“ഞാനല്ല വൈരമുത്തു എന്ന പേര് തെരഞ്ഞെടുത്തത്. അതെന്റെ അടയാളമാണെങ്കില്‍ ആയിക്കോട്ടെ. തടസ്സം നില്ക്കുന്നില്ല. വൈരമുത്തു എന്നത് പേരാണെന്ന അവസ്ഥയിലേക്ക് ഞാന്‍ ചുരുങ്ങാനും പോകുന്നില്ല. ആ പേരിട്ടത് മുത്തച്ഛനാണ്. ഒരു ഗ്രാമീണത്വം ആ പേരിനുണ്ട്. എന്റെ മണ്ണും പാരമ്പര്യവും സംസ്കാരവും ആ പേരില്‍ പറ്റിപ്പിടിച്ചിട്ടുണ്ട്. അതുകൊണ്ട് പേര് മാറ്റിയില്ല. ഭാരതിരാജയും ഇളയരാജയുമൊക്കെ പറഞ്ഞു, കവിരാജ എന്നു വിളിച്ചോളാന്‍. ഒരു മനുഷ്യന്റെ അടയാളം എന്നത് അവന്റെ പ്രവൃത്തിയാണ്. ഒരു മനുഷ്യനില്‍ നിന്ന് മനുഷ്യനെ മൊത്തമായി കിഴിച്ചശേഷം എന്താണോ അവശേഷിക്കുന്നത് അതാണ് അവന്റെ അടയാളം. എന്റെ അടയാളത്തെ നിങ്ങള്‍ കണ്ടെടുക്കാന്‍ ഇനിയും കാലമുണ്ട്. ഞാന്‍ മുഴുവനായും കിഴിക്കപ്പെട്ടിട്ടില്ല” എന്നു പറഞ്ഞു കൊണ്ടാണ് വൈരമുത്തു ആരംഭിക്കുന്നത്.
ആദ്യകാല വായന ?
‘എഴുത്തുകാരന്’ അനുഭവവും വായനയുമാണ് വേണ്ടതെന്ന് നിങ്ങള്‍ കരുതുന്നു. അതാണ് സൃഷ്ടിയുടെ മൂലമെന്ന് നിങ്ങള്‍ വിശ്വസിക്കുന്നു. എന്നാല്‍, മൂന്നാമതായി ഒന്നുണ്ട്. അന്തര്‍ജ്ഞാനം. ഞരമ്പിന്റെ ഒറ്റത്തിരി പോലെ പ്രകാശിച്ചുകൊണ്ടിരിക്കുന്ന ആ നാളമാണ് അന്തര്‍ജ്ഞാനം. ഇതാണ് പ്രധാനം. എന്റെ ഉള്ളില്‍ അത് എവിടെയാണെന്ന് എനിക്കറിയില്ല. ആരാണ് അതിനെ തെളിക്കുന്നതെന്നും.
സൃഷ്ടിക്കുള്ള ഒരു കനല് എന്നിലുണ്ടെന്ന് ഞാന്‍ തിരിച്ചറിയുന്നത് പതിമൂന്നാംവയസ്സില്‍. അനുഭവവും വായനയും ആ കനലിനെ ഊതിവലുതാക്കി ഒരു അഗ്നിപര്‍വതമാക്കി. വായനയേക്കാള്‍ കൂടുതല്‍ അനുഭവമാണ്. ഞാന്‍ ആദ്യം വായിച്ചത് ഒരു പരിഭാഷയാണ്. വിക്ടര്‍ യൂഗോവിന്റെ പാവങ്ങള്‍. കവിയോഗി സുദാനന്ദ ഭാരതിയാരുടേതാണ് പരിഭാഷ. കരട്ടുപട്ടിയിലെ എന്റെ അമ്മയുടെ വീടിന്റെ ഓടുകള്‍ക്കിടയില്‍ തിരുകിവച്ചനിലയിലാണ് കണ്ടെത്തിയത്.
എന്റെ അനുഭവത്തെ പുതുക്കുന്നതോ അല്ലെങ്കില്‍ ഒരു പുതിയ അനുഭവം തരുന്നതോ ആയിരിക്കണം ഒരു പുസ്തകം. പുസ്തകത്തില്‍ ജീന്വാല്ജീന് ഓവുചാലിലൂടെ നടന്നുപോകുന്ന രംഗം വായിച്ചപ്പോള്‍ ഞാന്‍ മൂക്കുപൊത്തി. ഓവുചാലിന്റെ നാറ്റം. അയാളുടെ ദുഃഖം ആ ചെറുപ്രായത്തില്‍ എന്നെ വല്ലാതെ ബാധിച്ചു. പിന്നീട് ഈസോപ്പു കഥകള്‍ വായിച്ചു. ഒരുപാട് സ്വപ്നങ്ങള്‍ അവയെനിക്ക് തന്നു. ഓരോ പറവയും മൃഗവും എന്നോട് സംസാരിക്കാന്‍ തുടങ്ങി. ഞാന്‍ മൃഗമായും പറവയായും മാറുന്നതായി തോന്നി.
‘സന്ധ്യ നേരത്ത്തലയെണ്ണി നോക്ക്ആടും മാറും ചേര്ത്താല്ഞങ്ങളുടെ വീട്ടില്‍ ഏഴുപേര്‍’
എന്ന് കറുത്തമ്മ സിനിമയില്‍ ഒരു പാട്ടെഴുതിയിട്ടുണ്ട്. ഇത്തരത്തിലുള്ള ജീവിത സ്നേഹം ഈസോപ്പ് കഥകളില്‍നിന്നാണ് എനിക്ക് ലഭിച്ചത്. മാതൃഭാഷയിലൂടെ ഉമ്മറം കടക്കാന്‍ എന്നെ സഹായിച്ചത് ചാണ്ഡിലിയന്, തമിഴ്വാണന്‍, ജഗത് ഗിര്പ്പിയന്, കല്കി എന്നിവരാണ്. ഉമ്മറം താണ്ടാതെ നിങ്ങള്‍ക്ക് പുറത്തേക്ക് വന്ന് നിരത്തിലെത്താനാകില്ല. നിരത്തിലെത്തിയാലേ യാത്ര ചെയ്യാനൊക്കൂ. അവരുടെ സാഹിത്യത്തിന്റെ തരം എന്താണ്? പരിമാണം എന്താണ്? പിന്നീട് വന്ന ആധുനികതയ്ക്ക് അറിയുമോ എന്നൊന്നും ചോദിക്കാന്‍ പാടില്ല. പഠിക്കാത്ത എന്റെ അമ്മ ഊട്ടിയ മുലപ്പാലിലൂടെയാണ് ഞാന്‍ രോഗപ്രതിരോധ ശക്തി നേടിയത്.
കരുണാനിധിയുടെ സ്വാധീനം ?
‘ഏഴൈ പടുംപാട്’ (ലെസ് മിസറബിള്‍സ്) 11-12 വയസ്സില്‍ വായിക്കുന്നു. പതിമൂന്നാംവയസ്സുമുതല് കരുണാനിധിയെ കേള്‍ക്കാന്‍ തുടങ്ങി. ഗ്രാമഫോണ്‍ റെക്കോഡുകളിലൂടെ. 1952ല്‍ പരാശക്തി വന്നു. 1953ല്‍ ഞാന്‍ ജനിക്കുന്നു. ഞാന്‍ വളരുമ്പോള്‍ അത് വളരെ അടുത്തെത്തി. അതോടൊപ്പം ഞാനും വളര്‍ന്നു. അന്ന് എനിക്ക് ത്യാഗരാജ ഭാഗവതരെ അറിയില്ല. പി യു ചിന്നപ്പയെ അറിയില്ല. ഇളങ്കോവനെ അറിയില്ല. എം ജി ആര്, ശിവാജി, കരുണാനിധി, കണ്ണദാസന് എന്നിവരുടെ യുഗം ആരംഭിച്ചു കഴിഞ്ഞിരുന്നു. തമിഴ്നാടിനെ ആക്രമിച്ച മേഘങ്ങളാണ് ഈ നാലുപേരും. അമ്പതുകള്‍ക്കു ശേഷം ജനിച്ച എല്ലാവരിലും ഇവരുടെ സ്വാധീനത്തിന്റെ തുള്ളികള്‍ വീണിരിക്കും.
കരുണാനിധിയുടെ എഴുത്തിലെ ഭാഷയും ശബ്ദവും മാത്രമല്ല എന്നെ ആകര്‍ഷിച്ചത്. ആശയങ്ങളുമാണ്. പതിമൂന്നാംവയസ്സു മുതല്‍ തന്നെ ഞാന്‍ നാസ്തികനാണ്. അതിന് കാരണം അദ്ദേഹത്തിന്റെ സംഭാഷണങ്ങളാണ്. ഈശ്വരനെ എതിര്‍ക്കുന്നതും ഇല്ലെന്നു പറയുന്നതും ഒരു രീതി അല്ലെങ്കില്‍ പരിഷ്കാരമായി കരുതിയിരുന്ന ഒരു കാലം. അതിനെ പരിഷ്കാരമായി മാത്രം കരുതിയിരുന്നെങ്കില്‍ മധ്യവയസ്സിലെത്തുമ്പോഴേക്ക് അയാള്‍ വിശ്വാസിയായി മാറിക്കഴിഞ്ഞിരിക്കും. എന്നാല്‍, ദീര്‍ഘവീക്ഷണത്തോടെ മനഃശാസ്ത്ര തലത്തില്‍, സാമൂഹ്യതലത്തില്‍ നാസ്തികത്വത്തെ മനസ്സിലാക്കിയാല്‍ പിന്നീട് അതില്‍നിന്ന് പുറത്തുവരില്ല. അദ്ദേഹത്തിന്റെ വാക്കുകള്‍ അങ്ങനെയാണ് എന്റെ ഉള്ളില്‍ പ്രവേശിച്ചത്.
‘വന്നവനെ ജീവിക്കാന്അനുവദിക്കുന്ന സമൃദ്ധിനിറഞ്ഞ തമിഴ്നാടേ – നീസ്വന്തം നാട്ടുകാരെത്തന്നെകൊള്ളയടിക്കാന് തുടങ്ങിയിട്ട്എത്ര ദിവസങ്ങളായ്?’
എന്ന് അദ്ദേഹം എഴുതുമ്പോള്‍ അതില്‍ ഒരു താളമുണ്ട്. താളത്തിനും ബുദ്ധിക്കും തമ്മില്‍ ബന്ധമുണ്ട്. സംഗീതം ഇല്ലാത്തതുകൊണ്ടാണ് ഇന്നെഴുതപ്പെടുന്ന പല കവിതകളും മനസ്സില്‍ തട്ടാതെ പോകുന്നത്. നവീന കവിതയുടെ രൂപത്തെ തീരുമാനിക്കുന്നത് എഴുതുന്നവന്റെ വികാരങ്ങളാണ്. അത് തെറ്റല്ല. പക്ഷേ, എന്നെന്നും നിലനില്‍ക്കില്ല. കാരണം ആവര്‍ത്തന മൂല്യം ഇല്ല. സംഗീതത്തിന്റെ അഭാവമാണ് അതിന് കാരണം.
വരികളേക്കാളും ശബ്ദത്തിനാണോ പ്രാധാന്യം ?
എന്താണ് ഭാഷ? സാഹിത്യമോ വ്യാകരണമോ കവിതയോ എഴുത്തോ ഒന്നുമല്ല. ഭാഷ എന്നത് ശബ്ദമാണ്. എഴുത്തില്ലെങ്കില്‍ പോലും ശബ്ദമുണ്ടാകും. എന്നാല്‍, ശബ്ദമില്ലാതെ എഴുത്തുണ്ടാകില്ല. അത് സദാ മാറ്റത്തിന് വിധേയമാകുന്നു. ആധുനിക സാങ്കേതിക രീതികള്‍ക്കനുസരിച്ച് തമിഴും തന്റെ രൂപത്തെ മാറ്റാന്‍ അനുവദിക്കണം. എഴുത്ത് മാറും. പക്ഷേ, ശബ്ദം മാറില്ല. ശബ്ദത്തിലൂടെയാകണം കുട്ടികളെ പരിശീലിപ്പിക്കേണ്ടത്.
പല ദേശീയ ഭാഷകള്‍ക്കും സംഭവിക്കാന്‍ പോകുന്ന അപകടം നേരിടാന്‍ നമ്മള് തയ്യാറാകണം. ഇല്ലെങ്കില്‍ ഭാഷകള്‍ നശിക്കും. മാതൃഭാഷയെ വെറും അടയാളം മാത്രമായല്ല ഞാന്‍ കരുതുന്നത്. അത് ഒരു ചരിത്രത്തിന്റെ തുടര്‍ച്ചയാണ്. ഒരു സംസ്കാരത്തിന്റെ വിപുലീകരണമാണ്. എല്ലാത്തിലുമുപരി ഭാഷ അടിസ്ഥാനപരമായ അധികാരം കൂടിയാണ്.
ദ്രാവിഡ പ്രസ്ഥാനമാണ് എഴുത്തിന് ശക്തിയും സൗന്ദര്യവും നല്‍കിയതെന്ന് പറയുന്നു. ആശയ സ്വാധീനം എങ്ങനെ? കാരണം പെരിയാര്‍ക്കും (ഇ വി രാമസ്വാമി നായ്ക്കര്‍) ഡിഎംകെക്കും തമ്മില്‍ ധാരാളം വ്യത്യാസങ്ങളുണ്ടല്ലോ ?
അത് അത്രയ്ക്ക് വലുതൊന്നുമല്ല. ഒരു ചെറിയ കാര്യം മാത്രം. “ദൈവം ഇല്ല, ഇല്ല, ഇല്ല… ഇല്ലേ ഇല്ല.’ എന്ന് പെരിയാര്‍. ‘ഒരേ കുലം ഒരേയൊരു ദേവന്,’ എന്ന് സി എന്‍ അണ്ണാദുരൈ, ‘തമിഴ് ഒരു കാടന്‍ ഭാഷയാണെന്ന് പെരിയാര്‍. അല്ല തമിഴ് പൗരാണിക ഭാഷയാണെന്ന് അണ്ണ. ഇത്രയേ ഉള്ളൂ വ്യത്യാസം. പെരിയാറുടെ ആശയം ആശയപരമായി എല്ലാവരെയും ആകര്‍ഷിച്ചു. ചിന്തിക്കാനറിയുന്നവനെ എല്ലാം തന്റെ ഭാഗത്തേക്കു തിരിച്ചു.
അതേസമയം, ചിന്തിക്കാനറിയാത്തവനെയും തന്റെ ഭാഗത്തേക്ക് ഡിഎംകെ ആകര്‍ഷിച്ചു. ഒരു കാര്യം നമ്മള് മനസ്സിലാക്കണം. അമ്പതുകളില്‍ തമിഴ്നാടിന്റെ ജനസംഖ്യ 3.1 കോടിയാണ്. അതില്‍ വിദ്യാഭ്യാസമുള്ളവര്‍ 20.8 ശതമാനം. പത്രങ്ങളിലൂടെ ഒരുപരിധി വരെ മാത്രമേ ജനങ്ങളിലേക്ക് എത്താനാകൂ. അത്തരം ചുറ്റുപാടില്‍ സംസാരത്തിലൂടെ മാത്രമേ ജനങ്ങളിലേക്ക് എത്താനൊക്കൂ. അതിന് അടിസ്ഥാനപരമായി ഒരു ഭാഷ വേണമായിരുന്നു. വേദിയില്‍ നിന്നു കൊണ്ടു മാത്രമേ വിട്ടുവീഴ്ചയില്ലാതെ സംസാരിക്കാനാകൂ. അങ്ങനെയാണ് പെരിയാര്‍ സംസാരിച്ചത്. അണ്ണാദുരൈയും കരുണാനിധിയും അദ്ദേഹത്തിനെ പിന്തുടര്ന്നു. ഉള്ളതിനെ ഉള്ളതുപോലെ പറഞ്ഞു പെരിയാര്‍. ഉള്ളതിനെ മനസ്സിലാകും വിധം അണ്ണയും. വ്യത്യാസം അത്രമാത്രം.
ദ്രാവിഡ പ്രസ്ഥാനത്തിന്റെ എഴുത്തുകാരനായി താങ്കളെ അടയാളപ്പെടുത്താമോ ?
ആ പ്രസ്ഥാനത്തില്‍ മുങ്ങി വന്ന എഴുത്തുകാരനാണ് ഞാനെന്ന് എന്നെ സ്വയം അടയാളപ്പെടുത്തുന്നു. എന്നാല്‍, ആ പ്രസ്ഥാനത്തിന്റെ ഉള്‍ക്കടലില്‍ മാത്രം നിന്നയാളല്ല ഞാന്‍. ഒരുപാട് കടലുകള്‍ എനിക്കുണ്ട്. ഭാഷ എന്ന ആറ് മുഖേന ദ്രാവിഡ ഉള്‍ക്കടലില്‍. ആവിയായി ഉയര്‍ന്ന് ലോകം ചുറ്റുന്നു. ദ്രാവിഡ പ്രസ്ഥാനത്തിനു മാത്രം സ്വന്തമായിട്ടുള്ളവര്‍ എന്നോ പ്രസ്ഥാനത്തില്‍ നിന്ന് മുഴുവനായും വേര്പെട്ടവനെന്നോ എന്നെ വേര്‍തിരിച്ചു കാണാന്‍ ശ്രമിച്ചിട്ടില്ല.
ഒരു സംസ്ഥാന മുഖ്യമന്ത്രിയുടെ സുഹൃത്താകുന്നതില്‍ ലാഭമോ നഷ്ടമോ ?
ഒരു മുഖ്യമന്ത്രിയുടെ സന്തോഷങ്ങളെയും സങ്കടങ്ങളെയും നേരിട്ടറിയാന്‍ കഴിഞ്ഞിട്ടുണ്ട്. ഒന്നിച്ചു കൂടെ നില്‍ക്കണമെന്ന് രണ്ടുപേരും ആഗ്രഹിച്ചതിനാല്‍ ഒരുപാട് അവസരങ്ങള്‍ നഷ്ടപ്പെട്ടു. മറ്റൊരു പ്രധാന കാര്യം – സങ്കടം – അറിയുന്ന രഹസ്യങ്ങളെ സൂക്ഷിക്കുക എന്നതാണ്. ചാരിത്ര്യം പോലെ.
രാഷ്ട്രീയത്തിലേക്ക് ഇറങ്ങാന്‍ ആലോചിച്ചിരുന്നോ? ആലോചിക്കുമോ ?
സത്യം പറയട്ടെ, എല്ലാ രാഷ്ട്രീയ പാര്‍ടികളിലും മികച്ച ആശയങ്ങളുണ്ട്. മികച്ച നേതാക്കളും. നല്ല ചിന്തകളും ലക്ഷ്യങ്ങളുമുണ്ട്. അവരുടെ നന്മകളെ വാഴ്ത്തുന്നതു പോലെ തന്നെ തെറ്റുകളെയും വാഴ്ത്തണമെന്ന് അവര്‍ പ്രതീക്ഷിക്കും. എല്ലാറ്റിനേക്കാള് എനിക്ക് പ്രധാനം മനഃസാക്ഷിയാണ്, തമിഴിനേക്കാളും രാഷ്ട്രീയത്തേക്കാളും എന്നേക്കാളും സാഹിത്യത്തേക്കാളും. മനഃസാക്ഷിയോട് സത്യസന്ധത പുലര്‍ത്തുന്ന, വിധേയമായി പ്രവര്‍ത്തിക്കുന്ന ഒരു കലാകാരനും തന്നെ പൂര്‍ണമായും ഏതെങ്കിലും രാഷ്ട്രീയപാര്ടിയുമായി ബന്ധപ്പെടുത്താനാകില്ല.
എന്റെ സ്വാതന്ത്ര്യം എന്നാല്‍ എന്റെ സമയത്തെ ഞാന്‍ തന്നെ തീരുമാനിക്കുന്നു എന്നതിലാണ്. രാഷ്ട്രീയത്തില്‍ നേരിട്ട് ഇടപെടുമ്പോള്‍ എന്റെ ചിന്തകളും എന്റെ നേരവും എനിക്ക് സ്വന്തമല്ലാതാകും. സാഹിത്യത്തിനും എതിരായേക്കുമെന്നും ഞാന്‍ ഭയപ്പെടുന്നു. അതുകൊണ്ടാണ് ഭാരതിദാസന്‍ പോലുള്ള പെരും കവിപോലും ഏതെങ്കിലും ഒരു പാര്‍ടിയുടെ ചെപ്പിനുള്ളില്‍ ഒതുങ്ങാതെ പിടഞ്ഞ് പുറത്തു വന്നത്. കണ്ണദാസനും ഇത് സംഭവിച്ചു. പല മുന്‍കാല കവികളും ഏതെങ്കിലും ഒരു പാര്‍ടിക്ക് വിധേയമാകാത്തതും അതുകൊണ്ടാണ്.
മാറിക്കൊണ്ടിരിക്കുന്ന സാഹിത്യത്തില്‍ ഏത് ഇടത്തിലാണ് താങ്കള്‍ താങ്കളെയും താങ്കളുടെ സാഹിത്യത്തെയും പ്രതിഷ്ഠിക്കുന്നത് ?
മാറിക്കൊണ്ടിരിക്കുന്ന എല്ലാ രൂപങ്ങള്‍ക്കൊപ്പം കവിയും മാറണമെന്നില്ല. ഓരോരുത്തര്‍ക്കും ഓരോ മുഖമുണ്ട്. പഴയ സാരി കുടഞ്ഞ്, വിയര്‍പ്പൊഴുകുന്ന മുഖവുമായി നില്ക്കുന്ന തന്റെ അമ്മയെ കാണുമ്പോള്‍ അവരെയാണല്ലോ ‘അമ്മേ’ എന്ന് വിളിച്ചുകൊണ്ട് കുഞ്ഞുക്ലാസില്‍ നിന്ന് ഓടിവരിക. അല്ലാതെ, ആധുനിക വേഷത്തോടെ നില്ക്കുന്ന ഏതെങ്കിലും ഒരു സ്ത്രീയെ ‘അമ്മേ’ എന്ന് വിളിക്കില്ലല്ലോ. അങ്ങനെ ചെയ്യുന്നത് വളരെ ചീത്ത കാര്യവുമാണ്. ഞങ്ങള്‍ക്ക് ഞങ്ങളുടേതായ ഒരു പാരമ്പര്യ രീതിയിലുള്ള ഒരു മുഖമുണ്ട്. ആ പാരമ്പര്യം തികച്ചും പഴയതും അല്ല. പരിണാമസ്വത്വത്തെ തകര്‍ക്കുന്നതുമല്ല. നവീന സാഹിത്യവാദികള്‍ പലരും പരിണാമസ്വത്വത്തെ തകര്‍ക്കണമെന്നു പറയുന്നു. എന്തിനാണ് എല്ലാ പവിത്രതയെയും തകര്‍ക്കുന്നത്?
എല്ലാ എഴുത്തും സമൂഹത്തില്‍ മാറ്റങ്ങള്‍ കൊണ്ടുവരാറില്ല. നൂറ്റാണ്ടില്‍ ഒരിക്കല്‍മാത്രമാണ് അത് സംഭവിക്കുക. എല്ലാ സാഹിത്യ സിദ്ധാന്തങ്ങള്‍ക്കും പിറകെ ഒരു സാഹിത്യകാരന് പോകണം എന്നത് അന്ധവിശ്വാസമാണ്. നിങ്ങളുടെ വിശ്വാസത്തെ എഴുതുക. ആ എഴുത്ത് തനിക്ക് ചേര്‍ന്ന രൂപത്തെയും തത്വങ്ങളെയും സ്വയം തേടി കണ്ടുപിടിച്ചുകൊള്ളും. പാരമ്പര്യ കവിതകളിലൂടെ തുടങ്ങിയ ഞാന്‍ പുതുകവിതകളില്‍ എത്തി. എന്നിട്ടും പാരമ്പര്യത്തിന്റെ വേരുകളെ വിട്ടുകളഞ്ഞില്ല. പുതു കവിതകളിലെ പൂക്കളെ ഞാന്‍ സ്വീകരിച്ചു. എന്നാല്‍, പാരമ്പര്യത്തിന്റെ അടിസ്ഥാനപരമായ മൂല്യങ്ങളെ നഷ്ടപ്പെടുത്തിയില്ല. കവിതകള്‍ മാറിക്കൊണ്ടിരിക്കും. അതുപോലെ ഞാനും മാറിക്കൊണ്ടിരുന്നാല്‍ എന്നെപ്പറ്റി- എന്റെ കാലത്തെപ്പറ്റി- ഭാവി സംശയിക്കും. ചില തത്വങ്ങളെയും മൂല്യങ്ങളെയും ഘടനയെയും വാശിയോടെ പിന്തുടരുന്നു. അതില്‍ ഞാന്‍ ഉറച്ചുനില്‍ക്കും.
ആധുനിക കവികള്‍ താങ്കളെ അവഗണിക്കുന്നതില്‍ വിഷമമുണ്ടോ ?
ഇല്ല. വിമര്‍ശങ്ങള്‍ ഉതിര്‍ന്ന് നോക്കും. നല്ല സാഹിത്യം നിലനില്ക്കും. വിമര്‍ശകര്‍ എന്റെ കവിതകളെ അംഗീകരിക്കണമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നില്ല. ഞാന്‍ ബഹുമാനിക്കുന്നത് വായനക്കാരെയാണ്. എന്റെ കവിതാസമാഹാരങ്ങളാണ് തമിഴ്നാട്ടില്‍ കൂടുതല്‍ ചെലവാകുന്നതെന്ന് സാഹിത്യലോകത്തിന് അറിയാം. വിമര്‍ശം ഒരു കലയാണ്. ഒരു സാഹിത്യമാണ്. ഒരു വിമര്‍ശകനെയും ഞാന്‍ വേദനിപ്പിക്കാന്‍ ആഗ്രഹിക്കുന്നില്ല. സാഹിത്യത്തിലൂടെ സ്നേഹം വിതയ്ക്കാനും മനുഷ്യനെ വളര്‍ത്താനുമാണ് ഞാന്‍ ആഗ്രഹിക്കുന്നത്.
എതിര്‍പ്പുകളെ നേരിടാനുള്ള എന്റെ കൂര്‍ത്ത വാളിനെ എടുത്ത് വീശാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. എന്റെ വാളിനെ ഉറയ്ക്കുള്ളിലിട്ട് പൂട്ടിവച്ചിരിക്കുകയാണ്. വാള് വീശുന്ന കാലമല്ല ഇത്; സ്നേഹത്തിന്റെ കാലമാണ്.
ബുദ്ധിജീവികള്‍ക്കിടയില്‍, പണ്ഡിതര്‍ക്കിടയില്‍ കവിയേക്കാള്‍ താഴ്ന്ന സ്ഥാനമാണ് ഗാനരചയിതാവിന്. എന്നാല്‍, ജനങ്ങള്‍ക്കിടയില്‍ മറിച്ചും. ഈ വൈരുധ്യത്തെ എങ്ങനെ കാണുന്നു ?
ഗാനരചയിതാവ് തന്റെ ഗാനത്തില്‍ എഴുതുന്നത് അയാളുടെ ആശയമല്ല. കഥാപാത്രങ്ങളുടെ ആശയമാണ് അയാള്‍ എഴുതുന്നത്. കവി താന്‍ എന്താണോ ചിന്തിക്കുന്നത് അതാണ് എഴുതുന്നത്. കാശ്, പരസ്യം, കവിക്ക് ഇല്ല. കലയും തൊഴിലിനും ഇടയ്ക്കുള്ള വിടവാണത്. ഒത്തുതീര്‍പ്പിന് തയ്യാറാകുന്നവനെ അപേക്ഷിച്ച് വിമര്‍ശങ്ങള്‍ക്ക് തയ്യാറാകാത്തവനെ മേന്മയുള്ളവനായി വിലയിരുത്തുന്നു.
കവി പേരരശ്’ എന്ന സ്ഥാനത്തെപ്പറ്റി ?
കരുണാനിധി നല്കിയ സ്ഥാനമാണത്. അദ്ദേഹത്തെ ബഹുമാനിക്കാനാണ് ആ സ്ഥാനപ്പേര് ഞാന്‍ കാത്തുസൂക്ഷിക്കുന്നത്.
എന്തുകൊണ്ട് നോവലും ചെറുകഥകളും എഴുതുന്നു ?
ആഴത്തില്‍ പറയാന്‍ കവിത വേണം. വിസ്തരിച്ചു പറയാന്‍ ആഖ്യാനം വേണം. ഇന്നു ജനങ്ങള്‍ കൂടുതല്‍ വായിക്കുന്നത് നോവലും കഥകളുമാണ്. ആഖ്യാനം. ആഖ്യാനത്തില്‍ വരുന്ന ദുര്‍മേദസ്സിനെ വെട്ടിച്ചുരുക്കാന്‍ കവിതയെഴുത്ത് തരുന്ന പരിശീലനം സഹായകമാകുന്നു.
പെണ്ണെഴുത്ത്, ദളിത് സാഹിത്യം എന്നിവയെപ്പറ്റി ?
കാലത്തിന്റെ ആവശ്യമായിട്ടാണ് ഞാനതിനെ കാണുന്നത്. അതേസമയം, സാഹിത്യത്തിന് അത്തരം പേരുകള്‍ വേണ്ട. കറുത്തവര്‍ സാഹിത്യം എഴുതാം. എന്നാല്‍, അത് കറുത്ത സാഹിത്യമല്ല. എന്റെ ദളിത് സഹോദരന്മാര് സാഹിത്യമെഴുതട്ടെ. വായനക്കാര്‍ അതെന്ത് സാഹിത്യമാണെന്ന് തീരുമാനിച്ചു കൊള്ളും. മനസ്സിലാക്കിക്കൊള്ളും. അതിന് പേരുകള്‍ വേണ്ട.
താങ്കളുടെ മുന്‍ഗാമികളായ അശോകമിത്രന്റെയും കി.രാ.വിന്റെയും എഴുത്തിനെപ്പറ്റിയും എന്താണ് താങ്കളുടെ എഴുത്തുമായുള്ള വ്യത്യാസം എന്നു പറയാമോ?
ആഖ്യാനത്തില്‍ അലങ്കാരങ്ങളെ ഒഴിവാക്കിയവരാണ് അവര്‍ രണ്ടുപേരും. അലങ്കാരത്തോടെ പറയുന്നതല്ല കഥയും കലയും എന്നാണ് അശോകമിത്രന്‍ വിശ്വസിച്ചിരുന്നത്; എഴുത്തില്‍ പാലിച്ചിരുന്നതും. എന്താണോ സംഭവിച്ചത്, ഏതാണോ വേണ്ടത് അതു മാത്രം മതി എന്നതായിരുന്നു അശോകമിത്രന്റെ നിലപാട്. ഒരു നിമിഷത്തിന്റെ ‘ഞെട്ടിക്കല്‍’ മതി എന്ന ചിന്തയായിരുന്നു അദ്ദേഹത്തിന്. അലങ്കാരങ്ങളില്ലാതെ, കൃത്രിമത്വമില്ലാതെ അദ്ദേഹം എഴുതി.
വലിയ പഠിപ്പൊന്നും ഇല്ലാത്തതായിരുന്നു കി.രാ.വിന്റെ ശക്തി. അദ്ദേഹത്തിന്റെ എഴുത്തില്‍ കൃത്രിമം വരാത്തതിന് കാരണം സ്കൂളിലൊന്നും പോയി പഠിച്ചിട്ടില്ല എന്നതുകൊണ്ടാണ്. ജീവിതം, ഭാഷ, കണ്ടുമുട്ടിയ മനുഷ്യര്‍ ഇവരെപ്പറ്റിയാണ് കി.രാ. എഴുതുന്നത്. ജ്ഞാനപീഠം ലഭിക്കേണ്ടവരായിരുന്നു രണ്ടുപേരും. എഴുത്തില്‍ സ്വാഭാവികത എത്രത്തോളം ആവശ്യമാണോ അത്രത്തോളം. അതേപോലെ കലയുടെ അംശവും ആവശ്യമാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. എന്നാല്‍, അലങ്കാരപ്രയോഗങ്ങള്‍ ചായം പൂശിയപോലെ- വാരിത്തേച്ചപോലെ ആകരുത്. ഇലയിലെ പച്ചപോലെ, പൂവിലെ മകരന്ദംപോലെ ഇഴചേര്‍ന്നിരിക്കണം. മഴയോട് ചേര്‍ന്നുവരുന്ന നൈട്രജനെപ്പോലെ എന്റെ എഴുത്തില്‍ കലയുടെ അംശം ചേര്‍ന്നിരിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. ഇതാണ് അവരുടെ എഴുത്തും എന്റെ എഴുത്തും തമ്മിലുള്ള വ്യത്യാസം. സൗന്ദര്യം ആസ്വദിക്കാത്തവരായി ആരുണ്ട്? അത് എന്റെ എഴുത്തില്‍ കുറച്ച് കൂടുതലാണെന്ന് അഭിനന്ദിക്കുന്നവരുമുണ്ട്. കുറ്റം പറയുന്നവരുമുണ്ട്. ആദികാലം മുതല്ക്കു തന്നെയുള്ള തമിഴ് ജനതയുടെ സൗന്ദര്യാരാധന എന്റെ എഴുത്തിലുമുണ്ട്.
മൂവായിരത്തോളം വര്‍ഷം പഴക്കമുള്ള തമിഴ്സാഹിത്യ ചരിത്രം ഇപ്പോള്‍ ഞാന്‍ എഴുതിക്കൊണ്ടിരിക്കുന്നു. ഇന്നത്തെ തലമുറ സാഹിത്യം പഠിക്കുന്നില്ല. എല്ലാം തങ്ങളുടെ ഉള്ളംകൈയിലാണെന്ന് വിശ്വസിക്കുന്നു. വേണ്ടതുമാത്രം പഠിച്ചാല്‍ മതിയെന്ന് കരുതുന്നു. എന്തിനാണ് മനഃപാഠം പഠിക്കേണ്ടതെന്ന് ചോദിക്കുന്ന തലമുറ വളരുകയാണ്. അതുകൊണ്ട് ഓര്‍മശക്തിയും കുറയുന്നു. പൂര്‍വസൂരികളെ ഇളംതലമുറയ്ക്ക് പരിചയപ്പെടുത്താനുള്ള എന്റെ ശ്രമം ഉടനെ പുറത്തുവരും. വായനക്കാര്‍ അത് എന്ത് സാഹിത്യമാണെന്ന് തീരുമാനിച്ചുകൊള്ളും, മനസ്സിലാക്കിക്കോളും.
താങ്കളുടെ ഗ്രാമീണ നോവലുകളില്‍ അതുമായി ബന്ധപ്പെട്ട സൃഷ്ടികളില്‍ ജാതിവൈരുധ്യങ്ങളെ കാണാന്‍ സാധിക്കുന്നില്ലല്ലോ? അവയെ രേഖപ്പെടുത്തുന്നതിനെക്കുറിച്ച് എന്തു വിചാരിക്കുന്നു ?
എന്റെ സാഹിത്യത്തിന്റെ അടിസ്ഥാനം – മൂലം- സത്യമാണ്. ഞാന്‍ കാണാത്ത ജീവിതത്തെ എഴുതാനാകുമോ? ഞാന്‍ കേള്‍ക്കാത്ത ഭാഷയെ രേഖപ്പെടുത്താനാകുമോ? ഞാന്‍ ജീവിച്ച ജീവിതം, അനുഭവിച്ച വേദന, പഠിച്ച പാഠം, കണ്ടുമുട്ടിയ മനുഷ്യര്‍ അവരുടെ കണ്ണുനീര്, ദുഃഖം, പ്രേമം, കാമം, നഷ്ടം, മരണം ഇതൊക്കെ ഞാന്‍ കണ്ടതാണ്. എന്റെ സമൂഹവുമായി ബന്ധപ്പെട്ടവരെ- ഞാന്‍ കണ്ടവരെ മാത്രം രേഖപ്പെടുത്തിയാല്‍ പോരല്ലോ. എന്നാല്‍, അത് മറ്റൊരു സമൂഹത്തിന് വിരോധമായോ, ആ സമൂഹത്തെ മാത്രം ഉയര്ത്തിക്കാണിക്കുന്നതോ ആകാന്‍ പാടില്ലെന്ന് ഞാന്‍ ശ്രദ്ധിക്കുന്നു.
തമിഴ്നാട്ടിലെ ഗ്രാമീണ പൊതുജീവിതത്തെ, ആ പൊതു സത്യത്തെ ഞാന്‍ കണ്ടവിധം എഴുതാനാണ് എന്റെ സമൂഹത്തെ തുണയ്ക്ക് കൂട്ടിയത്. സ്വാഭാവികതയ്ക്കുവേണ്ടി, സത്യസന്ധതയ്ക്കുവേണ്ടി. ഒരു ജാതിക്കു മാത്രം അവകാശപ്പെട്ടതല്ല അത്.
ചില ജാതികളെയും സംസ്കാരത്തെയും ഉയര്‍ത്തിക്കാണിച്ചും ജാതിയെ വിമര്‍ശിച്ചും ദളിത് രാഷ്ട്രീയത്തെ നേരിട്ട് അവതരിപ്പിക്കുന്നതുമായ സിനിമകള്‍ വരുന്നുണ്ട്. ഈ ചുറ്റുപാടിനെ എങ്ങനെ കാണുന്നു ?
എന്തുകൊണ്ട് ദളിതുകള്‍ക്ക് സിനിമ എടുത്തുകൂടാ? അവരുടെ ജീവിതത്തെ ആരാണ് പറയേണ്ടത്? അവരുടെ ജീവിതം പൂര്‍ണമായും അവതരിക്കപ്പെട്ടില്ല. ചില വശങ്ങള് മാത്രമേ പുറത്തുവന്നിട്ടുള്ളൂ. ദളിതനായ- ആ ജീവിതം ജീവിച്ച ഒരു കലാകാരനു മാത്രമേ അതിനെ പൂര്‍ണമായും പറയാന്‍ കഴിയുകയുള്ളൂ. അതേസമയം, ഏതെങ്കിലും ആ സമൂഹത്തില്‍പ്പെട്ടവര്‍ ആ സമൂഹത്തെ ഉയര്‍ത്തിക്കാണിച്ച് കലാപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുമ്പോള്‍ അത് ജാതിലഹളയ്ക്ക് വിത്തിടും. അവനവന്റെ സമൂഹത്തിന്റെ പെരുമകള്‍ പറഞ്ഞോളൂ. പ്രത്യേകതകളെ എടുത്തു കാണിച്ചോളൂ. അവസാനം വരെ നടത്തുന്ന പോരാട്ടത്തെക്കുറിച്ച് പറഞ്ഞോളൂ. ദളിതുകളെപ്പറ്റി തേവര് സമുദായത്തില്‍ പെട്ടവര്‍ സിനിമ എടുക്കണം, തേവര് സമുദായത്തെപ്പറ്റി ദളിതുകള്‍ സിനിമ ചെയ്യണം. എങ്കിലേ ഐക്യം ഉണ്ടാകൂ.
ദ്രാവിഡരാഷ്ട്രീയത്തെ കുറ്റംപറയുന്ന സിനിമയായിരുന്നല്ലോ ‘ഇരുവര്‍’ ?
കരുണാനിധി അക്കാര്യം എന്നോട് ചോദിച്ചു. ഞാന്‍ അദ്ദേഹത്തോട് സിനിമ കണ്ടശേഷം തീരുമാനത്തിലെത്തണമെന്ന് പറഞ്ഞു. സിനിമ കണ്ടശേഷം ‘അങ്ങനെയൊന്നും ഇല്ലല്ലോ’ എന്നാണ് അദ്ദേഹം പറഞ്ഞ്. എ ആര് റഹ്മാനും ഞാനും ചേര്‍ന്ന് ചെയ്തവയില് ഏറ്റവും മികച്ച ഗാനങ്ങളുള്ള സിനിമയാണ് ഇരുവര്‍.
അഭിനയിക്കാനോ സംവിധാനം ചെയ്യാനോ സംഗീതം പകരാനോ – സിനിമയുമായി ബന്ധപ്പെട്ട് വേറെ ഏതെങ്കിലും വിഭാഗത്തില്‍ പ്രവേശിക്കാന്‍ – ഉദ്ദേശ്യമുണ്ടോ
എനിക്ക് ഭാഷയെപ്പറ്റിമാത്രമേ അറിവുള്ളൂ. മറ്റ് വിഷയങ്ങളില്‍ വട്ടപ്പൂജ്യം. ഗാനരചയിതാക്കളില്‍ പട്ടിക്കോട്ടൈ കല്യാണസുന്ദരവും ഞാനും മാത്രമാണ് സിനിമ നിര്‍മിക്കാത്തത്. അഭിനയിക്കില്ല, സിനിമ നിര്‍മിക്കില്ല. എഴുത്തൊഴിച്ച് വേറെ ഒരു വ്യാപാര ബന്ധവും സിനിമയുമായില്ല. സിനിമയ്ക്കു മാത്രമായ ചില ‘വൈകുന്നേര കൂട്ടുകെട്ടുനയ’വുമില്ല.
പലതരത്തിലുള്ള പരീക്ഷണങ്ങള്‍ സിനിമയില്‍ നടക്കുന്നു. ഗാനങ്ങളില്‍ പോലുമുണ്ട് അത്തരം ശ്രമങ്ങള്‍. നായകന് ഗാനം എഴുതുന്നു. ‘മാമാ ട്രൗസര്‍ കഴണ്ടിടുച്ചേ’ ‘ഷൂട്ട് ദ കുരുവി’ എന്നൊക്കെയുള്ള പാട്ടുകളെക്കുറിച്ച് എന്ത് പറയുന്നു ?
ഇത് കലയുടെ ജനാധിപത്യമാണ്. ഇന്ത്യന്‍ ജനാധിപത്യം എന്തൊക്കെ അപകടങ്ങളെ അഭിമുഖീകരിച്ചുവോ ആ അപകടങ്ങളെയൊക്കെ കലയിലെ ജനാധിപത്യവും നേരിട്ടേ മതിയാകൂ. എന്നിട്ട് ശരിയാകണം. ആദ്യം അങ്ങനെയൊക്കെ എഴുതട്ടെ.
അത്ഭുതപ്പെടുത്തിയ ട്യൂണുകള്‍ ?
മുതല്‍ മരിയാതയ്, സിന്ധുഭൈരവി, പൂവെ പൂ ചൂടവാ, റോജ, ബോംബെ, കറുത്തമ്മ എന്നീ സിനിമകളിലെ ഗാനങ്ങളൊക്കെ അത്തരത്തില്‍പ്പെട്ടതാണ്. ഇളയരാജയ്ക്കൊപ്പം എണ്‍പതുകളില്‍ ഞങ്ങള്‍ ചെയ്ത സംഗീതകാലം അതിമനോഹരമാണ്.
ചെറുഭാഷകളും അതുമായി ബന്ധപ്പെട്ട് കിടക്കുന്ന അടയാളങ്ങളും സംസ്കാരങ്ങളും അപകടകരമായ പ്രതിസന്ധികള്‍ നേരിട്ടുകൊണ്ടിരിക്കുന്ന ഇന്നത്തെ ഇന്ത്യയിലെ അവസ്ഥയെ എങ്ങനെ കാണുന്നു ?
ദേശീയ പടയെടുപ്പുകള്‍, സാര്‍വദേശീയ പടയെടുപ്പുകള്‍ എന്നിവയെ ഇന്ത്യയിലെ ചെറുഭാഷകളും വര്‍ഗങ്ങളും നേരിട്ടുകൊണ്ടിരിക്കുന്നുണ്ട്. ‘ഒരു നികുതി ഒരു ഇന്ത്യ’ എന്ന് ആരംഭിച്ച ഒരു പദ്ധതി ‘ഒരു ഭാഷ, ഒരു ദേശം, ഒരേ സംസ്കാരം’ എന്ന ആശയത്തിലേക്കാണോ നീങ്ങുന്നതെന്ന്- അതിനുള്ള വിത്താണോ ഇടുന്നതെന്ന ഭയം നാട്ടില്‍ പരക്കുന്നുണ്ട്.
നാനാത്വം ആഘോഷിക്കപ്പെടുന്നതുവരെ മാത്രമേ ഇന്ത്യ ഒന്നായി ഇരിക്കൂ. നാനാത്വത്തിന്റെ അടയാളങ്ങളെ, പെരുമകളെ, സൗന്ദര്യങ്ങളെ അംഗീകരിക്കുന്ന- വാഴ്ത്തുന്ന ദേശം മാത്രമേ ഒത്തൊരുമയോടെ നിലനില്‍ക്കൂ. മഴവില്ലിന് ഒരു നിറമാണെന്ന് പറയുന്നത് എത്രത്തോളം പ്രകൃതി വിരോധമാണോ അത്രയ്ക്കും ദേശവിരോധമാണ് ദേശത്തിന് ഒരേ ഭാഷ ഒരേ സംസ്കാരം എന്നു പറയുന്നത്.
സാമൂഹ്യ രാഷ്ട്രീയ പ്രശ്നങ്ങളിലൊന്നും താങ്കള്‍ നേരിട്ട് ഇറങ്ങി പോരാടിയിട്ടില്ല. എന്നാല്‍ എഴുത്തില്‍ പ്രകടിപ്പിച്ചിട്ടുണ്ട്. ഒരു സൃഷ്ടികര്‍ത്താവ് നേരിട്ട് കളത്തില്‍ ഇറങ്ങേണ്ട എന്നാണോ ?
കുന്തം ഉണ്ടാക്കിക്കൊണ്ടിരിക്കുന്നവരെല്ലാം യുദ്ധത്തില്‍ പങ്കെടുക്കണോ? കുന്തം ഉണ്ടാക്കുന്നതിലല്ലേ അവരുടെ പെരുമ. അതേപോലെതന്നെയല്ലേ വാളുണ്ടാക്കുന്നവരും. ആയിരം പേര്‍ക്ക് കുന്തം ഉണ്ടാക്കിക്കൊടുക്കുന്നവനും പത്തായിരം പേര്‍ക്ക് വാളുണ്ടാക്കി കൊടുക്കുന്നവനുമാണ് കലാകാരനും എഴുത്തുകാരനും. അവര്‍ കത്തിയുമായി പടക്കളത്തിലിറങ്ങേണ്ട ആവശ്യമില്ല.
പഴയ കാലത്തില്‍ പണ്ഡിതന്മാര് രാജാവിനോടൊപ്പം പോര്‍ക്കളത്തിലേക്ക് ചെന്ന് ആനപ്പുറത്ത് നിന്നുകൊണ്ട് യുദ്ധം കണ്ട് ഇതിഹാസം രചിച്ചിട്ടുണ്ടെന്നല്ലാതെ രാജാവിനോടൊപ്പം വാള് വീശിയിരുന്നില്ല. കുന്തം ഏന്തിയ കൈകളില്‍ എഴുത്താണിയും എഴുത്താണി ഏന്തിയ കൈകളില്‍ കുന്തവും ഒരു കാലത്തിലും നല്ലതല്ല.പെറ്റുതരേണ്ടത് എന്റെ (അമ്മ) കടമ, കഴിവുള്ളവനാക്കേണ്ടത് അച്ഛന്റെ കടമ, ആയുധം നിര്‍മിച്ചുകൊടുക്കേണ്ടത് കൊല്ലന്റെ കടമ, നല്ലനടപ്പ് നല്‍കേണ്ടത് രാജാവിന്റെ കടമ, കൂര്‍ത്ത് തിളങ്ങുന്ന വാള് വീശി ആനയെക്കൂടി വധിച്ച് വിജയിച്ചു വരേണ്ടത് മകന്റെ കടമ എന്ന ആശയം ‘പുറനാനൂറ്’ എന്നേ പറഞ്ഞിട്ടുണ്ടല്ലോ.
ഫെയ്സ്ബുക്കിലും ട്വിറ്ററിലും സജീവമല്ലല്ലോ ?
ഞാന്‍ പത്രങ്ങളുടെ കുഞ്ഞാണ്. എനിക്ക് ഇണങ്ങിയ, എന്നെ വളര്‍ത്തിയ പത്രങ്ങളോടൊപ്പമാണ് എന്റെ സഹവാസം. ഞാന്‍ പത്രങ്ങളില്‍ പറയുന്നതെല്ലാം സാമൂഹ്യ മാധ്യമങ്ങളില്‍ വരുന്നുണ്ട്. പിന്നെ ഞാനെന്തിനാണ് സ്വയം അവയൊക്കെ എഴുന്നത്.
ധര്‍മനീതികള്‍- സദാചാരം തകര്‍ന്നു കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തെ എങ്ങനെ വിലയിരുത്തുന്നു ?
യൂറോപ്പ്, അമേരിക്കന്‍ സംസ്കാരങ്ങളില്‍ നിന്ന് വിഭിന്നമാണ് ഏഷ്യന്‍ സംസ്കാരം. ഈ നൂറ്റാണ്ടിന്റെ അവസാനമാകുമ്പോഴേക്കും മതം യൂറോപ്പില്‍നിന്ന് പുറത്താകും. ഇപ്പോള്‍ത്തന്നെ പള്ളികളെല്ലാം ഷോപ്പിങ് കോംപ്ലക്സുകളായി മാറിക്കൊണ്ടിരിക്കുന്നു. വിശ്വാസികള്‍ കുറഞ്ഞു വരുന്നു. ദൈവത്തിന്റെ പേരിലുള്ള ഭീഷണിപ്പെടുത്തലുകള്‍ ഇല്ലാതാകുന്നു. ഭീഷണി ഇല്ലാതായതോടെ സദാചാരത്തോടുള്ള താല്‍പ്പര്യം കുറഞ്ഞു. ഇന്ന് സദാചാരം പാലിച്ചുകൊണ്ട് ജീവിക്കുന്നത് ഉപഭോഗ സംസ്കാരത്തിന് എതിരാണെന്ന ഒരു ആശയം വന്നിട്ടുണ്ട്.
ഉപഭോഗസംസ്കാരത്തിനു മുന്നില്‍ എല്ലാ മൂല്യങ്ങളും തകരുന്നു. കലയിലും സംസ്കാരത്തിലുമുള്ള മാറ്റം തുടങ്ങുന്നത് പുറംനാടുകളില്‍ നിന്നാണ്.
‘ഭാഷ മാറിയാലും ഇന്ത്യന്‍ സാഹിത്യം ഒന്നു തന്നെയാണ്’ എന്നതിനോട് യോജിക്കുന്നുണ്ടോ ?
ഇന്ത്യന്‍ സാഹിത്യമല്ല, ലോകസാഹിത്യം തന്നെ ഒന്നുതന്നെയാണ്. മൂക്കുകള്‍ പലതാണെങ്കിലും ശ്വസിക്കുന്ന കാറ്റ് ഒന്നുതന്നെയാണല്ലോ. പരിഭാഷകള്‍ ഇല്ലായിരുന്നെങ്കില്‍ ബഹുമുഖ ഭാരതീയ സംസ്കാരത്തെ നമ്മള് മനസ്സിലാക്കിയിട്ടുണ്ടാകില്ല. പല തമിഴരുടെയും വീടുകളില്‍ ടാഗോറിന്റെ ഫോട്ടോ കാണാം. എന്നാലും നല്ല സാഹിത്യ കൃതികള്‍ പരിഭാഷപ്പെടുത്തപ്പെട്ടിട്ടില്ല. ഇതൊരു നഷ്ടമാണ്.
അശോക് വാജ്പേയുടെ ഇന്ത്യന്‍ കവിതകള്‍, കമലേശ്വറിന്റെ കിത്ത്നെ പാകിസ്ഥാന്, എന്‍ മോഹനന്റെ ചെറുകഥകള്‍, ചന്ദ്രശേഖര കമ്പാറിന്റെ കവിതകള്‍, നാരായണ റെഡ്ഡിയുടെ സാഹിത്യങ്ങള്‍, ഗുല്‍സാറിന്റെ ഗാനങ്ങള്‍ തുടങ്ങിയ സമകാല സാഹിത്യങ്ങളെ എല്ലാ ഭാഷകളിലേക്കും പരിഭാഷപ്പെടുത്തണം. കേന്ദ്ര സാഹിത്യ അക്കാദമി എന്റെ ‘കള്ളിക്കാട്ട് ഇതിഹാസ’ത്തെ 24 ഭാഷകളില്‍ പരിഭാഷപ്പെടുത്തിക്കൊണ്ടിരിക്കുന്നു. പരിഭാഷപ്പെടുത്തിയാല്മാത്രം പോരാ. സാഹിത്യ ചന്തയില്‍ അവ എത്തുകയും വേണം.
മൂന്നാം ലോക മഹായുദ്ധത്തെപ്പറ്റി താങ്കള്‍ ഒരു നോവല്‍ എഴുതിയിട്ടുണ്ട്. ഇന്നത്തെ പ്രശ്നങ്ങള്‍ക്ക് ഇതില്‍ എന്തെങ്കിലും പരിഹാരങ്ങളുണ്ടോ ?
കൃഷി അവഗണിക്കപ്പെട്ടാല്‍ ഇന്ത്യന്‍ സംസ്കാരത്തിന്റെ, സമ്പദ്ഘടനയുടെ അടിത്തറ തകര്‍ന്നുപോകും. ഇന്ത്യ കാത്തു സൂക്ഷിക്കുന്ന സഹനത്തിന്റെ കയറ് പൊട്ടിപ്പോകും. സ്വാഭിമാനത്തോടെ കഴിയുന്ന ഇന്ത്യയുടെ കൃഷിമുഖം നഗരത്തിലെ ചേരിക്കുള്ളില്‍ എലിജീവിതം നയിക്കേണ്ടിവരും. 2050ല്‍ എല്ലാവരുടെ കൈയിലും സ്വര്‍ണം ഉണ്ടാകും. തക്കാളി ഉണ്ടാകുമോ?
വൈരമുത്തുവിനെ തമിഴ്സമൂഹം എങ്ങനെ കാണുന്നു ?
പാവങ്ങളുടെയും പാമരന്മാരുടെയും അടുത്ത് എന്റെ ഗാനങ്ങള്‍ എത്തിച്ചേര്‍ന്നിട്ടുണ്ട്. ജീവിക്കാനറിയുന്ന സമര്‍ഥനായിട്ടാണ് ബുദ്ധിജീവികള്‍ എന്നെ കാണുന്നത്. മുതിര്‍ന്നവരും കുട്ടികളും എന്നെ തൊട്ട് സംസാരിക്കുന്നു. സത്യസന്ധനായ ഒരു സ്രഷ്ടാവ്, ഒരു പോരാളി, ആരെയും വേദനിപ്പിക്കാത്ത മനുഷ്യന്, കഴിയുന്ന വിധത്തില്‍ നന്മകള് ചെയ്യുന്ന ഗ്രാമീണന് എന്ന് എന്നെ മനസ്സിലാക്കിയാല്‍ മതി. ഒരു സ്രഷ്ടാവായിരുന്നുവെന്ന് കാലം പറയട്ടെ. നല്ല മനുഷ്യന് എന്ന് വര്‍ത്തമാനകാലം പറയട്ടെ.
മതിയെന്ന് എപ്പോഴെങ്കിലും തോന്നീട്ടുണ്ടോ ?
ശ്വസിച്ചത് മതിയെന്ന് എപ്പോഴെങ്കിലും തോന്നാറുണ്ടോ? ശ്വാസം, സൃഷ്ടി രണ്ടും ഒന്നുതന്നെയാണ്. രണ്ടല്ല.
(കടപ്പാട്: വികടന്- തടം മാസിക)
(വൈരമുത്തു: തമിഴ്നാട്ടിലെ തേനി ജില്ലയിലുള്ള മേട്ടൂര്‍ എന്ന ചെറുഗ്രാമത്തില്‍ 1953ല്‍ ജനിച്ചു. കര്‍ഷക കുടുംബം. പഠിക്കുമ്പോള്‍ത്തന്നെ കവിതയെഴുതാന്‍ തുടങ്ങി. ആദ്യ കവിതാസമാഹാരമായ ‘വൈഗരൈ മേഘങ്ങള്‍’ വിദ്യാര്‍ഥിയായിരിക്കുമ്പോള്‍ത്തന്നെ പാഠപുസ്തകമായി. 1980ല്‍ ‘നിഴല്‍കള്‍’ എന്ന സിനിമയ്ക്ക് ഗാനം എഴുതിക്കൊണ്ട് സിനിമാലോകത്തേക്ക് പ്രവേശിച്ചു. ഏഴായിരത്തോളം ഗാനങ്ങള്‍ എഴുതിയിട്ടുണ്ട്. ആറുതവണ സ്റ്റേറ്റ് അവാര്‍ഡും ഏഴുതവണ നാഷണല്‍ അവാര്‍ഡും ലഭിച്ചിട്ടുണ്ട്. 2014ല്‍ പത്മഭൂഷണ്‍ ലഭിച്ചു. ‘കള്ളിക്കാട്ട് ഇതിഹാസം’ എന്ന നോവലിന് 2003ല്‍ കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചു. മികച്ച പ്രഭാഷകന്‍ കൂടിയായ വൈരമുത്തു കവിത, നോവല്‍, ചെറുകഥ, യാത്രാവിവരണം എന്നിവയിലായി 42 കൃതികള്‍ രചിച്ചിട്ടുണ്ട്. ഭാര്യ ഡോ. പൊന്മണി വൈരമുത്തു. കോളേജ് അധ്യാപിക. മക്കള്‍: ഗാര്‍ഗി വൈരമുത്തു, കവിലന് വൈരമുത്തു. രണ്ടു പേരും കവികളും ഗാനരചയിതാക്കളുമാണ്. വൈരമുത്തുവിന് തമിഴില്‍ മാസ്റ്റര്‍ ഡിഗ്രിയുണ്ട്)