“കൂടെപ്പിറന്ന ഇരട്ട സഹോദരിക്കും കുടുംബത്തിനും കാമുകിക്കും സ്വന്തം ടീമിനും പരിശീലകർക്കും സുഹൃത്തുക്കൾക്കുമെല്ലാം നന്ദി പറഞ്ഞ് തുടക്കം. നാലുപേരെ സ്മരിച്ചുകൊണ്ടാണ് മേഗൻ റെപ്പിനോ പുരസ്കാരം സ്വീകരിച്ചത്.
1. തൊലി കറുത്തവൻ ആയതുകൊണ്ട് വർണ്ണവെറിയന്മാരായ വെളുമ്പൻ കാണികൾ കുരങ്ങനെന്ന് കൂവിവിളിച്ച് അപമാനിച്ച സെനഗൽ ഫുട്ബോൾ താരം കാലിഡോ കൗളിബലി.
2. കാൽപ്പന്തിനെ വർണ്ണ വിവേചനത്തിനെതിരായ പീരങ്കിയുണ്ടയാക്കിയ, ജീവിതത്തിലൊരിക്കലും ഒരു തോക്ക് കൈകൊണ്ട് തൊടില്ലെന്ന് പ്രതിജ്ഞ ചെയ്ത, തന്റെ രണ്ടാം വയസ്സിൽ വെടിയേറ്റു കൊലചെയ്യപ്പെട്ട സ്വന്തം അച്ഛന്റെ ഓർമ്മയ്ക്ക് വലതുകാലിൽ M16 റൈഫിളിൻറെ ചിത്രം പച്ചകുത്തിയ ജമൈക്കൻ വംശജനായ ഇംഗ്ലീഷ് താരം റഹീം സ്റ്റെർലിംഗ്.
3. കളിക്കാരുടെ തുടകൾ അനാവൃതമാകുന്നതുകൊണ്ട് ഫുട്ബോൾ മൈതാനങ്ങളിൽ പെണ്ണുങ്ങളെ കയറ്റാത്ത കാട്ടുനിയമത്തിനെതിരെ ഇറാനിലെ കോടതിക്കുമുമ്പിൽ പ്രാണൻ കൊളുത്തി പ്രതിഷേധിച്ച ഇറാനിയൻ ഫുട്ബോൾ ആരാധിക സഹർ ഖുദൈരി.
4. സ്വവർഗ്ഗാനുരാഗിയാണെന്ന് തുറന്ന് പ്രഖ്യാപിച്ച മിനസോട്ട യുണൈറ്റഡ് താരം കോളിൻ മാർട്ടിൻ.
പിന്നെ, എല്ലാ ദിവസവും സ്നേഹിക്കുന്ന കളിക്കായി സമർപ്പിക്കുകയും ഒപ്പം ജീവിതവുമായി പൊരുതുകയും ചെയ്യുന്ന വനിതാ, LGBTQ കായികതാരങ്ങൾ.
പ്രചോദിപ്പിക്കുകയും ദുഃഖിപ്പിക്കുകയും ചെയ്യുന്ന മനുഷ്യഗാഥകൾ…
“മാറ്റം ആഗ്രഹിക്കുന്നെങ്കിൽ സ്റ്റെർലിംഗും കൗളിബലിയും വർണ്ണവിവേചനത്തിനെതിരെ കാണിക്കുന്ന അതേ വീറോടെ മറ്റുള്ളവരും ആ പോരാട്ടത്തിൽ അണിചേരണം. സ്വർഗ്ഗാനുരാഗികൾക്കെതിരായ വിവേചനത്തിനെതിരെ അങ്ങനെയല്ലാത്തവരും പൊരുതണം. പുരുഷതാരങ്ങൾക്ക് കിട്ടുന്നത്ര പ്രതിഫലം പെണ്ണുങ്ങൾക്ക് കൊടുക്കാത്തതും അവരുടെ കളിക്ക് സൗകര്യങ്ങളൊരുക്കാൻ കുറച്ചുപണം മാത്രം ചെലവാക്കുന്നതും പെണ്ണുങ്ങൾക്കൊപ്പം മറ്റുള്ളവരും ചോദ്യംചെയ്യണം. അങ്ങനെയെങ്കിൽ അതാവും മുമ്പു പറഞ്ഞ ജീവിതങ്ങളേക്കാൾ എന്നെ പ്രചോദിപ്പിക്കുക.
ഇവിടെയുള്ളവരോട് ഞാനൊന്നു പറയട്ടെ, ലോകത്തെ മറ്റേത് കളിയേക്കാളും മികച്ച അവസരങ്ങൾ ഫുട്ബോളിനുണ്ട്. പ്രൊഫഷണൽ ഫുട്ബോൾ കളിക്കാരെന്ന നിലയ്ക്ക് നമ്മൾ സാമ്പത്തികമായും അതിനപ്പുറവും വിജയിച്ചവരാണ്. നമ്മളെത്തേടി വലിയ അവസരങ്ങൾ വരുന്നു. നമ്മുടെ നേട്ടങ്ങൾ മറ്റുള്ളവർക്കായും പങ്കുവയ്ക്കുക, അവരെ കൈപിടിച്ചുകയറ്റുക. നിങ്ങളുടെ വിജയം മറ്റുള്ളവർക്കായി പകുത്തുനൽകുക. ഈ മനോഹരമായ കളികൊണ്ട് നമ്മുടെ ലോകത്തെ കൂടുതൽ നല്ലതാക്കാൻ നമുക്കാവണം. നിങ്ങളിത് ഹൃദയം കൊണ്ട് കേട്ടു എന്നുഞാൻ ആശിക്കട്ടെ. മറ്റുള്ളവർക്കായി കഴിയുന്നതൊക്കെ ചെയ്യുക. നമ്മൾ ഒത്തുകൂടിയിരിക്കുന്ന ഈ മുറിക്ക് അസാമാന്യ കരുത്തുണ്ട്.
പുരസ്കാരത്തിന് നന്ദി,
ശുഭരാത്രി..”
“നിങ്ങൾക്ക് വിശ്വസിക്കാനാകുന്നുണ്ടോ, എനിക്ക് വാക്കുകൾ കിട്ടാത്തതുപോലെ തോന്നുന്നു, എനിക്കിത് പതിവില്ലാത്തതാണ്. മെസ്സിയെ സമ്മതിക്കണം, അദ്ദേഹമിത് പലവട്ടം വാങ്ങിപ്പോയിട്ടുണ്ടല്ലോ” എന്ന ഫലിതത്തോടെ ആയിരുന്നു മേഗൻ റെപ്പിനോ സംസാരം തുടങ്ങിയത്.

ശരിയാണ്, അവർക്ക് ഒരിക്കലും വാക്കുമുട്ടിയിട്ടില്ല. സ്വന്തം ലൈംഗിക സ്വത്വം തുറന്നുപറയാൻ, ആണുങ്ങൾക്കൊപ്പം പ്രതിഫലം പെണ്ണുങ്ങൾക്കും വേണമെന്ന് വാദിക്കാൻ, ഹൃദയം പറയുംപടി കളിക്കളത്തിലും പുറത്തും ജീവിക്കാൻ അവർക്ക് കഴിഞ്ഞിരുന്നു. ഗോൾഡൻ ബൂട്ടും ഗോൾഡൻ ബോളും ലോകകപ്പും അമേരിക്കക്കുവേണ്ടി നേടി, വിശ്വവിജയിയായി നിൽക്കുന്ന നേരത്തും പ്രസിഡൻറ് ട്രംപിൻറെ നെറികേടുകൾക്കെതിരെയാണ് അവർ സംസാരിച്ചത്. ലോക കിരീടവിജയത്തിന് ശേഷം CNN ലേഖകൻ ആൻഡേഴ്സൺ കൂപ്പറിന് നൽകിയ അഭിമുഖത്തിനിടെ പ്രസിഡന്റിനോട് എന്താണ് പറയാനുള്ളത് എന്ന ചോദ്യത്തിന് അവരിങ്ങനെ മറുപടി നൽകി.
“പ്രസിഡൻറ് ട്രംപ്, നിങ്ങൾ മനുഷ്യരെ പുറംതള്ളുന്നയാളാണ്. നിങ്ങൾ എന്നെ, എന്നെപ്പോലുള്ള അനേകരെ അകറ്റിനിർത്തുന്നയാൾ. നിങ്ങൾ മനുഷ്യരുടെ തൊലിനിറം നോക്കി അവരെ ഒഴിവാക്കുന്നയാളാണ്. ഒരു പക്ഷേ നിങ്ങളെ പിന്തുണയ്ക്കുന്ന അമേരിക്കക്കാരെപ്പോലും പുറംതള്ളുന്നയാളാണ്”
മൈതാനത്ത് പൊരുതിനേടിയ ലോകകപ്പ് കിരീടവുമായി വൈറ്റ് ഹൗസിൽ വിരുന്നിനുപോയി അതിനെ മലിനമാക്കാൻ താനില്ലെന്നും അന്ന് മേഗൻ റെപ്പിനോ തുറന്നടിച്ചു.
ഇന്നലെ പുരസ്കാരം വാങ്ങാൻ വേദിയിലേക്ക് കയറിവന്ന ആ വരവിൽപ്പോലുമുണ്ട് അവാർഡ് നിശകളിലെ സാമ്പ്രദായിക ശരീരഭാഷയെ ഉടയ്ക്കുന്ന ഒരു കലാപം. മിലാനിലെ ലാ സ്കാല ഒപ്പെറ ഹൗസിലെ അവാർഡ് നിശയിൽ നാലര മിനുട്ട് മാത്രമാണ് മേഗൻ റെപ്പിനോ സംസാരിച്ചത്, അവർക്ക് വാക്കുമുട്ടിയില്ല.
സഹജീവിതങ്ങളെ കരുതുന്ന മനുഷ്യസ്നേഹത്തിൻറെ മഹാഖ്യാനം ആ നാലര മിനുട്ടിലുണ്ട്. ആത്മത്തിൽ നിന്ന് അപരത്തിലേക്കുള്ള കരുതലിന്റെ കൈനീട്ടൽ.
ലോകം ഏറെക്കാലം ഈ വാക്കുകൾ ഓർത്തിരിക്കും,
നന്ദി ലെജൻഡ്..
അടുത്തമാസം ഇറാനിൽ നടക്കാനിരിക്കുന്ന ലോകകപ്പ് യോഗ്യതാമത്സരം കാണാൻ സ്ത്രീകൾക്കും സ്റ്റേഡിയത്തിൽ പ്രവേശനം അനുവദിക്കാനുള്ള സന്നദ്ധത ഇറാൻ ഭരണകൂടം അറിയിച്ചെന്ന് ഫിഫ പ്രസിഡന്റ് ജിയോനി ഇൻഫാന്റിനോ അവാർഡ് നിശക്കിടെ പ്രഖ്യാപിച്ചത് വേറൊരു സന്തോഷം. ഫുട്ബോൾ കളി കണ്ട കുറ്റത്തിനുള്ള വിചാരണ നടപടികൾക്കിടെ സഹർ ഖുദൈരി എന്നൊരു ഇരുപത്തൊൻപതുകാരി കോടതിക്ക് മുൻപിൽ തീകൊളുത്തി രക്തസാക്ഷിയാവേണ്ടിവന്നു എന്നുമാത്രം.
സഹർ ഖുദൈരിയെ ഓർക്കുന്നു, കൂടെ ഇറാനിയൻ സംവിധായകൻ ജാഫർ പനാഹിയെയും. പനാഹിയുടെ ‘ഓഫ്സൈഡ്’ എന്ന സിനിമയും ഇറാനിലെ കളിക്കളങ്ങളിൽ സ്ത്രീകളെ തടയുന്നതിന് എതിരായ വലിയ സർഗ്ഗാത്മക സമരമായിരുന്നു.
രൂപം കൊള്ളലിന്റെ തിരകള്‍ നിരന്തരമായി ഉടലെടുക്കുന്ന കളിക്കളത്തിന്റെ കടല്വക്കത്തുനിന്ന് പ്രചോദനം കൊള്ളാന്‍, കൈക്കരുത്ത് കാട്ടാതെ, മനുഷ്യന് നിയമങ്ങളും നിയന്ത്രണങ്ങളും സ്വാതന്ത്ര്യമാക്കി ജയിക്കാന്‍, ധര്‍മ്മം പുലരുന്ന ഒരു ഭൂതലത്തിനായുള്ള തപസ്സിന് കിട്ടിയ വരമാകാം ഒരു ഫുട്ബോള്‍ ഗ്രൗണ്ട് എന്ന് കല്‍പ്പറ്റ നാരായണന്
(ഓർമ്മയിൽ നിന്ന്, വാചകത്തിൽ വ്യത്യാസമുണ്ടാകും)“