ്ങി നിരവധി പ്രശസ്ത സംഗീതജ്ഞരുമാർക്കൊപ്പം ബാലഭാസ്കർ വേദി പങ്കിട്ടിട്ടുണ്ട്. ഒട്ടനവധി അവാർഡുകളും ഈ അനുഗ്രഹീത കലാകാരൻ കൈവരിച്ചിട്ടുണ്ട്. മൂന്നാം വയസ്സിൽ തന്റെ ഗുരുവും അമ്മാവനും, മുതിർന്ന സംഗീതജ്ഞനുമായ ബി ശശികുമാറിൽ നിന്നും പരിശീലനം നേടിയിരുന്നു. സ്റ്റീഫൻ ദേവസ്യ, ശിവമണി എന്നിവർക്കൊപ്പമുള്ള ബാലഭാസ്കറിന്റെ പ്രകടനങ്ങൾ സംഗീത പ്രേമികളെ ഹൃദയത്തിലേറ്റുവാങ്ങിയവയായിരുന്നു. കുടുംബവുമൊത്ത് ക്ഷേത്രദർശനം കഴിഞ്ഞു മടങ്ങും വഴി ഒരു കാറപകടത്തിലായിരുന്നു മരണം. ഏതു കടുത്ത പ്രതിസന്ധിയും നിറഞ്ഞ പുഞ്ചിരിയോടെ സ്വീകരിക്കുന്ന പ്രകൃതമാണ് ബാലഭാസ്കറിന്റേത്. അദ്ദേഹത്തിന്റെ സൃഷ്ടികൾ ഇന്നും പ്രേക്ഷകമനസിൽ മായാതെ നിലകൊള്ളുന്നു. ബാലഭാസ്കറിന്റെ സംഗീതത്തിന് കേരളീയർ അടക്കമുള്ള സംഗീതാസ്വാദകർ ഇന്നും കാതോർക്കുന്നു.