രണ്ട് നൂറ്റാണ്ടിനുമുമ്പ് പെൺപള്ളിക്കൂടമായി തുടങ്ങി ചരിത്രത്തിലിടം നേടിയ കോട്ടയത്തെ ബേക്കർ മെമ്മോറിയൽ സ്കൂളിന് മറ്റൊരു സവിശേഷത കൂടിയുണ്ട്. പെൺകുട്ടികളെ തോക്കെടുക്കാനും വെടിയുതിർക്കാനും പഠിപ്പിച്ച മഹദ്ചരിതം. പെൺവിദ്യാഭ്യാസം തന്നെ വെല്ലുവിളിയായിരുന്ന കാലത്തായിരുന്നു അത്.
പെൺകുട്ടികളെ സൈനിക അഭ്യാസവും ചിട്ടയും പരിശീലിപ്പിച്ച ആ മുഹൂർത്തമാണ് ഇപ്പോൾ അറുപത്തഞ്ചിലേക്ക് കൈയുയർത്തി സല്യൂട്ടടിക്കുന്നത്. നാഷണൽ കേഡറ്റ്സ് കോർപ്സ് (എൻസിസി) പരിശീലനത്തിന് 1955 ലാണ് ബേക്കർ സ്കൂളിൽ തുടക്കം കുറിക്കുന്നത്. 30 പെൺകുട്ടികളായിരുന്നു ആദ്യ ബാച്ചിൽ. പെൺകുട്ടികളെ സൈനിക മേഖലയിലേക്ക് അയയ്ക്കുന്നതും ഇത്തരത്തിൽ പരിശീലിപ്പിക്കുന്നതും കടുത്ത എതിർപ്പ് ഉയർത്തിയിരുന്നു.
ഇക്കാലത്താണ് സ്കൂളിലെ പ്രധാനാധ്യാപികയടക്കം മുൻകൈയെടുത്ത് എൻസിസി യൂണിറ്റ് ആരംഭിക്കുന്നത്. 1953 മുതൽ സ്കൗട്സ് ആൻഡ് ഗൈഡ്സ് ഈ സ്കൂളിൽ പ്രവർത്തിക്കുന്നുണ്ടായിരുന്നു. ഇതിന്റെ തുടർച്ചയായാണ് സൈനിക മേഖലയിലേക്കുള്ള മാറ്റവും. പ്രത്യേക യൂണിഫോമണിഞ്ഞ് പരേഡ് നടത്തുന്ന പെൺകുട്ടികൾ അക്കാലത്തെ സ്കൂൾ വിദ്യാഭ്യാസരംഗത്തെ അത്യപൂർവ കാഴ്ചയായിരുന്നു. നടപ്പും ചിട്ടയും ശിക്ഷണവും വേഷവും അടക്കം കുട്ടികളിൽ മികച്ച അച്ചടക്കവും സാമൂഹ്യബോധവും ആത്മവിശ്വാസവും വളർത്താൻ എൻസിസി യൂണിറ്റ് വലിയ പങ്കുവഹിച്ചു. പോയിന്റ് 22 റൈഫിളാണ് ഫയറിങ് പരിശീലനത്തിനായി നൽകിയിരുന്നത്.
നിലത്ത് കമിഴ്ന്നുകിടന്ന് ലക്ഷ്യസ്ഥാനത്തേക്ക് വെടിയുതിർക്കാനാണ് പരിശീലനം. സംസ്ഥാന ക്യാമ്പുകളിലടക്കം മികച്ച പ്രകടനം നടത്തിയ ഈ സ്കൂളിലെ കേഡറ്റുകൾ റിപ്പബ്ലിക് ദിന പരേഡിലടക്കം അണിനിരന്നു. 1968 ൽ സുലത ആനി തോമസ് പൂജാ ഹോളിഡേ ക്യാമ്പിൽ നിന്ന് ഇത്തരത്തിൽ തെരഞ്ഞെടുക്കപ്പെട്ടു. തെരഞ്ഞെടുക്കപ്പെട്ട കേഡറ്റുകൾക്കായി മൂന്നാറിൽ പ്രത്യേക പരിശീലന ക്യാമ്പും സംഘടിപ്പിച്ചു. ഇതുസംബന്ധിച്ച് സുലതയുടെ ഓർമക്കുറിപ്പിൽ വിവരിക്കുന്നതിങ്ങനെ:
‘ജനുവരി എട്ടിന് കൊച്ചിൻ എക്സ്പ്രസിലും പിന്നീട് ജനതാ എക്സ്പ്രസിലും യാത്രചെയ്ത് 12നു ഡൽഹിയിലെത്തി. വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള 1200 കുട്ടികൾ ഗാരിസൺസ് പരേഡ് ഗ്രൗണ്ടിലെ റെജിമെന്റിൽ ക്യാമ്പ് ചെയ്തിരുന്നു. 20 പേർ അടങ്ങിയതാണ് കേരള ടീം. പുലർച്ചെ 6.15ന് പ്രഭാതഭക്ഷണത്തിനു മുമ്പ് കിറ്റ് ലേ ഔട്ട് ശരിയാക്കുക, ടെന്റ് വലിച്ചുകെട്ടുക, ടെന്റും പരിസരവും വൃത്തിയാക്കുക തുടങ്ങിയവയായിരുന്നു പരിശീലനങ്ങൾ. ഇന്ത്യാ ഗേറ്റ് കടന്ന് പാർലമെന്റ് ഹൗസ് വരെ നീളുന്ന നാലു മൈലോളം വരുന്ന പ്രധാന വീഥിയിലാണ് പരേഡ്.
ഇന്ത്യയുടെ പ്രസിഡന്റായിരുന്ന ഡോ. സക്കീർ ഹുസൈൻ അഭിവാദനം സ്വീകരിച്ചു. വിവിധ സേനാ വിഭാഗങ്ങൾ, വലിയ ടാങ്കുകൾ, കവചിത വാഹനങ്ങൾ, കുതിരപ്പട്ടാളം, മോട്ടോർ സൈക്കിൾ, ബാൻഡ് സെറ്റുകൾ ഇവക്കൊപ്പം കേഡറ്റുകളായ ഞങ്ങളുടെ പരേഡും നടന്നു. നൂറ്റമ്പതോളം വരുന്ന വിമാനങ്ങളുടെ അഭിവാദനവും പുഷ്പവൃഷ്ടിയും ഉണ്ടായി.
28ന് രാഷ്ട്രപതി ഭവനിൽ ഞങ്ങൾക്കായി ചായസൽക്കാരം നടത്തപ്പെട്ടു. ഏറെ ആവേശവും അഭിമാനവും സമ്മാനിച്ച നിമിഷങ്ങളായിരുന്നു അത്” – സുലത കുറിച്ചിട്ടു.
ആറരപ്പതിറ്റാണ്ടായി തുടരുന്ന ഇവിടുത്തെ എൻസിസി യൂണിറ്റിൽ നിന്ന് ഇതിനകം നിരവധി പെൺകുട്ടികൾ നാവികസേനയിലടക്കം തെരഞ്ഞെടുക്കപ്പെടുകയും രാജ്യസേവനത്തിന് സ്വയം സമർപ്പിക്കുകയും ചെയ്തു. ഇപ്പോഴും ഇവിടെ എൻസിസി പരിശീലനം തുടരുന്നു. 68 പെൺകുട്ടികളാണ് ഇപ്പോഴത്തെ ബാച്ചിലുള്ളത്.