മധ്യപ്രദേശിലെ മന്ദുസൊറിൽ ആറു കർഷകർ പോലീസിൻ്റെ വെടിയേറ്റുമരിച്ചത് 2017 ജൂൺ 6നാണ്. അതിശക്തമായ സമരം നടത്തിക്കൊണ്ടിരുന്ന കർഷകർക്ക് നേരെ ദാക്ഷിണ്യവുമില്ലാതെ പോലീസ് വെടിയുതിർത്തു. ഒരാൾക്ക് പോലും അരക്ക് താഴെ വെടിയേറ്റിരുന്നില്ലെന്നത്, കൊല്ലാൻ വേണ്ടി തന്നെയാണ് വെടിവച്ചതെന്ന വാദത്തെ അരക്കിട്ടുറപ്പിക്കുന്നതാണ്. ഇപ്പോൾ രണ്ട് വർഷങ്ങൾക്ക് ശേഷം, ബിജെപി തന്നെ ഭരിക്കുന്ന ഉത്തർപ്രദേശിൽ സമാന സംഭവം നടന്നിരിക്കുകയാണ്. അന്ന് വെടിവച്ചത് പോലീസാണെങ്കിൽ ഇന്ന് വെടിയുതിർത്തത് ഗ്രാമത്തലവനും അവരുടെ ഗുണ്ടകളുമാണെന്ന് മാത്രം. നാല് സ്ത്രീകളുൾപ്പെടെ 10 ആദിവാസി കർഷകർ കൊല്ലപ്പെട്ടു, 19 പേർ വെടിയേറ്റും പരിക്കുപറ്റിയും ആശുപത്രിയിൽ കിടക്കുന്നു.

ട്രാക്റ്ററുകളിൽ ആയുധങ്ങളുമായെത്തിയ ഗുണ്ടാസംഘം, ഗ്രാമത്തലവൻ യാഗ്യ ദത്തിൻ്റെ നേതൃത്വത്തിൽ കൃഷിഭൂമിയിൽ അധ്വാനിച്ചുകൊണ്ടിരുന്ന കർഷകർക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. സോൻഭദ്രയിലെ ഗോണ്ട് ഗോത്രവിഭാഗത്തിൽപ്പെട്ട കർഷകർ 60 വർഷത്തിലധികമായി കൃഷി ചെയ്യുന്ന ഭൂമിയാണിത്. 1955ൽ ഭൂപ്രഭുക്കന്മാർ തങ്ങളുടെ പേരിലാക്കിയ ഈ സ്ഥലത്ത് കൃഷി ചെയ്യാൻ ഇപ്പോഴും കർഷകർ കപ്പം കൊടുക്കുന്നുണ്ട് എന്നത് സർക്കാരിൻ്റെ നിർജീവതയെക്കൂടിയാണ് സൂചിപ്പിക്കുന്നത്. ഭൂമിക്ക് പട്ടയമനുവദിക്കണമെന്ന് നിരവധി തവണ കർഷകർ സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നുവെങ്കിലും നൽകിയിരുന്നില്ല. ആദിത്യനാഥിൻ്റെ നേതൃത്വത്തിൽ ബിജെപി സർക്കാർ നിലവിൽ വന്നതോടെയാണ് 2017ൽ യാഗ്യ ദത്ത് ഈ ഭൂമി സ്വന്തമാക്കിയത്.

യാഗ്യ ദത്ത് ഭൂമി സ്വന്തമാക്കിയതോടെ കർഷകരോട് ഭൂമിയിൽ നിന്ന് ഇറങ്ങാൻ ആവശ്യപ്പെട്ടിരുന്നു. ഇറങ്ങാൻ തയ്യാറാവാതിരുന്ന കർഷകർ ഭീഷണിയുടെ കാര്യമടക്കം സർക്കാരിനെ അറിയിച്ചിരുന്നെങ്കിലും ഫലമുണ്ടായില്ല. തൻ്റെ ഭൂമിയിൽ ഇറങ്ങിയാൽ വെടിയുതിർക്കുമെന്ന ഭീഷണിക്ക് മുന്നിൽ വഴങ്ങാതിരുന്ന കർഷകർക്ക് നേരെ ആദ്യം വെടിയുതിർത്തത് യാഗ്യ ദത്ത് തന്നെയാണ്.

ആദിത്യനാഥിൻ്റെ ഉത്തർപ്രദേശിൽ നിന്ന് ആദ്യ 24 മണിക്കൂറിൽ ഈ വാർത്ത പുറത്തുപോയതേയില്ല. കൂട്ടക്കൊലപാതകം മറച്ചുവെക്കുകയും പ്രതികളെ സംരക്ഷിക്കാൻ ശ്രമിക്കുകയും ചെയ്യുന്ന കൂട്ടുപ്രതിയായി അവിടെ നിലകൊണ്ടത് സർക്കാരാണോ മാധ്യമങ്ങളാണോ എന്നിപ്പോഴും അവ്യക്തം. എന്തായാലും മാധ്യമങ്ങൾ ഈ കാര്യം സംഭവം നടന്ന ജൂലൈ 17ന് തന്നെ അറിഞ്ഞിരുന്നു എന്നതിന് വ്യക്തമായ തെളിവുണ്ട്. അപ്പോൾ അവർ ഇത്രയും ഭീകരമായ സംഭവം പുറത്തുവിടാതിരുന്നത് ആർക്കുവേണ്ടിയാണ്?

ജനകീയ പ്രതിഷേധം ശക്തമായതോടെ, ഇടത് അനുകൂല സംഘടനകൾ ഇടപെടുന്നതോടെയാണ് സംഭവത്തിൽ സർക്കാർ പ്രതികളെ അറസ്റ്റ് ചെയ്യാൻ തയ്യാറായത്. നാല് സർക്കാർ ഉദ്യോഗസ്ഥരെയും ഇതിനകം സസ്പെൻ്റ് ചെയ്യാൻ ആദിത്യനാഥ് സർക്കാർ നിർബന്ധിതരായി. കേസിൽ ഇതിനോടകം 29 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. സംഭവസ്ഥലം ആദ്യം സന്ദർശിച്ചത് സിപിഐഎം സംസ്ഥാന സെക്രട്ടറിയും കേന്ദ്രകമ്മിറ്റിയംഗവുമായ ഹീരാലാൽ യാദവിൻ്റെ നേതൃത്വത്തിലുള്ള സംഘമാണ്. സംഭവം നടന്ന് സർക്കാർ സ്ഥലത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ച സമയത്താണ് ഹീരാലാൽ യാദവിൻ്റെ നേതൃത്വത്തിലുള്ള ആറംഗ സംഘം സ്ഥലം സന്ദർശിച്ച് പരിക്കേറ്റവരെ ആശുപത്രിയിൽ ചെന്ന് കാണുന്നത്. കൃഷിഭൂമിയിൽ നിന്ന് കർഷകരെ ഒഴിപ്പിക്കരുതെന്നും എത്രയും പെട്ടെന്ന് ഭൂമിയുടെ പട്ടയം കർഷകർക്ക് നൽകണമെന്നും കൊല്ലപ്പെട്ടവർക്ക് നഷ്ടപരിഹാരം നൽകണമെന്നുമിവർ ആവശ്യപ്പെട്ടു. എന്നാൽ ഇതിന് ശേഷം സന്ദർശനം നടത്താൻ ശ്രമിച്ച കോൺഗ്രസ് സംഘത്തിന് സ്ഥലത്തെത്താൻ കഴിഞ്ഞിരുന്നില്ല. പ്രിയങ്ക ഗാന്ധി നേതൃത്വം നൽകിയ സംഘത്തെ പോലീസ് തടഞ്ഞതോടെ കോൺഗ്രസ് പ്രവർത്തകർ കൊല്ലപ്പെട്ടവരുടെ ബന്ധുക്കളെ പ്രിയങ്ക ഗാന്ധിയുടെ സമീപത്ത് വാഹനത്തിലെത്തിച്ചു. അപ്പോൾ പോലും പ്രിയങ്കഗാന്ധി എന്തിനാണ് സോൻഭദ്രയിൽ പോവുന്നതെന്നോ സോൻഭദ്രയിലിപ്പോഴെന്താണ് അവസ്ഥയെന്നോ ഒരു മാധ്യമങ്ങളും പറയുന്നില്ല എന്നത് സംഘപരിവാറിനുമുന്നിൽ അടിമവൽക്കരിക്കപ്പെടുന്ന മാധ്യമപ്രവർത്തനത്തിൻ്റെ തുറന്ന ഉദാഹരണമാണ്.

പത്തു ആദിവാസി കർഷകർ കൊല്ലപ്പെട്ട സ്ഥലം സന്ദർശിക്കാൻ ശ്രമിച്ച എഐസിസി ജനറൽ സെക്രട്ടറിയെ യുപി പോലീസ് അറസ്റ്റു ചെയ്തിട്ടും രാജ്യത്ത് എവിടെയെങ്കിലും ചെറു പ്രതിഷേധമെങ്കിലും ഉയർത്താൻ കഴിയാത്തവിധം കോൺഗ്രസ്സ് തകർന്നടിഞ്ഞു കിടക്കുകയാണ്. ബിജെപി സർക്കാരിനെതിരെ ആഞ്ഞടിക്കാനുള്ള അവസമുണ്ടായിട്ടും കോൺഗ്രസ്സ് പാലിക്കുന്ന നിശബ്ദത ആശങ്കയുണ്ടാക്കുന്നതാണ്.

ഇപ്പോൾ സോൻഭദ്ര എവിടെയോ കിടക്കുന്ന ഒരു കാർഷികഗ്രാമമല്ല, രക്തം ചിന്തിയ കുരുതിക്കളമാണ്. കൂട്ടുനിന്നവരുടെ ദ്രംഷ്ടകൾ മറച്ചുപിടിക്കാൻ ശ്രമിക്കുന്ന മാധ്യമങ്ങൾ നാലാംതൂണുകളല്ല, മുട്ടനാടുകൾ തമ്മിലടിക്കുമ്പോൾ ചോരകുടിക്കാൻ നിൽക്കുന്ന ചെന്നായകളാണ്. അവിടെ ഭരിക്കുന്നവർ മനുഷ്യരേയാവുന്നില്ല, അവർ പരിക്കേറ്റുകിടക്കുന്ന കർഷകരുടെ ദുസ്വപ്നങ്ങളിലെ വേട്ടക്കാരാണ്.