ലോക സഞ്ചാരികളെ എന്നും വശീകരിക്കുന്ന ഇടമാണ് മൂന്നാർ. എന്നാൽ പ്രകൃതിയെന്ന പ്രണയിനിയുടെ ഹൃദയം തൊട്ടറിയണമെങ്കിൽ മൂന്നാറിലെ മീശപ്പുലിമലയും തിപ്പാട മലയും പാപ്പാത്തിച്ചോലയും സ്ഥിതി ചെയ്യുന്ന തമിഴ്നാട്-കേരള അതിർത്തിയിലുള്ള കൊളുക്കുമലയിലെത്തണം.
പശ്ചിമഘട്ട ഗിരിനിരകളിലെ കണ്ണും കരളും കവരുന്ന കാഴ്ചകളാലും മിനിറ്റുകൾക്കിടയിൽ മാറിമറിയുന്ന, കോരിത്തരിപ്പിക്കുന്ന കാലാവസ്ഥാവിസ്മയങ്ങളാലും മനസ്സിനെ വീണ്ടും വീണ്ടും ഇവിടുത്തേക്ക് കൊളുത്തിവലിക്കുകയും ചെയ്യുന്ന പ്രദേശമാണ് യാത്രാ സ്നേഹികൾക്കിടയിൽ പ്രശസ്തമായ കൊളുക്കുമല. സമുദ്രനിരപ്പിൽനിന്ന് ഏകദേശം 7090 അടി ഉയരം.
ലോകത്തിലെ തന്നെ ഏറ്റവും ഉയരമുള്ള ഓർഗാനിക് തേയിലത്തോട്ടങ്ങൾ കൊളുക്കുമലയിലാണ് സ്ഥിതിചെയ്യുന്നത്. മടക്കുകളായി കിടക്കുന്ന മലനിരകളിൽ പച്ചകമ്പളം പുതച്ചപോൽ തേയിലത്തോട്ടങ്ങൾ ആകാശത്തെ തൊട്ടുരുമ്മി നിൽക്കുന്നു. ആകാശത്തു മുട്ടിനിന്നു മേഘങ്ങൾക്കിടയിൽ ഒളിച്ചുകളി നടത്തുന്ന കൊളുക്കുമല സഞ്ചാരികൾക്ക് എന്നും ആവേശമാണ്. കുറിഞ്ഞിക്കാലങ്ങളിൽ മലനിരകളെ വയലറ്റ് അണിയിച്ചു നിൽക്കുന്ന പൂക്കൾ സഞ്ചാരികൾക്കു മറക്കാനാവാത്ത അനുഭവം സമ്മാനിക്കുന്നു.
നിമിഷംതോറും മാറിമാറിവരുന്ന നനുത്ത കാറ്റിന്റെ തലോടലും ഇളം വെയിലിന്റെ നവ്യാനുഭവവും ഇടയ്ക്ക് കിട്ടുന്ന ചാറ്റൽ മഴയും ഒഴുകിയെത്തുന്ന കോടമഞ്ഞും അഴകായ് ചേർന്നതാണ് ഈ സ്വപ്നഭൂമി. മൂന്നാറിൽ നിന്ന് ദേവികുളം വഴി രണ്ടുമണിക്കൂർ സഞ്ചരിച്ച് ചിന്നക്കനാലിനടുത്തുള്ള സൂര്യനെല്ലിയിൽ എത്താം. അവിടെനിന്ന് ഡിടിപിസിയുമായി ചേർന്ന് പ്രവർത്തിക്കുന്ന പ്രാദേശിക ട്രിപ്പ് ജീപ്പുകളുടെ സഹായത്താൽ ഹാരിസൺസ് എസ്റ്റേറ്റിലൂടെ അപ്പർ സൂര്യനെല്ലിയിലെത്തി 12 കിലോമീറ്റർ ദുർഘട പാതയിലൂടെ [6 കി.മീ പൂർണ്ണമായും ഓഫ് റോഡ്] സഞ്ചരിച്ചാലേ കൊളുക്കുമലയിലെത്താനാവൂ.
മലഞ്ചെരുവുകളിൽ നിരന്നു കിടക്കുന്ന തേയിലത്തോട്ടങ്ങളെ ചുറ്റി, നിരനിരയായി മലമുകളിലേയ്ക്ക് ഉയർന്നു പോകുന്ന ഉരുളൻകല്ലുകൾ നിറഞ്ഞ ഈ ഓഫ് റോഡിലൂടെയുള്ള യാത്ര മറക്കാനാവാത്ത ഒരനുഭവമാണ്. കൊളുന്തു നുള്ളുന്നവരുടെ സംസാരവും പച്ചക്കൊളുന്തിന്റെ മണവും ചെറിയ വെള്ളച്ചാട്ടങ്ങളും ഇളം തണുത്ത കാറ്റുമെല്ലാം ഇടകലർന്ന നേർക്കാഴ്ചകളിൽ നാം മതിമറക്കും. മലമുകളിൽ സിങ്കപ്പാറ വരെയേ വാഹനം എത്തുകയുള്ളൂ. ശരിക്കും ഒരു സിംഹത്തിന്റെ തല പോലുള്ള ഒരു പാറയാണ് ഇത്. അഗാധമായ കൊക്കയിലേക്ക് തള്ളി നിൽക്കുന്നത് കൊണ്ട് തൊടാൻ കുറച്ചു ബുദ്ധിമുട്ടാണ്. സഞ്ചാരികളുടെ ഒരു പ്രധാന ഫോട്ടോ പോയിന്റാണിത്. ഇവിടുന്ന് കഷ്ടിച്ച് അര കിലോമീറ്റർ നടന്നാൽ കൊളുക്കുമലയിലെത്താം.
തമിഴ്നാട്ടിലെ തേനി ജില്ലയിലാണ് കൊളുക്കുമല സ്ഥിതിചെയ്യുന്നതെങ്കിലും റോഡു മാർഗം കേരളത്തിലൂടെ മാത്രമേ പ്രവേശിക്കാൻ കഴിയൂ. തമിഴ്നാട്ടിൽ നിന്ന് കൊരങ്ങിണി വഴി ചെങ്കുത്തായ മലനിരകൾക്കിടയിലൂടെ കാൽനടയായി ഇവിടെയെത്താം. കൊരങ്ങിണി തീപിടിത്തത്തെ തുടർന്നുള്ള ഇതുവഴിയുള്ള യാത്രാ നിയന്ത്രണം ഇപ്പോൾ പിൻവലിച്ചിട്ടുണ്ട്. 75 വർഷത്തിലേറെ പഴക്കമുള്ള ഒരു തേയില ഫാക്ടറി കൊളുക്കുമലയിൽ ഉണ്ട്. കോട്ടഗുഡി പ്ലാന്റേഷന്റെ ഉടമസ്ഥതയിലാണത്. കോട്ടഗുഡി പ്ലാന്റേഷൻസിലെ കൊളുക്കുമല ടീ എസ്റ്റേറ്റ് 6625 മുതൽ 7980 അടി വരെ ഉയരത്തിൽ 300 ഏക്കറിലായി പരന്നുകിടക്കുന്നു.
1935 ൽ ഇംഗ്ലണ്ടിൽ നിന്ന് കൊണ്ടു വന്ന യന്ത്രങ്ങൾ ഉപയോഗിച്ച് പരമ്പരാഗതമായ രീതിയിലാണ് തേയില കൊളുന്തുകൾ ഇവിടെ സംസ്കരിക്കുന്നത്. തേയില പായ്ക്കറ്റിലൊക്കെ ലോകത്തിലെ തന്നെ ഏറ്റവും ഉയരം കൂടിയ സ്ഥലത്തെ തേയില എന്ന് പ്രിന്റ് ചെയ്തിട്ടുണ്ട്. 2007 ൽ ഗോൾഡൻ ലീഫ് അവാർഡൊക്കെ കിട്ടിയിട്ടുണ്ടെങ്കിലും പുറം ലോകത്തിന് ഇതിനെപറ്റി കാര്യമായ പിടിപാടൊന്നുമില്ല. കേരളത്തിലേക്ക് റോഡ് വരുന്നതിനു മുമ്പ്, തൊഴിലാളികൾ തേയില പായ്ക്കറ്റുകളുമായി നടന്നു മലയിറങ്ങിയിരുന്നു. താഴ്വാരങ്ങളിൽ തേയില വിറ്റ് നിത്യോപയോഗ സാധനങ്ങൾ വാങ്ങി തിരികെ മലകയറുകയായിരുന്നു പതിവ്.
കൊളുക്കുമലയിൽ നിന്നുള്ള വ്യൂപോയിന്റിൽ നിന്ന് നോക്കിയാൽ ടോപ് സ്റ്റേഷനും, കൊടൈക്കനാൽ മലയും , പഴനിമലയും, മീശപ്പുലിമലയും ബോഡിനായ്ക്കന്നൂരും തേനിയുമൊക്കെ കാണാം. കൂടാതെ ഇടുക്കി ജില്ലയിലെ മിക്ക പ്രദേശങ്ങളും താഴ്വാരത്തിൽ നിരന്നുകിടക്കുന്നത് ഇവിടെനിന്നാൽ കാണാം.
കൊളുക്കുമലയിലെ സൂര്യോദയ കാഴ്ചകൾ ലോക പ്രശസ്തമാണ്. അതിരാവിലെ 4.30ന് എത്തിയാലേ ഇത് പൂർണ്ണമായി ആസ്വദിക്കാനാവൂ. കിഴക്ക് മലമടക്കുകളിലൂടെ സൂര്യന്റെ ആദ്യകിരണങ്ങൾ വന്നു തുടങ്ങുമ്പോൾ ആകാശം ചുവന്നു തുടുക്കുന്നു. വീണ്ടും സൂര്യൻ ഉയർന്നു വരുന്നതിനനുസരിച്ച് ചുറ്റിലും വീഴുന്ന ചുവപ്പു നിറവും താഴെ മനോഹരമായ മേഘങ്ങളുടെ തല്പ രൂപാന്തരണവും നമ്മെ പ്രകൃതി ഒരുക്കുന്ന വിസ്മയത്തിൽ ഭ്രമിപ്പിക്കുമെന്ന് ഉറപ്പ്.
വെളിച്ചം വീഴുന്നതിനനുസരിച്ച് അകലെ മലനിരകൾ തെളിഞ്ഞു വരും. ചുവപ്പിൽ നിന്ന് പച്ചയിലേക്കുള്ള ഒഴുകൽ. തേയിലകളുടെ നെറുകയിൽ സൂര്യവെളിച്ചം നിറയുന്നതും കണ്ണുകളെ കൊതിപ്പിക്കുന്നൊരു വശ്യത തന്നെയാണ്. ആകാശത്തിന്റെ ഭാവങ്ങളും മാറി മാറി വരുന്നു. ‘ജീവിതത്തിൽ കണ്ടിട്ടുള്ളതിൽ വച്ചേറ്റവും മനോഹരമായ സൂര്യോദയം’ എന്നൊക്കെയാണ് സഞ്ചാരികൾ ഇതിനെ വിശേപ്പിക്കാറുള്ളത്.
ആകാശത്തെയും മലനിരകളെയും മേഘക്കീറുകളെയും തുടുത്തു ചുവപ്പിച്ച സൂര്യൻ മലമടക്കുകളിലേക്ക് പതിയെ ഇറങ്ങുന്ന സായാഹ്ന കാഴ്ച! ചുവന്ന ചായം കൊണ്ട് ചിത്രകാരൻ വരച്ച ക്യാൻവാസ് പോലെ മനോഹരമാണ് ഇവിടുത്തെ സൂര്യാസ്തമയവും. രാത്രിയിൽ ആകാശത്ത് നക്ഷത്രങ്ങൾ ഒരുമിക്കുമ്പോൾ ഭൂമിയിലും നക്ഷത്രങ്ങൾ ഒരുമിക്കുന്ന പോലെയുള്ള കൊളുക്കുമലയിലെ കാഴ്ച [തമിഴ്നാട്ടിലെ തേനി -ബോഡിനായ്ക്കന്നൂർ നഗരങ്ങളിലെ വെളിച്ചം] കണ്ണിലും മനസ്സിലും കുളിർമ്മ കോരിയിടുന്നു.