‘ദി ലണ്ടൻ പേഷ്യന്റ്’ എന്ന വിളിപ്പേര് നൽകിയ വ്യക്തിയാണ്, ചരിത്രത്തിൽ രണ്ടാമതായി എച്ച് ഐ വിയെ അതിജീവിക്കുന്നത്.
ഒരു ദശാബ്ദം മുമ്പാണ് ‘ദി ബെർലിൻ പേഷ്യന്റ്’ എന്നു നാമകരണം ചെയ്ത ‘തിമോത്തി റേ ബ്രൗണി’നെ എച്ച് ഐ വി അതിജീവിച്ച ചരിത്രത്തിലെ ആദ്യ വ്യക്തിയായി പ്രഖ്യാപിച്ചത്. ഇവർ ഇരുവരും വിത്ത് കോശം മാറ്റിവയ്ക്കൽ ശസ്ത്രക്രിയയിലൂടെയാണ് (STEM CELL TRANSPLANTATION) എച്ച് ഐ വിയിൽ നിന്നു മുക്തി നേടിയത്.
ആദ്യ വ്യക്തിയായ തിമോത്തി റേ ബ്രൗൺ, അക്യൂട്ട് മൈലോയിഡ് ലുക്കിമിയ (രക്താര്‍ബുദം) എന്ന രോഗത്തിനും ലണ്ടൻ പേഷ്യന്റ്, ഹോഡ്കിങ്സ് ലിംഫോമ ( ലിംഫോസൈറ്റുകളെ ബാധിക്കുന്ന രക്താര്‍ബുദം) എന്ന രോഗത്തിനും വേണ്ടിയായിരുന്നു ചികിത്സ ചെയ്തിരുന്നത്. ഇതിന്റെ ഭാഗമായാണ് വിത്ത് കോശം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ ഇരുവരിലും നടത്തിയത്. അപൂർവ്വ ജനിതക വ്യതിയാനം സംഭവിച്ച CCR5 ജീനുള്ള ദാതാവിൽ നിന്നാണ്, വിത്ത് കോശം മാറ്റിവയ്ക്കൽ ശസ്ത്രക്രിയക്കുവേണ്ടി ഇരുവരും കോശങ്ങൾ സ്വീകരിച്ചത്.
ആദ്യ വ്യക്തിയിൽ വിത്ത് കോശം മാറ്റിവയ്ക്കൽ ശസ്ത്രക്രിയയോടൊപ്പം മറ്റു പല ചികിത്സകളും ചെയ്തതിനാൽ, അതിലേതു ചികിത്സയാണ് എച്ച് ഐ വിയെ അതിജീവിക്കാൻ സഹായിച്ചതെന്ന് കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. എന്നാൽ രണ്ടാമത്തെ വ്യക്തിയായ ലണ്ടൻ പേഷ്യന്റിൽ വിത്ത് കോശം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തിയതിനു ശേഷം, പതിനാറു മാസത്തേക്ക് ആന്റി റിട്രോവൈറൽ തെറാപ്പി നിർത്തിവയ്ക്കുകയും തുടർന്നുള്ള പതിനെട്ട് മാസം എച്ച് ഐ വിയുടെ ചികിത്സാക്രമവും താരതമ്യേന കുറച്ചു.
ഇതിന്റെ ഫലമായി, രണ്ടാമത്തെ വ്യക്തിയിൽ, ഒരു ലിറ്ററിന്റെ ആയിരത്തിലൊരംശത്തിൽ ഒരു പകര്‍പ്പ് എന്ന രീതിയിൽ രോഗാണു ചുരുങ്ങുകയും തുടർന്ന് ‘ക്വാണ്ടിറ്റേറ്റീവ് വൈറൽ ഔട്ട്ഗ്രോത് അസ്സേയ്’ എന്ന പരിശോധന നടത്തുകയും ചെയ്തു. കോശങ്ങളുടെ പ്രതലത്തിൽ കാണപ്പെട്ട ഇരുപത്തിനാലു ദശലക്ഷം വൈറസുകൾക്കും ആക്രമണശേഷി ഇല്ല എന്നു തെളിഞ്ഞു. എന്നിരുന്നാലും പതിനെട്ടു മാസമെന്ന ചുരുങ്ങിയ കാലയളവിൽ, രണ്ടാമത്തെ യുവാവ് രോഗവിമുക്തനായെന്ന് ആധികാരികമായി സ്ഥിരീകരിക്കാറായിട്ടില്ല എന്നാണ് വിദഗ്ധരുടെ നിലപാട്.
ഇവർ ഇരുവരും കാൻസർ രോഗികളായതു കൊണ്ടാവാം വിത്ത് കോശം മാറ്റിവയ്ക്കൽ ശസ്ത്രക്രിയയിലൂടെ എച്ച് ഐ വിയെ പരാജയപ്പെടുത്താൻ സാധിച്ചതെന്ന നിഗമനത്തിലാണ് ശാസ്ത്ര ലോകം. കാരണം, അർബുദം ബാധിക്കാത്ത, എച്ച് ഐ വിബാധിതനായ മറ്റൊരു വ്യക്തിയിൽ വിത്ത് കോശം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തിയതിൽ, ഡോക്ടർമാർക്ക് വിജയം കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല.