ഇന്ത്യയിൽ കുറച്ചു കാലം മുമ്പ് വരെ ലാഭകരമായി പ്രവർത്തിക്കുന്ന സ്ഥാപനമായിരുന്നു ‘ഓയിൽ ആന്റ് നാച്ചുറൽ ഗ്യാസ് കോര്പറേഷന് ലിമിറ്റഡ്’ (ഒഎൻജിസി) എന്ന കേന്ദ്ര പൊതുമേഖലാ സ്ഥാപനം. പൊതുമേഖലയിലെ നവരത്നങ്ങളിൽ ഒന്ന്. മാറിമാറി വന്ന കേന്ദ്ര സർക്കാരുകൾ ഒഎന്‍ജിസിയെ തകര്‍ക്കുന്നതിനാണ് ഇന്ന് രാജ്യം സാക്ഷിയാകുന്നത്. 1955ല്‍ രൂപീകരിച്ച “ഓയിൽ ആൻഡ് നാച്ചുറൽ ഗ്യാസ് ഡിവിഷൻ” ആണ് ഒഎൻജിസിയുടെ പ്രാഗ് രൂപം. 1956ല്‍ അത് ഓയിൽ ആൻഡ് നാച്ചുറൽ ഗ്യാസ് ആയി. 1994 ലാണ് ഓയിൽ ആൻഡ് നാച്ചുറൽ ഗ്യാസ് കോർപറേഷൻ ലിമിറ്റഡ് ആയത്.
വർഷങ്ങളോളം അതീവ ലാഭകരമായി ഒഎൻജിസി തുടർന്നു.1991ൽ കോണ്‍ഗ്രസ് സര്‍ക്കാര്‍ നവ ഉദാരനയങ്ങൾ പിന്തുടർന്നപ്പോഴും ഒഎൻജിസി ലാഭംകൊയ്തു മുന്നേറി. എന്നാൽ പൊതുമേഖലാ സ്ഥാപനങ്ങൾ തകർക്കുക എന്ന ആശയം നവ ഉദാരനയങ്ങളുടെ സഹജമായ സവിശേഷത ആയതുകൊണ്ടുതന്നെ ഒഎൻജിസി പതുക്കെ ഭരണവർഗത്തിന്റെ പരീക്ഷണവസ്തുവായി. ഒരു യുക്തിക്കും നിരക്കാത്ത വിധം കേന്ദ്രസര്‍ക്കാര്‍ ഒഎൻജിസിയെക്കൊണ്ട് 450 ദശലക്ഷം കോടി രൂപ ലോകബാങ്ക് വായ്പ എടുപ്പിച്ചു. സ്വകാര്യ-വിദേശ സ്ഥാപനങ്ങളുമായി ചേര്‍ന്നു പദ്ധതികൾ ആവിഷ്കരിക്കണമെന്നായിരുന്നു വായ്പ നല്‍കുമ്പോഴുള്ള നിബന്ധന. 1992-93 മുതല്‍ ഒഎന്‍ജിസി കണ്ടെത്തി വികസിപ്പിച്ച 28 എണ്ണ-വാതക പാടങ്ങൾ സ്വകാര്യ എണ്ണക്കമ്പനികൾക്ക് തുച്ഛവിലക്കു വിറ്റു. എന്നിട്ടും ഒഎൻജിസി ഇന്ത്യയില്‍ പണക്കൊഴുപ്പുള്ള സ്ഥാപനമായി തുടര്‍ന്നു. ഇന്ത്യയുടെ ആഭ്യന്തര എണ്ണ-വാതക ഉത്പ്പാദനത്തിന്റെ 70% ഒഎൻജിസിയില്‍ നിന്നു തന്നെയായിരുന്നു.
2014ല്‍ ബിജെപി അധികാരത്തിലെത്തി. ഒഎൻജിസിയില്‍ നിന്നു പണം തട്ടാനുള്ള പുതുപുത്തന്‍ മാര്‍ഗങ്ങള്‍ ആവിഷ്കരിക്കപ്പെട്ടു. 2014-15 സാമ്പത്തിക വര്‍ഷം കമ്പനിയുടെ ധനശേഖരം 74% കുറഞ്ഞു. ഇതേ കാലഘട്ടത്തില്‍ അംബാനിയുടെ റിലയന്‍സ് ആദ്യമായി ഒഎൻജിസിയെ പിന്തള്ളി കൂടുതല്‍ ലാഭം നേടി. 2016-17ല്‍ നിന്ന് 2017-18 ൽ എത്തിയപ്പോള്‍ ധനശേഖരം 92% കുറഞ്ഞു.
കാലങ്ങളായി ലാഭവിഹിതം സര്‍ക്കാറിനു നല്കുന്ന സ്ഥാപനമാണ് ഒഎൻജിസി. പക്ഷെ, ബിജെപി സര്‍ക്കാര്‍, കമ്പനിയിൽ നിന്നു പൊതുവേ നല്കപ്പെടുന്നതിലും വളരെ കൂടുതൽ ലാഭവിഹിതം നിര്‍ബന്ധിച്ചു വാങ്ങാന്‍ തുടങ്ങി. 2017-18ല്‍ കമ്പനി അതിന്റെ ചരിത്രത്തിലെ ഏറ്റവും കൂടുതല്‍ തുക ലാഭവിഹിതം നൽകി. 8470 കോടി രൂപ. ഇതിനുപരിയായി നികുതി വഴിയും സര്‍ക്കാര്‍ ഒഎൻജിസിയിൽ നിന്ന് പണം ഊറ്റിയെടുത്തു.
കേന്ദ്ര സര്‍ക്കാര്‍ ഇന്ധന സബ്സിഡി നൽകാൻ കൂട്ടാക്കാതെ, ഈ തുക പൊതുമേഖല സ്ഥാപനങ്ങള്‍ വഹിക്കണം എന്നു നിര്‍ദേശിച്ചു. ഡിസംബര്‍ 2014ല്‍ 8716 കോടി രൂപ സബ്സിഡികൾക്കായി കേന്ദ്ര സര്‍ക്കാർ ആവശ്യപ്പെട്ടു. 2015 ജൂണില്‍ സര്‍ക്കാറിന്റെ ഇന്ധന സബ്സിഡിയുടെ 40 ശതമാനത്തില്‍ കൂടുതല്‍ ഒഎൻജിസി, ഓയിൽ ഇന്ത്യ എന്നീ കമ്പനികളാണ് വഹിച്ചത്. ഇത്തരത്തിലുള്ള അമിത ഭാരങ്ങള്‍ താങ്ങാനുള്ള കഴിവ് പലപ്പോഴും കാഴ്ചവെച്ച സ്ഥാപനമാണ് ഒഎൻജിസി. പിന്നെ എങ്ങനെ 2017-18ല്‍ ധനശേഖരം കുറഞ്ഞു?
ഉത്തരം ലഭിക്കാൻ “ഗുജറത്ത് സ്റ്റേറ്റ് പെട്രോളിയം കോര്പറേഷന്” എന്ന സ്ഥാപനത്തിന്റെ കാര്യങ്ങൾ പരിശോധിക്കേണ്ടി വരും. 2017 ആഗസ്റ്റില്‍ 8000 കോടി രൂപക്ക് ഗുജറാത്ത് സ്റ്റേറ്റ് പെട്രോളിയം കോര്‍പറേഷനിൽ നിന്നു ഒഎൻജിസിയെക്കൊണ്ട് സര്‍ക്കാര്‍ കൃഷ്ണ- ഗോദാവരീ തടത്തിലെ വാതക പാടത്തില്‍ അവര്‍ക്കുണ്ടായ 80% ഓഹരി വാങ്ങിപ്പിച്ചു. 2003ല്‍ ലേലത്തില്‍ നല്കപ്പെട്ട ഈ വാതക പാടത്തില്‍ പിന്നീട് വികസന പ്രവര്‍ത്തനങ്ങള്‍ ഒന്നും ഗുജറാത്ത് സ്റ്റേറ്റ് പെട്രോളിയം കോര്പറേഷന് നടത്തിയില്ല. ഗുജറാത്ത് സ്റ്റേറ്റ് പെട്രോളിയം കോര്‍പറേഷനാകട്ടെ,19576 കോടി രൂപ കടത്തിലുമായിരുന്നു. ഒഎൻജിസിക്ക് ഇതു വാങ്ങുന്നതു കൊണ്ട് ലാഭം ഒന്നും നേടാനും കഴിയില്ല.
ജനവരി 2018ന് കേന്ദ്രസര്‍ക്കാരിന്റെ ധനകമ്മി കുറക്കാനായി, ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്പറേഷന് ലിമിറ്റഡിൽ കേന്ദ്രസര്‍ക്കാരിനുള്ള 51.11% ഓഹരി ഒഎൻജിസിയെ കൊണ്ട് വാങ്ങിപ്പിച്ചു. വിപണി മൂല്യത്തിന്റെ 14% അധിക തുകക്കാണ് ഒഎൻജിസി അന്നു സര്‍ക്കാര്‍ ഓഹരികള്‍ വാങ്ങിയത്. 36,915 കോടി രൂപക്ക് ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്പറേഷന് ലിമിറ്റഡിനെ വാങ്ങിയതിന്റെ ഫലമായി ഒഎൻജിസി 35,000 കോടി രൂപയുടെ വായ്പ എടുപ്പിച്ചു. അതോടൊപ്പം തന്നെ ഒഎൻജിസിയെക്കൊണ്ട് സര്‍ക്കാരിന്റെ കൈവശമുള്ള അതിന്റെ ഓഹരി തിരികെ വാങ്ങിപ്പിച്ചു വരുമാനം കണ്ടെത്താന്‍കൂടി ശ്രമിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍.
ഇന്നു വായ്പ തിരിച്ചടക്കാന്‍ നിര്വാഹമില്ലതെ ഒഎൻജിസി അതിന്റെ മറ്റു പൊതു മേഖലാ സ്ഥപനങ്ങളിലുള്ള ഓഹരി വിൽക്കാൻ പോകുകയാണ്. ഓഹരികൾ എല്‍ഐസിക്കു വിൽക്കാൻ ശ്രമിച്ചെങ്കിലും വിപണി വിലയില്‍നിന്നു 10% കുറവ് മാത്രമേ നൽകൂ എന്നു എൽഐസി നിഷ്കര്‍ഷിച്ചു. ഈ ഓഹരികൾ വിപണിയില്‍ വില്ക്കുവാന് ശ്രമിക്കുകയാണ് ഇപ്പോള്‍ ഒഎൻജിസി.
ലാഭം വളരെയേറെ ലഭിക്കുമെങ്കിലും നഷ്ടസാധ്യത അതീവ ഗുരുതരമായി നിലനില്‍ക്കുന്ന ഒരു മേഖലയാണ് എണ്ണ-പ്രകൃതി വാതക വ്യവസായം. കഴിഞ്ഞ വര്‍ഷം 55 ബ്ലോക്ക് വിറ്റപ്പോള്‍ അതില്‍ 41ഉം വാങ്ങിയത് അനില്‍ അഗർവാളിന്റെ വേദാന്ത ആയിരുന്നു. കേന്ദ്ര പൊതുമേഖലാ സ്ഥപനങ്ങളെ തകര്‍ക്കുന്ന നയങ്ങള്‍ മൂലം ഉണ്ടായ കടവും തിരിച്ചടവും എല്ലാം കൂടിയായപ്പോള്‍ ഒഎൻജിസിക്ക് വെറും രണ്ട് ബ്ലോക്ക് വാങ്ങാനുള്ള കഴിവുമാത്രമേ ഉണ്ടായിരുന്നുള്ളൂ. പൊതുമേഖലാ സ്ഥാപനങ്ങളെ തകര്‍ത്തും സ്വകാര്യസ്ഥാപനങ്ങളെ വളര്‍ത്തിയും മുന്നേറുകയാണ് മോഡി സര്‍ക്കാര്‍. സാമ്പത്തിക കെടുകാര്യസ്ഥതയെ ഒളിപ്പിക്കാൻ വരുമാനം നല്കുന്ന പൊതു ആസ്തികൾ വില്‍ക്കുക എന്ന നയം ദീർഘകാലാടിസ്ഥാനത്തില്‍ രാജ്യത്തിന്റെ സാമ്പത്തിക ഭദ്രതക്ക് കോട്ടം വരുത്തുവാനുള്ള സാധ്യത നിലനില്ക്കുന്നു.
1991ല്‍ നവ ഉദാരവൽക്കരണത്തിന്റെ ഭാഗമായി അനേകം ഒഎന്‍ജിസി എണ്ണ-വാതക പാടങ്ങള്‍ സ്വകാര്യസ്ഥാപനങ്ങള്‍ക്കു വിറ്റു തുലച്ചതിനെക്കുറിച്ചു പരൻജോയ് ഗുഹ താക്കൂർ അദ്ദേഹത്തിന്റെ ‘ഗ്യാസ് വാർസ്: ക്രോണി കാപിറ്റലിസം ആന്റ് അംബാനിസ്’ (വാതക യുദ്ധം: ചങ്ങാത്ത മുതലാളിത്തവും അംബാനിമാരും) എന്ന പുസ്തകത്തില്‍ വ്യക്തമാക്കുന്നുണ്ട്.