കാൽനൂറ്റാണ്ടു മുമ്പ് കോട്ടയം മുതൽ കുമാരനല്ലൂർ വരെയുള്ള പാതയോരത്ത് വാരികകളിൽ എഴുതുന്ന സാഹിത്യ രചയിതാക്കളെ കൂട്ടിയിടിച്ചിട്ട് നടക്കവയ്യ എന്ന സ്ഥിതി ഉണ്ടായിരുന്നു.
‘പൈങ്കിളി’ എന്ന് അറിയപ്പെട്ടിരുന്ന അവരുടെ മാറാപ്പ് നിറയെ കൃതികളും വികൃതികളുമായിരുന്നു. നോവൽ മുതൽ വാരഫലം വരെ കൈകാര്യം ചെയ്യുന്ന എഴുത്തു തൊഴിലാളികൾക്ക് ഒരുമിച്ച് ചേക്കേറാനൊരു ചില്ല. അതായിരുന്നു പിൽക്കാലത്ത് പൈങ്കിളിക്കവല എന്നറിയപ്പെട്ടിരുന്ന ചൂട്ടുവേലി ജങ്ഷൻ.
മനോരമ, മംഗളം, ചെമ്പകം, സുനന്ദ, ജനനി, സഖി, തരംഗിണി, പൗരധ്വനി, പശ്ചിമതാരക, ചെമ്പരത്തി, മാമ്പഴം, അഹല്യ എന്നിവയ്ക്കൊപ്പം സിനിരമ, സിനിമാമാസിക, ചലച്ചിത്രം, മൂവിഡയറി, ആലിപ്പഴം തുടങ്ങിയ സിനിമാ വാരികകളും ഡോക്ടർ, കുടുംബഡോക്ടർ തുടങ്ങിയ ആരോഗ്യ മാസികകളും കോട്ടയത്തു നിന്നു പ്രസിദ്ധീകരിച്ചിരുന്നു. അന്നൊക്കെ ഏജന്റുമാർ നേരിട്ടു വന്ന് കോപ്പികൾ പണമടച്ച് കളക്ട് ചെയ്യുന്ന പതിവുണ്ടായിരുന്നു. മാർക്കറ്റിലിറങ്ങിയാൽ ചൂടപ്പം പോലെ വിറ്റു പോകുന്ന പൈങ്കിളികൾക്ക് ഡിപ്പോസിറ്റ് നല്കുവാനും ഏജന്റുമാർക്ക് മടിയുണ്ടായിരുന്നില്ല.
പൈങ്കിളി നോവൽ രചനയിൽ പേരെടുത്തവർക്ക് ഡിമാന്റുള്ളതുകൊണ്ടുതന്നെ മുന്തിയ പ്രതിഫലം നല്കുവാനും പത്രമുടമകൾ തമ്മിൽ മത്സരമായിരുന്നു. അധ്യായക്കണക്കിനായിരുന്നു പ്രതിഫലം നിശ്ചയിച്ചിരുന്നത്. ഒരു സാഹിത്യകാരൻ തന്നെ അഞ്ചും ആറും വാരികകൾക്ക് ഒരേ സമയം നോവലുകളെഴുതി ‘ചരിത്ര’ത്തിന്റെ ഭാഗമായി. മാത്യു മറ്റം, കോട്ടയം പുഷ്പനാഥ്, ജോയ്സി, സുധാകർ മംഗളോദയം, ജോൺസൺ പുളിങ്കുന്ന്, സതീഷ് കച്ചേരിക്കടവ്, കമലാഗോവിന്ദ് തുടങ്ങിയവർ ഇടവിടാതെ എഴുതി നേട്ടങ്ങൾ കൊയ്തവരാണ്.
നോവലുകൾ പോലെ തന്നെ ജനപ്രീതി നേടിയ മറ്റൊരിനം അന്വേഷണാത്മക റിപ്പോർട്ടുകളായിരുന്നു. പത്രാധിപസമിതിയിലുള്ളവർ തന്നെ മത്സരബുദ്ധിയോടെ കൈകാര്യം ചെയ്തിരുന്ന അന്വേഷണ പരമ്പരകളുടെ ഉസ്താദുമാർ അമ്പാട്ട് സുകുമാരൻ നായരും തോമസ് ടി അമ്പാട്ടുമായിരുന്നു. നടുവട്ടം സത്യശീലൻ, ഹക്കിം നട്ടാശേരി, ബിജി കുര്യൻ, ടൈറ്റസ് കെ വിളയിൽ, കെ എസ് നൗഷാദ്, സി ആർ ജയൻ, പി ഒ മോഹൻ, എ ആർ ജോൺസൺ എന്നിവരും വാരികത്തെരുവിൽ പത്രാധിപ സാമർഥ്യം തെളിയിച്ചവർ തന്നെ.
1990 കളിൽ പൈങ്കിളി സാഹിത്യത്തിനെതിരെ ഡിവൈഎഫ്ഐ തുടങ്ങിവച്ച സമരവും താഴേക്കിടയിലെ ബോധവൽക്കരണപരിപാടികളും ചിത്രം മാറ്റിവരച്ചു. പൈങ്കിളികൾ കൂപ്പുകുത്തി. സാഹിത്യകാരന്മാർ ചേക്കേറിയിരുന്ന ചില്ലകൾ ഒന്നൊന്നായി ഒടിഞ്ഞുവീണു.
പൈങ്കിളിവായനാ ബഹിഷ്കരണത്തിന്റെ ഉച്ചസ്ഥായിയിൽ, വാരികത്തെരുവിൽ ഏജന്റുമാരുടെയും കൂലി എഴുത്തുകാരുടെയും തിരക്കു നിലച്ചു. ഓഫീസുകൾ അടഞ്ഞു. ചൂട്ടുവേലിക്കവല നിശബ്ദമായി. പൈങ്കിളികൾ ചില്ലകൾ തേടി പറന്നുപോയി.
ഏറ്റവും പുതിയ എബിസി കണക്കു പ്രകാരം, ഇരുപത്തഞ്ചു കൊല്ലങ്ങൾക്കു മുമ്പ് ലക്ഷക്കണക്കിന് കോപ്പികളടിച്ചിരുന്ന പ്രസിദ്ധീകരണങ്ങളുടെ സർക്കുലേഷൻ ഇപ്പോൾ ഓരോ ലക്കവും താഴേക്കാണ്. പഴയ പൈങ്കിളി എഴുത്തുകാരിൽ ചിലർ കുപ്പായം മാറി വരേണ്യരായി. തലതൊട്ടപ്പന്മാർ പലരും കാലയവനികയ്ക്കുള്ളിൽ മറഞ്ഞു.