നരേന്ദ്ര മോഡി ഭരണത്തിനു കീഴില്‍ അടിയന്തരാവസ്ഥയ്ക്ക് സമാനമായ സാഹചര്യങ്ങളാണ് ജെഎന്‍യു സര്‍വകലാശാല ഉള്‍പ്പെടെയുളള രാജ്യത്തെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിലനിൽക്കുന്നത്. രാജ്യത്തിന്റെ യശസ്സുയര്‍ത്തിയ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ എന്‍ഡിഎ സര്‍ക്കാര്‍ അധികാരത്തിലെത്തിയ നാള് മുതല്‍ കാവിവല്‍ക്കരണം നടപ്പാക്കി. കോർപ്പറേറ്റുകളെ സഹായിക്കുന്ന അജന്‍ഡ രഹസ്യമായും പരസ്യമായും നടപ്പാക്കിക്കൊണ്ടിരിക്കുന്നു.
ജെഎൻയുവിൽ വിദ്യാഭ്യാസം സംരക്ഷിക്കുക, സർവ്വകലാശാലകൾ സംരക്ഷിക്കുക എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തിക്കൊണ്ട് 2019 മാർച്ച് 19 മുതൽ പതിനൊന്ന് വിദ്യാർത്ഥികൾ അനിശ്ചിതകാല നിരാഹാര സമരം ആരംഭിച്ചു. ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയിലെ പുതിയ പ്രവേശന പരിഷ്കാരങ്ങള്‍ക്കെതിരെ വിദ്യാർത്ഥി യൂണിയന് നടത്തുന്ന നിരാഹാര സമരത്തിന് പിന്തുണയുമായി നിരവധി വിദ്യാര്ഥികളാണെത്തിയത്. ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് വിദ്യാർത്ഥികളില്‍ ചിലരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രവേശന മാനദണ്ഡങ്ങളില്‍ മാറ്റം വരുത്തണമെന്ന ജെഎന്യുഎസ്യു (വിദ്യാർത്ഥി യൂണിയന്)വിന്റെ ആവശ്യം അധികൃതര്‍ അംഗീകരിച്ചില്ല. പ്രക്ഷോഭകരുടെ രക്ഷിതാക്കൾക്ക് സന്ദേശം അയച്ചും സമ്മര്‍ദ്ദം ചെലുത്തി.
പുതിയ ഓണ്‍ലൈന്‍ പ്രവേശന പരീക്ഷാ രീതി, എം ഫില്‍-പി എച്ച്ഡി കോഴ്സുകളെ വേര്‍തിരിക്കുന്ന തീരുമാനം എന്നീ നടപടികള്‍ക്കെതിരെ കൂടിയാണ് പ്രതിഷേധം. 283 രൂപ ഫീസ് നല്കി പാവപ്പെട്ട കഴിവുള്ള വിദ്യാര്‍ത്ഥികള്‍ പഠിച്ചിടത്താണ് പുതിയ സമ്പ്രദായം കൊണ്ടുവരുന്നത്. പ്രവേശനവുമായി ബന്ധപ്പെട്ട് ഇറക്കിയ വിദ്യാർത്ഥി വിരുദ്ധ പ്രോസ്പെക്ടസ് പിൻവലിക്കണമെന്ന് വിദ്യാർത്ഥികൾ ആവശ്യപ്പെട്ടിരുന്നു.
ഔദ്യോഗികമായി പ്രസിദ്ധീകരിക്കുന്നതിന് മുമ്പ് സാമൂഹ്യമാധ്യമങ്ങളിലെല്ലാം ഈ പ്രോസ്പെക്ടസ് പ്രചരിച്ചിരുന്നു. ഫീസുകൾ കുത്തനെ ഉയർത്തുന്ന തരത്തിലുളള തീരുമാനങ്ങളാണ് അതിലുണ്ടായിരുന്നത്. തുടർന്ന് വിദ്യാർത്ഥികൾ പ്രതിഷേധവുമായി രംഗത്തെത്തിയതോടെ പുതുതായി പ്രസിദ്ധപ്പെടുത്തിയ പ്രോസ്പെക്ടസ്സിൽ നിന്ന് ഫീസ് വർദ്ധന ഒഴിവാക്കുകയായിരുന്നു. സ്വതന്ത്ര ഗവേഷണം പ്രോത്സാഹിപ്പിക്കുന്ന സർവ്വകലാശാലയാണ് ജെഎൻയു. ബിരുദാനന്തര ബിരുദക്കാരെ തെരഞ്ഞെടുക്കാൻ എംസിക്യൂ ഫോർമാറ്റിലുളള പരീക്ഷകൾ മതിയാകുമോ എന്ന കാര്യത്തിൽ ഏറെ ആശങ്ക നിലനിൽക്കുന്നു. ഇപ്പോൾ അപ്രതീക്ഷിതമായി നാഷണൽ ടെസ്റ്റിങ് ഏജൻസിയുമായുള്ള (എൻടിഎ) കരാർ എന്തിന്റെ അടിസ്ഥാനത്തിലാണെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. ഓൺലൈൻ രീതിയിലുളള പരീക്ഷാരീതി പ്രത്യേകിച്ചും ഗ്രാമീണ മേഖലകളിൽ നിന്നുള്ള വിദ്യാർത്ഥികൾക്കും സമൂഹത്തിലെ ദുർബലവിഭാഗങ്ങൾക്കും വെല്ലുവിളിയാകും. സർവ്വകലാശാലയുടെ അടിത്തറ തകർക്കാനും ലോകോത്തര യൂണിവേഴ്സിറ്റിയുടെ നിലവാരം തകരാനും ഇത്തരത്തിലുളള പരീക്ഷാ രീതി ഇടയാക്കുമോ എന്നതാണ് സംശയം. സാമൂഹിക, സാമ്പത്തിക, പ്രാദേശിക ഘടനകളുടെ പശ്ചാത്തലത്തിൽ പോയിന്റ് നൽകി വിദ്യാർത്ഥികളെ പഠനത്തിന് പ്രാപ്തരാക്കാൻ എല്ലായ്പ്പോഴും താൽപ്പര്യം പ്രകടിപ്പിക്കുന്ന സർവ്വകലാശാലയാണ് ജെഎൻയു. ജെഎൻയു പ്രവേശനത്തിലെ ഏറ്റവും പുരോഗമനപരമായതും നേരായ പ്രവേശനം ഉറപ്പ് വരുത്താൻ കഴിയുന്ന നയവുമാണ് ഇത്.
2016 യുജിസി ഗസറ്റ്, ജെഎൻയുവിന്റെ ഗവേഷണ സംവിധാനത്തെ നശിപ്പിക്കാൻ ഉദ്ദേശിച്ചുള്ളതാണെന്നാണ് സമരം ചെയ്യുന്നവരുടെ ആരോപണം. ഡിപ്രിവേഷൻ പോയിന്റുകളുടെ സഹായത്താൽ വളരെക്കാലം മുൻപ് തന്നെ ഗ്രാമീണ പശ്ചാത്തലത്തിൽ നിന്നുള്ള ആളുകൾ, പാർശ്വവത്കരിക്കപ്പെട്ട വിഭാഗങ്ങൾ തുടങ്ങിയവർക്ക് ജെഎൻയുവിലേക്ക് കടന്ന് വരുവാൻ സാധിച്ചിരുന്നു. എന്നാൽ നിലവിൽ എസ്.സി, എസ്.ടി, ഒബിസി തുടങ്ങിയ വിഭാഗങ്ങൾക്ക് പോലും ഡിപ്രിവേഷൻ പോയിന്റ് നൽകുന്നില്ല.
ജെഎൻയു സമീപകാലത്ത് ബി.ടെക്, എംബിഎ കോഴ്സുകൾ ആരംഭിച്ചിരുന്നു. ഐഐടികൾ, ഐഐഎംഎസ് തുടങ്ങി രാജ്യത്തെ മറ്റ് പ്രമുഖ സ്ഥാപനങ്ങൾക്ക് സമാനമായി ഈ കോഴ്സുകൾക്കുളള ഫീസ് ഘടനയും നിലവിൽ വന്നു. എന്നാൽ ഐഐടികളിൽനിന്നും ഐഐഎമ്മുകളിൽ നിന്നും വ്യത്യസ്തമായി ജെഎൻയു, ബി.ടെക്, എംബിഎ കോഴ്സുകളുടെ അടിസ്ഥാന സൗകര്യങ്ങൾ ഇനിയും ഉറപ്പാക്കിയിട്ടില്ല. പുതിയ കെട്ടിടത്തിന്റെ നിർമ്മാണം നടന്നിട്ടില്ല, 2011 ന് ശേഷം പുതിയ ഹോസ്റ്റലും ഇല്ല. വിവേചനപരമായ ഫീസ് ഘടന സമ്പന്നവിഭാഗത്തിൽപ്പെടുന്ന വിദ്യാർത്ഥികളുടെ പ്രവേശനം ഉറപ്പാക്കുമെന്നത് വസ്തുതയാണ്. അടിസ്ഥാന സൗകര്യങ്ങളുടെ അഭാവവും പുതുതായി എത്തുന്നവരുടെ സുഗമമായ പ്രവർത്തനത്തിന് തടസ്സം നേരിട്ടേക്കാം.
2019-20 വർഷത്തെ പ്രോസ്പെക്ടസ് ഫെബ്രുവരി 13 ന് ജെഎൻയു വെബ്സൈറ്റിൽ ഒഴികെ എല്ലായിടത്തും പ്രത്യക്ഷപ്പെടുകയുണ്ടായി. മാർച്ച് 15 ന് ആരംഭിക്കേണ്ട ജെഎൻയു പ്രവേശന പരീക്ഷയുടെ രജിസ്ട്രേഷൻ നടപടികൾക്ക് മുമ്പായിട്ടാണ് പ്രസ്തുത പ്രോസ്പെക്ടസ് ചോർന്നത്.
ബിഎ പ്രോഗ്രാമുകളിലേക്കുളള ലാറ്ററൽ എൻട്രി ഒഴിവാക്കുന്ന തീരുമാനങ്ങളും അധികൃതരുടെ ഭാഗത്തു നിന്ന് ഉണ്ടായി. എന്നാൽ ഏറ്റവും പ്രധാനപ്പെട്ടത് ഫീസ് വർദ്ധന ആയിരുന്നു. ഓരോ വിഷയത്തിനും അപേക്ഷാ ഫീസിൽ 300 ശതമാനമാണ് വർദ്ധനവ് വരുത്തിയത്. പൊതുവിദ്യാഭ്യാസം സാധാരണക്കാർക്ക് അപ്രാപ്യമാക്കാനും ആർഎസ്എസിന്റെയും കോർപറേറ്റുകളുടെയും താല്പര്യം സംരക്ഷിക്കാനും വേണ്ടിയാണ് ഇത്തരത്തിലുളള നീക്കങ്ങൾ.
പ്രോസ്പെക്ടസ് പ്രസിദ്ധീകരണത്തിന് മുമ്പ് ചോർത്തുകയും പിന്നീട് മാറ്റം കൊണ്ടുവരികയും ചെയ്തത് വിദ്യാർത്ഥികളുടെ ശ്രദ്ധ തിരിക്കാനായിരുന്നു. സർവ്വകലാശാലയുടെ ജീവനാഡിയായ എംഫിൽ, പിഎച്ച്ഡി കോഴ്സുകൾ ഡീലിങ്ക് ചെയ്യാനുളള നീക്കം കഴിഞ്ഞ നവംബറിൽ തന്നെ ആരംഭിച്ചിരുന്നു. ഈ വർഷം, വീണ്ടും ഡീലിങ്ക് ചെയ്യാനുളള നീക്കം തുടരാനാണ് അധികാരികളുടെ തീരുമാനം. ആറ് വർഷം കൊണ്ട് പൂർത്തിയാക്കുന്ന ബിരുദം നാല് വർഷം കൊണ്ട് പൂർത്തിയാക്കാൻ കഴിയുമെന്ന അധികൃതരുടെ വാദം തെറ്റാണ്. കാരണം ഈ വർഷത്തിനിടയിൽ വിദ്യാർത്ഥികൾ കരസ്ഥമാക്കുന്നത് എംഫിലും പിച്ച്ഡിയും കൂടിയാണ്.
ഡിപ്ലോമ പൂർത്തിയാക്കി വരുന്ന വിദ്യാർത്ഥികൾക്ക് ജെഎൻയുവിലെ ബിഎ ഭാഷാ പ്രോഗ്രാമിലെ ലാറ്ററൽ എൻട്രി സഹായകമാകാറുണ്ട്. പ്രോസ്പെക്ടസിൽ ലാറ്ററൽ എൻട്രി വഴി രണ്ടാം വർഷത്തേക്കുളള പ്രവേശനത്തിനുളള സംവിധാനം ഇല്ല. വിദ്യാർത്ഥികളുടെ പ്രവേശനം നിയന്ത്രിക്കാനാണ് ഈ നീക്കം. എസ്എഫ്ഐ നേതൃത്വത്തിൽ നടത്തിയ കേസ് കോടതിയിൽ വിജയിച്ചത്തോടെ യുജിസി ഗസറ്റിലെ മാനദണ്ഡങ്ങൾ പാലിക്കാൻ ജെഎൻയു അധികാരികൾ നിർബന്ധിതരായിരുന്നു. വൈസ് ചാൻസലർ എം ജഗദീഷ് കുമാറിന്റെ സ്വേച്ഛാധിപത്യ ഭരണത്തിന്റെ ഭാഗമായാണ് ഈ പ്രോസ്പെക്ടസ്. വിസിയുടെ അമിതാധികാരപ്രവണത സർവ്വകലാശാലയെ നശിപ്പിക്കുമെന്നു കുട്ടികൾ വാദിക്കുന്നു.
ഹോളി ദിനത്തിൽ നിരാഹാരം കിടക്കുന്ന വിദ്യാർത്ഥികളുടെ ആരോഗ്യത്തെക്കുറിച്ചുളള ആശങ്ക അറിയിക്കാൻ വൈസ് ചാൻസലറെ കാണാൻ വിദ്യാർത്ഥികൾ തയ്യാറായി. സമരം ചെയ്യുന്നവരുടെ ആരോഗ്യത്തെപ്പറ്റി ഒന്നും ചോദിച്ചില്ല എന്നത് മാത്രമല്ല, പകരം അവർക്ക് മധുരം നൽകാമെന്ന തീർത്തും നിലവാരശൂന്യമായ പ്രതികരണമാണ് വിസിയിൽനിന്നുണ്ടായത്. എബിവിപി ഒഴികെയുളള മിക്ക വിദ്യാർത്ഥി സംഘടനകളും ജെഎൻയു ടീച്ചേഴ്സ് അസോസിയേഷനും സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചിട്ടുണ്ട്.
സമൂഹത്തില്‍ ഏറ്റവും ക്രിയാത്മകമായി പ്രതികരിക്കുന്ന വിദ്യാര്‍ത്ഥി സമൂഹത്തിന് മുഴുവന്‍ കടിഞ്ഞാണിടാനാണ് അധികാരികളുടെ നീക്കം. ജെഎൻയുവിലെ ഇത്തരം വിദ്യാർത്ഥി വിരുദ്ധ നിലപാടുകൾ അടിയന്തരാവസ്ഥക്കാലത്താണ് മുമ്പ് നടന്നിട്ടുള്ളത്. ജെഎൻയു വിദ്യാർത്ഥികൾ തങ്ങളുടെ അവകാശങ്ങൾക്കായി മാത്രമല്ല പോരാട്ടം നയിക്കുന്നത്. ജെഎൻയുവിന്റെ ഭാഗമാവാൻ ആഗ്രഹിക്കുന്ന തലമുറകൾക്ക് വേണ്ടിയാണ് ഈ സമരം.