ഒടുവില്‍ നാനാത്വത്തില്‍ ഏകത്വം ഉറപ്പാക്കുന്ന ഒരു മുദ്രാവാക്യം നമ്മള്‍ കണ്ടത്തി: “ജയ് ശ്രീ റാം”
ജാർഖണ്ഡിൽനിന്നുള്ള എന്റെ സുഹൃത്തുക്കള്‍ എനിക്ക് ഒരു മനുഷ്യന്റെ വീഡിയോ അയച്ചു തന്നു- കൃത്യമായി പറഞ്ഞാൽ, ഒരു മുസ്ലീം കൊല്ലപ്പെടുന്നതിന്റെ വീഡിയോ. ഞാൻ അത് തുറക്കേണ്ടെന്നു വച്ചു. തുടർന്ന് ഒരു സന്ദേശം കൂടി- മർദനമേറ്റ വ്യക്തി ഇപ്പോൾ മരിച്ചുവെന്ന്. പോലീസ് സ്റ്റേഷനിലുണ്ടായിരുന്ന എന്റെ സുഹൃത്തുക്കൾ അപ്പോഴേക്കും മുതിർന്ന പോലീസ് ഉദ്യോഗസ്ഥരെ കാണാന്‍ പോകുകയായിരുന്നു. ഒടുക്കം വീഡിയോ കാണാൻ ഞാൻ തീരുമാനിച്ചു.
അത് ഒരു നീണ്ട ക്ലിപ്പാണ്: 10 മിനിറ്റും 49 സെക്കൻഡും. അതിൽ, ഒരു മനുഷ്യനെ – ഒരു ചെറുപ്പക്കാരനെ – കെട്ടിയിട്ടിരിക്കുന്നതായി കാണുന്നു. അയാൾ പകുതി വളഞ്ഞിരിക്കുന്നു, വേദനകൊണ്ട് പുളയുന്നത് കാണാം. അവന്റെ തല അസ്ഥിരവും കാലുകൾ വളച്ചൊടിച്ചതുമാണ്. അവനു ചുറ്റും അന്ധകാരമുണ്ട്, പക്ഷേ കുറച്ച് വെളിച്ചവുമുണ്ട് – മൊബൈലുകളില്‍നിന്നുള്ള വെളിച്ചം. ശബ്ദങ്ങളുണ്ട്. മനുഷ്യ ശബ്ദങ്ങൾ. അധിക്ഷേപങ്ങള്‍. ആളുകൾ നീങ്ങുന്നു. നിങ്ങൾക്ക് കണ്ണുകൾ കാണാൻ കഴിയും, അതെ മനുഷ്യന്റെ കണ്ണുകൾ.
വായുവിൽ ഉയര്‍ന്ന് പൊങ്ങിയ ഒരു വടി പിടിക്കുന്ന ഒരു കൈ കാണുന്നു. ആ മനുഷ്യൻ ഉറക്കെ നിലവിളിക്കുന്നു. അവനെ അടിച്ചതാണോ അതോ അടിക്കുന്നത് പ്രതീക്ഷിച്ച് നിലവിളിച്ചതാണോ എന്ന് വ്യക്തമല്ല. ക്യാമറ അവന്റെ മുഖത്തേക്ക് അടുപ്പിക്കുന്നു. അതിലേക്കു നോക്കാൻ അവനോട് ആരോ കൽപ്പിക്കുന്നു. വിക്ഷോഭങ്ങൾക്കിടെ ഒരാള്‍ അവന്റെ പേര് ചോദിച്ചു.
“സോനു,” അവൻ പറഞ്ഞു.
ആൾക്കൂട്ടം തൃപ്തരല്ല.
“മുഴുവന്‍ പേര്?”
“സോനു അൻസാരി,” അവന്റെ മറുപടി. അയാൾ ആടുകയാണ്. അവന്റെ മുഖത്ത് ചോരപ്പാടുകൾ. അൻസാരി? സോനു? സാധ്യതയില്ലല്ലോ. “സോനു അൻസാരി ഒരു സാധ്യമല്ലാത പേരാണ്,” കാണികൾ അഭിപ്രായപ്പെടുന്നു. ചേർച്ചയില്ലാത്ത ഈ പേര് സംശയം ജനിപ്പിക്കുന്നു. “മുഴുവൻ പേരും പറ, യഥാർത്ഥ പേര്.”
“തബ്രെസ് അൻസാരി,” അദ്ദേഹം പറയുന്നു. “പക്ഷേ എന്നെ എന്റെ വീട്ടിൽ സോനു എന്നാണ് വിളിക്കുന്നത്, എന്റെ അയൽക്കാർ എന്നെ സോനു എന്നാണ് വിളിക്കുന്നത്.” താൻ സത്യസന്ധനാണെന്ന് അദ്ദേഹം തറപ്പിച്ചു പറയുന്നു.
“നിന്റെ ബാപ്പയുടെ പേര് പറ.”
“അദ്ദേഹം മരിച്ചു.”
“നിന്റെ ഉമ്മയുടെ പേര്?”
“ഉമ്മയും ജീവനോടെയില്ല.”
അത് എങ്ങനെ? മാതാപിതാക്കള്‍ രണ്ടുപേരും മരിച്ചു. ജനക്കൂട്ടം അവനിൽ നിന്ന് കൂടുതൽ ആവശ്യപ്പെടുന്നു. അമ്മാവന്റെ പേര് അവൻ അവരോടു പറയുന്നു. മറ്റൊരു അൻസാരി.
അടി തുടരുന്നു. നിലവിളി കേൾക്കുന്നു, തലകറങ്ങുന്നതും ഭയം കൊണ്ട് കണ്ണുകൾ വിറയ്ക്കുന്നതും കാണാം.
“നിവർന്നു നിൽക്ക്,” ആൾക്കൂട്ടത്തിൽ നിന്നുള്ള ഒരാൾ ആജ്ഞാപിക്കുന്നു. യുവാവ് കഷ്ടപ്പെട്ട് എഴുന്നേല്‍ക്കുന്നു, പക്ഷെ ഇടറി വീഴുന്നു.
ജനക്കൂട്ടത്തിൽ കുട്ടികളുണ്ട്. സ്ത്രീകളുടെ ചിരിയും ഇരുട്ടില്‍ ഉയര്‍ന്നു വരുന്നു.
അടി തുടരുന്നു, അസഭ്യ വര്‍ഷവും.
വീഡിയോ സാവധാനത്തിൽ നീങ്ങുന്നു. അപ്പോൾ ഒരാൾ അദ്ദേഹത്തോട് ആജ്ഞാപിക്കുന്ന: “ജയ് ശ്രീ റാം, എന്ന് വിളിക്ക്.”
“ജയ് ശ്രീ റാം,” തബ്രെസ് അനുസരിക്കുന്നു.
അത് ആവർത്തിക്കാൻ ആവശ്യപ്പെടുന്നു.
“ജയ് ഹനുമാൻ, എന്ന് വിളിക്ക്.”
“ജയ് ഹനുമാൻ,” തബ്രെസ് അനുസരിക്കുന്നു.
ശബ്ദം, ചിരി, അധിക്ഷേപം, നിലവിളി.
തബ്രെസ് പിന്നോട്ട് വീഴുന്നു.
വീഡിയോ നിർത്തുന്നു. വീഡിയോയുടെ അന്ത്യം വരെ തബ്രെസിനു ജീവനുണ്ടായിരുന്നു.
സംഭവസ്ഥലത്ത് പോലീസ് എത്തിയതായും ഇയാളെ രക്ഷപ്പെടുത്തിയതായും മാധ്യമ റിപ്പോർട്ടുകൾ പറയുന്നു. മോട്ടോർ ബൈക്ക് മോഷ്ടിക്കുന്നതിനിടെ ഗ്രാമീണർ കൈയോടെ പിടികൂടിയതിനു ശേഷം ഇയാളെ മർദ്ദിച്ചതായാണ് പോലീസ് ഭാഷ്യം. തുടർന്ന് മോഷണക്കേസിൽ ഇയാളെ ജുഡീഷ്യൽ കസ്റ്റഡിയിൽ വരുന്നു.
ഇനി സാഹചര്യം വിശകലനം ചെയ്യാൻ ആരംഭിക്കുക. അവൻ ഒരു കള്ളനാണെന് ആൾക്കൂട്ടം ആത്മാർത്ഥമായി വിശ്വസിക്കണം. അദ്ദേഹത്തെ തല്ലിയത് ‘തബ്രെസ് അൻസാരി’ ആയതുകൊണ്ട് മാത്രം ആയിരിക്കില്ല. ഒരു അരവിന്ദിനോ സുമനോ ഈ അവസ്ഥയിൽ സമാനമായ അനുഭവം ഉണ്ടാകാം.
അവനെ അടിക്കുന്നവർ സാധാരണക്കാരായിരുന്നു. ഇത് മുൻകൂട്ടി തീരുമാനിച്ച ആക്രമണമായി തോന്നുന്നില്ല. നിർഭാഗ്യകരമെങ്കിലും നൈസര്‍ഗ്ഗിക പ്രതികരണമായിരിക്കാം.
അങ്ങനെയൊക്കെ സംഭവിക്കും, നിങ്ങൾ സ്വയം പറയും.
ശ്രദ്ധേയമായത് ഇങ്ങനെ ഒക്കെ ചെയ്താലും തങ്ങള്‍ ശിക്ഷികപെടില്ല എന്ന വിശ്വാസമാണ്. ആ ജനക്കൂട്ടത്തിൽ തെളിവുകൾ ശേഖരിക്കുന്നതുപോലെ എല്ലാം റെക്കോർഡ് ചെയ്യുന്നു. ക്യാമറ ആവർത്തിച്ച് തബ്രെസിന്റെ മുഖത്തേക്ക് അടുപ്പിക്കുന്നു. ജനക്കൂട്ടം അദ്ദേഹം പറയുനതൊക്കെ രേഖപ്പെടുത്തുന്നു. ഇത് ജനക്കൂട്ട നീതിയുടെ പ്രവർത്തനമാണ്.
ആൾക്കൂട്ട ആക്രമണത്തിന് നാല് ദിവസത്തിനു ശേഷം തബ്രെസ് മരിച്ചു. അടിയുടെ ക്ഷതങ്ങള്‍ കാരണമായിരുന്നോ? അതോ ഇതൊരു സ്വാഭാവിക മരണമോ?
നമ്മള്‍ ഇപ്പോള്‍ ഇതിനെ ആൾക്കൂട്ട അക്രമം/കൊലപാതകം എന്ന് വിളിക്കുന്നുണ്ടോ?
ഒരു അവിശ്വാസിയില്‍ നിന്ന് വിശുദ്ധ ഉച്ചാരണങ്ങള്‍ കേൾക്കാനുള്ള ജനക്കൂട്ടത്തിന്റെ ആഗ്രഹവും അദ്ദേഹത്തിന്റെ മരണവും തമ്മില്‍ നേരിട്ട് ഒരു ബന്ധം ഞാൻ കാണേണ്ടതുണ്ടോ?
സരായ്കേലയിലെ ധട്കിദിൽ നിന്ന് വളരെ അകലെയുള്ള ബാർപേട്ടയിൽ നിന്ന് പുറപ്പെട്ടു വന്ന മറ്റൊരു വീഡിയോയുമായി ഈ വീഡിയോയ്ക്ക് എന്തെങ്കിലും ബന്ധം ഉണ്ടോ? അതിൽ ഒരു ജനക്കൂട്ടം ഒരു ഓട്ടോറിക്ഷ നിർത്തുകയും യാത്രക്കാരെ ആക്രമിക്കുകയും ‘ജയ് ശ്രീ റാം’ എന്ന് ചൊല്ലാൻ നിർബന്ധിക്കുകയും ചെയ്യുന്നുണ്ട്.
അവർ വ്യത്യസ്ത ആളുകൾ, വ്യത്യസ്ത ഭാഷകൾ സംസാരിക്കുന്നവര്‍.
ഇതുമായി ബന്ധമില്ലാത്ത ഒരു വാർത്തയുണ്ട്, ‘ജയ് ശ്രീ റാം’ എന്ന് ചൊല്ലാൻ വിസമ്മതിച്ചതിനു ശേഷം ഒരു മുസ്ലീം പുരോഹിതനെ കാറിടിച്ചു. ഇന്ത്യയുടെ തലസ്ഥാന നഗരിയിലായിരുന്നു ഇത്.
മൂന്ന് പ്രദേശങ്ങള്‍, മൂന്ന് ഭാഷകൾ, ഒരു ആവശ്യം: “ജയ് ശ്രീ റാം, വിളിക്കുക.” നാനാത്വത്തില്‍ ഏകത്വം ഉറപ്പാക്കുന്ന മന്ത്രം ഇപ്പോൾ നമുക്കുണ്ട്.
ആ ഗ്രാമത്തിലേക്ക് പോകുന്ന എന്റെ സുഹൃത്തുക്കളിൽ നിന്നുള്ള റിപ്പോർട്ടിനായി ഞാൻ കാത്തിരിക്കുമ്പോൾ, ഞാൻ ജോൺ ദയാലിനെ വായിച്ചു.
“ജീവിച്ചിരിക്കുന്ന ഒരു മനുഷ്യന്റെ അവസാന നിമിഷങ്ങൾ എന്റെ ഫേസ്ബുക്കിൽ ഇടാൻ എനിക്ക് ധൈര്യമില്ല. പ്രത്യേകിച്ചും ഒരാൾ താടി വളർത്തിയതിനാലോ അല്ലെങ്കിൽ അവനെ കൊന്നൊടുക്കുന്ന ജനക്കൂട്ടത്തിൽ ഒരാളല്ല താന്‍ എന്ന് കാണിക്കുന്ന പ്രത്യക്ഷ ചിഹ്നങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതിനാലോ.
അയാൾ ഒരു പശുവിനെയും കൊല്ലുകയായിരുന്നുല്ല. അയാൾ ഒരു കാളയുടെയും തൊലിയുരിക്കുകയായിരുന്നില്ല. അയാൾ ഏതെങ്കിലും മൃഗത്തിന്റെ മാംസം ചുമന്നില്ല. അയാൾ ആരെയും ബലപ്രയോഗത്തിലൂടെയോ വഞ്ചനയിലൂടെയോ മതപരിവർത്തനം ചെയ്തിരുന്നില്ല. തന്റെ ജാതിയിൽപ്പെടാത്ത ഒരാളുമായി അയാൾ ഒളിച്ചോടിയിട്ടില്ല. തന്റെ മതത്തിൽ പെടാത്ത ചില പെൺകുട്ടികളുമായി അയാൾ സൗഹൃദത്തിലായിരുന്നില്ല. അയാൾ ഒരു പാകിസ്ഥാൻ ഏജന്റായിരുന്നില്ല. അയാള്‍ ആഭ്യന്തര തീവ്രവാദിയായിരുന്നില്ല..
ഇവരാരെയും ഒരു ജനക്കൂട്ടത്തിന് ശിക്ഷിക്കാനാവില്ല. പോലീസ് അവരെ അറസ്റ്റ് ചെയ്ത് ഒരു കോടതിയിൽ ഹാജരാക്കണം, അവിടെ കുറ്റക്കാരനാണെന്ന് കണ്ടെത്തിയാൽ അവർക്ക് വധശിക്ഷയോ തടവ് ശിക്ഷയോ നല്‍കാം, നിരപരാധിയാണെങ്കിൽ മോചിപ്പിക്കപ്പെടും. ചില പരിഷ്കൃത സമൂഹങ്ങളിൽ അങ്ങനെയൊക്കയാണ് സംഭവിക്കുന്നത്.
ഒരു മതേതര ജനാധിപത്യ റിപ്പബ്ലിക്കിൽ ജീവിക്കുന്നതിന്റെ ഫലം പോലും അദ്ദേഹം പൂർണ്ണമായി ആസ്വദിച്ചിട്ടില്ല, ഒരു ജോലി, വീട്, ഭയമില്ലാത്ത ജീവിതം, സന്തോഷത്തിനായി കൊതിക്കാനുള്ള സാഹചര്യം, മുന്നേറാനുള്ള ആഗ്രഹങ്ങൾ എന്നിങ്ങനെ ഇന്ത്യൻ ഭരണഘടന വാഗ്ദാനം ചെയ്ത പലതും.
വിനോദത്തിനായി കൊല്ലപ്പെട്ടു, അല്ലേ? പേടിച്ച് ഭയപ്പെടുത്തി കൊല്ലുന്നതിനു മുമ്പ് വരെ പൂച്ചകൾ എലിക്കുഞ്ഞുമായി കളിക്കുന്നു?
ആരാണ് പ്രതികരിക്കുക?
ഭരിക്കുന്ന പാർട്ടിയുടെ പ്രസിഡന്റ് ?
അതോ കേന്ദ്ര ആഭ്യന്തരമന്ത്രിയോ?
എന്തുകൊണ്ടാണ് ഞാൻ ഇനി ആരിൽ നിന്നും ഉത്തരം ആവശ്യപ്പെടാത്തത്? ആരിൽ നിന്നും ഒന്നും പ്രതീക്ഷിക്കാത്തത്?
പിന്നെ എന്തിനാണ് ഞാൻ ഈ വരികൾ എഴുതുന്നത്?