പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ കണക്കിന് വിമർശിച്ച് തെന്നിന്ത്യൻ സിനിമാതാരം സിദ്ധാർത്ഥ്. യഥാർത്ഥ നായകരെ മറയാക്കി സ്വയം നായകനാകാൻ മോഡി ശ്രമിക്കരുത് എന്ന് സിദ്ധാർത്ഥ് ട്വീറ്റ് ചെയ്തു. ബാലക്കോട്ടിൽ ഇന്ത്യ നടത്തിയ ആക്രമണവുമായി ബന്ധപ്പെട്ട തെളിവുകളെ കുറിച്ച് വ്യാപക ചർച്ച ഉയർന്നു വന്നിരുന്നു. തെളിവുകള്‍ ചോദിച്ച് പ്രതിപക്ഷ നേതാക്കളും രം​ഗത്തെത്തിയിരുന്നു.

‘സായുധ സേനയെ നമ്മൾ വിശ്വസിക്കണം, അവരെ ഓർത്ത് അഭിമാനിക്കണം. എന്നിട്ടും ചില ആളുകള്‍ എന്തിന് സേനയെ ചോദ്യം ചെയ്യുന്നു എന്നാണ് തനിക്ക് മനസ്സിലാവാത്തത്.’- ഇപ്രകാരമായിരുന്നു മോഡിയുടെ പ്രതികരണം.

ഇതിനു പിന്നാലെയായിരുന്നു സിദ്ധാർത്ഥിന്റെ ട്വീറ്റ്. പുല്‍വാമ സംഭവത്തെ രാഷ്ട്രീയവത്കരിക്കുന്നത് അവസാനിപ്പിക്കണമെന്നാണ് സിദ്ധാർത്ഥ് ആവശ്യപ്പെട്ടത്. ‘ഇന്ത്യയിലെ ജനങ്ങൾ സൈന്യത്തിൽ വിശ്വസിക്കുന്നു. അവർക്കൊപ്പം നിൽക്കുന്നു. താങ്കളേയും താങ്കളുടെ സംഘത്തെയുമാണ് ജനം വിശ്വസിക്കാത്തത്. പുല്‍വാമ ഭീകരാക്രമണത്തെ രാഷ്ട്രീയവത്കരിക്കുന്നത് നിർത്തണം. യഥാർത്ഥ നായകരെ മറയാക്കി സ്വയം നായകനാകാൻ ശ്രമിക്കരുത്. നിങ്ങൾ സൈന്യത്തെ ബഹുമാനിക്കണം. നിങ്ങള്‍ ഒരു സൈനികനല്ല. അങ്ങനെ മറ്റുള്ളവര്‍ കാണണമെന്ന് ധരിക്കരുത്.’ സിദ്ധാർത്ഥ് കുറിച്ചു.