അടിയന്തരാവസ്ഥയുടെ സമയത്ത് ഇന്ദിരഗാന്ധി നയിച്ച കോൺഗ്രസ് സർക്കാർ പത്രമാധ്യമങ്ങൾക്കുമേൽ പലവിധ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. അതേസമയം തന്നെ, പല മാധ്യമപ്രവർത്തകരും സർക്കാരുമായി ഒത്തുപ്രവർത്തിക്കാൻ തയ്യാറുമായിരുന്നു. ആ സമയത്തെ മാധ്യമങ്ങളെപ്പറ്റി എൽ. കെ. അഡ്വാനി പറഞ്ഞത്, ‘കുനിയാൻ ആവശ്യപ്പെട്ടപ്പോൾ നിങ്ങൾ ഇഴഞ്ഞു’ എന്നാണ്.
എന്നാൽ, 1999-2004 ബിജെപി ഭരണത്തിൽ ആഭ്യന്തരമന്ത്രിയായിരിക്കുമ്പോൾ അഡ്വാനിയും മാധ്യമങ്ങളോട് ഇതേ സമീപനംതന്നെയാണ് സ്വീകരിച്ചതെന്നത് ചരിത്രത്തിലെ മറ്റൊരു ഇരുണ്ട തമാശ! അടിയന്തരാവസ്ഥയുടെ നാല്പതാം വാർഷികത്തോട് അനുബന്ധിച്ചു പ്രസ്താവനകൾ ഇറക്കിയെങ്കിലും, അഡ്വാനിയുടെ പിന്മുറക്കാരനായ മോഡിയുടെ സർക്കാരും കഴിഞ്ഞ അഞ്ചുവർഷത്തിൽ ഭിന്നാഭിപ്രായക്കാരുടെ മാധ്യമസ്വാതന്ത്ര്യം അമർച്ച ചെയ്യാനുള്ള ശ്രമങ്ങളാണ് നടത്തിയത്.
ഇന്ദിരഗാന്ധിയുടെ കാലത്ത് കോൺഗ്രസ്സിൽ തലപൊക്കിയ ജനാധിപത്യവിരുദ്ധ പ്രവണത ഇന്ന് കോൺഗ്രസ്സിലും ബി.ജെ.പിയിലും പൂവണിഞ്ഞു നിൽക്കുന്നതുകാണാം.
എന്നിരുന്നാലും, ഇന്ന് റാഫേൽ അഴിമതി പോലുള്ള വിഷയങ്ങളിൽ അന്വേഷണം നടത്തുന്ന ഏതാനും പത്രപ്രവർത്തകരെപ്പോലെ, അടിയന്തരാവസ്ഥയുടെ സമയത്തും ഏതാനം പത്രപ്രവർത്തകർ ഭരണകൂടഭീകരക്കെതിരെ സംസാരിച്ചു. അതിൽ പ്രധാനമാണ് ആ സമയത്തെ കാർട്ടൂൺ രചയിതാക്കൾ. അതുകൊണ്ടുതന്നെ, ഇന്നത്തെ സാമൂഹിക-രാഷ്ട്രീയ അവസ്ഥക്കുള്ള ചില പാഠങ്ങൾ അന്നത്തെ കാർട്ടൂണുകളിൽ കാണാം.
അടിയന്തരാവസ്ഥ പ്രഖ്യാപനത്തിൽ ഒപ്പിടുന്നത് കുളിമുറിയിൽനിന്ന്!

അടിയന്തരാവസ്ഥ ജനാധിപത്യത്തെ രക്ഷിക്കാൻ!
ഈ സമയത്ത് അബു അബ്രഹാം വരച്ച കാർട്ടൂണുകളിൽ കോൺഗ്രസ്സ് പാർട്ടിയെ പ്രതിനിധീകരിച്ച രണ്ടു കഥാപാത്രങ്ങളാണ് ഈ രചനകളിൽ. ജനാധിപത്യത്തെ രക്ഷിക്കാൻ വേണ്ടിയാണ് അടിയന്തരാവസ്ഥ എന്ന കോൺഗ്രസ്സ് വാദവും കോൺഗ്രസ്സ് പാർട്ടിക്കുള്ളിൽ തന്നെ വ്യത്യസ്ത അഭിപ്രായങ്ങളോട് നിലനിന്ന ഭീഷണികളുമാണ് പ്രമേയം. രണ്ടു രചനകളും അന്ന് സെൻസർ ചെയ്യപ്പെട്ടു.

കോടതിയും സഭയും കക്ഷത്തുവെച്ച് ഭരണം
അടിയന്തരാവസ്ഥ പ്രഖ്യാപിച്ച കോൺഗ്രസ്സ് സർക്കാർ തങ്ങളുടെ രാഷ്ട്രീയനില ശക്തിപ്പെടുത്താൻ പല നിയമനിർമ്മാണങ്ങൾ നടത്തുകയും അവയെ സാധുകരിക്കുവാൻ കോടതികളെ ഉപയോഗിക്കുകയും ചെയ്തു.

പാർട്ടിയെ വിഴുങ്ങിയ ഏകാധിപതി
ജനാധിപത്യത്തെ സസ്പെൻഡ് ചെയ്തതോടെ ഇന്ദിരഗാന്ധി ഒരു ഏകാധിപതിയായി പ്രവർത്തിക്കാൻ തുടങ്ങി. പാർട്ടിക്കുള്ളിൽ വിധേയത്വം ആവശ്യപ്പെടുകയും മറ്റു രാഷ്ട്രീയകക്ഷികളെ ഒതുക്കുകയും കേന്ദ്രസർക്കാരിലെ പ്രധാന മന്ത്രാലയങ്ങൾ കയ്യടക്കി വെക്കുവാൻ ശ്രമം നടത്തുകയും ചെയ്തു, അവ പ്രതിപാദിക്കുന്ന ചില കാർട്ടൂണുകൾ ആണിവ.




മുങ്ങുന്ന കസേര, ഞെളിയുന്ന ഇന്ദിര
അടിയന്തരാവസ്ഥക്കു മുമ്പേതന്നെ ഇന്ദിരഗാന്ധി സർക്കാർ പലവിധത്തിലുള്ള രാഷ്ട്രീയപ്രതിസന്ധികൾ നേരിട്ടിരുന്നു. തെരഞ്ഞെടുപ്പിൽ കൃത്രിമം കാണിച്ചതിന് ഇന്ദിരഗാന്ധിയെ അലഹാബാദ് ഹൈക്കോടതി ആറുവർഷത്തേക്ക് രാഷ്ട്രീയപദവികളിൽനിന്ന് വിലക്കി. ഈ വിധിക്കെതിരെ നിരുപാധികമായ സ്റ്റേ സുപ്രീം കോടതിയിൽ നിന്ന് പ്രതീക്ഷിച്ചെങ്കിലും, ഇന്ദിര സർക്കാരിന് ഉപാധികളടങ്ങിയ സ്റ്റേ മാത്രമാണ് ലഭിച്ചത്.
മുങ്ങുന്ന കസേരയിൽ കാലുയർത്തിവെച്ച് ഞെളിയുന്ന ഇന്ദിരഗാന്ധിയെ ആർ. കെ. ലക്ഷ്മൺ കാർട്ടൂണാക്കി. അധികാരത്തിൽ കടിച്ചുതൂങ്ങാൻ ശ്രമിക്കുന്ന ഇന്ദിരസർക്കാരിന് ജനങ്ങളുടെ ശക്തമായ പിന്തുണയുണ്ടെന്നായിരുന്നു കോൺഗ്രസ്സ് വാദം. സർക്കാരിന്റെ പുറകെ ജനങ്ങൾ ഓടുന്നത് എന്തിനാണെന്നും ആർ. കെ. ലക്ഷ്മൺ വ്യക്തമാക്കി. ഈ സമയത്ത് നിലനിന്ന വിലക്കയറ്റം, സാമ്പത്തിക പ്രതിസന്ധി, വരൾച്ച എന്നിവയും, ലോകമെമ്പാടും എണ്ണയുടെ വില നാലുമടങ്ങു വർധിച്ചതും ഈ കാലഘട്ടത്തിന്റെ സവിശേഷതകളാണ്.


കർഷകരും തൊഴിലാളികളും ആണിമെത്തയിൽ

ഈ സമയത്തെ കോൺഗ്രസ്സ് നയങ്ങൾ ഇന്ത്യയിലെ പാവപ്പെട്ട തൊഴിലാളികളുടെയും കർഷകരുടെയും താൽപര്യങ്ങൾക്ക് വിരുദ്ധം ആയിരുന്നു. താൻ അഴിച്ചുവിട്ട അർദ്ധഫാസിസത്തിൽനിന്നു ശ്രദ്ധതിരിക്കാൻ ഇന്ദിരഗാന്ധി ഇരുപതിനപരിപാടി എന്ന നയപ്രഖ്യാപനം നടത്തി. അടിയന്തരാവസ്ഥക്കാലത്ത് പലവിധത്തിലുള്ള അതിക്രമങ്ങൾക്ക് നേതൃത്വംകൊടുത്ത മകൻ സഞ്ജയ് ഗാന്ധി അഞ്ചു പോയിൻറ് കൂടി ചേർത്ത് അതിനെ ഇരുപത്തിയഞ്ചിന നയപരിപാടിയാക്കി. സ്വാഭാവികമായും ഇന്ത്യയിലെ മുതലാളിത്തവ്യവസ്ഥ സുദൃഢമാക്കാനാണ് ഈ പരിപാടി ഉപകരിച്ചത്. കർഷകർക്കും തൊഴിലാളികൾക്കും ഇത് ആണിമെത്തയിൽ കിടത്തിയതുപോലെയായി.
പരിഹാസ്യയായ ‘ദുർഗാവതാരം’


തനിക്കെതിരെ ശബ്ദിച്ച പത്രപ്രവർത്തകരെ കുരയ്ക്കുന്ന പട്ടികളായാണ് ഇന്ദിരഗാന്ധിയും കോൺഗ്രസും കണ്ടത്. മാത്രമല്ല, അടിയന്തരാവസ്ഥ രാജ്യനന്മക്കു വേണ്ടിയുള്ളതാണെന്നും അവർ വിശ്വസിച്ചു. 1971ൽ തെരഞ്ഞെടുപ്പു ജയിച്ച് സ്വയം ദുർഗയായി അവതരിച്ച ഇന്ദിരഗാന്ധി, 1975-77 കാലഘട്ടത്തിൽ ഇന്ത്യയ്ക്ക് നല്ലതുമാത്രം ചെയ്യുന്ന മാലാഖയായി ചമഞ്ഞു. അതേസമയം, മുപ്പതുവർഷം മുമ്പ് പോരടിച്ചു കൊടിപിടിച്ചു സ്വാതന്ത്ര്യംനേടിയ ജനതയെയും അവരുടെ ജനാധിപത്യത്തെയും എട്ടുംപൊട്ടും തിരിയാത്ത കൈക്കുഞ്ഞായി ഇന്ദിരഗാന്ധി സർക്കാർ കണ്ടു. അടിയന്തരാവസ്ഥ ഈ ജനതക്കാവശ്യമായ ശിക്ഷണമായും ഇന്ദിരഗാന്ധി അവതരിപ്പിച്ചു. ഇതിനെ പരിഹസിച്ച കാർട്ടൂണുകൾ.
ഷാ കമ്മീഷനെ വിരട്ടിയ ജനാധിപത്യബോധം!

1977 തെരഞ്ഞെടുപ്പിൽ കടുത്ത തോൽവി ഏറ്റുവാങ്ങി കോൺഗ്രസ്സ് അധികാരത്തിൽനിന്ന് പുറത്തെറിയപ്പെട്ടു. അധികാരത്തിൽവന്ന ജനതാപാർട്ടി അടിയന്തരാവസ്ഥക്കാലത്തെ അതിക്രമങ്ങൾ അന്വേഷിക്കാൻ ഷാ കമ്മീഷനെ നിയമിച്ചു. എന്നാൽ, കമ്മീഷന്റെ അന്വേഷണവുമായി സഹകരിക്കാൻ ഇന്ദിര ഗാന്ധി വിസമ്മതിച്ചു.
മുഖംനോക്കാതെ നീതി നടപ്പാക്കാനുള്ള ശ്രമങ്ങളെ ഇന്ദിരഗാന്ധി ഭീഷണിപ്പെടുത്തിയത് ആർ. കെ. ലക്ഷ്മൺ കാർട്ടൂണിൽ ചിത്രീകരിച്ചു. ഷാ കമ്മീഷൻ റിപ്പോർട്ടിൽ ഇന്ദിരഗാന്ധി, മകൻ സഞ്ജയ് ഗാന്ധി, മറ്റു മുതിർന്ന കോൺഗ്രസ്സ് നേതാക്കളായ പ്രണബ് മുഖർജി, കമൽ നാഥ്, മുൻ ഹരിയാന മുഖ്യമന്ത്രി ബൻസി ലാൽ എന്നിവരെ രൂക്ഷമായി വിമർശിച്ചു.
ജനവിരുദ്ധതക്ക് കിട്ടിയ ജനസമ്മതി

1977ലെ തോൽവിക്കുശേഷം രാഷ്ട്രീയവനവാസത്തിലായിരുന്ന ഇന്ദിരഗാന്ധി, 1978ൽ കർണാടകയിലെ ചിക്കമഗളൂർ മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പ് ജയിച്ചു പാർലമെന്റിൽ തിരിച്ചെത്തി. അടിയന്തരാവസ്ഥക്കാലത്ത് പലവിധ പീഡനങ്ങൾക്കു കളമൊരുക്കിയ ഈ നേതാവ് എങ്ങനെ പിന്നെയും ജനസമ്മതി നേടിയെന്ന് ആർ. കെ. ലക്ഷ്മൺ ചോദിക്കുന്നു. അടിയന്തരാവസ്ഥയോടെ ഇന്ത്യൻരാഷ്ട്രീയത്തിൽ വേരുറച്ച സ്വേച്ഛാധിപത്യപ്രവണതകൾ വിട്ടുമാറാതെ നിലനിൽക്കുന്നു എന്നതിന്റെ അടയാളവുമാണ് ഈ കാർട്ടൂൺ.
ഹിന്ദുത്വവാദികളുടെ തിരനോട്ടം

1977ലെ തെരഞ്ഞെടുപ്പിൽ ജനതാ പാർട്ടിയുടെ നേതൃത്വത്തിലുള്ള മുന്നണി അധികാരത്തിലേറിയെങ്കിലും ആ സർക്കാരിന് അധികനാൾ നിലനിൽപ്പുണ്ടായില്ല. ജനതാമുന്നണിയിൽ ആർഎസ്എസ് ശക്തമായ നുഴഞ്ഞുകയറ്റം നടത്തുകയാണെന്ന് മനസ്സിലാക്കിയ സിപിഐഎമ്മും മറ്റു ഇടതുകക്ഷികളും ഹിന്ദുത്വവാദികൾക്കെതിരെ രംഗത്തിറങ്ങി. ഒടുവിൽ ഇക്കാരണത്താൽ അവർ മുന്നണി വിടുകയും ചെയ്തു.
മുന്നണി താഴെപ്പോകുമെന്ന് മനസ്സിലായപ്പോൾ മൊറാർജി ദേശായി പ്രധാനമന്ത്രിപദവിയിൽനിന്നു താഴെയിറങ്ങുകയും ഉപപ്രധാനമന്ത്രിയായിരുന്ന ചരൺ സിങ് അധികാരത്തിൽ വരികയും ചെയ്തു. ഹിന്ദുത്വവാദികൾക്കെതിരെ നിൽക്കുമെന്ന് ഇടതു സഖ്യകക്ഷികൾക്ക് ഉറപ്പുകൊടുക്കാൻ വിസമ്മതിച്ച ജനതാപാർട്ടി സർക്കാർ അങ്ങിനെ ഇന്ദിരഗാന്ധിയുടെ കോൺഗ്രസ്സ് പാർട്ടിയുടെ പിന്തുണ തേടി. ചരൺ സിങ് വെറും 24 ദിവസം പ്രധാനമന്ത്രിയായി ഇരുന്നു. അപ്പോഴേക്കും ഇന്ദിരഗാന്ധി പിന്തുണ പിൻവലിച്ചു. കോൺഗ്രസ്സിന്റെ പിന്തുണ ആവശ്യമായിത്തീർന്ന ചരൺ സിംഗ്, ഇന്ദിരഗാന്ധിയുടെ കൈവെള്ളക്കുള്ളിൽ ഒതുങ്ങിപ്പോയത് കാർട്ടൂണുകളിൽ വ്യക്തം.