ഇന്ത്യയിലെ വരൾച്ചയെയും വരൾച്ച നേരിടാനുള്ള പദ്ധതികൾ നടപ്പാക്കുന്നതിലെ കള്ളക്കളികളെയും കുറിച്ച് പത്രപ്രവർത്തകൻ പി സായ്നാഥ് എഴുതിയ പുസ്തകത്തിന്റെ പേര് Everybody Loves a Good Drought എന്നാണ്. ഒരു നല്ല വരൾച്ചയെ എല്ലാവരും ഇഷ്ടപ്പെടുന്നു എന്ന് മലയാളം. ഇന്ത്യ പാക് സംഘർഷം ഒരു യുദ്ധത്തോളം വളരുമെന്ന ഭീതി നിലനിൽക്കെ, ഒരു നല്ല യുദ്ധത്തെ ആർക്കാണ് ഇഷ്ടമില്ലാത്തത് എന്ന് നമ്മൾ അറിയാതെ ചോദിച്ചു പോകും.
ഒരു ബോംബ് വീട്ടുമുറ്റത്തു പറന്നു വീഴും വരെ നമ്മൾ യുദ്ധത്തെ കാല്പനികമായി കാണും. ശീതീകരിച്ച മുറികളിൽ ഇരുന്നു സാമൂഹ്യ മാധ്യമങ്ങളിൽ യുദ്ധവെറി പ്രചരിപ്പിക്കുന്നവർക്ക് അതൊരു കാല്പനികാനുഭവം തന്നെ. എന്നാൽ യുദ്ധത്തെ ആഘോഷിക്കുന്നവർ ഒരിക്കലും അതിൽ പങ്കാളികൾ ആയിട്ടില്ലെന്നും യുദ്ധത്തിൽ പങ്കാളികൾ ആയവർ യുദ്ധത്തെ ആഘോഷിക്കുന്നില്ലെന്നുമാണ് സത്യം.ഇന്ന് ഇന്ത്യയിലെ ഓരോ ആളുകളുടെയും രാജ്യസ്നേഹത്തിന്റെ മാനദണ്ഡം യുദ്ധത്തെ അയാൾ എത്രമേൽ പ്രോൽസാഹിപ്പിക്കുന്നു എന്നതായി മാറിയിരിക്കുന്നു. യുദ്ധത്തെ എതിർക്കുന്നവരും സമാധാനത്തിനു വേണ്ടി വാദിക്കുന്നവരും രാജ്യദ്രോഹികളായി മുദ്രകുത്തപ്പെടുന്നു.
“ഇറ്റാലിയൻ ദേശീയതയ്ക്ക് വേണ്ടി നിങ്ങൾ മരിക്കാൻ തയ്യാറാണോ?” എന്ന ഒറ്റ ചോദ്യം കൊണ്ട് പണ്ട് മുസോളിനി ഒരു ജനതയെ ഒന്നടങ്കം വെട്ടിലാക്കിയിട്ടുണ്ട്. ഏതാണ്ട് അതേ അവസ്ഥ തന്നെയാണ് ഇന്ത്യയിലും. കോടിക്കണക്കിന് ആളുകളെ ഇല്ലായ്മ ചെയ്ത രണ്ട് ലോക മഹായുദ്ധങ്ങൾ ഈ ലോകത്ത് സംഭവിച്ചു. ഇതിന്റെ തുടർച്ചയെന്നോണം ലോകവ്യാപകമായി യുദ്ധവിരുദ്ധ ചിന്തകൾ ഉണർന്നു വന്നിട്ടുണ്ട്. എന്നിട്ടും ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിലും പലസ്തീനിലും മറ്റും ആക്രമണങ്ങളുടെ ഒരു പരമ്പര തന്നെ സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്. ഇന്ന് യുദ്ധത്തിനായി ശബ്ദം മുഴക്കുന്നവരെല്ലാം ഇതു വരെ ഒരു യുദ്ധവും നേരിടാത്തവരാണ് എന്നതാണ് സത്യം.
സർജിക്കൽ സ്ട്രൈക്കെന്ന ഓമനപ്പേര് വിളിക്കുന്ന പലരുടെയും ഉദ്ദേശ്യം വിവിധ രാഷട്രീയ താൽപ്പര്യങ്ങൾ സംരക്ഷിക്കുകയും രാഷ്ട്രീയ മുതലെടുപ്പുകൾ നടത്തുകയും ചെയ്യുകയാണ്. ഇത് നമുക്ക് ഒറ്റ നോട്ടത്തിൽ മനസ്സിലാക്കാൻ സാധിക്കും. തനിക്ക് നേരേ ഉയരുന്ന എല്ലാ വിരലുകളെയും തിരികെ മടക്കിവെക്കാൻ ഒരു യുദ്ധം കൊണ്ട് സാധിക്കുമെങ്കിൽ അതിന് ഇന്ന് പലരും തയ്യാറാണ്. ഭരണകൂടങ്ങൾ ആത്മാർത്ഥമായി ആഗ്രഹിച്ചാൽ അതിർത്തിക്ക് വേണ്ടി ചെലവാക്കുന്ന ശതകോടികൾ വേണ്ടെന്ന് വെക്കാം.
അതിർത്തി ഒരു രാഷ്ട്രീയ പ്രശ്നം കൂടിയാകുന്ന സാഹചര്യത്തിൽ ഇത്തരം നിലപാടെടുക്കാൻ വൈമനസ്യം കാണിക്കുന്നവരാണ് ഏറെ. അതു കൊണ്ട് തന്നെയാണ് ഇന്ത്യയ്ക്കും പാക്കിസ്ഥാനും ഇടയിൽ അന്തിമമായ ഒരു പരിഹാരം അസാധ്യമാകുന്നത്.
എത്രത്തോളം പുരോഗമന ആശയങ്ങളും ലോകത്തിന് മുമ്പിൽ അഭിമാനത്തോടെ ഉയർത്തിപ്പിടിക്കാൻ കഴിയുന്ന തരത്തിലുളള ഭരണഘടനയും ഉണ്ടായിട്ട് പോലും നാഴികയ്ക്ക് നാൽപ്പതു വട്ടം ജനാധിപത്യമെന്നും മതേതരത്വമെന്നും വിളിച്ചു പറയേണ്ടി വരുന്നു നമുക്ക്. ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ ജനാധിപത്യ പ്രതീക്ഷകൾക്ക് വലിയ ആയുസ്സൊന്നും അവകാശപ്പെടാൻ കഴിയാത്ത നമ്മുടെ അയൽ രാജ്യത്തിൽ നിന്നും യുദ്ധവുമായി ബന്ധപ്പെട്ട് ഉയർന്നു വരുന്ന ശബ്ദം നമുക്ക് പ്രതീക്ഷകൾ തരുന്നുണ്ട്. എല്ലാ ‘രാജ്യസ്നേഹികളും’ ചിന്തകൾക്ക് വിധേയമാകേണ്ടതുമാണ്.
“ഇന്ത്യ ഞങ്ങളുടെ ശത്രുവല്ല.ഞങ്ങൾ ഇന്ത്യക്കാരെ സ്നേഹിക്കുന്നു.ഞങ്ങൾക്ക് സമാധാനമാണ് വേണ്ടത്.ഞങ്ങളെപ്പോലെ നിരവധിപ്പേർ ഇവിടുണ്ട്.അഭിനന്ദനെ ഇന്ത്യയ്ക്ക് തിരിച്ചുനൽകുക”പാകിസ്ഥാനിലെ ജെയ്ഷെ-ഇ-മുഹമ്മദിന്റെ ഭീകര ക്യാമ്പുകളിൽ ഇന്ത്യൻ വ്യോമസേനയുടെ ആക്രമണങ്ങളുടെ റിപ്പോർട്ടുകൾ വന്നപ്പോൾ, ഭീകര ക്യാമ്പുകൾ എല്ലായിടത്തും നശിപ്പിക്കണമെന്നുളള തോന്നൽ സാധാരണക്കാർക്കിടയിൽ ഉണ്ടായി എന്നത് വാസ്തവം. എന്നാൽ രാഷ്ട്രീയലക്ഷ്യങ്ങൾക്കു വേണ്ടി ഈ ആക്രമണങ്ങളെ ഉപയോഗിക്കുന്നവരും ചില മാധ്യമങ്ങളും അവരുടെ സകല ഊർജ്ജവും ഉപയോഗിച്ച് ഉയർത്തിക്കാണിക്കാൻ ശ്രമിക്കുന്നത് എന്താണ്?
സേനയെയും അവരുടെ ധീരതയെയും എല്ലാവരും പ്രശംസിച്ചു, എന്നാൽ പ്രധാനമന്ത്രിയും ബിജെപി നേതാക്കളും ഇത് തങ്ങളുടെ വിജയമാണെന്നാണ് അവകാശപ്പെടുന്നത്. ഉത്തരാഖണ്ഡിലെ ദുരന്തത്തിലും താജ് ആക്രമണത്തിന്റെ ഘട്ടത്തിലും സർക്കാരും സേനയും തമ്മിൽ വ്യത്യാസമുണ്ടെന്ന് പറയാൻ ശ്രമിച്ചവരും ഇവർ തന്നെ. എല്ലാ രാഷ്ട്രീയ പാർട്ടികളും ഇന്ത്യ നടത്തിയ ആക്രമണത്തെ പിന്തുണച്ചത് നല്ലൊരു അടയാളമാണ്. എന്നാൽ ബിജെപി ഇതിന്റെ നേട്ടം കൊയ്യാൻ ഒരുമ്പെട്ടിറങ്ങി.മാധ്യമങ്ങൾ സർക്കാരിന്റെ പ്രചാരവേലയുടെ ഭാഗമാകുമ്പോൾ യുദ്ധകാലത്ത് ‘സത്യത്തിനാണ്’ ഏറ്റവും കൂടുതൽ നാശം ഉണ്ടാവുക. ഏറ്റവും അപമാനകരമായ മാധ്യമപ്രവർത്തനം ആർക്ക് കഴിയുമെന്ന കാര്യത്തിൽ ഇന്ത്യയും പാകിസ്താനും തമ്മിൽ പരസ്പരം മത്സരിക്കുന്നു.
മരിച്ച സിആർപിഎഫ് ജവാന്മാർ രാജ്യത്ത് സാമുദായിക ധ്രുവീകരണം ഉണ്ടാക്കാനും വിദ്വേഷം വളർത്തിയെടുക്കാനും വേണ്ടിയല്ല മരിച്ചതെന്ന് രാജ്യത്തെ സിആർപിഎഫ് ഓഫീസർമാർ വ്യക്തമാക്കിയ സംഭവം നമ്മൾക്ക് അഭിമാനിക്കാവുന്നതാണ്. പാക്കിസ്ഥാനെതിരെ ഒരു യുദ്ധമല്ല ഇന്ത്യ നടത്തിയതെന്നും പാക്കിസ്ഥാനിലെ തീവ്രവാദികളെ ഇല്ലായ്മ ചെയ്യാനുള്ള ശ്രമമാണ് ഉണ്ടായതെന്നും ഇന്ത്യയുടെ വിദേശകാര്യ സെക്രട്ടറി വിജയ് ഗോഖലെ സൂചിപ്പിച്ചിരുന്നു. ഭീകരർ കൊല്ലപ്പെട്ടുവോ എന്നതും ഭീകരവാദ സംഘടനകളിൽ നിന്നും സാധാരണക്കാർക്കു നേരെയുളള ഭീഷണി ഇപ്പോൾ അവസാനിക്കുമോ എന്നതും മറ്റൊരു വിഷയമാണ്.ജയ്ഷ്-ഇ-മുഹമ്മദ് ചീഫ് ആയ മസൂദ് അസറിന്റെ സഹോദരൻ യൂസഫ് അസർ ഉൾപ്പടെ 300 തീവ്രവാദികൾ കൊല്ലപ്പെട്ടു എന്ന് ചില ചാനലുകൾ റിപ്പോർട്ട് ചെയ്തിരുന്നു. ആക്രമണം നടന്നത് രാത്രിയിലാണ് എന്നതും വ്യക്തമായ ഗ്രൗണ്ട് ഓപ്പറേഷനുകൾ ഒന്നും സംഭവ സ്ഥലത്ത് നടന്നിട്ടില്ല എന്ന വസ്തുതകളും നിലനിൽക്കെ, മരിച്ച ആളുകളുടെ എണ്ണത്തിന്റെ കാര്യത്തിൽ നമ്മുടെ ന്യൂസ് റിപ്പോർട്ടർമാർ എങ്ങനെയാണ് ഇത്തരത്തിലുളള നിഗമനത്തിലെത്തിയത്? ഇക്കാര്യത്തിൽ സൈനിക വിഭാഗം ഒന്നും പറയാത്ത സാഹചര്യത്തിൽ മാധ്യമങ്ങൾ എന്തുകൊണ്ടാണ് നിശബ്ദത പാലിക്കാത്തത്?ആത്യന്തികമായി രാഷ്ട്രീയ സാഹചര്യങ്ങൾ നിയന്ത്രിക്കാൻ ഹ്രസ്വകാലത്തേക്കായി യുദ്ധത്തെയോ സൈന്യത്തെയോ ഉപയോഗിക്കാൻ കഴിയും. മറ്റ് മാർഗ്ഗമില്ലാത്തതിനാൽ ഇന്ത്യയും പാകിസ്താനും, രാഷ്ട്രീയ പ്രക്രിയയിൽ നിന്ന് സ്വയം അകന്നുമാറുകയില്ല. എന്നിരുന്നാലും, ലോക ഭൂപടത്തിൽ നിന്നും സമൂഹങ്ങളെ ഒഴിവാക്കുന്നതിനോ ഇല്ലാതാക്കുന്നതിനോ വേണ്ടി ശ്രമിക്കുന്ന ആളുകൾ രണ്ടിടത്തും ഉണ്ട്. ജനങ്ങൾ സമാധാനം ആഗ്രഹിക്കുമ്പോൾ മുതലാളിത്ത ശക്തികൾ നിയന്ത്രിക്കുന്ന ചില മാധ്യമങ്ങൾ യുദ്ധം ആഘോഷമാക്കി മാറ്റുകയാണ് ചെയ്യുന്നത്.പാകിസ്ഥാനിലെ സൈന്യത്തിന്റെ പിന്തുണയുളള, തങ്ങളുടെ നിയമം തങ്ങൾ തന്നെ തീരുമാനിക്കുമെന്ന് വിചാരിക്കുന്ന മതഭ്രാന്തരായ ഇസ്ലാമിക ഗ്രൂപ്പുകളുടെ ശബ്ദം ഇന്ത്യയുമായി സൗഹൃദ ബന്ധം ആഗ്രഹിക്കുന്ന സാധാരണക്കാരുടെ ശബ്ദത്തെക്കാളും ഉയരത്തിലാണ് എന്നതാണ് പാകിസ്ഥാൻ നേരിടുന്ന പ്രധാന പ്രശ്നം.ഇന്ത്യയിൽ ജനാധിപത്യപരവും ഭരണഘടനാപരവുമായ മൂല്യങ്ങൾ നശിപ്പിക്കുന്ന ശക്തികൾ ഉളളത് അപകടമാണ്. ഏതെങ്കിലും സൈനികമോ സ്വേച്ഛാധിപത്യപരമോ ആയ വ്യവസ്ഥിതിയേക്കാൾ എപ്പോഴും നല്ലത് ഏതെങ്കിലും രൂപത്തിലുളള ജനാധിപത്യ സംവിധാനമാണ്. നാം കൂടുതൽ ശ്രദ്ധിക്കേണ്ടത് ഇതിനാലാണ്. നിയമങ്ങൾ കൈയിലെടുക്കുന്ന ആളുകൾ ആരാണ് എന്നും അവർ തങ്ങളുടെ ഇഷ്ടാനിഷ്ടങ്ങൾക്കനുസരിച്ച് ആളുകളെ ദുരുപയോഗപ്പെടുത്താൻ ശ്രമിക്കുന്നു എന്നും എല്ലാവർക്കും അറിയാം. സൈന്യത്തിന്റെ നിയന്ത്രണത്തിലുളള ദുർബലമായ ജനാധിപത്യ വ്യവസ്ഥിതിയല്ല ഇന്ത്യയിലുളളത്.കഴിഞ്ഞ കുറച്ച് വർഷങ്ങളായി സൈനിക നടപടികളിലൂടെ നേട്ടങ്ങൾ കൊയ്യാൻ രാഷ്ട്രീയ നേതൃത്വങ്ങൾ ശ്രമിക്കുകയാണ്. സൈനികർ രാജ്യത്തിനുവേണ്ടി മരിക്കുന്നു. രാഷ്ട്രീയക്കാർ രാഷ്ട്രീയപരമായി ഇത് പ്രയോജനപ്പെടുത്താൻ ആഗ്രഹിക്കുന്നു. മുമ്പ് ഇറാനിയൻ റെവല്യൂഷണറി ഗാർഡുകൾക്ക് നേരെയുള്ള ചാവേർ ആക്രമണത്തെക്കുറിച്ച് ഇന്ത്യ പ്രതികരിച്ചിരുന്നില്ല. ഇതിൽ 27 പേരാണ് കൊല്ലപ്പെട്ടത്. ഇതുമായി ബന്ധപ്പെട്ട് ഇറാനിയൻ പ്രതിരോധ മന്ത്രി പാകിസ്താൻ തീവ്രവാദ ഗ്രൂപ്പുകൾക്കെതിരെ ആരോപണം ഉന്നയിച്ചിരുന്നു. ഇക്കാര്യത്തിൽ ഇന്ത്യ മൗനം പാലിച്ചത് എന്തുകൊണ്ട്? പുൽവാമ സംഭവത്തെക്കുറിച്ച് ഒരു ഔദ്യോഗിക പ്രസ്താവനയിലൂടെ അപലപിക്കാത്ത സൗദിയെ ഇന്ത്യ കുറ്റപ്പെടുത്തുന്നത് വിചിത്രമാണ്. ഇറാനെ ഒറ്റപ്പെടുത്താൻ ആഗ്രഹിക്കുന്ന അമേരിക്കയെ ഭയന്നാണോ ഇറാനെ അവഗണിക്കാൻ ഇന്ത്യ തീരുമാനിച്ചത് എന്നുളളത് ചിന്തിക്കേണ്ടതുണ്ട്.
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ഉത്തര കൊറിയൻ പ്രസിഡന്റ് കിം ജോംഗ് ഉനും വിയറ്റ്നാമിൽ കൂടിക്കാഴ്ച നടത്തുന്നത്തിനു ലോകം സാക്ഷിയായി. രാഷ്ട്രത്തലവന്മാർ പരസ്പരം സംസാരിക്കുകയും തങ്ങളുടെ അയൽ രാജ്യങ്ങളെ അസ്ഥിരപ്പെടുത്തുന്ന ഭരണകൂട പിന്തുണയുള്ള ശക്തികൾക്കെതിരെ വ്യക്തമായ നിലപാട് സ്വീകരിക്കുകയും ചെയ്യുന്നു. മെച്ചപ്പെട്ട സാഹചര്യങ്ങൾ സൃഷ്ടിച്ചും ജനങ്ങൾക്കിടയിൽ ആത്മവിശ്വാസം ഉണ്ടാക്കിയും ഓരോ രാജ്യത്തുമുളള പ്രശ്നങ്ങൾ പരിഹരിക്കേണ്ടതുണ്ട്.ജനങ്ങളെ സംരക്ഷിക്കാനുള്ള തീരുമാനമെടുക്കേണ്ടത് ഗവൺമെന്റിന്റെ കർത്തവ്യമാണ്. പക്ഷേ തങ്ങളുടെ പ്രത്യയശാസ്ത്രത്തെ അംഗീകരിക്കാത്ത കാരണത്താൽ സ്വന്തം ആളുകളോട് യുദ്ധം ചെയ്യാൻ ശ്രമിക്കുന്ന മതഭ്രാന്ത് പിടിച്ചവരാണ് നമ്മുടെ പ്രശ്നം. സായുധസേന നമ്മെ സംരക്ഷിക്കുകയും യുദ്ധത്തിൽ വിജയിക്കുകയും ചെയ്യുമായിരിക്കും. എന്നാൽ ജനങ്ങളെ ഭിന്നിപ്പിക്കുകയും യുദ്ധത്തിനുളള മുറവിളി കൂട്ടുകയും ചെയ്യുന്ന ദുഷിച്ച മാധ്യമങ്ങളാണ് നമ്മുടെ ഏറ്റവും വലിയ ഭീഷണി.നമ്മുടെ സൈന്യത്തിൽ നമുക്ക് വിശ്വാസമുണ്ട്, അതേസമയം ജനങ്ങളുടെ കാര്യത്തിൽ ഒരു ഉത്തരവാദിത്തവും ഇല്ലാത്ത ആളുകളെ നമ്മൾ വിശ്വസിക്കേണ്ടതില്ല. നയതന്ത്ര ശ്രമങ്ങൾ ദേശീയ തലത്തിലും അന്താരാഷ്ട്ര തലത്തിലും ഭീകര സംഘടനകളെയും ഭീകരവാദികളെയും ഒറ്റപ്പെടുത്തുമെന്ന് നമുക്ക് പ്രതീക്ഷിക്കാം. ദാരിദ്ര്യത്തിനും അന്ധവിശ്വാസത്തിനും വിവേചനത്തിനും നിരക്ഷരതയ്ക്കും എതിരെയാണ് യുദ്ധം വേണ്ടത്. നിർണ്ണായകമായ ആ യുദ്ധം നടത്താൻ നമുക്ക് കഴിയുമെന്നും പ്രതീക്ഷിക്കാം.