ആർ ബി ശ്രീകുമാർ

സര്‍,

ഞാന്‍ ഗാന്ധിനഗര്‍ ലോക്സഭാ മണ്ഡലത്തിലെ വോട്ടറാണ്. ജന്മം കൊണ്ട് ഞാനൊരു ഹിന്ദു. ഹിന്ദുമതം എന്ന് പൊതുവേ വിളിക്കപ്പെടുന്ന ശാശ്വതമതമായ സനാതന ധര്‍മത്തിന്റെ തത്വങ്ങള്‍ വ്യക്തിജീവിതത്തില്‍ എളിമയോടെ പാലിക്കുന്നയാളുമാണ് ഞാന്‍.

ഹിന്ദുമതത്തിന്റെ ആശയപരവും ദാര്‍ശനികവുമായ ചട്ടക്കൂട് പ്രതിഷ്ഠിക്കപ്പെടുന്നത് ബ്രഹ്മസൂത്രം, ഉപനിഷത്തുക്കൾ, ഭഗവദ് ഗീത എന്നിവ ഉള്‍ക്കൊള്ളുള്ള പ്രസ്ഥാനത്രയത്തില്‍നിന്നാണല്ലോ.

ദൈവികത്വത്തിന്റെ എല്ലാ വൈവിധ്യങ്ങളോടും അതിലേക്കുള്ള വഴികളോടും സര്‍വചരാചരങ്ങളുടെയും മോക്ഷപ്രാപ്തിക്കുള്ള അവകാശം അംഗീകരിക്കുന്നതിനോടുമുള്ള തുല്യമായ ആരാധന ഹിന്ദുമതത്തിന്റെ ഏറ്റവും ഉയര്‍ന്ന മഹിമയായി കണക്കാക്കപ്പെടുന്നു. അവിശ്വാസികളോടും ഹിന്ദു ഇതര ആശയം വച്ചു പുലര്‍ത്തുന്നവരോടും ഹിന്ദുമതം വിദ്വേഷം വച്ചുപുലര്‍ത്തുന്നില്ല.

ഹിന്ദുമതത്തിന്റെ ഈ ആശയചട്ടക്കൂടിന് അതീതമായി ചില വ്യക്തികള്‍ക്കോ ഹിന്ദുസംഘടനകള്‍ക്കോ ഉള്ള വ്യതിയാനവും അപഭ്രംശവും യഥാര്‍ഥ വിശ്വാസികളെസ്സംബന്ധിച്ച് അംഗീകരിക്കാനാവാത്തതും അധിക്ഷേപാര്‍ഹവുമാണ്. ഈ മാനദണ്ഡം അനുസരിച്ചാണെങ്കില്‍ ഹിന്ദുമതാശയത്തിന്റെ സത്തയെ അകൃത്രിമമായി പിന്തുടരുന്നവരുടെ വോട്ടുലഭിക്കാന്‍ സംഘപരിവാര്‍ സംഘടനകളുടെ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന ബിജെപിക്ക് അര്‍ഹതയില്ലെന്നുവേണം പറയാൻ.

ഹിന്ദുമതത്തിന്റെ ചരിത്രത്തില്‍ ആത്മവീര്യം കെടുത്തുന്നതും ദൗര്‍ഭാഗ്യകരവുമായ രണ്ടു അവസരങ്ങളില്‍ മാത്രമേ ആത്മാഭിമാനവും പ്രതിബദ്ധതയുമുള്ള ഹിന്ദുമതവിശ്വാസിക്ക് ലജ്ജിച്ച് തലതാഴ്ത്തേണ്ടിവന്നിട്ടുള്ളൂ. അതിലൊന്ന് 1992 ഡിസംബറില്‍ അയോധ്യയിലെ ബാബരി മസ്ജിദ് എന്ന പ്രാര്‍ഥനാലയം തകര്‍ത്തതാണ്. രണ്ടാമത്തേത് ഗുജറാത്തില്‍ രണ്ടായിരത്തിലേറെപ്പേരെ (അവരില്‍ വലിയപങ്കും നിരപരാധികളായിരുന്നുവെന്ന് ഇന്നെല്ലാവർക്കും വ്യക്തമാണ്) കൂട്ടക്കൊല ചെയ്ത വംശഹത്യയും.

ബിജെപിയുടെ പ്രധാന നേതാക്കളെ സാക്ഷിയാക്കിയാണ് ബിജെപിക്കാരായ അക്രമികള്‍ ഈ രണ്ട് പൈശാചികകൃത്യങ്ങളും നടത്തിയത്. വിവിധ ആരാധനാരീതികളോടുള്ള സമാനമായ സമീപനത്തെപ്പറ്റി ഭഗവദ് ഗീത സുവ്യക്തമാക്കിയിട്ടുണ്ട്. മൂന്നു ശ്ലോകങ്ങളില്‍ പ്രസക്തമായ ഈ ആശയങ്ങള്‍ ഗീതയിൽ ഭഗവാന്‍ കൃഷ്ണന്‍ വ്യക്തമാക്കിയത് താങ്കൾക്ക് അറിയുമെന്ന് വിചാരിക്കട്ടെ:

‘ആര് എങ്ങനെ എന്നെ ഭജിക്കുന്നുവോ അവരെ അതേവിധം തന്നെ ഞാന്‍ അനുഗ്രഹിക്കുന്നു. എങ്ങും മനുഷ്യര്‍ എന്റെ മാര്‍ഗത്തെ പിന്തുടരുന്നു.’ (ഭഗവദ് ഗീത: നാലാം അധ്യായം പതിനൊന്നാം ശ്ലോകം)

‘ഏതൊരാള്‍ എന്നെ എല്ലായിടത്തും കാണുകയും എല്ലാത്തിനെയും എന്നിലും കാണുകയും ചെയ്യുന്നുവോ അവന്‍ എന്നില്‍ നിന്നും ഞാന്‍ അവനില്‍ നിന്നും ഒരിക്കലും പിരിയുന്നില്ല.’ (ഭഗവദ് ഗീത: ആറാം അധ്യായം മുപ്പതാം ശ്ലോകം)

‘ഏതേതു ഭക്തന്‍ ഏതേതു ദേവതാസ്വരൂപത്തെ ശ്രദ്ധയോടെ അര്‍ച്ചിക്കാനാഗ്രഹിക്കുന്നുവോ അവരുടെയെല്ലാം ആ ശ്രദ്ധയെത്തന്നെ ഞാന്‍ ഇളക്കമറ്റതാക്കുന്നു.’ (ഭഗവദ് ഗീത: ഏഴാം അധ്യായം ഇരുപത്തൊന്നാം ശ്ലോകം)

അയോധ്യയിലെ പതിനാറാംനൂറ്റാണ്ടിലെ പള്ളി തച്ചുതകര്‍ത്ത അക്രമികള്‍ വാസ്തവത്തില്‍ ഭഗവാന്‍ ശ്രീകൃഷ്ണന്റെ ധര്‍മചിന്തയ്ക്ക് എതിരായാണ് പ്രവര്‍ത്തിച്ചത്. എ.ഡി. 1529ല്‍ ബാബരി മസ്ജിദ് പണിതതുമുതല്‍ 1992 വരെ ജീവിച്ച് എന്റെ മതത്തെ പരിപോഷിപ്പിച്ച മഹത്തുക്കളായ ഹിന്ദുക്കള്‍ തങ്ങളുടെ ജീവിതത്തിലുടനീളം ഈ പള്ളിക്കെതിരെ ചെറുവിരല്‍ പോലും അനക്കാതിരുന്നതും അതുകൊണ്ടുതന്നെ. തുളസിദാസ് മുതല്‍ ഗാന്ധിജി വരെയുള്ള മഹാന്മാരായ ഹിന്ദുക്കളുടെ വലിയ നിരതന്നെ ഇക്കാലത്ത് അവരുടെ പാദമുദ്രകള്‍ ഈ മണ്ണില്‍ പതിപ്പിച്ച് മടങ്ങിയവരാണ്.

ഭഗവാന്‍ ശിവനെപ്പോലും അപമാനിച്ച്, ജയ് ശിവശങ്കര്‍ എന്ന് ആക്രോശിച്ചാണ് തെമ്മാടിക്കൂട്ടം പള്ളിപൊളിച്ചത്. ശങ്കര്‍ എന്നതിനര്‍ഥം എല്ലാവരെയും സമാധാനംകൊണ്ട് അനുഗ്രഹിക്കുന്നവന്‍ എന്നാണ്. (ശ്യം കരോതി ഇതി ശംകരം) ബാബരി മസ്ജിദ് തകര്‍ത്ത അക്രമികളെയും അവരുടെ നേതാക്കളെയും സനാതനധര്‍മത്തിന് ജീവിതം കൊണ്ടും പ്രവൃത്തികൊണ്ടും കീര്‍ത്തിയും മഹത്വവും നല്‍കിയ ഗാന്ധിജിയെക്കാള്‍ ഔന്നത്യമുള്ള ഹിന്ദുമതത്തിന്റെ ധീരന്മാരായ സന്തതികളായി കണക്കാക്കാനാകുമോ?

ബഹുമാനപ്പെട്ട അദ്വാനി ജീ, ബാബരി മസ്ജിദ് തകര്‍ത്തതിന് വേദസൂക്തങ്ങളില്‍ എന്തെങ്കിലും ഒരു ന്യായീകരണമുണ്ടെങ്കില്‍ അത് ഇന്നാട്ടിലെ ഹിന്ദുക്കളെ ദയവു ചെയ്ത് അറിയിക്കണം. അങ്ങനെയെങ്കില്‍ അവര്‍ക്ക് ബിജെപിക്ക് വോട്ടുചെയ്യാന്‍ ഒരു മനസ്താപവുമുണ്ടാകില്ല.

ബാബരി മസ്ജിദ് തകര്‍ക്കല്‍ ബിജെപിയുടെ ദൃഷ്ടിയില്‍ ഒരു ഹിന്ദുവിരുദ്ധനടപടി ആണെങ്കില്‍ എന്തുകൊണ്ട് ധര്‍മശാസ്ത്രങ്ങളില്‍ പറയുന്ന പ്രകാരം ഒരു ആരാധനാലയം ഇടിച്ചുനിരത്തിയ ക്ഷേത്രധ്വംസകര്‍ക്കെതിരെ സംഘടനാപരമായ ശിക്ഷാ നടപടി കൈക്കൊണ്ടില്ല? ഇതുവരെ അത്തരം ഒരു നടപടി പ്രകടമായും ബിജെപി നേതൃത്വത്തില്‍നിന്ന് ഉണ്ടാകാത്ത സ്ഥിതിക്ക് ഒരു ഹിന്ദു വോട്ടറെ സംബന്ധിച്ചിടത്തോളം വേദങ്ങളില്‍ അധിഷ്ഠിതമായ ആശയങ്ങള്‍ പാലിക്കുന്ന ഒരു പാര്‍ടിയായി ബിജെപിയെ കാണാനാവില്ല.

രണ്ടായിരത്തിലേറെ നിരപരാധികള്‍ കൊല്ലപ്പെട്ട ഗുജറാത്തിലെ വംശഹത്യയുടെ കാര്യവും സമാനമാണ്. ചരിത്രാതീതകാലത്തും അതിനു ശേഷവും ഹിന്ദുക്കളായ രാജാക്കന്മാര്‍ ഭരിച്ചപ്പോഴൊന്നും ഒരു വിഭാഗം പ്രജകളെ മറ്റൊരു വിഭാഗത്തെ യഥേഷ്ടം കൊന്നൊടുക്കാനായി കയറൂരി വിട്ട ചരിത്രമില്ല. നഹുഷനും താരകാസുരനും രാവണനും കംസനും ദുര്യോധനനും പോലുള്ള കുപ്രസിദ്ധര്‍ പോലും അങ്ങനെ ചെയ്തിട്ടില്ല. രാജ എന്ന പദത്തിന്റെ അര്‍ഥംതന്നെ എല്ലാ പ്രജകളിലും അനുരഞ്ജനവും സമാധാനവും കൊണ്ടുവരുന്നയാള്‍ എന്നാണ്.(പ്രജാനാം രഞ്ജാനത് രാജ – ബ്രഹ്മാണ്ഡ പുരാണം).

2002ലെ വ്യാപകമായ കലാപത്തെ ബിജെപി പിന്തുണച്ചില്ലെന്നിരിക്കട്ടെ, അപ്പോള്‍ എന്തുകൊണ്ടാണ് ഇത്രയും നിഷ്ഠുരമായ അക്രമം നടത്തിയവര്‍ക്കെതിരെ സംഘടനാപരമായോ നീതിന്യായവ്യവസ്ഥയെ അടിസ്ഥാനമാക്കിയോ നടപടി എടുക്കാതിരുന്നത്? അതിനുപകരം കലാപക്കേസുകളില്‍ കുറ്റാരോപിതരായവര്‍ ജാമ്യംനേടി പുറത്തിറങ്ങിയപ്പോള്‍ സ്വാതന്ത്ര്യസമരസേനാനികളെന്നവണ്ണം അവരെ സ്വീകരിച്ചാദരിക്കാന്‍ ചടങ്ങുകള്‍ സംഘടിപ്പിക്കുകയാണ് ബിജെപി ചെയ്തത്. ചെറുത്തുനില്‍ക്കാന്‍ ശേഷിയില്ലാത്ത ഒരു വിഭാഗം ജനങ്ങള്‍ക്കെതിരെ ദീര്‍ഘമായ അതിക്രമങ്ങള്‍ നടത്തുന്നതിനും തുടര്‍ന്ന് ക്രിമിനല്‍ ജുഡിഷ്യല്‍ സംവിധാനത്തെയാകെ അട്ടിമറിച്ചതിനും അംഗീകാരമേകുന്ന ശ്ലോകങ്ങളും സൂക്തങ്ങളും, അവ ഹിന്ദുമതഗ്രന്ഥങ്ങളില്‍ ഉണ്ടെങ്കില്‍ ഗാന്ധി നഗറിലെ വോട്ടര്‍മാരെ ചൊല്ലിക്കേള്‍പ്പിക്കാന്‍ താങ്കള്‍ക്ക് ദയവുണ്ടാകണം.

ഈ അതിക്രമങ്ങളും മറ്റുമാണ് ഗുജറാത്തിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ ‘അഭിനവ നീറോ’ എന്ന് വിശേഷിപ്പിക്കാന്‍ സുപ്രീംകോടതിയെ പ്രേരിപ്പിച്ചത്. ഹിന്ദുരാജ്യഘടന സംബന്ധിച്ച ആധികാരികഗ്രന്ഥമായ കാമാണ്ഡകീയ നീതിസാരത്തിലെ അഞ്ചാം അധ്യായത്തിലെ 82, 83 ശ്ലോകങ്ങള്‍ രാജാക്കന്മാരുടെ ഇഷ്ടാനിഷ്ടങ്ങളില്‍നിന്നും ആര്‍ത്തിയില്‍നിന്നും പ്രജകളെ സംരക്ഷിക്കണമെന്നു രാജാക്കന്മാര്‍ക്ക്/ ഭരണാധികാരികള്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നു:

‘രാജാവിന്റെ കുടിലബുദ്ധിക്കാരായ ഉദ്യോഗസ്ഥരില്‍നിന്നും തസ്കരന്മാരില്‍നിന്നും രാജശത്രുക്കളില്‍നിന്നും രാജാവിന് പ്രിയപ്പെട്ടവരില്‍(രാജ്ഞി, രാജകുമാരന്മാര്‍ തുടങ്ങിയവര്‍)നിന്നും എല്ലാത്തിലുമുപരി രാജാവിന്റെതന്നെ അധാര്‍മികമായ കാമലോഭങ്ങളില്‍നിന്നും പ്രജകള്‍ക്ക് സംരക്ഷണം ആവശ്യമാണ്. ഇത്തരം ഭീതികളില്‍നിന്ന് രാജാവ് ജനങ്ങളെ സംരക്ഷിക്കണം.’

മഹാഭാരതം ശാന്തിപര്‍വത്തില്‍ (59106/107) ഭരണാധികാരിയോട് ഇങ്ങനെ അനുശാസിക്കുന്നു: ‘സൃഷ്ടി സ്രഷ്ടാവിന്റെ അവതാരമാണെന്ന് വിശ്വസിച്ചുകൊണ്ടാവണം രാജ്യം ഭരിക്കേണ്ടതെന്ന് മനസാ, വാചാ, കര്‍മണാ നീ പ്രതിജ്ഞയെടുക്കണം’.

ദൈവഭക്തിയുള്ള ഹിന്ദുക്കള്‍ ചോദിക്കുന്ന ചോദ്യമിതാണ്, 2002ല്‍ ഗുജറാത്തില്‍ ആള്‍ക്കൂട്ടം വേട്ടയാടിയ ന്യൂനപക്ഷങ്ങള്‍ അധമസൃഷ്ടികളാണോ? ഹിന്ദു മതത്തിലെ രാജധര്‍മത്തിന്റെ ഏതു മൂലസിദ്ധാന്തമനുസരിച്ചാണ് 2002ലെ കലാപത്തിന്റെ തുടക്കം മുതല്‍ ഒടുക്കം വരെ ഗുജറാത്ത് സംസ്ഥാന സര്‍ക്കാരിലെ ഉദ്യോഗസ്ഥര്‍ പ്രവര്‍ത്തിച്ചത്?

ഇന്ത്യന്‍ രാഷ്ട്രീയത്തിലെ താങ്കളുടെ ദീര്‍ഘകാലത്തെ പരിചയസമ്പന്നതയെ മാനിച്ചുകൊണ്ടു തന്നെ ഒരു സാധാരണക്കാരന്‍ എന്ന നിലയില്‍ ഞാന്‍ ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് വിശ്വസനീയമായ ന്യായീകരണങ്ങള്‍ നല്‍കിക്കൊണ്ട് മൗലികമായ ഹിന്ദു ആശയങ്ങളോടുള്ള ബിജെപിയുടെ പ്രതിബദ്ധതയില്‍ ഹിന്ദുക്കള്‍ക്കുള്ള വിശ്വാസം വീണ്ടെടുക്കണമെന്ന് അഭ്യര്‍ഥിക്കുന്നു.

ആദരവോടെ

ആര്‍ ബി ശ്രീകുമാര്‍

(ഗുജറാത്ത് വംശഹത്യ വിശദമായി പ്രതിപാദിക്കുന്ന ആർ ബി ശ്രീകുമാറിന്റെ Gujarat Behind the Curtain എന്ന പുസ്തകത്തിന്റെ മലയാള പരിഭാഷയായ “ഗുജറാത്ത്- തിരശീലക്കു പിന്നിൽ” എന്ന പുസ്തകത്തിൽ നിന്ന്. പ്രോഗ്രസ്സ് പബ്ലിക്കേഷൻസ് പ്രസിദ്ധീകരിച്ച ഈ പുസ്‌തകം മൊഴിമാറ്റിയത് എൻ എസ് സജിത്)