ബാബുരാജിനെക്കുറിച്ചുള്ള എന്റെ സ്മരണകൾക്ക് ഏറെ പഴക്കമുണ്ട്. ഓർമവച്ച നാൾമുതൽ ഞങ്ങൾ താമസിച്ചിരുന്ന കൊച്ചുവീട്ടിൽ തന്നെയായിരുന്നു അദ്ദേഹവും. അമ്മാവൻ കുഞ്ഞുമുഹമ്മദിന്റെ പൊലീസ് ക്വാർട്ടേഴ്സിലായിരുന്നു അന്ന് ഞങ്ങളുടെ താമസം. ഉമ്മയുടെ ഇളയ അനുജത്തി നബീസയെയാണ് ബാബുക്ക വിവാഹം കഴിച്ചത്. നല്ല സംഗീതബോധമുണ്ടായിരുന്ന അവർ ഹാർമോണിയം വായിക്കുമായിരുന്നു.
ഡാഡ എന്ന് ഞങ്ങൾ വിളിച്ചിരുന്ന എന്റെ പിതാവ് കോഴിക്കോട് അബ്ദുൾ ഖാദറിന്റെ ഹാർമോണിസ്റ്റായിരുന്നു അക്കാലത്ത് ബാബുരാജ്. നല്ലൊരു ഗായകൻകൂടിയായ അദ്ദേഹം സംഗീതസംവിധായകനായി ഉയരങ്ങൾ കീഴടക്കിയതും മലയാളത്തിന്റെ പ്രിയങ്കരനായി മാറിയതുമൊക്കെ ഞങ്ങളുടെ കൺമുമ്പിൽവച്ചാണ്. ഹാർമോണിയത്തിൽ എനിക്ക് ബാലപാഠങ്ങൾ പറഞ്ഞുതന്നത് അദ്ദേഹമാണ്. ജന്മവാസനയായിരുന്നു അദ്ദേഹത്തിന്റെ ബലം. വിഖ്യാത സംഗീതജ്ഞനായിരുന്ന പിതാവ് ജാൻ മുഹമ്മദിന്റെ ശിക്ഷണം കാര്യമായി ലഭിക്കാൻ ഭാഗ്യമുണ്ടായില്ലെങ്കിലും പ്രതിഭ ജീനുകളിലൂടെ പകർന്നുകിട്ടിയിരുന്നു.
ഹാർമോണിയത്തിന്റെ ബാലപാഠങ്ങൾ മാത്രമേ പിതാവിൽനിന്ന് നേരിട്ട് കിട്ടിയിട്ടുള്ളൂ. വിൻസന്റ് മാസ്റ്ററടക്കമുള്ള ഗുരുക്കന്മാരുടെ അടുക്കൽ പോയി പഠിച്ചിട്ടുണ്ടെങ്കിലും ഒരു ഗുരുവിന്റെ കീഴിലും ചിട്ടയായി അഭ്യസിച്ചിട്ടില്ല. അറിവുകളധികവും നേടിയത് ഊരുചുറ്റുന്ന സംഗീതജ്ഞരിൽനിന്നാണ്. ഭിക്ഷാംദേഹിയായി അലയുന്നതിനിടയിൽ ജന്മവാസന പരിപോഷിപ്പിക്കപ്പെടുകയായിരുന്നു. അസാമാന്യ ശേഷിയുള്ള സംഗീത മസ്തിഷ്കമായിരുന്നു അദ്ദേഹത്തിന്റേത്.
ഇന്ന്, വർഷങ്ങൾക്കുശേഷം ബാബുരാജിനെ വിലയിരുത്തുമ്പോൾ അദ്ദേഹത്തിലെ കലാകാരനെക്കുറിച്ച് നിറഞ്ഞ സ്നേഹവായ്പോടെയല്ലാതെ എനിക്ക് ഓർമിക്കുവാൻ കഴിയുന്നില്ല. ജീവിതക്ലേശങ്ങൾ ഏറെ കണ്ടവനായിരുന്നു അദ്ദേഹം. എട്ടാം വയസ്സിൽതന്നെ പിതാവിന്റെ വിയോഗവും തുടർന്ന് അനാഥത്വവും അനുഭവിക്കേണ്ടിവന്നു. ദുരിതക്കടലിൽ നീന്തുമ്പോഴും പീഡനങ്ങളേറ്റുവാങ്ങുന്നതിൽ നിഗൂഢമായ ഒരാനന്ദം കണ്ടെത്തിയിരുന്നു. അതുകൊണ്ടുതന്നെ ജീവിതം ഒരുത്സവമാക്കി മാറ്റാൻ അദ്ദേഹത്തിനു കഴിഞ്ഞു.
ഗായകൻ എന്ന നിലയ്ക്ക് ഏറെ പ്രത്യേകതകൾ അദ്ദേഹത്തിനുണ്ടായിരുന്നു. ഏതുപാട്ടും സ്വന്തം ശൈലിയിൽ ഉദാത്തമായി പുനരാവിഷ്കരിക്കാനുള്ള കഴിവാണ് ഇതിൽ പ്രധാനം. പാട്ടുകൾ മിമിക് ചെയ്യുന്ന രീതി ഒരിയ്ക്കലും പിന്തുടർന്നിരുന്നില്ല.
എത്ര ഉയർന്ന സ്ഥായിയിലും അനായാസമായി കയറിയിറങ്ങാനുള്ള കഴിവും പ്രത്യേകം എടുത്തുപറയേണ്ടതാണ്. കല്യാണ സദസ്സുകളിലാണ് പ്രധാനമായും അദ്ദേഹം പാടിയിരുന്നത്. ഗസലുകളും ഖവാലികളുമായിരുന്നു പഥ്യം. സംഗീതജ്ഞൻ എന്ന നിലയ്ക്ക് യാതൊരു നാട്യവും ഇല്ലായിരുന്നു. ബാബുരാജിന്റെ ആലാപനശൈലിയാണ് പിന്നീട് ഗുലാം അലി ഉൾപ്പെടെ പ്രമുഖരായ പല പാക്കിസ്ഥാൻ ഗായകരും പിന്തുടർന്നത് എന്ന വസ്തുത എന്നെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്.
പിന്നണി കലാകാരൻ എന്ന നിലയ്ക്ക് അസാമാന്യവൈഭവമുണ്ടായിരുന്നു അദ്ദേഹത്തിന്. ഇന്ത്യ കണ്ട ഏറ്റവും മികച്ച ഹാർമോണിയം കലാകാരന്മാരിൽ ഒരാൾ ബാബുരാജ് ആയിരുന്നുവെന്ന് നിസ്സംശയം പറയാം. ഹാർമോണിയം മാത്രം ഉപയോഗിച്ച് ഒരു വൻ സദസ്സിനെ വീർപ്പടക്കിയിരുത്താൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു. വളരെ ചെറിയ പ്രായത്തിൽതന്നെ തെരുവിൽ പെട്ടി വായിക്കാൻ ആരംഭിച്ച ആ വിരലുകളുടെ മാന്ത്രികചലനം ഏതു വിദഗ്ധനെയും അസൂയപ്പെടുത്തുംവിധം ചേതോഹരമായിരുന്നു.
1955ൽ സി. എച്ച്. ആത്മ കോഴിക്കോട്ട് വന്നപ്പോഴുണ്ടായ ഒരനുഭവം ഓർക്കുന്നു. ആത്മയ്ക്ക് പിന്നണി വായിക്കാൻ ഹിന്ദിയിലെ അന്നത്തെ പ്രസിദ്ധ സംഗീതസംവിധായകനും ഹാർമോണിസ്റ്റുമായിരുന്ന ഭൂലോ സി. റാണിയാണ് ബോംബെയിൽനിന്ന് എത്തിയിരുന്നത്. പരിപാടി തുടങ്ങുന്നതിനുമുമ്പായി കോഴിക്കോട് അബ്ദുൾഖാദർ ഏതാനും ഗാനങ്ങൾ ആലപിച്ചപ്പോൾ ഹാർമോണിയം വായിച്ച ബാബുരാജിന്റെ അസാമാന്യവൈഭവം ആത്മയെ ഏറെ ആകർഷിച്ചു. തനിക്കും പിന്നണി വായിക്കാൻ ബാബുരാജ് തന്നെ മതിയെന്ന് അദ്ദേഹം ശഠിച്ചു. അങ്ങനെ ആത്മയുടെ ഗാനങ്ങൾക്കും അദ്ദേഹംതന്നെ വായിക്കാനിടയായി. തലത്ത് മഹമൂദ് കോഴിക്കോട്ടു വന്നപ്പോഴും സമാനമായ അനുഭവം ഉണ്ടായി. ഇടവേളയിൽ ബാബുരാജും പുരന്ദരദാസും (തബല) ഗത് വായിക്കാനാരംഭിച്ചപ്പോൾ അദ്ദേഹം ഇരിപ്പിടത്തിൽനിന്നനങ്ങാതെ അത് കേട്ടിരുന്നു എന്ന് മാത്രമല്ല, തുടരാൻ നിർബന്ധിക്കുകയും ചെയ്തു.
1966ൽ യേശുദാസ് ആദ്യമായി കോഴിക്കോട് ടൗൺഹാളിൽ പാടിയപ്പോൾ പിന്നണി വായിച്ചത് ബാബുരാജാണ്. യേശുദാസിന്റെ ഗാനമേളകളിൽ ഏറ്റവും ഗൃഹാതുരതയുണർത്തുന്ന പരിപാടിയായിരുന്നു ഇതെന്ന് ശ്രോതാക്കൾ അനുസ്മരിക്കാറുണ്ട്.
ഗായകന്റെ കഴിവ് പരമാവധി പുറത്തെടുക്കാൻ പ്രചോദനം നൽകുന്ന അകമ്പടിക്കാരനായിരുന്നു അദ്ദേഹം. ആലാപനവേളയിൽ ഗായകന് അപൂർവപഥങ്ങളിലേക്ക് വെളിച്ചംവീശാനും അദ്ദേഹത്തിന് കഴിഞ്ഞിരുന്നു. (എ എം രാജയുടെ ചില പാട്ടുകളും തലത്ത് മഹമൂദിന്റെ ‘ഗംകെ അന്ധേരെ രാതം മേം’ എന്ന ഗാനവുമാണ് എന്നോട് പാടാൻ അന്നദ്ദേഹം പറഞ്ഞത്).
കോഴിക്കോട് അബ്ദുൽ ഖാദർ മുതൽ യേശുദാസ് വരെ നിരവധി ഗായകരുടെ ശബ്ദവും ആലാപനശൈലിയും ഉപയോഗിച്ചിട്ടുണ്ടെങ്കിലും തൃപ്തികരമായി തോന്നിയിട്ടുള്ളത് ജാനകിയുടെ ആലാപനമായിരുന്നുവെന്ന് അദ്ദേഹം വിലയിരുത്തിയിട്ടുണ്ട്. ആരേയും കുറ്റപ്പെടുത്താനോ താഴ്ത്തിക്കെട്ടാനോ അല്ല ഇങ്ങനെ പറഞ്ഞത്. ആ മനസ്സിലെ സംഗീതവുമായി ഏറ്റവും അടുത്തുനിന്നത് ജാനകി ആയിരുന്നു എന്നു മാത്രം. ഇരുവരും ചേർന്നൊരുക്കിയ എത്രയോ പാട്ടുകൾ മലയാളം നെഞ്ചിലേറ്റി ലാളിക്കുന്നതും മറ്റൊരു കാരണത്താലല്ല.
സൗന്ദര്യപൂജ എന്ന ചിത്രത്തിൽ യേശുദാസ് പാടിയ ‘ആപാദചൂഡം പനിനീര്’ എന്ന ഗാനം പുറത്തിറങ്ങിയശേഷം ബാബുരാജ് പറഞ്ഞത് ആ ഗാനം തലത്ത് പാടേണ്ടിയിരുന്നു എന്നാണ്. സ്ത്രീശബ്ദത്തിലുള്ള പാട്ടുകളുടെ കാര്യത്തിൽ ബാബുരാജിന് വൈകാരികമായ അടുപ്പം ഉണ്ടായിരുന്നത് മദൻ മോഹന്റെ സംഗീതവുമായാണ്. വിവാഹം തുടങ്ങിയ ആഘോഷവേളകൾക്കായി ചിട്ടപ്പെടുത്തിയ പാട്ടുകൾക്ക് നൗഷാദിന്റെ ശൈലിയുമായാണ് ബന്ധം.
പല്ലവി തുടങ്ങുംമുമ്പ് ഹമ്മിംഗ് ഉപയോഗിക്കുന്ന രീതി ആദ്യമായി മലയാളത്തിൽ അവതരിപ്പിച്ചത് ബാബുരാജാണ്. പശ്ചാത്തല സംഗീതത്തിന്റെ പിന്തുണയോടെയല്ല അദ്ദേഹം ഒരു ഗാനവും നിലനിർത്തിയിരുന്നത്. രണ്ടു പതിറ്റാണ്ട് പിന്നിട്ടിട്ടും അദ്ദേഹം ചിട്ടപ്പെടുത്തിയ പാട്ടുകൾ പൂർണശോഭയോടെ നിൽക്കുന്നത് വരികളുടെ ആത്മാവ് ചോർന്നുപോകാതെ നൽകിയ ഈണങ്ങളുടെ ബലത്തിൽ തന്നെയാണ്. മിക്സിംഗ് തുടങ്ങിയ സാങ്കേതികവിദ്യകൾ അദ്ദേഹം ആശ്രയിച്ചിരുന്നില്ല.
വളരെ ചെറിയ പ്രായത്തിൻതന്നെ ഹിന്ദി, തമിഴ്, മലയാളം സിനിമകൾ ധാരാളമായി കാണുമായിരുന്നു. അസാധാരണ ഓർമശക്തിയുള്ള അദ്ദേഹത്തിന്റെ മസ്തിഷ്കത്തിൽ പാട്ടുകളും ഈണങ്ങളും കംപ്യൂട്ടറിലെന്നവണ്ണം സൂക്ഷിക്കപ്പെട്ടിരുന്നു. ഇഷ്ടമുള്ള പാട്ടുകൾക്കായി സിനിമ പലവട്ടം കാണുന്ന ശീലവും അദ്ദേഹത്തിനുണ്ടായിരുന്നു. പരിപാടികളൊന്നും ഇല്ലാത്ത ദിവസം സെക്കൻഡ് ഷോ ഒഴിവാക്കിയിരുന്നില്ല. പാട്ടുകളുടെ സംഗീതം, ചിട്ടപ്പെടുത്തിയ രീതി, ഗാനസന്ദർഭങ്ങൾ, ഉപയോഗിച്ച തന്ത്രങ്ങൾ എന്നിവ വളരെ സൂക്ഷ്മമായിത്തന്നെ മനസ്സിലാക്കുമായിരുന്നു. ബാബുരാജിനെ ഒരു ‘മൂവി അഡിക്ട്’ ആക്കിത്തീർത്തതും ഈ സംഗീതഭ്രമം തന്നെയാണ്. പുതുതായി ഇറങ്ങുന്ന പാട്ടുകൾ അടുത്തദിവസംതന്നെ ആലപിക്കാൻ കഴിഞ്ഞിരുന്നു.
അദ്ദേഹത്തെ ആകർഷിച്ചിരുന്നത് സിനിമാപ്പാട്ടുകൾ മാത്രമായിരുന്നില്ല. എല്ലാത്തരം സംഗീതവും മനസ്സിലേക്ക് ആവാഹിക്കുമായിരുന്നു. നാടൻപാട്ടുകളും പിതാവിന്റെ നാട്ടിൽനിന്നുള്ള രബീന്ദ്ര സംഗീതവും ആദിവാസി പാട്ടുകളുമെല്ലാം അദ്ദേഹത്തെ ആകർഷിച്ചിരുന്നു. അത്താഴംമുട്ടികളായ പഠാണികളുടെ പാട്ടിന്റെ ശീലുകൾപോലും ഉപയോഗിച്ചിട്ടുണ്ട് (ലൈലാ മജ്നു). നിരന്തരമായ അനുശീലനത്തിലൂടെ വളർന്നു വികസ്വരമായതാണ് അദ്ദേഹത്തിന്റെ സംഗീതബോധം.
സംഗീതവിദ്വാൻമാരെയും സാധാരണക്കാരെയും ഒരുപോലെ ആകർഷിക്കുന്ന മെലഡിയാണ് ബാബുരാജിന്റെ ഏറ്റവും വലിയ ശക്തി. വരികളുടെ ഭാവത്തിനുചേർന്ന ഈണം കണ്ടെത്തുന്നതിലും അദ്ദേഹത്തിന് അസാമാന്യ വിരുതുണ്ടായിരുന്നു. ട്യൂണുകൾ ചിട്ടപ്പെടുത്തുന്ന ജോലി മറ്റ് സംഗീതസംവിധായകരെ അപേക്ഷിച്ച് വളരെ എളുപ്പമായിരുന്നു. ഓരോ പല്ലവിക്കും നാലും അഞ്ചും ട്യൂണുകൾ നൽകി യഥേഷ്ടം തെരഞ്ഞെടുക്കാനായി സംവിധായകർക്ക് നൽകിയിരുന്നു. മറ്റു പലരും ഒരു ട്യൂണിനായി മണിക്കൂറുകൾ ചെലവിടുമ്പോഴാണ് ഇതെന്നോർക്കണം. പ്രതിഭയുടെ പര്യായമായിരുന്നു ബാബുരാജ്.
1957ൽ പുറത്തിറങ്ങിയ കുഞ്ചാക്കോയുടെ ‘ഉമ്മ’ എന്ന ചിത്രത്തിലെ നൃത്തനാടക രംഗത്തിനുവേണ്ടി ചിട്ടപ്പെടുത്തിയ ‘മാപ്പുനൽകണം രാജൻ’ എന്ന ഗാനത്തെക്കുറിച്ച് അന്ന് എൽപി സ്കൂൾ വിദ്യാർഥിയായിരുന്ന ഞാൻ വളരെ നല്ല അഭിപ്രായം പറഞ്ഞപ്പോൾ അദ്ദേഹം പ്രതികരിച്ചത് ‘അത് മുകേഷിന്റെ പാട്ടല്ലേടാ’ എന്നായിരുന്നു. ട്യൂൺ വായിച്ചുകേൾപ്പിക്കുകയും ചെയ്തു. യാതൊരു സങ്കോചവും ഇല്ലാതെ ട്യൂണുകൾ മോഷ്ടിക്കുന്നവർക്കിടയിലാണ് ഹിറ്റായി മാറിയ ഒരു പാട്ടിന്റെ ക്രെഡിറ്റ് ഏറ്റെടുക്കാൻപോലും തയ്യാറാകാതെ ബാബുരാജ് നിന്നിരുന്നത്. പലരുടെയും ശൈലി വളരെ സമർഥമായും അതീവമനോഹരമായും അദ്ദേഹം സ്വാംശീകരിച്ചിട്ടുണ്ടെന്നുള്ളത് വാസ്തവമാണ്. പക്ഷേ, അവയിലൊന്നിൽപോലും ഒഴുക്കിന് തടസ്സമാവുന്ന ഒരു ബിറ്റ് പോലും ഉണ്ടാകുമായിരുന്നില്ല. സ്വന്തം പ്രതിഭയുടെ മൂശയിലിട്ട് സ്ഫുടം ചെയ്താണ് അവ ഓരോന്നും ഉപയോഗിച്ചിരുന്നത്.
പണവും പ്രസിദ്ധിയും കൈവന്നപ്പോൾ അത് നിലനിർത്താനുള്ള വൈഭവം അദ്ദേഹത്തിനില്ലാതെപോയി. മറ്റുള്ളവരെ അസൂയപ്പെടുത്താൻപോന്ന അസാമാന്യ കഴിവ് മാത്രമായിരുന്നു കൈമുതൽ. സിനിമ പോലൊരു കച്ചവടരംഗത്ത് അതെങ്ങനെ വിറ്റ് കാശാക്കാമെന്നോ എന്തൊക്കെ നിയന്ത്രണങ്ങൾ വേണമെന്നോ ആലോചിക്കാൻ അദ്ദേഹം മെനക്കെട്ടില്ല. ഈ ദൗർബല്യം ചൂഷണംചെയ്ത് നിരവധിപേർ അദ്ദേഹത്തെ ഉപയോഗിച്ചിട്ടുണ്ട്. പാട്ടുകൾ ട്യൂൺ ചെയ്യുന്നതുൾപ്പെടെയുള്ള എത്രയോ ജോലികൾ പലർക്കും സൗജന്യമായി ചെയ്തുകൊടുക്കുമായിരുന്നു.
സംഗീതം പ്രാണവായുവായിരുന്നു മഹാനായ ആ കലാകാരന്. സുഹൃത്തുക്കൾക്ക് വേണ്ടിയായിരുന്നു പ്രധാനമായും ആ ജീവിതം. ശീലങ്ങളുടെ പിടിയിൽനിന്ന് കുതറാനാവാതെ നാൽപ്പത്താറാം വയസ്സിൽ വിധിക്ക് കീഴടങ്ങിയ സ്നേഹനിധിയായ ആ സംഗീതജ്ഞനെക്കുറിച്ചുള്ള ഓർമകൾ മലയാളഭാഷയും സംഗീതവും ഉള്ളിടത്തോളം നിലനിൽക്കും.