ഓസ്ട്രേലിയയിലെ പാർലമെന്റ് തിരഞ്ഞെടുപ്പ് മൂന്ന് വർഷവും കൂടുമ്പോഴാണ്. നമ്മുടെ ലോക്സഭാ എംപി എന്നത് പോലെ ഇവിടെയും എം പി തന്നെയാണ്. അതോടൊപ്പം തന്നെ സെനറ്റിലേക്കുള്ള പ്രതിനിധികളെയും പൗരന്മാർ തന്നെ തിരഞ്ഞെടുക്കണം.
18 വയസ്സ് പൂർത്തിയായ എല്ലാ പൗരന്മാരും വോട്ട് ചെയ്തിരിക്കണം എന്നാണ് നിയമം. ആ സമയത്ത് വിദേശ യാത്ര പോവുന്നവരോ, വിദേശത്ത് ജീവിക്കുന്നവരോ, അന്ന് വോട്ട് ചെയ്യാൻ മറ്റ് സാങ്കേതിക തടസ്സങ്ങൾ ഉള്ളവരോ ഉണ്ടെങ്കിൽ അവർക്ക് പോസ്റ്റൽ വോട്ടിനു അപേക്ഷിക്കാം. കൂടാതെ എല്ലാ രാജ്യങ്ങളിലെയും ഓസ്ട്രേലിയൻ എംബസികളിലും വോട്ട് ചെയ്യാനും സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. രാജ്യത്തെ പ്രധാന വിമാനത്താവളങ്ങളിലും പ്രത്യേകം സജ്ജീകരിച്ച കേന്ദ്രങ്ങളിലും മുൻകൂട്ടി വോട്ട്ചെയ്യാം.
വോട്ട് ചെയ്തില്ലെങ്കിൽ വീട്ടിൽ കാരണം കാണിക്കൽ നോട്ടീസ് വരും. വിശദീകരണം തൃപ്തികരമല്ലെങ്കിൽ പിഴ അടക്കേണ്ടി വരും. വോട്ട് അവകാശം മാത്രമല്ല കടമ കൂടി ആണെന്നർത്ഥം.
പ്രധാനമായും രണ്ട് പാർട്ടികൾ ആണ് ഓസ്ട്രേലിയയിൽ. സ്കോട്ട് മോറിസന്റെ നേതൃത്വത്തിലുള്ള ലിബറൽ പാർട്ടിയും (അവർക്കാണ് ഭരണത്തുടർച്ച കിട്ടിയത് ) ബിൽ ഷോർട്ടന്റെ നേതൃത്വത്തിലുള്ള ലേബർ പാർട്ടിയും. തൊഴിലാളി പാർട്ടി എന്നറിയപ്പെടുന്ന ലേബർ പാർട്ടിയെ പക്ഷെ പൂർണ്ണമായും ഇടതുപക്ഷ പാർട്ടി എന്ന് വിളിക്കാനാവില്ല. വലിയ സ്വാധീനം ഒന്നുമില്ലെങ്കിലും സിപിഎ(കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഓസ്ട്രേലിയ)യുടെയും പ്രവർത്തങ്ങൾ സജീവം. ഫാസിസ്റ്റു നയങ്ങളെ പിന്തുടരുന്നവരെ അധികാരത്തിൽ നിന്നകറ്റുക എന്നത് തന്നെയാണ് സിപിഎയുടെ പ്രധാന മുദ്രാവാക്യം.
പാർട്ടി നേതാക്കൾ മിക്കവാറും രാഷ്ട്രീയം മാത്രം തൊഴിലായി സ്വീകരിച്ചവരല്ല. സ്വയം മതിയായി എന്ന് തോന്നുമ്പോൾ അല്ലെങ്കിൽ കാര്യമായ അബദ്ധങ്ങൾ ഒക്കെ കാണിച്ചാൽ അവർ രാഷ്ട്രീയം പൂർണ്ണമായും നിർത്തി ഇഷ്ടമുള്ള മറ്റ് തൊഴിലുകളിൽ ഏർപ്പെടും. അഴിമതി കുറവാണ്. എല്ലാ വകുപ്പുകൾക്കും ഷാഡോ മിനിസ്റ്റർ എന്നൊരു പോസ്റ്റ് കൂടെ ഉണ്ടാവും. പ്രതിപക്ഷ അംഗങ്ങൾ ആണ് ഇതിൽ ഉണ്ടാവുക .ഓരോ മേഖലയിലും സർക്കാർ പോളിസിയെപ്പറ്റി വിമർശനം ഉന്നയിക്കാനും ക്രിയാത്മക നിർദേശങ്ങൾ സർക്കാരിന്റെ മന്ത്രിക്കു നൽകാനും ഇവർ ഉണ്ടാവും. ചുരുക്കിപ്പറഞ്ഞാൽ തിരഞ്ഞെടുപ്പ് സമയം കഴിഞ്ഞാൽ എല്ലാവരും ഒറ്റക്കെട്ടായി നിൽക്കും.
തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ എല്ലാം പരമാവധി പൂർത്തിയാക്കാൻ എല്ലാ സർക്കാരുകളും ശ്രമിക്കാറുണ്ട്. പറ്റുമെന്നുറപ്പുള്ള വാഗ്ദാനങ്ങളെ സാധാരണ നൽകാറുള്ളൂ.
വൈദ്യുതി പോസ്റ്റിൽ സ്ഥാപിക്കുന്ന ചെറിയ ബോർഡുകളിൽ ഒതുങ്ങും മിക്കവാറും തിരഞ്ഞെടുപ്പ് പ്രചരണം. ആ ചെറിയ ബോർഡുകളിൽ സ്ഥാനാർത്ഥിയുടെ പേരും പാർട്ടിയും വോട്ടഭ്യർത്ഥനയും ഉണ്ടാവും. സ്ഥാനാർത്ഥികൾക്ക് ചിഹ്നം ഇല്ല.ഈ ബോർഡുകൾ എല്ലാം അതാതു സ്ഥാനാത്ഥിയുടെ ആളുകൾ ഇലക്ഷൻ കഴിഞ്ഞയുടനെ സ്വന്തം ചിലവിൽ നീക്കം ചെയ്യണം. അല്ലെങ്കിൽ പിഴ കിട്ടും.പിന്നെയുള്ള പ്രചരണം പോളിംഗ് ബൂത്തിൽ പോവുമ്പോൾ അതിന്റെ മുന്നിൽ ഓരോ പ്രധാന സ്ഥാനാർത്ഥിക്കും വേണ്ടി ചെറിയ ഒരു ആൾക്കൂട്ടം ഉണ്ടാവും. സ്ഥാനാർത്ഥിയുടെ വാഗ്ദാനങ്ങൾ അടങ്ങിയ നോട്ടീസ് തരും.
നാട്ടിലെ പോളിംഗ് ബൂത്തിന് സമാനമായി എല്ലാവരും ക്യൂവിൽ നിന്ന് വോട്ട് രേഖപ്പെടുത്തണം. ഇവര്ക്ക് ഇലക്ട്രോണിക് വോട്ടിങ് മെഷീനിൽ വിശ്വാസം ഇല്ലാത്തതു കൊണ്ടാണോ എന്നറിയില്ല പേപ്പർ ബാലറ്റുകൾ ആണ് ഇപ്പോഴും ഉപയോഗിക്കുന്നത്. തിരിച്ചറിയൽ കാർഡ് ഒന്നും നിർബന്ധമല്ല. പേര് പറഞ്ഞാൽ മതി. വേറെ എവിടെയെങ്കിലും വോട്ട് ചെയ്തിട്ടുണ്ടോ എന്ന് ചോദിച്ചു ഇല്ലെന്നു പറഞ്ഞാൽ നേരെ ബാലറ്റ് പേപ്പർ തരും. രണ്ട് ബാലറ്റ് പേപ്പർ ഉണ്ടാവും. പച്ചനിറമുള്ളത് എംപി യെ തിരഞ്ഞെടുക്കാനും വെള്ളനിറമുള്ളത് സെനറ്റ് അംഗത്തെ തിരഞ്ഞെടുക്കാനും. നമ്മൾക്ക് താല്പര്യം ഉള്ളതിന് അനുസരിച്ചു ഓരോരുത്തരുടെയും നേരെ ഒന്ന് മുതൽ നമ്പർ എഴുതണം.
ആറു മണിക്ക് പോളിങ് കഴിഞ്ഞാൽ ഉടനെ തന്നെ വോട്ടെണ്ണൽ ആരംഭിക്കും. 9-10 മണി ആവുമ്പോഴേക്കും വ്യക്തമായ ഫലസൂചന ലഭിക്കും. മുഴുവൻ ഫലവും ലഭിക്കാൻ ചിലപ്പോൾ ആഴ്ചകൾ വേണ്ടി വന്നേക്കാം.
ഇത്തവണ എല്ലാ സർവേകളും ലേബർ പാർട്ടിയുടെ വിജയം പ്രവചിച്ചതാണ്. നാട്ടിലെ സർവേ പോലെയല്ല. സാധാരണയായി ശതമാന കണക്കുകൾ പോലും കൃത്യമാവാറുണ്ട്. പക്ഷെ ഇത്തവണ എല്ലാ കണക്കുകൂട്ടലുകളെയും തകിടം മറിച്ചു ലിബറൽ പാർട്ടിയെപ്പോലും ഞെട്ടിച്ചു കൊണ്ട് അവർ അധികാരത്തിൽ തിരിച്ചെത്തി. ബാക്കിയെല്ലാം ചരിത്രം.