പരിസ്ഥിതിയോടും പ്രകൃതിയോടും കലഹിച്ചും തനിക്കു അനുകൂലമായി പരിസ്ഥിതിയെ രൂപാന്തരംചെയ്തുമാണ് മനുഷ്യന് എന്ന ജീവി ഭൂമിയില്‍ അതിന്റെ നിലനില്‍പ്പ് ഉറപ്പിച്ചിട്ടുള്ളത്. നിലനിന്ന പരിസ്ഥിതി സാഹചര്യവും മനുഷ്യ ആവാസത്തിന് അനുകൂലമായിരുന്നു എന്നതും മറ്റൊരു സത്യം തന്നെ.
പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ അതുകൊണ്ടുതന്നെ കേവലമായ ഭാവനാലോകത്തില്നിന്ന് മനുഷ്യനിലനില്പിന്റെ യാഥാർഥ്യത്തില്‍ വന്നുചേരേണ്ടതാണ്. പരിസ്ഥിതിയില്‍ മനുഷ്യന് നടത്തുന്ന കൈകടത്തലുകള്‍ മനുഷ്യനു പ്രതികൂലമാക്കുന്ന സാഹചര്യം തിരിച്ചറിഞ്ഞ് നടപടികള്‍ എടുക്കണം. മനുഷ്യാഭിവൃദ്ധിയും ഉന്നമനവും അടിസ്ഥാനപ്പെടുത്തി വേണം പരിസ്ഥിതിസംരക്ഷണം.
അതിനുപരിയായി വേറെ തലത്തില്‍ പരിസ്ഥിതി സംരക്ഷണം നിലനില്‍ക്കുന്നതല്ല. കാരണം, പരിസ്ഥിതിയെ നോക്കിക്കാണുന്നതും അതില്‍ മൂല്യങ്ങള്‍ ആരോപിക്കുന്നതും മനുഷ്യാവശ്യങ്ങളുടെയും മാനവചിന്തയുടെയും സാങ്കല്പികതയുടെയും പ്രവര്‍ത്തനമാണ്.
പരിസ്ഥിതി സംരക്ഷണം എന്നതിനെ മനുഷ്യന് ആവശ്യമായതും ഗുണകരവുമായ രീതിയില്‍ പരിസ്ഥിതിയെ നിലനിര്‍ത്തുക എന്നതായി വേണം നിര്‍വചിക്കാന്‍. മനുഷ്യരില്‍തന്നെ വിവിധ വിഭാഗങ്ങള്‍ നിലനില്‍ക്കുന്നതിനാലും ഇവയുടെ ആവശ്യങ്ങള്‍ പലതരമായതിനാലും നമ്മള് പലപ്പോഴും കാണുന്നത് പ്രബലവര്‍ഗത്തിന്റെ താല്പര്യങ്ങള് പൊതുതാല്പര്യങ്ങളായി പ്രചരിക്കപ്പെടുന്നതാണ്. ഇതിനാല്‍ത്തന്നെ സമൂഹത്തിനു ഗുണകരമായ പരിസ്ഥിതിസംരക്ഷണപ്രവര്‍ത്തനങ്ങള്‍ എന്തെന്ന് വ്യക്തമായി പഠിച്ചും വിവിധ വര്ഗതാല്പര്യങ്ങളെ സമരസപ്പെടുത്തിയും മാത്രമേ മൂര്‍ത്തമായ ഒരു വ്യവസ്ഥയില്‍ പരിസ്ഥിതിസംരക്ഷണനയങ്ങളും പ്രവര്‍ത്തനങ്ങളും സാധ്യമാകൂ.
പരിസ്ഥിതി ക്യുസ്നെറ്റ്സ് വക്രരേഖ
പരിസ്ഥിതിയെക്കുറിച്ചുള്ള ഒരു പ്രബലവാദഗതിയാണ് പരിസ്ഥിതി ക്യുസ്നെറ്റ്സ് വക്രരേഖ സങ്കല്പമായി മുന്നോട്ടുവെക്കുന്നത്. പരിസ്ഥിതിയെക്കുറിച്ചു പഠിക്കുന്ന സാമ്പത്തികശാസ്ത്രം ഉപയോഗിക്കുന്ന തത്വങ്ങളില്‍ ഒന്നാണ് ഈ സങ്കല്പം. ഇതു പറയുന്നത്, ഒരു രാജ്യത്തിന്റെ മൊത്ത ആഭ്യന്തര ഉത്പാദനം കൂടിക്കൊണ്ടിരിക്കുമ്പോള്‍ ആദ്യം പരിസ്ഥിതിയുടെ ഗുണനിലവാരം ഇടിയുകയും പിന്നീട് വര്‍ദ്ധിക്കുകയും ചെയ്യുമെന്നാണ്. മൊത്ത ആഭ്യന്തര ഉത്പാദനം കുറവായിരിക്കുന്ന രാജ്യത്ത് ജനങ്ങള്‍ പൊതുവെ ദരിദ്രരായിരിക്കുകയും അതിനാല്‍ത്തന്നെ അവരുടെ മുന്‍ഗണന ധനസമ്പാദനത്തിലാകും, അല്ലാതെ പരിസ്ഥിതി സംരക്ഷണത്തില്‍ ആവില്ല എന്നതാണ് ഇതിനു പിറകിലുള്ള ചിന്ത. അതുകൊണ്ടുതന്നെ സമ്പത്ത് വര്‍ദ്ധിക്കാനായി പ്രകൃതിശോഷണം നടത്താന്‍ ജനങ്ങള്‍ തയ്യാറാകും എന്ന് ഈ സിദ്ധാന്തം രേഖപ്പെടുത്തുന്നു.
സമ്പത്ത് വളര്‍ത്താന്‍ അങ്ങനെ ജനങ്ങള്‍ കൂടുതലായി പ്രകൃതിയെ ചൂഷണം ചെയ്യും. രാജ്യത്തിന്റെ സമ്പത്ത് വളര്‍ന്ന് ഒരു പ്രത്യേക പരിധിയില്‍ എത്തി കഴിഞ്ഞാല്‍ പിന്നെ പ്രകൃതിസംരക്ഷണത്തിന് കൂടുതല്‍ പണം അനുവദിക്കാനും പരിസ്ഥിതിസംരക്ഷണ പ്രവര്‍ത്തനങ്ങളിൽ കൂടുതല്‍ ശ്രദ്ധ ചെലുത്താനും ഉയര്‍ന്ന മൊത്ത ആഭ്യന്തരവരുമാനമുള്ള രാജ്യം ശ്രമിക്കുന്നു എന്നാണ് ഈ സിദ്ധാന്തം മുന്നോട്ടുവെക്കുന്ന വിശദീകരണം. സമ്പത്ത് വര്ദ്ധിച്ചിരിക്കുന്നതുകൊണ്ടുതന്നെ മലിനമല്ലാത്ത പരിസരത്ത് വസിക്കുക എന്നതും മുന്ഗണനയായിത്തീരുന്നു. മലിനമല്ലാത്ത വെള്ളം, വായു, പരിസരം എന്നിവ ആവശ്യപ്പെടാനും നേടിയെടുക്കാനുമുള്ള സാമ്പത്തികശേഷി ആ രാജ്യം കൈവരിക്കുന്നു. അതുകൊണ്ട് പരിസ്ഥിതിയുടെ ഗുണനിലവാരം ഉയര്‍ത്താൻ പ്രവര്‍ത്തനങ്ങള്‍ നടക്കുകയും, പരിസ്ഥിതിയുടെ ഗുണനിലവാരം ഉയരുകയും ചെയ്യുന്നു എന്നാണ് പരിസ്ഥിതി ക്യുസ്നെറ്റ്സ് വക്രരേഖയുടെ വിശദീകരണം.
ഇതിനവർ മുന്നോട്ടുവെക്കുന്ന തെളിവ് ഇതാണ്: ഉയര്‍ന്ന മൊത്ത ആഭ്യന്തര ഉത്പാദനം നിലനില്‍ക്കുന്ന രാജ്യങ്ങളില്‍ പരിസ്ഥിതിയുടെ ഗുണനിലവാരം, കുറഞ്ഞ മൊത്ത ആഭ്യന്തര ഉത്പാദനമുള്ള രാജ്യങ്ങളേക്കാൾ കൂടുതലാണെന്നു കണക്കുകള്‍ കാണിക്കുന്നു.
പക്ഷെ ലോകമാകെ പരിസ്ഥിതി മലിനീകരണം കൂടിക്കൊണ്ടിരിക്കുന്നു എന്നുകൂടി കണക്കുകള്‍ വ്യക്തമാക്കുന്നു. വികസിത രാജ്യങ്ങളും അവിടുത്തെ ജനതയും ഉപഭോഗത്തിന്റെ കാര്യത്തില്‍ വര്‍ദ്ധന മാത്രമാണ് കാണിക്കുന്നത്. പരിസ്ഥിതി മലിനീകരണം നടത്തുന്ന വ്യവസായങ്ങളേയും വികസനപ്രവൃത്തികളേയും വികസ്വര രാജ്യങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിക്കുക മാത്രമാണ് നടന്നത്. വികസ്വരരാജ്യങ്ങളുടെ മൊത്ത ആഭ്യന്തര ഉത്പാദനം ഉയര്‍ന്നാൽപ്പിന്നെ മലിനീകരണം നടത്തുന്ന വ്യവസായങ്ങള്‍ എവിടേക്കു മാറ്റുമെന്നത് ഇന്ന് ഉത്തരമില്ലാത്ത ചോദ്യമാണ്.
സാങ്കേതികവിദ്യയുടെ വികാസം പരിസ്ഥിതിമലിനീകരണം കുറക്കും എന്ന പ്രഖ്യാപനം ഇതുവരെ യാഥാർഥ്യമായിട്ടില്ല.
വികസ്വരരാജ്യത്തിലെ സാമ്പത്തികമായി പിന്നോക്കം നില്ക്കുന്ന ജനത പരിസ്ഥിതിസംരക്ഷണത്തിനു മുന്‍ഗണന നൽകുന്നില്ല എന്ന വാദം ശരിയല്ലെന്നതിന് പല തെളിവുകളും ലഭ്യമാണ്. പരിസ്ഥിതിനാശം പലപ്പോഴും അതിഭീകരമായിത്തന്നെ സാമ്പത്തികമായി പിന്നോക്കം നില്ക്കുന്ന ജനവിഭാഗങ്ങളെ ബാധിക്കുന്നു. കേവല പരിസ്ഥിതിവാദത്തിന്റെ ചിന്താമണ്ഡലത്തില്‍ നിന്നു മാറിനിന്നാല്‍ ഒരു ജനതയുടെ ജീവിതസാഹചര്യങ്ങളിലും ഉത്പാദനവ്യവസ്ഥയിലും നിന്നുകൊണ്ടുവേണം പരിസ്ഥിതി സംരക്ഷണം എന്ന തത്ത്വം തിരിച്ചറിയാന്‍ സാധിക്കും.
ചിപ്കോ പ്രസ്ഥാനത്തിന്റെ ചരിത്രം
ചിപ്കോ പ്രസ്ഥാനത്തിന്റെ ചരിത്രം ഇതില്‍ പ്രധാനമാണ്. സാമ്പത്തികമായി പിന്നോക്കം നില്ക്കുന്ന ഒരു വിഭാഗം തങ്ങളുടെ വര്ഗാവശ്യങ്ങളെ തിരിച്ചറിയുകയും അതിനുവേണ്ടി പ്രവര്‍ത്തിക്കുകയും ചെയ്തതിന്റെ കഥയാണ് ചിപ്കോ പ്രസ്ഥാനത്തിനു പറയാനുള്ളത്. പലരും പല രീതിയില്‍ പ്രയോഗിച്ച പദമാണ് വര്‍ഗം. വര്‍ഗം എന്നത് അടിസ്ഥാനപരമായി ഒരു ഉത്പാദന വ്യവസ്ഥയിലെ സ്ഥാനമാണ്. ചിപ്കോ പ്രസ്ഥാനത്തിന്റെ ചരിത്രം ഒരു സമ്പദ്വ്യവസ്ഥയുടെ കഥ കൂടി പറഞ്ഞുതരുന്നു. ഒരു ഗ്രാമീണ ജനതയുടെ ജീവിതത്തില്‍ ഭരണകൂടത്തിന്റെയും സമ്പത്ത് സമാഹാരണത്തിന്റെയും പ്രവര്‍ത്തനങ്ങള്‍, പ്രകൃതിദുരന്തങ്ങള്‍ എന്നിവ കാരണം സംഭവിച്ച കഷ്ടങ്ങൾ എങ്ങനെ ഒരു ജൈവികമായ ഒരു പരിസ്ഥിതി പ്രസ്ഥാനമായി മാറി എന്നതിന്റെ പ്രത്യക്ഷ ഉദാഹരണമാണ് ചിപ്കോ.
1970കളിൽ വനവൃക്ഷങ്ങൾ മുറിക്കാൻ കരാറുകാരെ അനുവദിക്കുന്ന ഉത്തർപ്രദേശ് സർക്കാരിന്റെ നയത്തിനെതിരെ കർഷകരും ഗ്രാമീണജനങ്ങളും ഒത്തുചേർന്ന് നടത്തിയ അക്രമരഹിതസമരമാണ് ചിപ്കോ പ്രസ്ഥാനം. ചിപ്കോ എന്ന വാക്കിന്റെ അർത്ഥം ‘ചേർന്ന് നിൽക്കൂ’, ‘ഒട്ടി നിൽക്കൂ’ എന്നൊക്കെയാണ്. 1927ലെ വന നിയമം, വനങ്ങള്‍ സര്‍ക്കാറിന്റെതായി പ്രഖ്യാപിച്ചു. അതോടെ വനങ്ങളില്‍ കാലങ്ങളായി താമസിച്ചവര്‍ കൈയേറ്റക്കാരായി. 1974ല്‍ ദസോലി ഗ്രാമസ്വരാജസംഘം രൂപീകരിക്കപ്പെട്ടു. കുറച്ച് വനവൃക്ഷങ്ങൾ മുറിക്കാനുള്ള സംഘത്തിന്റെ ആവശ്യം നിരാകരിച്ച് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ വ്യാവസായികാടിസ്ഥാനത്തില്‍ പുറത്തുനിന്നുള്ള ഒരു വ്യവസായ സ്ഥാപനത്തിനു മരം മുറിക്കാന്‍ കരാര്‍ നല്കി.
1974 മാർച്ച് 26ന് ഉത്തരാഖണ്ഡിലെ (അന്ന് ഉത്തർ പ്രദേശിന്റെ ഭാഗമായിരുന്ന) ചമോലി ജില്ലയിലെ റെനി ഗ്രാമത്തിൽ ഗ്രാമീണ വനിതകൾ നടത്തിയ സമരമാണ് ഈ പ്രക്ഷോഭത്തിൽ നാഴികക്കല്ലായത്. വനനിയമ പ്രകാരം കാട്ടില്‍ വൃക്ഷങ്ങളുടെ ചില്ലപോലും മുറിക്കാനോ പെറുക്കാനോ ഗ്രാമീണർക്ക് അവകാശം ഇല്ലായിരുന്നു. വീട്ടില്‍ ഭക്ഷണം പാകം ചെയ്യാനും അതുപോലത്തെ മറ്റു കാര്യങ്ങൾക്കും ഉത്തരവാദിത്തം ഉണ്ടായിരുന്ന സ്ത്രീകള്‍ ഇതിന്റെ ഫലമായി വളരെ ബുദ്ധിമുട്ടുകള്‍ അനുഭവിച്ചിരുന്നു. നഷ്ടപരിഹാരം നല്‍കാം എന്നു പറഞ്ഞ് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഗ്രാമത്തില്‍ പുരുഷന്മാരെ വിളിച്ചു വരുത്തി, അതേസമയംതന്നെ മരം മുറിക്കാന്‍ കരാര്‍ ലഭിച്ചവര്‍ മരം മുറിക്കാനും എത്തി. ഇതറിഞ്ഞ് സ്ത്രീകള്‍ മരങ്ങള്‍ കെട്ടിപ്പിടിച്ചുകൊണ്ട് ഇതിനെ തടുത്തു. ഇങ്ങനെയാണ് ചിപ്കോ പ്രസ്ഥാനം ഉദിച്ചുയര്‍ന്നത്. മൂര്‍ത്തമായ ജീവിതസാഹചര്യങ്ങളില്‍നിന്നു ഉയര്‍ന്നുവന്നതാണ് ഈ പരിസ്ഥിതി മുന്നേറ്റം.
പരിസ്ഥിതി പ്രശ്നങ്ങള്‍ പഠിക്കേണ്ടത് മൂര്‍ത്തമായ സാഹചര്യങ്ങളിലാണ്. പ്രകൃതിസംരക്ഷണം ചിലര്‍ വിഭാവനചെയ്യുന്ന വിധം മനുഷ്യസാമീപ്യം ഇല്ലാത്ത ഒരിടം നിര്‍മിക്കുക എന്നതല്ല. മറിച്ച്, മനുഷ്യജീവനും ജീവിതപുരോഗതിക്കും സഹായകമായ രീതിയില്‍ പ്രകൃതിയില്‍ ഇടപെടുക എന്നതായി വേണം കാണാന്‍.