വയനാട്ടിൽ മത്സരിച്ചു ദക്ഷിണേന്ത്യ മുഴുവൻ തൂത്തുവാരാനെത്തിയ രാഹുൽ. കെ എസ് യു യൂണിറ്റ് രൂപീകരിച്ചത് ആഘോഷിക്കുന്ന കെ എസ് യുക്കാരെയും ട്രോളുന്നില്ല. പണവും അധികാരവും സകലതിനും മീതെ പറക്കുന്ന പരുന്താകുന്ന കാലത്തെക്കുറിച്ചെഴുതുന്നു ഷിബു ഗോപാലകൃഷ്ണൻ

99 ഒരു തോറ്റ സംഖ്യയാണ്, വിജയത്തിന് ആറുവാര അകലെവച്ചു വീണുപോയവർ. അവഗണിക്കാനാവാത്ത പ്രലോഭനങ്ങളെയും അതിജീവിച്ചു അവസാനനിമിഷം വരെ കെട്ടിപ്പിടിച്ചു നിന്നവർ. കൂട്ടത്തിലുള്ളവർ ഒറ്റുകാരായതുകൊണ്ടുമാത്രം തോറ്റവരുടെ തോൽവിയെ ട്രോളാൻ മനസ്സുവരുന്നില്ല.വയനാട്ടിൽ മത്സരിച്ചു ദക്ഷിണേന്ത്യ മുഴുവൻ തൂത്തുവാരാനെത്തിയ രാഹുൽ ഗാന്ധിയെ ട്രോളാൻ മനസ്സുവരുന്നില്ല. യൂണിവേഴ്‌സിറ്റി കോളേജിൽ യൂണിറ്റ് രൂപീകരിച്ചതിനെ ഇനിയും ആഘോഷിച്ചു തീർന്നിട്ടില്ലാത്ത കെ.എസ്.യുക്കാരെ ട്രോളാൻ മനസ്സുവരുന്നില്ല. കാറുവാങ്ങാൻ പോയി ഇനിയും മടങ്ങിയെത്തിയിട്ടില്ലാത്ത യൂത്തുകോൺഗ്രസുകാരെ ട്രോളാൻ മനസ്സുവരുന്നില്ല.കോൺഗ്രസ്സ് മുക്തഭാരതമല്ല നമ്മൾ കണ്ടുകൊണ്ടിരിക്കുന്നത്, ബിജെപീമാത്ര ഭാരതമാണ്. ആ അശ്വമേധത്തിനു മുന്നിൽ കോൺഗ്രസെന്നോ കമ്യുണിസ്റ്റെന്നോ ഒന്നുമില്ല. സകലതും തുടച്ചുനീക്കപ്പെടും. പണവും അധികാരവും സകലതിനും മീതെ പറക്കുന്ന പരുന്താവും. ജനാധിപത്യത്തിന്റെ ശേഷിക്കുന്ന ജീവനുകളും റാഞ്ചപ്പെടും. എന്തും വിലയ്ക്കുവാങ്ങാൻ കഴിയുന്ന ഒരു ജനാധിപത്യ ജനതയായി നമ്മൾ നിലംപതിക്കുകയാണ്.അതിനെതിരെ അടിയുറച്ചുനിന്ന ആ 99 പേർ ഇനിയും തോൽപ്പിച്ചുകളയാനാവാത്ത നമ്മളുടെ ജനാധിപത്യ പ്രതീക്ഷയാണ്. ആശയം കൊണ്ടും പ്രത്യയശാസ്ത്രം കൊണ്ടും ആളെക്കൂട്ടാമെന്നും ജനസമ്മതി നേടാമെന്നും അധികാരത്തിലെത്താമെന്നുമുള്ള കാലം അസ്തമിക്കുകയാണ്, പ്രതിപക്ഷത്തിരിക്കുക എന്നതും രാഷ്‌ട്രീയപ്രവർത്തനമാകുന്ന കാലം കഴിഞ്ഞുപോവുകയാണ്.ഈ 99 പേരിൽ എത്രപേർ നാളെ വിട്ടുപോകുന്നു അല്ലെങ്കിൽ വിറ്റുപോകുന്നു എന്നറിയാൻ ആകാംക്ഷയോടെ കാത്തിരിക്കുന്ന, അത്രമേൽ അനിശ്ചിതത്വം നിറഞ്ഞ, ശേഷിക്കുന്ന ഒരേയൊരാളു പോലും വലിയ പ്രതീക്ഷയായി മാറുന്ന, ഏകാധികാരത്തിന്റെ കെട്ടകാലം.